ആ വിശുദ്ധദിനത്തിന്റെ ഓർമയിൽ...
ഡേവിസ് പൈനാടത്ത്
ആഗോളകത്തോലിക്ക സഭയുടെ വിശുദ്ധതാരകനിരയിലേക്കു മലയാളമണ്ണിൽ വിരിഞ്ഞ രണ്ടു പുണ്യസൂനങ്ങൾകൂടി ചേർക്കപ്പെട്ട അഭിമാനദിനം; 2014 നവംബർ 23. കേരളത്തിന്റെ നവോത്ഥാനശില്പികളിൽ ഒരാൾകൂടിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും പ്രാർഥിക്കുന്ന അമ്മ എന്നറിയപ്പെട്ട സിസ്റ്റർ എവുപ്രാസ്യയും സ്വർഗീയാരാമത്തിലെ വിശുദ്ധപുഷ്പങ്ങളായി എണ്ണപ്പെട്ടിട്ട് നാളെ പത്തുവർഷം. കടന്നുപോയതു വിശ്വാസികൾക്ക് അനുഗ്രഹപ്പൂമഴയുടെ ദശവർഷങ്ങൾ.
രണ്ടായിരം വർഷത്തെ പഴക്കമുള്ള ഭാരതസഭയുടെ ശ്ലൈഹികപാരന്പര്യത്തിനു ലഭിച്ച വലിയ അംഗീകാരമായിരുന്നു 2008ൽ അൽഫോൻസാമ്മയ്ക്കു ലഭിച്ച വിശുദ്ധപദവി. എല്ലാ അർഥത്തിലും ഭാരതീയനായ ഒരാൾ വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെടുവാൻ ദൈവം തിരുമനസായത് അന്നായിരുന്നു.
വെറും ആറുവർഷത്തിനിപ്പുറം ചാവറപ്പിതാവിലൂടെയും എവുപ്രാസ്യമ്മയിലൂടെയും ആഗോളസഭയുടെ അൾത്താരവണക്കത്തിനു യോഗ്യരായ രണ്ടുപേരെക്കൂടി ഭാരതത്തിന്, പ്രത്യേകിച്ചു കേരളക്കരയ്ക്ക് അനുഗ്രഹമായി ലഭിക്കുകയായിരുന്നു. കേരള കത്തോലിക്കാസഭയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട സുദിനമായിരുന്നു 2014 നവംബർ 23.
അന്ന്, അങ്ങ് വത്തിക്കാനിൽ
ക്രിസ്തുരാജ തിരുനാൾദിനത്തിൽ വത്തിക്കാനിലായിരുന്നു ആ ധന്യവേള. ഇന്ത്യൻസമയം ഉച്ചകഴിഞ്ഞു മൂന്നുമണി. സെന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിൽ ഇന്ത്യൻ ഗായകസംഘവും വത്തിക്കാൻ ഗായകസംഘവും സ്വർഗീയശ്രുതികളുടെ നാദപ്രപഞ്ചം സൃഷ്ടിക്കവേ, ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരടക്കമുള്ളവരാൽ അനുഗതനായി കടന്നുവന്നു.
പതിനായിരക്കണക്കിനു തീർഥാടകരെ സാക്ഷിനിർത്തി മാർപാപ്പ ‘പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനുവേണ്ടിയും കത്തോലിക്കാവിശ്വാസത്തിന്റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയ ജീവിതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയും’ ശ്ലൈഹികാധികാരമുപയോഗിച്ച് തിരുക്കുടുംബത്തിന്റെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ്, തിരുഹൃദയത്തിന്റെ വാഴ്ത്തപ്പെട്ട എവുപ്രാസ്യ എലുവത്തിങ്കൽ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.
അവരെ വിശുദ്ധരുടെ പട്ടികയിലും ചേർത്തു. ഒപ്പം, ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെറീന, അമാത്തോ റങ്കോണി, നിക്കോള ദ ലോംഗോബാർഡി, ലുദോവികോ ദ കസോറിയ എന്നിവരെയും അന്നു വിശുദ്ധരായി പ്രഖ്യാപിച്ചു. സാർവത്രികസഭയുടെ വണക്കത്തിനായി നവവിശുദ്ധരുടെ തിരുശേഷിപ്പുകൾ അൾത്താരയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങും തുടർന്നുണ്ടായിരുന്നു.
കേരളം വിശ്വാസത്തിന്റെ വിളഭൂമി
ആഗോളസഭയുടെ ആധ്യാത്മികനഭസിൽ ധ്രുവനക്ഷത്രങ്ങളായി രണ്ടു മലയാളികൾകൂടി ഉദിച്ചുയർന്നു. ഭാരതീയരായ മൂന്നു വിശുദ്ധരും കേരളമണ്ണിൽനിന്നുള്ളവർ!
നാമകരണച്ചടങ്ങുകളുടെ സമാപനപ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: “വിശ്വാസത്തിന്റെയും വൈദിക-സന്യാസ ദൈവവിളികളുടെയും നല്ല വിളഭൂമിയായ കേരളത്തിൽനിന്നാണ് ഇന്ത്യക്കാരായ രണ്ടു വിശുദ്ധർ. അവരുടെ മാധ്യസ്ഥം ഇന്ത്യയിലെ മഹത്തായ സഭയ്ക്കു പുതിയൊരു പ്രേഷിതപ്രചോദനമാകട്ടെ.
ആ വിശുദ്ധരുടെ അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയിൽനിന്നു പ്രചോദനം സ്വീകരിച്ച് ഇന്ത്യയിലെ ക്രൈസ്തവർ കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും വഴിയിലൂടെ മുന്നേറട്ടെ. വിശുദ്ധരുടെ വിശ്വാസവും സ്നേഹവും അനുകരിച്ച് അവരുടെ കാല്പാടുകൾ നമുക്കു പിന്തുടരാം.
സഭയുടെ മാതാവും വിശുദ്ധരുടെ രാജ്ഞിയും എല്ലാ ക്രൈസ്തവർക്കും മാതൃകയുമായ കന്യകാമറിയത്തിലേക്ക് മക്കൾക്കടുത്ത സ്നേഹത്തോടെ നമുക്കു തിരിയാം”.
ആഹ്ലാദചിത്തരായി മലയാളികൾ
ആറുപേരുടെ നാമകരണചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽനിന്നായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അന്നു തിങ്ങിനിറഞ്ഞ ഒരുലക്ഷത്തിലേറെപ്പേരിൽ പതിനായിരത്തിലേറെ ഇന്ത്യക്കാരുണ്ടായിരുന്നു. നൂറുകണക്കിനു വൈദികരും സന്യസ്തരുമുണ്ടായിരുന്നു; ഒപ്പം വിശുദ്ധരുടെ കുടുംബാംഗങ്ങളും.
അവർ ആനന്ദത്തോടെ, അഭിമാനത്തോടെ ആ പ്രഖ്യാപനം അനുഭവിച്ചു. നവവിശുദ്ധരുടെ രൂപങ്ങൾ കൈകളിലുയർത്തിയും ത്രിവർണപതാകകൾ വീശിയും ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും ജനസാഗരം ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
മാർപാപ്പയ്ക്കൊപ്പം, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റ്റുലേറ്റർ റവ.ഡോ. ചെറിയാൻ തുണ്ടുപറന്പിൽ, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരും ആർച്ച്ബിഷപ്പുമാരും മറ്റു മെത്രാന്മാരും വിശുദ്ധപദപ്രഖ്യാപന തിരുക്കർമങ്ങളിൽ സഹകാർമികരായി.
ചാവറയച്ചന്റെ തിരുശേഷിപ്പ് വൈസ് പോസ്റ്റുലേറ്റർ ഫാ. ജെയിംസ് മഠത്തിക്കണ്ടം സിഎംഐയും എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ സാങ്റ്റയും അൾത്താരയിലേക്കു സംവഹിച്ചു. തിരുക്കർമങ്ങൾക്കിടെ മലയാളഭക്തിഗാനങ്ങളും ആലപിക്കപ്പെട്ടു. കേരളത്തിൽനിന്നുള്ള വൻമാധ്യമസംഘവും വത്തിക്കാനിലുണ്ടായിരുന്നു.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും തട്ടകങ്ങളായ മാന്നാനം കുന്നും ഒല്ലൂരുമൊക്കെ വിശുദ്ധപദപ്രഖ്യാപനദിനത്തിൽ മറ്റൊരു വത്തിക്കാനായി മാറിയിരുന്നു.
ആയിരങ്ങളാണ് സ്വന്തം വിശുദ്ധരെ വണങ്ങാൻ രണ്ടിടത്തും പ്രാർഥനാമന്ത്രങ്ങളുമായി തടിച്ചുകൂടിയത്.