അദാനി, വഖഫ്, മണിപ്പുർ... ശൈത്യകാല സമ്മേളനം കത്തും
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
ഗൗതം അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കുറ്റപത്രം, വഖഫ് ഭേദഗതി നിയമം, മണിപ്പുർ കലാപം, വയനാട് ദുരന്തസഹായം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമനിർമാണ നീക്കം എന്നിവ മുതൽ ഇന്നു വോട്ടെണ്ണുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വയനാടും പാലക്കാടും ചേലക്കരയും അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളും രാഷ്ട്രീയം ചൂടുപിടിപ്പിക്കും. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പതിവിലേറെ പ്രക്ഷുബ്ധമാകുമെന്നതിൽ സംശയിക്കാനില്ല. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷം 26ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്പോൾ മാത്രമാകും ഭരണ-പ്രതിപക്ഷ പോരിനു തെല്ലൊരു ശമനം പ്രതീക്ഷിക്കാനാകുക.
ഡിസംബർ 20ന് അവസാനിക്കേണ്ട പാർലമെന്റ് സമ്മേളനത്തിൽ അദാനി വിഷയം തന്നെയാകും മുഖ്യം. സാന്പത്തികതട്ടിപ്പിനും വഞ്ചനയ്ക്കും കൈക്കൂലിക്കും അമേരിക്ക കുറ്റാരോപിതനാക്കിയ ശതകോടീശ്വരൻ അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ അപ്പാടെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ വിഷമിക്കും. വഖഫ് ഭേദഗതി ബിൽ ശൈത്യകാല സമ്മേളനത്തിൽത്തന്നെ പാസാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജുജുവിന്റെയും പ്രസ്താവനയിൽ സർക്കാരിന്റെ നിലപാട് വ്യക്തം. വഖഫ് ഭേദഗതിയെ എതിർക്കുന്ന കോണ്ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പരസ്യമായതിനാൽ രാഷ്ട്രീയ ഏറ്റുമുട്ടലും ബഹളവും കടുത്തതാകും.
വഖഫിലെ രാഷ്ട്രീയം
വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്ത സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച അവസാനം സമർപ്പിക്കുമെന്നാണു സർക്കാർ പറയുന്നത്. ഇതിനെതിരേ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിച്ചതിനുശേഷം സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) അയച്ചതാണിത്. വിവാദ വഖഫ് ഭേദഗതി ബിൽ ലോക്സഭയുടെയും രാജ്യസഭയുടെയും പരിഗണനയ്ക്കും പാസാക്കുന്നതിനുമുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപി സർക്കാർ വിചാരിച്ചാൽ ഭേദഗതി പാസാകുകയും ചെയ്യും.
വഖഫ് ഭേദഗതി ബിൽ ഏതായാലും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. പഴയ നിയമത്തിലെയും പുതിയ ഭേദഗതി ബില്ലിലെയും തെറ്റായ വ്യവസ്ഥകൾ നീക്കാൻ യോജിപ്പാണു വേണ്ടിയിരുന്നത്. എന്നാൽ, രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഭരണകക്ഷിയും പ്രതിപക്ഷവും മതത്തെ ദുരുപയോഗം ചെയ്യുന്പോൾ അത്തരമൊരു നല്ല കാര്യം നടക്കാനിടയില്ല. മതവും രാഷ്ട്രീയവും നോക്കാതെ, മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഏതു നിയമത്തിലെയും വ്യവസ്ഥകൾ നീക്കുകയെന്നത് ഭരണഘടനയെയും ഇന്ത്യൻ നീതിവ്യവസ്ഥയെയും മാനിക്കുന്നവർ അംഗീകരിക്കേണ്ടതുണ്ട്.
മണിപ്പുർ ഇന്ത്യയിലാണ്
ഒന്നര വർഷത്തിലേറെയായി ആളിക്കത്തുന്ന മണിപ്പുർ കലാപവും ഉത്തരവാദിയായ മുഖ്യമന്ത്രി ബിരേൻ സിംഗ് തുടരുന്നതും പാർലമെന്റിൽ വീണ്ടും വലിയ ചർച്ചയാകും. ഒന്നര വർഷമായിട്ടും ഒരു സംസ്ഥാനത്തെ അക്രമങ്ങൾ നിയന്ത്രിച്ചു സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾക്കു കണക്കില്ല. മണിപ്പുരിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി സമാധാനം വീണ്ടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ഇരുസഭകളിലും നൽകിയ ഉറപ്പുപോലും പാഴ്വാക്കായി. വഖഫ് ഭേദഗതിയിലേതുപോലെ, രാഷ്ട്രീയ നേതാക്കളുടെ ദുഷ്ടലാക്കാണു മണിപ്പുർ പ്രശ്നം വഷളാക്കുന്നതെന്നതിൽ സംശയിക്കാനില്ല.
