ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - ബാംഗ്ലൂര്‍ പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - ബാംഗ്ലൂര്‍ പോരാട്ടം
മുംബൈ: തിരിച്ചടികള്‍ക്കു മറുപടി പറഞ്ഞ് ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കരുത്തു തെളിയിക്കാന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഇന്നിറങ്ങുന്നു. വൈകുന്നേരം എട്ടിന് മുംബൈയിലാണ് പോരാട്ടം. ഇന്ന് നിര്‍ണായക മല്‍സരത്തില്‍ ബാഗ്ലൂരിനെ നേരിടുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയിലാണു ടീമിന്‌റെ പ്രതീക്ഷ.

കിരീടം നിലനിര്‍ത്തുക ലക്ഷ്യമിട്ടെത്തിയ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാണ് തുടക്കത്തില്‍ നേരിട്ടത്. ആദ്യ മൂന്നു മല്‍സരങ്ങളും തോറ്റ് പോയിന്‌റ് പട്ടികയില്‍ നിലവില്‍ ഏറ്റവും പിന്നിലാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്.

രോഹിത് ശര്‍മ, കീറോണ്‍ പോളാര്‍ഡ്, ഇഷാന്‍ കിഷന്‍, പാണ്ഡ്യ സഹോദരങ്ങള്‍ എന്നിങ്ങനെ വെടിക്കെട്ടിനു പേരുകേട്ട ഒരുപിടി നിര കൂടെയുണ്ടെങ്കിലും ഇവരിലാരും ഇതുവരെ മികച്ചൊരു പ്രകടനം നടത്താത്തതാണു ടീമിനു തലവേദനയായിരിക്കുന്നത്.

മൂന്നാം മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചു വിജയം കണ്ടെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാത്തത് ടീമിനു വിനയായി. ജേസണ്‍ റോയിയുടെ മികവില്‍ അവസാന പന്തിലാണ് ഡല്‍ഹി മുംബൈയെ പിടിച്ചുകെട്ടിയത്.

മറുവശത്ത് അതിശക്തമായ ബാറ്റിങ് നിരയെന്നു പേരെടുത്ത ടീമാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ് ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുള്ളത്.

ആദ്യമല്‍സരത്തില്‍ കോല്‍ക്കത്തയോടു തോറ്റു തുടങ്ങിയതിനു ശേഷം രണ്ടാം മല്‍സരത്തില്‍ പഞ്ചാബിനെതിരെ മികച്ച വിജയത്തോട് മടങ്ങിവരവിന്‌റെ സൂചന നല്‍കി. മൂന്നാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതിതോറ്റുവെങ്കിലും അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ് ലിയുടെ ഫോം ടീമിനു പ്രതീക്ഷ നല്‍കുന്നു.


മധ്യനിരയുടെ കരുത്തായി മന്‍ദീപ് സിങ്ങും ഫോമിലുണ്ടെന്നതാണ് ടീമിനു മറ്റൊരു ആശ്വാസം. വാഷിങ്ടണ്‍ സുന്ദര്‍ കഴിഞ്ഞ മല്‍സരത്തില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്തിരുന്നു.

ഉമേഷ് യാദവ്, ക്രിസ് വോക്‌സ്, ഖേജ്‌റോലിയ തുടങ്ങിയ ബൗളര്‍മാര്‍ റണ്‍ വഴങ്ങുന്നതില്‍ കാട്ടുന്ന ധാരാളിത്തം ടീമിനു തലവേദനയാണ്. കഴിഞ്ഞ മല്‍സരത്തില്‍ യൂസ് വേന്ദ്ര ചാഹല്‍ മാത്രമാണു മികവു പുലര്‍ത്തിയത്. ഇന്ന് ബൗളര്‍മാര്‍ അവരുടെ മികവിനൊത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ബാംഗ്ലൂരിനു കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. മൂന്നുമല്‍സങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്‌റ് പട്ടികയില്‍ ഏറെ പിന്നിലാണ് ഇരുടീമും എന്നത് മല്‍സരത്തിനു മൂര്‍ച്ച കൂട്ടും. എന്തായാലും കരുത്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.