തകരുമോ ഈ ഐപിഎല്‍ റിക്കാര്‍ഡുകള്‍!
തകരുമോ ഈ ഐപിഎല്‍ റിക്കാര്‍ഡുകള്‍!
കഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ 14 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച കെ. എല്‍. രാഹുല്‍ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി തന്‌റെ പേരിലെഴുതിയപ്പോള്‍ തകര്‍ന്നത് സുനില്‍ നരെയ്ന്‍ കുറിച്ച റിക്കാര്‍ഡാണ്.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കെതിരെ 15 പന്തിലായിരുന്നു നരെയ്‌ന്‌റെ വെടിക്കെട്ട്. ഇതുപോലെ എത്ര റിക്കാര്‍ഡുകള്‍ ഈ സീസണില്‍ തകരുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

നിലവിലെ ഐപിഎല്‍ റിക്കാര്‍ഡുകള്‍



ഏറ്റവും കൂടുതല്‍ റണ്‍സ് - സുരേഷ് റെയ്‌ന



ചെന്നൈ സൂപ്പര്‍കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍. 162 മല്‍സരങ്ങളില്‍ നിന്നായി 4544 റണ്‍സാണു റെയ്‌നയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 100. 31 അര്‍ധസെഞ്ചുറികള്‍ കുറിച്ചിട്ടുള്ള റെയ്‌നയുടെ ശരാശരി 33.91 ആണ്. സ്‌ട്രൈക്ക് റേറ്റ് 138.91.

രണ്ടാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് 4449 റണ്‍സാണ് സമ്പാദ്യം. നാലു സെഞ്ചുറികള്‍ കുറിച്ച റോയല്‍ ചലഞ്ചേഴ്‌സ് നായകന്‌റെ പേരില്‍ 30 അര്‍ധ സെഞ്ചുറികളുമുണ്ട്. ശരാശരി 37.38, സ്‌ട്രൈക്ക് റേറ്റ് - 129.48.

രോഹിത് ശര്‍മ (4222 റണ്‍സ്, ശരാശരി 32.47, സ്‌ട്രൈക്ക് റേറ്റ് - 130.63) മൂന്നാമതും ഗൗതം ഗംഭീര്‍ (4187 റണ്‍സ്, ശരാശരി 31.71, സ്‌ട്രൈക്ക് റേറ്റ് - 124.68) നാലാമതുമുണ്ട്. 114 മല്‍സരങ്ങളില്‍ നിന്നായി 40.54 ശരാശരിയില്‍ 4014 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ആദ്യ അഞ്ചിലെ ഏക വിദേശ താരം.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ - ക്രിസ് ഗെയ്ല്‍ (175*)



2013 സീസണില്‍ പൂണെ വാരിയേഴ്‌സിനെതിരെ ക്രിസ് ഗെയ്ല്‍ നേടിയ 175* റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വെറും 66 പന്തില്‍ നിന്നു 17 സിക്‌സുകളുടെയും 13 ബൗണ്ടറിയുടെയും സഹായത്തോടെയാണ് ക്രിസ് ഗെയ്ല്‍ ഈ സ്‌കോര്‍ നേടിയത്.

ഐപിഎല്‍ ആദ്യ സീസണില്‍ ന്യൂസിലന്‍ഡ് താരം ബ്രെന്‍ഡന്‍ മക്കല്ലം കുറിച്ച 158 റണ്‍സാണ് ഗെയ്ല്‍ കൊടുങ്കാറ്റില്‍ പഴങ്കഥയായത്. 73 പന്തു നീണ്ട മക്കല്ലത്തിന്‌റെ വെടിക്കെട്ട് ഇന്നിംഗ്‌സില്‍ 13 സിക്‌സുകളും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നു.

എബി ഡിവില്ലിയേഴ്‌സിന്‌റെ രണ്ടിന്നിംഗസുകളാണ് മൂന്നും നാലും സ്ഥാനത്ത്. യഥാക്രമം 133 (59 പന്ത്, 4 സിക്‌സ്, 19 ഫോര്‍), 128 (52 പന്ത്, 12 സിക്‌സ്, 10 ഫോര്‍) എന്നിങ്ങനെയാണ് സ്‌കോര്‍. അഞ്ചാം സ്ഥാനത്തുള്ളതു 2012 സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ക്രിസ് ഗെയ്ല്‍ നേടിയ 128* (62 പന്ത്, 4 സിക്‌സ്, 19 ഫോര്‍) റണ്‍സാണ്.

ഇന്ത്യന്‍ താരങ്ങളില്‍ 2010 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌റെ മുരളി വിജയ് കുറിച്ച 127 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 122 റണ്‍ നേടിയ സേവാഗിന്‌റെ പേരിലാണ് ഇന്ത്യന്‍ താരങ്ങളുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍.


ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയം



കഴിഞ്ഞ സീസണില്‍ ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് നേടിയ 146 റണ്‍സിന്‌റെ വിജയമാണ് ഏറ്റവും വലിയത്. പൊള്ളാര്‍ഡ്, സിമ്മണ്‍സ് എ്ന്നിവരുടെ അര്‍ധസെഞ്ചുറി കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് കുറിച്ച 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെയര്‍ ഡെവിള്‍സ് 66 രണ്‍സിനു പുറത്താകുകയായിരുന്നു.

മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ കരണ്‍ ശര്‍മയും (3.4-0-11-3) ഹര്‍ഭജന്‍ സിങ്ങും (4-0-22-3) രണ്ടോവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റു നേടിയ ലസിത് മലിംഗയുമാണ് (2-0-5-2)ഡല്‍ഹിയെ നാണക്കേടിന്‌റെ പടുകുഴിയിലേക്കു തള്ളിയിട്ടത്.

2016 സീസണില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ആര്‍സിബി നേടിയ 144 റണ്‍സ് വിജയമാണ് രണ്ടാമത്തെ മികച്ച വിജയം. ആദ്യ സീസണില്‍ ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത നേടിയ 140 റണ്‍സ് വിജയമാണ് മൂന്നാം സ്ഥാനത്ത്.

ആര്‍സിബി കിംഗ്‌സ് 11 പഞ്ചാബിനെതിരെ നേടിയ 138 റണ്‍സ് വിജയം ( 2015 സീസണ്‍) നാലാമതും ആര്‍സിബി തന്നെ പുണെ വാരിയേഴ്‌സിനെതിരെ നേടിയ (2013 സീസണ്‍) 130 റണ്‍സ് വിജയം അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഉയര്‍ന്ന ടീം ടോട്ടല്‍



2013 സീസണില്‍ ആര്‍സിബി പുണെ വാരിയേഴ്‌സിനെതിരെ നേടിയ 263 റണ്‍സാണ് ഇതുവരെയുള്ള ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇതേ മല്‍സരത്തില്‍ ക്രിസ് ഗെയ്ല്‍ നേടിയ 175* റണ്‍സാണ് ടി20-യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

2016 സീസണില്‍ ആര്‍സിബി നേടിയ 248 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന ടീം സ്‌കോര്‍. എബി ഡിവില്ലിയേഴ്‌സ് (129റണ്‍സ്, 52 പന്ത്, 12 സിക്‌സ്, 10 ഫോര്‍), വിരാട് കോഹ് ലി (109 റണ്‍സ്, 55 പന്ത്, 8 സിക്‌സ്, 5 ഫോര്‍) എന്നിവരുടെ സെഞ്ചുറികളായിരുന്നു ഈ മല്‍സരത്തിന്‌റെ ഹൈലൈറ്റ്.

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 2010 സീസണില്‍ റോയല്‍സിനെതിരെ 246 റണ്‍സു കുറിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് 2008-ലെ ആദ്യ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കുറിച്ച തങ്ങളുടെ 240 റണ്‍സിന്‌റെ റിക്കാര്‍ഡ് പഴങ്കഥയാക്കി. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആര്‍സിബി നേടിയ 235 റണ്‍സാണ് നിരയില്‍ അഞ്ചാമത്തേത്.

മറ്റു റിക്കാര്‍ഡുകള്‍

  • മികച്ച സ്‌ട്രൈക്ക് റേറ്റ് - ആന്ദ്രേ റസല്‍ - 173.41

  • ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍മാരായ ടീം - മുംബൈ ഇന്ത്യന്‍സ്

  • ഏറ്റവും കൂടുതല്‍ സിക്‌സ് - ക്രിസ് ഗെയ്ല്‍ - 265 സിക്‌സ്

  • ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സ് - ക്രിസ് ഗെയ്ല്‍ - 17 സിക്‌സ്

  • വേഗമേറിയ സെഞ്ചുറി - ക്രിസ് ഗെയ്ല്‍ - 30 പന്തില്‍ നിന്ന്

  • വേഗമേറിയ അര്‍ധസെഞ്ചുറി - കെ എല്‍ രാഹുല്‍ - 14 പന്തില്‍ നിന്ന്‌