നേരത്തെ, മികച്ച തുടക്കം കളഞ്ഞുകുളിച്ചതാണു മുംബൈ ഇന്ത്യൻസിനെ കൂറ്റൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. 129 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചശേഷം മുംബൈ 167 റണ്‍സിലൊതുങ്ങി. സൂര്യകുമാർ യാദവ്(72), ഇഷാൻ കിഷൻ(58) എന്നിവർ മാത്രമാണു മുംബൈക്കായി തിളങ്ങിയത്.
ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് നാലാം പന്തിൽ തിരിച്ചടിയേറ്റു. എവിൻ ലൂയിസ് അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്ത്. ഇതിനുശേഷം ഒത്തുചേർന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും സ്കോർ 130ൽ ആണു പിരിയുന്നത്.
സൂര്യകുമാർ 47 പന്തിൽനിന്ന് ആറു ബൗണ്ടറിയും മൂന്നു സിക്സറും ഉൾപ്പെടെ 72 റണ്‍സ് നേടിയപ്പോൾ ഇഷാൻ 42 പന്തിൽനിന്നാണ് 58 റണ്‍സ് അടിച്ചത്.
തുടർന്നെത്തിയവരിൽ കീറോണ്‍ പൊള്ളാർഡിനൊഴികെ (20 പന്തിൽ 21) മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇതോടെ 14 ഓവറിൽ 130/1 എന്ന നിലയിൽനിന്ന് 20 ഓവറിൽ 167/7 എന്ന നിലയിലേക്കു മുംബൈ തകരുകയായിരുന്നു.
രാജസ്ഥാനായി ജോഫ്രി ആർച്ചർ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ധവാൽ കുൽക്കർണി രണ്ടും ജയദേവ് ഉനാദ്ഘട് ഒന്നും വിക്കറ്റ് സ്വന്തമാക്കി.