അഫ്ഗാൻ സ്പിന്നർക്ക് പരിക്ക്; കിവീസ് സ്പിന്നറെ റാഞ്ചി രാജസ്ഥാൻ
അഫ്ഗാൻ സ്പിന്നർക്ക് പരിക്ക്; കിവീസ് സ്പിന്നറെ റാഞ്ചി രാജസ്ഥാൻ
ജയ്പൂർ: ലേലത്തിൽ വിറ്റുപോകാതിരുന്ന ഒരു താരത്തിന് കൂടി ഐപിഎല്ലിൽ അവസരം ഒരുങ്ങുന്നു. ന്യൂസിലൻഡ് സ്പിന്നർ ഇഷ് സോധിയാണ് ഐപിഎല്ലിൽ പന്തെറിയാൻ എത്തുന്നത്. രാജസ്ഥാൻ റോയൽസാണ് സോധിയെ പാളയത്തിൽ എത്തിച്ചിരിക്കുന്നത്. ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയ അഫ്ഗാനിൽ നിന്നുള്ള പതിനാറു വയസുകാരൻ സ്പിന്നർ സഹീർ ഖാന് പരിക്കേറ്റതാണ് സോധിക്ക് വഴിതുറന്നത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപ നൽകിയാണ് റോയൽസ് സോധിയെ ടീമിലെത്തിച്ചത്.

ഐസിസി ട്വന്‍റി-20യിലെ ബൗളർമാരുടെ റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള സോധി അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യമായാണ് സോധി ഐപിഎൽ ടീമിലെത്തുന്നത്. ഓസ്ട്രേലിയൻ ട്വന്‍റി-20 ലീഗായ ബിഗ് ബാഷിൽ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടിയും സോധി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു.