ഐപിഎല്ലില്‍ ഇന്നു ചെന്നൈ - രാജസ്ഥാന്‍ പോരാട്ടം
ഐപിഎല്ലില്‍ ഇന്നു ചെന്നൈ - രാജസ്ഥാന്‍ പോരാട്ടം
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടുന്നു. സ്പിന്‍ നിരയെ അനുകൂലിക്കുന്ന പൂണെ എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടു മുതലാണ് മല്‍സരം.

തുടര്‍ച്ചയായ രണ്ടു വിജയത്തോടെ സീസണില്‍ മികച്ച തുടക്കം കുറിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ മൂന്നാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ ആഘാതത്തില്‍ നിന്നു കരകയറാനാണു ധോണിയുടെയും സംഘത്തിന്‌റെയും ലക്ഷ്യം.

ആദ്യ രണ്ടു മല്‍സരങ്ങളിലും രണ്ടാമതു ബാറ്റുചെയ്തു വിജയിച്ച ചെന്നൈ മൂന്നാം മല്‍സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിനു നാലു റണ്‍സ് അകലെയാണ് നിലംപൊത്തിയത്. തോല്‍വിയിലും പൊരുതിക്കളിച്ച നായകന്‍ ധോണിയുടെ ബാറ്റ് ഇന്നും ആക്രമണം അഴിച്ചുവിട്ടാല്‍ രാജസ്ഥാന്‍ ടീമിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

മറുവശത്ത് തോല്‍വിയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയത്. ആദ്യമല്‍സരത്തില്‍ സണ്‍റൈസേഴ്‌സിനോടു തോറ്റ റോയല്‍സ് രണ്ടാം മല്‍സരത്തില്‍ മഴയുടെ സഹായത്തോടെയാണ് ഡല്‍ഹിക്കെതിരെ ജയം കൈപ്പിടിയിലാക്കിയത്.



മൂന്നാം മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍-ന്‌റെ മികവില്‍ 217 റണ്‍ കുറിച്ച റോയല്‍സ് ആര്‍സിബിക്കെതിരെ 19 റണ്‍സിന്‌റെ വിജയം സ്വന്തമാക്കി. രണ്ടു വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ നാലാം മല്‍സരത്തിനെത്തിയ റോയല്‍സ് കോല്‍ക്കത്തയോടും തോറ്റു.


നിലവില്‍ നാലു മല്‍സരങ്ങളില്‍ നിന്നു രണ്ടു വിജയവും രണ്ടു തോല്‍വിയുമടക്കം നാലു പോയിന്‌റാണു രാജസ്ഥാനുള്ളത്.

സീസണിലെ വിലയേറിയ താരങ്ങളായ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്, ഉനദ്ഖട്ട്, ഡിആര്‍സി ഷോട്ട് എന്നിവര്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല. ഫോമിലുള്ള സഞ്ജു സാംസണ്‍, അജിങ്ക്യ രഹാനെ എന്നിവരിലാണു ടീമിന്‌റെ പ്രതീക്ഷ.

കണക്കിലെ കളിയില്‍ ചെന്നൈ മുന്നില്‍

ഇതു വരെ പരസ്പരം കളിച്ച 17 മല്‍സരങ്ങളില്‍ 11 ജയത്തോടെ ചെന്നൈയാണ് മുന്നില്‍. പുണെയിലെ മൈതാനത്തില്‍ ഇരുവര്‍ക്കും 50 ശതമാനം വിജയമാണ് ഇരുടീമിനുമുള്ളത്. ഇതേ മൈതാനത്തു കളിച്ച രണ്ടുമല്‍സരങ്ങളില്‍ ഒന്നുവീതം ജയവും തോല്‍വിയും ചെന്നൈ നേടിയപ്പോള്‍ നാലു മല്‍സരങ്ങളില്‍ ഈരണ്ടു ജയവും തോല്‍വിയുമാണ് രാജസ്ഥാന്‌റെ ക്രെഡിറ്റിലുള്ളത്.

ഇരു ടീമുകള്‍്ക്കും തലവേദനയായി ബൗളിങ്

തങ്ങളുടെ ബൗളര്‍മാര്‍ ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ലെന്നതാണ് രണ്ടു ടീമിന്‌റെയും പ്രധാന പ്രശ്‌നം. നാലു മല്‍സരങ്ങളില്‍ നിന്നായി വെറും 14 വിക്കറ്റുകള്‍ മാത്രമാണ് റോയല്‍സിന്‌റെ ബൗളര്‍മാര്‍്ക്കു നേടാനായത്. ഈ സീസണില്‍ ഇതുവരെ ഏറ്റവും കുറവു വിക്കറ്റു വീഴ്ത്തിയ ടീമും രാജസ്ഥാന്‍ തന്നെ.

33.18 ബൗളിങ് ശരാശരിയുള്ള ചെന്നൈ ബൗളര്‍മാരുടെ പ്രകടനം ഈ സീസണിലെ ഏറ്റവും മോശം പ്രകടനത്തില്‍ രണ്ടാമതാണ്. ഒന്നാമതുള്ള രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് 39.14 ആണ് ശരാശരി.