നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍ റൈസേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുതാണ് സണ്‍ റൈസേഴ്സിനെ ചുരുട്ടിക്കെട്ടിയത്.
ശിഖർ ധവാനൊപ്പം (എട്ട് പന്തിൽ 11 റണ്‍സ്) ഓപ്പണിംഗിനിറങ്ങിയ കെയ്ൻ വില്യംസണ് പൂജ്യത്തിനു പുറത്തായപ്പോൾ മുതൽ സണ്‍ റൈസേഴ്സിനു ശനിദശയായിരുന്നു. മൂന്നാം നന്പറായെത്തിയ വൃദ്ധിമാൻ സാഹയും (ഒന്‍പത് പന്തിൽ ആറ് റണ്‍സ്) വേഗത്തിൽ മടങ്ങി.
തുടർന്ന് മനീഷ് പാണ്ഡെയും (51 പന്തിൽ 54 റണ്‍സ്) ഷക്കീബ് അൽ ഹസനും (29 പന്തിൽ 28 റണ്‍സ്) പൊരുതിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 21 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന യൂസഫ് പഠാനാണ് സ്കോർ 100 കടത്തിയത്.