ഐപിഎല്ലില്‍ ഇന്ന് സഞ്ജു -നരെയ്ന്‍ പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് സഞ്ജു -നരെയ്ന്‍ പോരാട്ടം
ഇന്ന് ജയ്പൂരില്‍ നടക്കുന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടുതവണ ജേതാക്കളായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണിലാണ് രാജസ്ഥാന്‌റെ പ്രതീക്ഷ.

മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന്‌റെ പ്രതീക്ഷയായ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ് മറുവശത്ത്. അതിനാല്‍തന്നെ ഇന്നത്തെ പോരാട്ടം സഞ്ജു സാംസണ്‍ - സുനില്‍ നരെയ്ന്‍ പോരാട്ടമായി മാറാം.

കണക്കുകള്‍ രാജസ്ഥാന് അനുകൂലം

ഇതുവരെ ഐപിഎല്ലില്‍ കളിച്ച 15 മല്‍സരങ്ങളില്‍ നിന്ന് ഒമ്പതു വിജയം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനാണ് മുന്‍തൂക്കം. ആറു മല്‍സരങ്ങളില്‍ മാത്രമാണ് കോല്‍ക്കത്തക്കു ജയിക്കാനായത്.

ജയ്പൂരില്‍ നടന്ന നാലു മല്‍സരങ്ങളില്‍ മൂന്നിലും വിജയം നേടിയതും രാജസ്ഥാനാണ്. ഇതിനു പുറമെ ജയ്പൂരില്‍ അവസാനം കളിച്ച ഒമ്പതു കളികളിലും രാജസ്ഥാന്‍ പരാജയം രുചിച്ചിട്ടില്ലെന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തു വിട്ടതും ടീമിന്‌റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

ഓസീസ് താരം ഡിആര്‍സി ഷോര്‍ട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ലെന്നതാണു രാജസ്ഥാന്‍ നേരിടുന്ന വെല്ലുവിളി. ശക്തരായ കോല്‍ക്കത്തയെ തോല്‍പ്പിക്കാന്‍ ഇവരുടെ പ്രകടനം നിര്‍ണായകമാണ്.


സുനില്‍ നരെയ്ന്‍, കോല്‍ക്കത്തയുടെ വജ്രായുധം

മറുവശത്തു തുടര്‍ച്ചയായ രണ്ടു തോല്‍വികളില്‍ നിന്ന് ശക്തമായി തിരിച്ചെത്തിയ കോല്‍ക്കത്ത ഡല്‍ഹിയെ ആധികാരികമായി തകര്‍ത്തെറിഞ്ഞാണ് എത്തുന്നത്. ഡല്‍ഹിക്കെതിരായ മികച്ച വിജയം ടീമിനു പുത്തനുണര്‍വു നല്‍കിയിരിക്കുന്നു.

മികച്ച ഫോമില്‍ കളിക്കുന്ന സുനില്‍ നരെയ്‌നാണ് കോല്‍ക്കത്തയുടെ വജ്രായുധം. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നരെയ്‌നറെ ഇക്കോണമി 5.46 ആണ്. വിക്കറ്റു നേടുന്നതിനൊപ്പം റണ്‍ വഴങ്ങുന്നതിലും നരെയ്ന്‍ പിശുക്കു കാട്ടുന്നത് രാജസ്ഥാന് വെല്ലുവിളിയാകുമെന്നുറപ്പ്.

എന്തായാലും നരെയ്‌നെ തളയ്ക്കാന്‍ പ്രത്യേക തന്ത്രം തയാറാക്കിയാകും രഹാനെയും കൂട്ടരുമെത്തുക. മല്‍സരം ആവേശകരമാകുമെന്നു പ്രതീക്ഷിക്കാം.