സീസണിലെ ആദ്യജയം തേടി ആര്‍സിബി ഇന്ന് കിങ്‌സ് ഇലവനെതിരെ
സീസണിലെ ആദ്യജയം തേടി ആര്‍സിബി ഇന്ന് കിങ്‌സ് ഇലവനെതിരെ
ആദ്യ മല്‍സരത്തില്‍ കോല്‍ക്കത്തയോടേറ്റ തോല്‍വിയില്‍ നിന്നും കരകയറാന്‍ മികച്ചൊരു വിജയം തേടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ബെംഗളൂരു എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മുതലാണു മല്‍സരം.

ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ടീമുകളിലൊന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. എന്നാലിന്നു സ്വന്തം മൈതാനത്ത് കിങ്‌സ് പഞ്ചാബിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കോഹ്‌ലിക്കു മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇരു ടീമുകളും അവസാനം കളിച്ച അഞ്ചു മല്‍സങ്ങളും ജയിച്ചതു കിങ്‌സ് ഇലവനാണ്.

ഇതു വരെ പരസ്പരം കളിച്ച 20 കളികളില്‍ 12 മല്‍സരങ്ങളില്‍ വിജയിച്ച പഞ്ചാബ് അവസാനം കളിച്ച 11 മല്‍സരങ്ങളില്‍ മൂന്നു മല്‍സരത്തില്‍ മാത്രമാണു പരാജയം രുചിച്ചത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരുകളിലും മുന്നില്‍ കിങ്‌സ് ഇലവന്‍ തന്നെ. ഇരുവരും മല്‍സരിച്ച അവസാന ആറുകളികളില്‍ രണ്ടെണ്ണം മാത്രമാണ് ആര്‍സിബിക്കു നേടാനായത്. ഹോംഗ്രൗണ്ടില്‍ കളിച്ച അവസാന അഞ്ചു മല്‍സരത്തിലും ആര്‍സിബി പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഇന്ന് എങ്ങനെയും വിജയിക്കുകയാണ് ആര്‍സിബിയുടെ ലക്ഷ്യം.

മറുവശത്ത് ആര്‍. അശ്വിന്‌റെ നേതൃത്വത്തിലിറങ്ങുന്ന കിങ്‌സ് ഇലവന്‍ മികച്ച ആത്മവിശ്വാസത്തിലാണ്. ആദ്യമല്‍സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി കുറിച്ച കെ.എല്‍. രാഹുല്‍, മയങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍ എന്നിങ്ങനെ മൂന്നു കര്‍ണാടക താരങ്ങള്‍ പഞ്ചാബ് നിരയിലുണ്ട്. ഇവര്‍ക്കു പിച്ചുമായി നല്ല പരിചയമുണ്ടെന്നതും പഞ്ചാബിനു മുന്‍തൂക്കം നല്‍കുന്നു.



പ്രതീക്ഷയ്‌ക്കൊത്തുയരാത്ത സ്പിന്നര്‍മാരാണ് ആര്‍സിബിയുടെ പോരായ്മ. റണ്‍സ് വഴങ്ങുന്നതില്‍ പൊതുവേ പിശുക്കു കാട്ടുന്ന യൂസ്‌വേന്ദ്ര ചാഹലും ടീമിലെ മറ്റൊരു സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറും കഴിഞ്ഞ മല്‍സരത്തില്‍ നന്നായി റണ്‍ വഴങ്ങി.


പേസര്‍മാരില്‍ ഉമേഷ് യാദവും ക്രിസ് വോക്‌സും മാത്രമാണ് കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് കോഹ്‌ലി നേരിടുന്ന മറ്റൊരു പ്രശ്‌നം.

മറുവശത്ത് കുറച്ചുകൂടി സന്തുലിതമാണ് പഞ്ചാബ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവു കാട്ടിയാണ് അവര്‍ ആദ്യമല്‍സരത്തില്‍ വിജയിച്ചത്. കിങ്‌സ് ഇലവന്‌റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനു ചിന്നസ്വാമി സ്‌റ്റേഡിയം പരിചിതമാണെന്നതു ടീമിനു കൂടുതല്‍ കരുത്താകും. ഇന്നു ഗെയ്ല്‍ മികച്ചൊരു വെടിക്കെട്ട് നടത്തിയാല്‍ പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനാകും.

വെടിക്കെട്ടിനു പേരുകേട്ട എബി ഡിവില്ലിയേഴ്‌സ്, ബ്രെണ്ടന്‍ മക്കല്ലം, നായകന്‍ കോഹ് ലി എന്നിവരടങ്ങുന്ന ടീം ഏതൊരു ബൗളിങ് നിരക്കും പേടി സ്വപ്‌നം തന്നെയാണ്. ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ആര്‍സിബിക്ക് പേടിക്കാനൊന്നുമില്ല. കഴിഞ്ഞ മല്‍സരത്തില്‍ അവസാന ഓവറുകളില്‍ വെടിക്കെട്ടു നടത്തിയ മന്‍ദീപ് സിങ് കൂറ്റനടികള്‍ക്കു ശേഷിയുള്ള താരമാണു താനെന്നു തെളിയിച്ചു കഴിഞ്ഞു.

ടോസ് ആണ് മറ്റൊരു നിര്‍ണായക ഘടകം. ഈ മൈതാനത്ത് അവസാനം കളിച്ച അഞ്ചു മല്‍സരത്തില്‍ നാലിലും രണ്ടാമതു ബാറ്റുചെയ്ത ടീമാണു ജയിച്ചത്. അതിനാല്‍ ടോസ് നേടിയാല്‍ ഇരുടീമുകളും ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണു കൂടുതല്‍ സാധ്യത.

പതിവിനു വിപരീതമായി ടൂര്‍ണമെന്‌റില്‍ മികച്ച ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കിങ്‌സ് ഇലവനും ആദ്യകളിയില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ മികച്ചൊരു മല്‍സരം കുട്ടിക്രിക്കറ്റിന്‌റെ ആരാധകര്‍ക്കു പ്രതീക്ഷിക്കാം.

പുത്തനുണര്‍വില്‍ കിങ്‌സ് ഇലവന്‍, ആദ്യ വിജയം തേടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് - ബെംഗളൂരുവില്‍ ഇന്ന് ആവേശപ്പോര്‌