തോല്‍വിയറിയാതെ സണ്‍റൈസേഴ്‌സ്, മുട്ടുകുത്തിക്കാന്‍ പഞ്ചാബ്; മൊഹാലിയില്‍ ഇന്ന് ആവേശപ്പോര്
തോല്‍വിയറിയാതെ സണ്‍റൈസേഴ്‌സ്, മുട്ടുകുത്തിക്കാന്‍ പഞ്ചാബ്; മൊഹാലിയില്‍ ഇന്ന് ആവേശപ്പോര്
ഐപിഎല്‍ 2018 സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച് തോല്‍വിയറിയാത്ത ഏക ടീമെന്ന ഖ്യാതിയോടെയെത്തുന്ന സണ്‍റൈസേഴ്‌സും കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവസാന ഓവറില്‍ കീഴടക്കിയതിന്‌റെ ആത്മവിശ്വാസത്തോടെ എത്തുന്ന പഞ്ചാബ് കിങ്‌സ് ഇലവനും തമ്മിലുള്ള പോരാട്ടം ഇന്ന്. പഞ്ചാബിന്‌റെ സ്വന്തം മൈതാനമായ മൊഹാലിയില്‍ മല്‍സരം വൈകുന്നേരം എട്ടിന് തുടങ്ങും.

പഞ്ചാബിന്‌റെ ശക്തമായ ബാറ്റിങ് നിരയും സണ്‍റൈസേഴ്‌സിന്‌റെ മികച്ച ബൗളിങ് നിരയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരത്തിന് ഇന്ന് ആവേശമേറും.

ബൗളിങ്ങാണ് സണ്‍റൈസേഴ്‌സിന്‌റെ കരുത്ത്. മൂന്നു മല്‍സരങ്ങളില്‍ നിന്നായി 25 വിക്കറ്റുകളാണ് ബൗളര്‍മാര്‍ നേടിയത്. ബില്ലി സ്റ്റാന്‍ലേക്കിന്‌റെ 7.66 ആണ് ഏറ്റവും ഉയര്‍ന്ന ശരാശരി. ഇതു തന്നെ അവരുടെ ബൗളിങ് മികവായി കണക്കാക്കാം.

മറുവശത്ത് ആദ്യ മല്‍സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി കുറിച്ച കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, മയങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും ഫോമിലാണെന്നത് ടീമിന് കരുത്താകുന്നു.



ആരോണ്‍ ഫിഞ്ച്, യുവ്‌രാജ് സിങ് എന്നിവര്‍ക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. എങ്കിലും അശ്വിന്‍ നയിക്കുന്ന ടീമിന് ബാറ്റിങ്ങില്‍ ആശങ്കയൊന്നുമില്ല.

സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന നായകന്‍ ആര്‍. അശ്വിന് തുണയായി അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ് മാനുണ്ട്. മോഹിത് ശര്‍മ, ആന്‍ഡ്രൂ ടൈ, ബരീന്ദ്രര്‍ സ്രാന്‍ എന്നിവര്‍ നയിക്കുന്ന പേസ് നിരയും മികച്ചതു തന്നെ.

മൊഹാലിയില്‍ കളിച്ച നാലു മല്‍സരങ്ങളും ജയിച്ചത് സണ്‍റൈസേഴ്‌സാണ്. ഇതിനുപുറമെ അവസാനം മല്‍സരിച്ച ആറുകളികളും നേടിയതും സണ്‍റൈസേഴ്‌സ് തന്നെ.

ആദ്യ മൂന്നു മല്‍സരങ്ങളും വിജയിച്ച സണ്‍റൈസേഴ്‌സ് തങ്ങളുടെ ടീമിനെ നിലനിര്‍ത്താനാണു സാധ്യത. പരിക്കില്‍ നിന്നു മോചിതനായി ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നതിനാല്‍ സന്ദീപ് ശര്‍മ ഇന്ന് അവസാന പതിനൊന്നില്‍ ഇടംനേടാന്‍ സാധ്യത കുറവാണ്.