നമ്മുടെ ഐഎഎസുകാർക്ക് വഴി തെറ്റുന്നോ?
പി.സി. സിറിയക്
ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസ് ഉന്നതർക്ക് ഇത്രയധികം ബഹുമാനവും സ്നേഹാദരവും ലഭിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടു കാലത്ത് മിക്ക സർക്കാർ സംവിധാനങ്ങളിലും വലിയ മൂല്യച്യുതി സംഭവിച്ചപ്പോഴും ശിപാർശകൾക്കോ മറ്റു സ്വാധീനങ്ങൾക്കോ വഴങ്ങാതെ പ്രവർത്തിക്കുന്ന യുപിഎസ്സിയാണ് ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് എന്ന് ജനങ്ങൾക്കറിയാം.
അങ്ങനെ കഠിനമായ മത്സരപ്പരീക്ഷകളിലൂടെ കടന്നുവന്ന് ഉയർന്ന ബൗദ്ധിക നിലവാരമുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞ ഈ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അതിസമർഥരും അർപ്പണബോധ്യത്തോടെ സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായി ജനങ്ങൾ കരുതുന്നു.
ഇന്ത്യയിൽതന്നെ മറ്റു പ്രധാന സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വൻകിട വ്യവസായ സ്ഥാപനങ്ങളും അവയുടെ തലപ്പത്തുള്ള വൻ മുതലാളിമാരും ഇല്ലാത്ത കേരളത്തിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എല്ലാ വിധത്തിലും അനുകരിക്കാവുന്ന മാതൃകാ സ്ത്രീ-പുരുഷന്മാരായി നമ്മുടെ ചെറുപ്പക്കാർ കാണുന്നത്. ഈ വലിയ ഉത്തരവാദിത്വം മനസിലാക്കി ഉയർന്ന സാന്മാർഗിക നിലവാരം, സാമൂഹ്യ പ്രതിബദ്ധത, സത്യസന്ധത എന്നീ മൂല്യങ്ങളിൽ ഉറച്ചുനിന്ന് മാതൃകാപരമായ പെരുമാറ്റം കാഴ്ചവയ്ക്കേണ്ടവരാണ് നമ്മുടെ ഈ ഉന്നത ഉദ്യോഗസ്ഥർ.
കഠിനാധ്വാനം ചെയ്തു പഠിച്ച് പരീക്ഷ പാസായ കാര്യം ഇപ്പോൾ ആവർത്തിക്കേണ്ട കാര്യമില്ല.പരീക്ഷാവിജയം അവർക്കു നേടിക്കൊടുത്തത് അവസരം മാത്രം. പൊതുജനജീവിതം സുഗമമാക്കിത്തീർക്കാനുള്ള കാര്യങ്ങൾ ചെയ്യാനുള്ള അവസരം. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ച് സൽപ്പേര് നേടിയെടുക്കുക എന്ന വലിയ വെല്ലുവിളി അവരുടെ മുൻപിലുണ്ട്. ഇത്തരം വെല്ലുവിളികൾ സമർഥമായി നേരിട്ട് വൻ നേട്ടങ്ങൾ നേടിയ ഉദ്യോഗസ്ഥരുണ്ട്. അവരെ ജനം എന്നും ഓർമിക്കും. ഉദാഹരണമായി, രണ്ടുപേരുടെ കാര്യം മാത്രം ഇവിടെ സൂചിപ്പിക്കാം.
ഒന്ന് വി.പി. മേനോൻ. ക്ലാർക്ക് തലത്തിൽനിന്ന് ഉയർന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ സെക്രട്ടറിയായി ഉയർന്ന ആൾ. ബ്രിട്ടീഷുകാർ സ്ഥലം വിട്ടപ്പോൾ 550 നാട്ടുരാജ്യങ്ങൾക്ക് അവർ സ്വാതന്ത്ര്യം നൽകി. ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ ഒരിടത്തും ചേരാതെ സ്വതന്ത്രമായി നിൽക്കാനോ ഉള്ള സ്വാതന്ത്ര്യം. വി.പി. മേനോനാണ് അവരെയെല്ലാം ഇന്ത്യയിൽ ചേർക്കാൻ വിജയകരമായി പ്രവർത്തിച്ചത്. മറ്റൊരാൾ ബി. ശിവരാമൻ, കൃഷിവകുപ്പിന്റെ സെക്രട്ടറി- ജനങ്ങളുടെ പട്ടിണി നീക്കാൻ ഗോതന്പുമായി വരുന്ന അമേരിക്കൻ കപ്പലിനുവേണ്ടി കാത്തുനിന്ന സ്ഥിതി ഒഴിവാക്കി, ഹരിതവിപ്ലവമുണ്ടാക്കി, ഇന്ത്യയിൽ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കിയ ഉദ്യോഗസ്ഥൻ (ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥനും അദ്ദേഹത്തിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു).
