ജോസ്കുട്ടി മാത്യു ഓവേലിൽ
വിശുദ്ധ തോമാശ്ലീഹായ്ക്കുശേഷം 16-ാം നൂറ്റാണ്ടിൽ ഭാരതത്തിൽ സുവിശേഷം പ്രഘോഷിക്കാനെത്തിയ ഈശോസഭാംഗവും സ്പെയിൻകാരനുമായ പ്രേഷിതനാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ. 1541ൽ തന്റെ പ്രേഷിതപ്രവർത്തനമേഖല ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഇന്ത്യക്കു പുറമേ തായ്വാൻ, ഫിലിപ്പീൻസ്, മലേഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലും വിശുദ്ധൻ സുവിശേഷപ്രഘോഷണം നടത്തി പതിനായിരങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു.
ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവ് നശിച്ചാൽ എന്തു ഫലം എന്ന ഇഗ്നേഷ്യസ് ലയോള ഉദ്ധരിച്ച ദൈവവചനമാണ് ഇഗ്നേഷ്യസിന്റ സുഹൃത്തുകൂടിയായ ഫ്രാൻസിസിനെ മാനസാന്തരത്തിലേക്കു നയിച്ചത്. 1537ൽ ഇരുവരും വൈദികരായി. തുടർന്ന് ഇവർ ഏഴുപേരടങ്ങിയ ഒരു കൂട്ടായ്മ രൂപീകരിച്ച് 1540ൽ, സൊസൈറ്റി ഓഫ് ജീസസ് സ്ഥാപിച്ചു. പോൾ മൂന്നാമൻ മാർപാപ്പയുടെ ആശിർവാദത്തോടെ ഈ സഭ തീവ്രമായ മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ചു.
പോർച്ചുഗീസ് രാജാവ് ഗോവയിലെ മിഷനറി പ്രവർത്തനത്തിനായി ഈശോ സഭയുടെ സഹായം തേടിയപ്പോൾ ഫ്രാൻസിസ് സേവ്യർ സന്തോഷപൂർവം അത് സ്വീകരിച്ച് ഗോവയിലെത്തി. പ്രഭു കുമാരനായി ജീവിച്ചിരുന്ന ഫ്രാൻസിസ്, നിർധനരും നിരാലം ബരുമായ മനുഷ്യരോടൊപ്പം ചേർന്ന് ലളിതമായ ജീവിതം നയിച്ച് ദൈവവചനം പ്രഘോഷിച്ചു.
തന്റെ ആരോഗ്യം പോലും അവഗണിച്ച് ജപ്പാൻ, മലേഷ്യ തുടങ്ങിയ ദ്വീപുകളിൽ സുവിശേഷവേല ചെയ്ത ശേഷം 1551ൽ ഗോവയിൽ തിരിച്ചെത്തി. എന്നാൽ ഉടൻതന്നെ ചൈനയിൽ ദൈവവചനം പ്രഘോഷിക്കുവാൻ പുറപ്പെട്ട് സാൻസിയാൻ ദ്വീപിലെത്തി.
ക്ഷീണിതനായ അദ്ദേഹം അവിടെവച്ച് മാരകമായ പനി പിടിപെട്ട് 1552 ഡിസംബർ മൂന്നിന് നിത്യജീവനിലേക്ക് യാത്രയായി. മൃതശരീരം അവിടെത്തന്നെ സംസ്കരിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം ഭൗതികാവശിഷ്ടം ഗോവയിൽ എത്തിക്കാനായി പോർച്ചുഗീസ്കാർ ശവകുടീരം തുറന്നപ്പോൾ മൃതശരീരത്തിന് യാതൊരു കേടുപാടും ഇല്ലാത്തതായി കാണപ്പെട്ടു.
1553 ഡിസംബർ 11ന് ഈ ശരീരം ഗോവയിൽ എത്തിക്കുകയും 1554 മാർച്ചിൽ പൊതുദർശനത്തിനു വയ്ക്കുകയും ചെയ്തു.
ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിൽ അത്ഭുതങ്ങൾ നടക്കുന്നു എന്നറിഞ്ഞപ്പോൾ ജസ്യൂട്ട് സുപ്പീരിയർ ജനറലായിരുന്ന ഫാ. ക്ലൗഡിയോ അക്വാവിവയുടെ നിർദേശപ്രകാരം തിരുശേഷിപ്പിന്റെ ഒരു ഭാഗം റോമിൽ നിരീക്ഷണത്തിനായി വച്ചു അതിൽനിന്ന് ഒരു ചെറിയ ഭാഗം കൊച്ചിയിലെ ജെസ്യൂട്ട് സെമിനാരിയിലും സൂക്ഷിച്ചു.
1622 മാർച്ച് 12ന് പോപ്പ് ഗ്രിഗറി പതിനഞ്ചാമൻ ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനാണ് വിശുദ്ധന്റെ തിരുനാൾ.
1637ലാണ് വിശുദ്ധന്റെ ഭൗതികശരീരം സിൽവർ കാസ്കറ്റിലാക്കി ഓൾഡ് ഗോവയിലെ ബോംജീസസ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ളതാണ് ചരിത്രപ്രസിദ്ധമായ ഈ പള്ളി.