തിരിച്ചടിക്കാനിറങ്ങിയ പഞ്ചാബിന് കോല്‍ക്കത്തയുടെ സ്കോര്‍ ഒരിക്കലും വെല്ലുവിളിയായില്ല. ഗെയ്ലും രാഹുലും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചതോടെ ഒമ്പതാം ഓവറില്‍ പഞ്ചാബ് 100 കടന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് 8.2 ഓവറില്‍ 96ലെത്തിയപ്പോള്‍ രസംകൊല്ലിയായി മഴയെത്തി. മഴമാറിയശേഷം 13 ഓവറില്‍ 125 എന്നായി പുതിയ ലക്ഷ്യം. ആ ലക്ഷ്യം ഒരുതരത്തിലും പഞ്ചാബിന് വലുതായിരുന്നില്ല. രാഹുലും ഗെയ്ലും മഴയ്ക്കുശേഷവും ബാറ്റിംഗിന്റെ വേഗം കുറയ്ക്കാതിരുന്നതോടെ ലക്ഷ്യം അടുത്തെത്തി.
സിക്സ് നേടിക്കൊണ്ട് ഗെയ്ൽ അര്‍ധ സെഞ്ചുറി കടന്നു. അടുത്ത ഓവറില്‍ സുനില്‍ നരേനെതിരേ തുടര്‍ച്ചയായി സിക്സും രണ്ടു ഫോറും പറത്തിയ രാഹുല്‍ (27 പന്തില്‍ 60) ടോം കുറാനു ക്യാച്ച് നല്കി. ഒമ്പത് ഫോറും രണ്ടു സിക്സുമാണ് ഇന്ത്യന്‍ താരം പായിച്ചത്. 116 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. ഇതോടെ പഞ്ചാബിന്റെ സ്കോറിംഗിനു വേഗത കുറഞ്ഞെങ്കിലും ലക്ഷ്യം അനായാസം കടന്നു.