88 റണ്‍സ് നേടിയ റസലിന്റെ പ്രകടനം ചെന്നൈ ബൗളിംഗിനെ തകർത്തു. 36 പന്ത് നേരിട്ട റസൽ 11 സിക്സറുകൾ പറത്തിയപ്പോൾ ഒരു പന്ത് മാത്രമാണ് നിലത്തുമുട്ടി അതിർത്തി കടന്നത്.
ഒരുഘട്ടത്തിൽ പത്ത് ഓവറിൽ 89/5 എന്ന നിലയിലായിരുന്ന കോൽക്കത്ത റസലിന്റെ മിന്നൽപ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 202/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. ക്രിസ് ലിൻ(22), സുനിൽ നരെയ്ൻ(12), റോബിൻ ഉത്തപ്പ(29), നിതീഷ് റാണ(16), ദിനേശ് കാർത്തിക്(26), ആർ.കെ.സിംഗ്(2) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
ചെന്നൈയ്ക്കായി ഷെയ്ൻ വാട്സണ് 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡ്വെയ്ൻ ബ്രാവോ മൂന്ന് ഓവറിൽ 50 റണ്‍സ് വിട്ടുനൽകി.