ഇങ്ങനെ തങ്ങളുടെ പ്രവർത്തനമികവുകൊണ്ട് തൽസ്ഥിതിക്ക് വലിയ മാറ്റം വരുത്താൻവേണ്ടി പ്രവർത്തിച്ചവരെ ജനങ്ങൾ ഒരിക്കലും മറക്കില്ല. പിൽക്കാല പ്രവർത്തനം ജനോപകാരപ്രദമല്ലെങ്കിൽ ഉയർന്ന റാങ്കോടെ പരീക്ഷ പാസായ കാര്യം ജനങ്ങൾ മറക്കും. ഇക്കാര്യം ഓർമിച്ചുകൊണ്ടായിരിക്കണം നമ്മുടെ ഉദ്യോഗസ്ഥർ ഇവിടെ പ്രവർത്തിക്കേണ്ടത്.
പക്ഷേ, ഇന്ന് നാം ഇവിടെ കാണുന്നതെന്താണ്? നമ്മുടെ ഉദ്യോഗസ്ഥർ പരസ്പരം ചെളി വാരിയെറിയുന്നു. ജാതിമത ഭിന്നതകളെല്ലാം മറന്നു പ്രവർത്തിക്കേണ്ടവരാണ് തങ്ങൾ എന്ന കാര്യവും മറന്നുകഴിഞ്ഞോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, നമ്മുടെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും രാഷ്ട്രീയനേതാക്കളുടെ അഴിമതിയിൽ സഹകരിച്ച് പങ്കു നേടിയെടുക്കുന്നു! ചിലർ മന്ത്രിമാരുടെ ഇംഗിതമറിഞ്ഞ് ഫയൽ കുറിപ്പുകളെഴുതി അഴിമതി എളുപ്പമാക്കിത്തീർക്കുന്നു. പ്രതിഫലമായി അവർ നേടുന്നത് പണമല്ലായിരിക്കാം. എന്നും ജനങ്ങളുടെ മുൻപിൽ തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങളായി ചില ‘പ്രസ്റ്റീജ്’ പദവികളിൽ രാപാർക്കുന്നു.
പലപ്പോഴും ഇക്കൂട്ടർ ഓഫീസിലെ ഫയലുകൾ താമസമില്ലാതെ നീക്കി, ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് കൊടുക്കുന്നതിനുപകരം, ഉദ്ഘാടനനാട മുറിക്കാനും പ്രസംഗ, സംഗീത, നൃത്തപരിപാടികളിൽ പങ്കെടുത്ത് താരപദവി നേടാനും ശ്രമിക്കുന്നു.
പലപ്പോഴും നമ്മുടെ സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങൾ തയാറാക്കിയിരിക്കുന്നത്, കാര്യങ്ങൾ വേഗത്തിൽ തീരുമാനിക്കണം എന്ന ലക്ഷ്യത്തിനു പകരം ഫയൽ നീക്കം മനഃപൂർവം താമസിപ്പിക്കാനും അങ്ങനെ കൈക്കൂലിക്ക് വഴിയൊരുക്കാനുമായി മാത്രമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അനാവശ്യമായ ചില സ്ഥലപരിശോധനകളും മറ്റും ഒഴിവാക്കി, നിയമാനുസൃതമായും അതേസമയം, അതിവേഗത്തിലും ഫയലുകൾ നീക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കാനുമായി നടപടിക്രമങ്ങൾ ലളിതവത്കരിക്കേണ്ട ചുമതല ഈ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്.
ഉദാഹരണമായി, ഭൂമി തരംമാറ്റം- കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഇന്ന് ഏറ്റവുമധികം അപേക്ഷകൾ തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത് ഈ വിഷയത്തിലാണ്. 2008, ജൂലൈയിൽ സർക്കാർ ഒരു നിയമം പാസാക്കുന്നു- ‘നെൽപ്പാടം, നീർത്തടം നികത്തൽ നിരോധന നിയമം’. നെൽപ്പാടം അനുവാദമില്ലാതെ നികത്തുന്നത് ക്രിമിനൽ കുറ്റമായിത്തീരുന്നു. ഈ നിയമം നടപ്പിലായതു മുതൽ.
