മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിനായി അന്പാട്ടി റായുഡു (25 പന്തിൽ 32 റണ്‍സ്) ടോപ് സ്കോററായി. 23 പന്തിൽ 31 റണ്‍സ് നേടിയ ധോണിയും 17 പന്തിൽ 14 റണ്‍സ് നേടിയ ഡ്വെയ്ൻ ബ്രാവോയും പുറത്താകാതെനിന്നു. ഷെയ്ൻ വാട്സണ് (11 റണ്‍സ്), സുരേഷ് റെയ്ന (25 റണ്‍സ്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കോഹ്ലിയുടെ വിക്കറ്റ് ആഘോഷിക്കാതെ ജഡേജ!
ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ രവീന്ദ്ര ജഡേജ ആ നേട്ടം ആഘോഷിച്ചില്ല. കളത്തിൽ ജഡേജ നടത്തിയ ഈ സംയമനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവച്ചു. മത്സരത്തിൽ തന്റെ ആദ്യ പന്ത് ആയിരുന്നു അതെന്നും ആഘോഷിക്കാനുള്ള അവസ്ഥ ആയിരുന്നില്ല അപ്പോഴെന്നുമാണ് ജഡേജ പ്രതികരിച്ചത്.
ജഡേജ വിക്കറ്റ് നേട്ടങ്ങൾ ആഘോഷപൂർവം കൊണ്ടാടുക പതിവാണെന്നതാണ് വാസ്തവം. ദേശീയ ടീമിന്റെ ക്യാപ്റ്റന്റെ വിക്കറ്റ് ആണെന്ന് മനസിലാക്കിയാണ് ആഷോഘിക്കാതിരുന്നതെന്നാണ് ട്വിറ്ററിലെ ട്രോളന്മാർ ജഡേജയെ കളിയാക്കിയത്. എട്ട് റണ്‍സ് എടുത്ത കോഹ്ലിയെ ജഡേജ ബൗൾഡ് ആക്കുകയായിരുന്നു.
സീസണിൽ ജഡേജ മികച്ച ഫോമിൽ അല്ല. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ജഡേജ രണ്ട് ക്യാച്ചുകൾ വിട്ടുകളഞ്ഞിരുന്നു.