വിവാദങ്ങളുടെ കുത്തൊഴുക്കിൽ വയനാടിന് അർഹമായ കേന്ദ്രസഹായം, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കമുള്ള സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് വിലയും സമയവുമില്ലാതാകുന്നതാണു ദുരന്തം. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ പ്രത്യേക കേന്ദ്രസഹായം നൽകാത്തത് ന്യായീകരിക്കാനാകും കേന്ദ്രസർക്കാരിന്റെ ശ്രമം. കേരള എംപിമാരുടെ പ്രതിഷേധം ഫലം കാണണമെങ്കിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളും രാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടണം.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതു പട്ടികയിൽ ഇടംപിടിച്ചില്ല. തുറമുഖ ബിൽ, മർച്ചന്റ് - കോസ്റ്റൽ ഷിപ്പിംഗ് ബില്ലുകൾ എന്നിവയുൾപ്പെടെ 15 ബില്ലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച തീരദേശ ഷിപ്പിംഗ് ബിൽ നിയമമായാൽ, ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് തീരദേശത്തു പ്രവർത്തിക്കാൻ ജനറൽ ട്രേഡിംഗ് ലൈസൻസ് ആവശ്യമില്ല. ഡിസാസ്റ്റർ മാനേജ്മെന്റ് ഭേദഗതി, റെയിൽവേ ഭേദഗതി, ബാങ്കിംഗ് നിയമഭേദഗതി, കടൽ ചരക്ക് ബിൽ എന്നിങ്ങനെ എട്ടു ബില്ലുകൾ ലോക്സഭയുടെ പരിഗണനയിൽ വേറെയുമുണ്ട്.
അദാനിയെ തൊടാനാകില്ല
ലോകത്തിലെ അതിസന്പന്നരിൽ ഒരാളായ ഗൗതം അദാനിക്കെതിരേ അമേരിക്കൻ കോടതിയിലെ കുറ്റപത്രവും അറസ്റ്റ് വാറന്റും വലിയ ചോദ്യങ്ങളാണുയർത്തുന്നത്. സൗരോർജ പദ്ധതികളുടെ കരാറുകൾ നേടാനായി അദാനി ഗ്രൂപ്പ് ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,030 കോടിയിലേറെ രൂപയുടെ (265 മില്യണ് ഡോളർ) കൈക്കൂലി നൽകിയെന്ന കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണ്. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾക്കെതിരേയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും ഇന്ത്യയിൽ നടപടികളുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉറ്റസുഹൃത്ത് അദാനിയെ സംരക്ഷിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പ്രതിരോധിക്കാൻ മോദിക്കും എളുപ്പമാകില്ല.
ശതകോടീശ്വരനായ അദാനിയെ അറസ്റ്റ് ചെയ്യുമെന്ന്, ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവ് പോലും കരുതില്ല. കേന്ദ്രത്തെയും മഹാരാഷ്ട്ര, ഗുജറാത്ത് അടക്കം പല സംസ്ഥാന സർക്കാരുകളെയും നിയന്ത്രിക്കുന്ന പ്രബലനാണ് അദാനിയെന്ന് അറിയാത്തവരല്ല പ്രതിപക്ഷ നേതാക്കൾ. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി എത്ര ശരിയാണ്. ആന്ധ്രപ്രദേശ്, ഒഡീഷ, ജമ്മു കാഷ്മീർ, ഛത്തീസ്ഗഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാന സർക്കാരുകളിലെ ഉന്നതരാണ് അദാനി ഗ്രൂപ്പിൽനിന്നു കോടികൾ കൈക്കൂലി വാങ്ങി വൻകിട സൗരോർജ കരാറുകൾ നൽകിയതെന്നാണു വെളിപ്പെടുത്തൽ; 2020 മുതലാണിത്.