അതേസമയം, നാൽപതും അൻപതും കൊല്ലം മുൻപ് സർക്കാർ സ്ഥാപനങ്ങൾ (ജിസിഡിഎ- ഗ്രേറ്റർ കൊച്ചി വികസന അഥോറിറ്റി, ഹൗസിംഗ് ബോർഡ് മുതലായവ) പാടം, പൊന്നുംവിലയ്ക്കെടുത്തു നികത്തി, റോഡും മറ്റുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കി പ്ലോട്ടുകളായി തിരിച്ച് ജനങ്ങൾക്കു വിറ്റു. ആ പ്ലോട്ടുകളിൽ നഗരസഭയുടെ അനുവാദത്തോടെ പ്ലാൻ അംഗീകാരം നേടി, വീടുകൾ കെട്ടുന്നു. ഇപ്പോൾ അര നൂറ്റാണ്ടു കഴിഞ്ഞ് പഴയ കെട്ടിടം ഇടിച്ച് പുതുക്കിപ്പണിയാൻ നഗരസഭയുടെ അംഗീകാരത്തിന് അപേക്ഷിക്കുന്നു.
നഗരസഭ അംഗീകാരം നിഷേധിക്കുന്നു. കാരണം, സർക്കാർ രേഖകളിൽ സ്ഥലം ഇപ്പോഴും പാടമാണ്. അതു തരംമാറ്റം നടത്തി പുരയിടമാക്കണം. അതിന് ആദ്യം കൃഷിവകുപ്പിന് അപേക്ഷ നൽകണം. കൃഷി ഉദ്യോഗസ്ഥർ സൗകര്യംപോലെ സ്ഥലപരിശോധന നടത്തി, ജനപ്രതിനിധികളുടെ പ്രാദേശിക കമ്മിറ്റിയുടെ അംഗീകാരം തേടി റിപ്പോർട്ട് സമർപ്പിക്കണം.
അതുകഴിഞ്ഞാൽ, വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകണം. അദ്ദേഹവും സ്ഥലപരിശോധന നടത്തും. അതുകഴിഞ്ഞ് ഓഫീസ് നടപടികൾ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ, ആർഡിഒ, 50 കൊല്ലം മുൻപ് സർക്കാർതന്നെ നികത്തിയ ഭൂമി ഇന്നും നിലമായി രേഖകളിൽ നിൽക്കുന്നെങ്കിൽ കുറ്റവാളി വീട്ടുടമയാണോ?
ലക്ഷക്കണക്കിന് അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. പറവൂർ താലൂക്കിൽ പുത്തൻവേലിക്കരയിൽ 30 കൊല്ലം മുൻപ് അഞ്ചുസെന്റ് പാടം വാങ്ങി നികത്തി വീടുവച്ച മത്സ്യത്തൊഴിലാളി രണ്ടുകൊല്ലം മുൻപ് കടബാധ്യത തീർക്കാനായി വീടു വിൽക്കാൻ ശ്രമിച്ചു. ഭൂമിയുടെ തരംമാറ്റാതെ വിൽപന നടക്കില്ല. ഒരു കൊല്ലക്കാലമായി തരംമാറ്റത്തിനുവേണ്ടി ശ്രമം നടത്തി. അവസാനം ആത്മഹത്യ ചെയ്യേണ്ടിവന്നു.
സർക്കാർ ഉടനേ തീരുമാനിക്കുന്നു, കെട്ടിക്കിടക്കുന്ന ഒരുലക്ഷം തരംമാറ്റൽ അപേക്ഷകൾ ഉടനേ തീർപ്പാക്കണം. അതിനുവേണ്ടി 50 വില്ലേജ് ഓഫീസർമാരെ ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം നൽകുന്നു. ആയിരം ക്ലർക്കുമാരെ ഒരു കൊല്ലത്തേക്ക് താത്കാലികമായി നിയമിക്കുന്നു. ഒരു കൊല്ലം കഴിഞ്ഞു നോക്കുന്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം ഒന്നേകാൽ ലക്ഷം! സ്ഥലപരിശോധന വേഗത്തിലാക്കാൻ 250 ടാക്സി കാറുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ അനുവാദം നൽകുന്നു. ഒരു കൊല്ലംകൂടി കഴിയുന്നു. അപ്പോൾ കെട്ടിക്കിടക്കുന്നത്, ഒന്നര ലക്ഷം അപേക്ഷകർ. സർക്കാർ പുതിയ തീരുമാനം എടുക്കുന്നു. 72 ഡെപ്യൂട്ടി കളക്ടർ (ആർഡിഒ) പദവികൾ അനുവദിക്കുന്നു! പക്ഷേ, അപേക്ഷകൾ കുന്നുകൂടുന്നു.