പൊതുമേഖലയും കളവിന്
രണ്ടായിരം കോടിയിലേറെ രൂപയുടെ കോഴയിൽ 1,750 കോടി രൂപയും ആന്ധ്രപ്രദേശിന് ഏഴു ജിഗാവാട്ട് ഊർജം വിൽക്കാനുള്ള കരാറുകൾക്കാണു നൽകിയതെന്നാണ് അമേരിക്കൻ കോടതിയിലെ കുറ്റപത്രത്തിലുള്ളത്. മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആർ കോണ്ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢിയെ 2021 ഓഗസ്റ്റിൽ ഗൗതം അദാനി നേരിട്ടു കണ്ട് ചർച്ച നടത്തിയിരുന്നു. ഉത്പാദനച്ചെലവിനേക്കാൾ വളരെ കൂടിയ വിലയ്ക്ക് അദാനി ഗ്രീൻ എനർജി കന്പനിയുടെ 12 ജിഗാവാട്ട് സൗരോർജം സംസ്ഥാനങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതിനായിരുന്നു വൻ കൈക്കൂലി. പിന്നീടാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രമുഖർക്കും കൈക്കൂലി നൽകി വൈദ്യുതി വാങ്ങലിന് കരാറൊപ്പിട്ടത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) കഴിഞ്ഞ വർഷം 4,300 കോടി യൂണിറ്റ് വൈദ്യുതി വ്യാപാരം ചെയ്തു കോടികൾ നേടിയതിനു പിന്നിലും അദാനിയുടെ ഗ്രീൻ എനർജിയും അഷ്വർ പവറുമാണെന്നതു ശ്രദ്ധേയമാണ്. 25 വർഷത്തേക്ക് രണ്ടു ജിഗാവാട്ട് വൈദ്യുതി നൽകാനായി കരാർ നേടിയതായി 2019 ഡിസംബറിൽ അഷ്വർ പവർ കന്പനി പ്രഖ്യാപിച്ചിരുന്നു. യൂണിറ്റിന് 2.92 രൂപയായിരുന്നു ഇതിനു വില. ആറു മാസത്തിനുശേഷം സോളാർ എനർജി കോർപറേഷനിൽനിന്ന് എട്ടു ജിഗാവാട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ സോളാർ കരാർ നേടിയതായി അദാനി ഗ്രീൻ കന്പനി പ്രഖ്യാപിച്ചു.
കൈക്കൂലിയുടെ തട്ടിപ്പ്
കൈക്കൂലി കാര്യം മറച്ചുവച്ച് അമേരിക്കൻ നിക്ഷേപകരിൽനിന്നു നിക്ഷേപം സമാഹരിച്ച് വഞ്ചിച്ചുവെന്നാണ് അമേരിക്കയിലെ കേസ്. അദാനി കന്പനിയിലെ ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും അടക്കമുള്ളവരിൽനിന്ന് തെളിവുകൾ ശേഖരിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. യുഎസ് നിക്ഷേപകരിൽനിന്ന് ഏകദേശം 1,750 ലക്ഷം ഡോളർ സമാഹരിച്ചതായാണു കുറ്റപത്രം പറയുന്നത്. 300 കോടി (മൂന്ന് ബില്യണ്) ഡോളറിലധികം വായ്പകളും ബോണ്ടുകളും നേടിയെടുക്കാൻ അദാനിയും കൂട്ടാളികളും വ്യാജ പ്രസ്താവനകൾ ഇറക്കിയെന്ന് യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിൽ പറയുന്നു.
സർക്കാർ അന്വേഷണത്തെ തടസപ്പെടുത്താനും കൈക്കൂലി നൽകുന്ന ഗൂഢാലോചന മറച്ചുവച്ചതിനുമാണ് ഗൗതം അദാനിയെയും സഹോദരപുത്രൻ സാഗർ ആർ. അദാനിയെയും മറ്റും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കി. പ്രോസിക്യൂട്ടർമാരുടെ കുറ്റപത്രത്തിനു പുറമെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും സമാന്തര സിവിൽ ചാർജുകൾ ഫയൽ ചെയ്തിട്ടുണ്ട്. വിദേശ അഴിമതിയാരോപണങ്ങളിൽ അമേരിക്കൻ വിപണിയുമായി ബന്ധമുണ്ടെങ്കിൽ അതന്വേഷിക്കാൻ യുഎസ് നിയമം അനുവദിക്കുന്നുണ്ട്.
അന്വേഷണം അനിവാര്യം
അദാനിയെപ്പോലുള്ള വൻകിട കുത്തകകൾ കൊള്ളയടിച്ചു വീർക്കുന്നത് സാധാരണക്കാരുടെ പണംകൊണ്ടാണ്. സർക്കാരുകളുടെ കരാറുകൾ മുതൽ ഭക്ഷ്യയെണ്ണയുടെയും പരിപ്പുവർഗങ്ങളുടെയും അമിതവില വരെ അദാനി കന്പനി സാധാരണക്കാരെ നേരിട്ടും കൊള്ളയടിക്കുന്നു. ഭരിക്കുന്നവരുടെ തണലിൽ ഇത്തരം കൊള്ള തുടരാൻ അനുവദിച്ചുകൂടാ. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് ഭരണത്തിലെത്തിയ നരേന്ദ്ര മോദി മൗനം വെടിഞ്ഞ് അദാനിക്കെതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണവും നടപടികളും പ്രഖ്യാപിക്കുക.