അതേസമയം, ഈ അടുത്തകാലത്ത് നമ്മുടെ നഗരങ്ങളിലും ഹൈവേകളിലും പാതയോരത്ത് പുതിയ ഫ്ളെക്സ് പരസ്യങ്ങൾ ഉയരുന്നു: ‘ഭൂമി തരംമാറ്റം- അപേക്ഷകളുമായി ഉടനേ സമീപിക്കുക- മൊബൈൽ നന്പർ....’ അവരെ സമീപിച്ചാൽ 50,000 രൂപ നൽകിയാൽ കാര്യം വളരെ വേഗത്തിൽ നടന്നുകിട്ടുമത്രെ! ഇത്തരം പ്രശ്നങ്ങൾ പരിശോധിച്ച് കൈക്കൂലിക്ക് അവസരം ഉണ്ടാകാതെ നടപടിക്രമങ്ങൾ ലളിതമാക്കി സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ നമ്മുടെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതല്ലേ?
നിലംനികത്തൽ നിരോധനനിയമം നടപ്പിൽ വന്ന ജൂലൈ 2008നു മുൻപ് പണിതീർത്ത്, മുനിസിപ്പൽ കെട്ടിടനികുതി കൊടുത്തുതുടങ്ങിയിട്ടുണ്ടെങ്കിൽ ആ വീടിരിക്കുന്ന ‘നിലം’ 2008ന് മുൻപുതന്നെ നികത്തിയതായിരിക്കണമല്ലോ. 2008ലെ കെട്ടിടനികുതി രസീത് ഇപ്പോൾ കൃത്രിമമായി നിർമിക്കാൻ എളുപ്പമല്ലല്ലോ. 2008 മുതൽ കെട്ടിടനികുതി കൊടുത്തുതുടങ്ങിയ സ്ഥലം പുരയിടമായി മാറ്റാൻ ഒരൊറ്റ വരി സർക്കാർ ഉത്തരവു മതിയല്ലോ. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ബഹുഭൂരിപക്ഷവും അങ്ങനെ ഒറ്റയടിക്കു തീർപ്പു കൽപിക്കാമല്ലോ. സ്ഥല പരിശോധനയും മറ്റും അവിടെ പ്രസക്തമാകില്ലല്ലോ.
ഇതുപോലെ, നടപടി ക്രമങ്ങൾ ലഘൂകരിച്ച് ഫയൽ നീക്കം എളുപ്പമാക്കി, തീർപ്പ് കല്പിക്കൽ വേഗത്തിലാക്കാൻ ഓരോ വകുപ്പിന്റെ സെക്രട്ടറിയും പരിശോധന നടത്തിയാൽ, ഏറ്റവും ആവേശകരമായ കണ്ടെത്തലുകൾ നടക്കുന്നതു കാണാം. സർക്കാർ ഓഫീസുകളിലെ ജോലിഭാരം നേർ പകുതിയായി കുറയും. ജനങ്ങൾക്കു വേഗം തീർപ്പ് കിട്ടുകയും ചെയ്യും.
ഇവിടെയെല്ലാം ജനപക്ഷത്തു നിന്നുകൊണ്ടു പരിശോധനയും പഠനവും നടത്തി നടപടിക്രമങ്ങൾ ലളിതമാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ ഉത്സാഹിക്കണം. ഈ തീവ്രയത്ന പരിപാടിക്ക് നേതൃത്വം നൽകാൻ നമ്മുടെ മന്ത്രിമാരും മുന്നോട്ടുവരണം. സർദാർ പട്ടേൽ ഇല്ലാതെ വി.പി. മേനോനോ അല്ലെങ്കിൽ, സി. സുബ്രഹ്മണ്യം ഇല്ലാതെ ബി. ശിവരാമനോ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ?