ഉറച്ച സഖ്യം, വിജയപ്രതീക്ഷ: ചെന്നിത്തല
തോമസ് വർഗീസ്
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം പ്രവർത്തിക്കുന്നത് എണ്ണയിട്ട യന്ത്രംപോലെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തലെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ദീപികയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്..
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയുടെ സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തൽ?
മഹാ വികാസ് അഘാഡി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്നു കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. അതേ ഭരണവിരുദ്ധവികാരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ട് മറാഠ രാഷ്ട്രീയപാർട്ടികളെ പിളർത്തിയ ബിജെപിയുടെ കുടിലതന്ത്രത്തോട് മഹാരാഷ്ട്ര ജനത ക്ഷമിച്ചിട്ടില്ല.
ശിവസേനയോടും എൻസിപിയോടും ചെയ്ത ചതി ജനം മറക്കില്ല. ഇത് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിശ്വാസം. മഹാ വികാസ് അഘാഡി സഖ്യത്തിലെ മുഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് താഴെത്തട്ടിൽ മുതൽ കാഴ്ചവച്ച സംഘടനാ പ്രവർത്തനം സഖ്യകക്ഷികളും ഏറ്റെടുക്കുകയും തുടരുകയും ചെയ്ത കാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലും കണ്ടത്. ആ പ്രവർത്തനം തുടരുകയാണ്.
സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള ഐക്യം എത്രമാത്രം ?
എണ്ണയിട്ട യന്ത്രം പോലെയാണ് മഹാ വികാസ് അഘാഡി പ്രവർത്തിക്കുന്നത്. മൂന്നു വർഷം ഒന്നിച്ചു ഭരിച്ചവരാണ്. ബിജെപിയുടെ രാഷ്ട്രീയ ചതിയുടെ കാലത്ത് ഒന്നിച്ചു നിന്നവരാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു പൊരുതി നേടിയവരാണ്. ആ ഐക്യബോധവും ആവേശവും പ്രവർത്തകരിലുണ്ട്. സീറ്റ് വിഭജനത്തിൽ എല്ലാവരും വിട്ടുവീഴ്ചാ മനോഭാവം കാട്ടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഈ ഐക്യം നിലനിർത്താൻ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തകർ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. വിമതശല്യം പൂർണമായും ഒഴിവാക്കാൻ സഖ്യത്തിനു സാധിച്ചു. പാർട്ടി നയങ്ങൾ പിന്തുടരാൻ തയാറല്ലാത്തവരെ പുറത്താക്കി. വിജയിക്കുക എന്നതിനാണ് പ്രാധാന്യം.
മറാഠ സംവരണ പ്രക്ഷോഭം അലയടിക്കുന്ന മറാഠ്വാഡ മേഖലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യം മികച്ച മുന്നേറ്റം കാഴ്ചവച്ചിരുന്നു. ആ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്താൻ കഴിയുമോ?
കോണ്‍ഗ്രസിലെ കരുത്തനായ വിലാസ് റാവു ദേശ്മുഖിന്റെ മണ്ണാണ് മറാഠ്വാഡ. ഇടയ്ക്ക് അവിടെ ബിജെപി ശക്തി പ്രാപിച്ചെങ്കിലും ഇപ്പോൾ ഈ പ്രദേശമൊട്ടാകെ കോണ്‍ഗ്രസിന്റെ തരംഗം ആഞ്ഞടിക്കുകയാണ്. അമിത് ദേശ്മുഖ് ഈ പ്രദേശത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു.
മറാഠകളുടെ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഇവിടെ മഹാ വികാസ് അഘാഡിക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാൽ അക്കാര്യം വ്യക്തമാകും. ബൂത്തുതലം മുതൽ പാർട്ടി ഉയിർത്തെഴുന്നേറ്റു കഴിഞ്ഞു. പാർട്ടിയുടെ പുനരുജ്ജീവനം തന്നെയാണ് മികച്ച മുന്നേറ്റത്തിന്റെ കാരണം.
മറാഠ സംവരണപ്രക്ഷോഭവുമായുള്ള നിലപാട്?
മറാഠ സംവരണപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സഖ്യകക്ഷികളും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. മറാഠ വിഭാഗത്തിന്റെയും ഒബിസിയുടെയും ന്യൂനപക്ഷ, ദളിത് സമുദായങ്ങളുടെയും വോട്ടുകൾ ഇക്കുറി കോണ്‍ഗ്രസിനു ലഭിക്കും.
സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റാൻ നിയമനിർമാണം നടത്തുമെന്നത് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംവരണ പ്രക്ഷോഭമൊക്കെ ഷിൻഡെയുടെ സംസ്ഥാന സർക്കാർ വഷളാക്കിയതാണ്.
പാർട്ടി സ്ഥാനാർഥികൾക്കെതിരേ രംഗത്തു വന്ന 28 വിമതരെ പുറത്താക്കിയതോടെ പൂർണമായും പാർട്ടിക്കുള്ളിലും സഖ്യത്തിനുള്ളിലും ഐക്യം നിലനിർത്താൻ കഴിഞ്ഞോ. അച്ചടക്കനടപടി എത്രമാത്രം പ്രയോജനകരമായി?
ഒരു തെരഞ്ഞെടുപ്പിൽ നിരവധി സീറ്റ് മോഹികൾ ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. എന്നാൽ സഖ്യരാഷ്ട്രീയത്തിന്റെ ഭാഗമായി പല സീറ്റുകളിലും വിട്ടുവീഴ്ചകൾ വേണ്ടിവരും. പല സീറ്റുകളും സഖ്യകക്ഷികൾക്കു നൽകേണ്ടി വരും. ഒരിക്കൽ അത്തരം തീരുമാനങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ പാർട്ടി തീരുമാനം അനുസരിക്കേണ്ടതുണ്ട്.
നിർണായകമായ തെരഞ്ഞെടുപ്പാണ്. ഒരു കാരണവശാലും സൗഹൃദമത്സരങ്ങൾ അനുവദിക്കാൻ പറ്റില്ല. സഖ്യകക്ഷികൾക്കു വിട്ടുനൽകിയ സീറ്റിലോ അതല്ലെങ്കിൽ പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ച സീറ്റിലോ പാർട്ടി പ്രവർത്തകർ മത്സരിക്കാൻ ശ്രമിച്ചാൽ എത്ര ഉന്നതരായാലും പുറത്താക്കുമെന്ന വ്യക്തമായ നിർദേശം നൽകിയിരുന്നതാണ്. അതനുസരിച്ച് നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. സഖ്യത്തിന്റെ വോട്ടുകൾ സഖ്യസ്ഥാനാർഥികൾക്കുതന്നെ വീഴുമെന്നാണ് പ്രതീക്ഷ.
മോദിയുടെ പ്രഭാവം ഈ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഉണ്ടാകുമോ. രാഹുലിന്റെ പ്രസക്തി ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം ഉണ്ടാകും?
മോദി പ്രഭാവം പൂർണമായും അസ്തമിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്കുണ്ടായ പരാജയംതന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബിജെപിക്കു കേവലഭൂരിപക്ഷം നഷ്ടമായതിന്റെ ഏറ്റവും വലിയ കാരണം മഹാരാഷ്ട്രയിൽ നഷ്ടപ്പെട്ട സീറ്റുകളാണ്. മോദി നിരവധി റാലികളിൽ പങ്കെടുത്തെങ്കിലും ഗുണമുണ്ടായില്ല. സാധാരണ ഗതിയിൽ മോദിക്കു സ്വാധീനമുണ്ട് എന്നു വിശ്വസിക്കുന്ന നഗരവോട്ടർമാർവരെ ബിജെപിയെ കൈവിട്ടു. അത്രമാത്രം അമർഷമാണ് ജനങ്ങൾക്കിടയിൽ.
വർഗീയത പറഞ്ഞ് എല്ലാക്കാലവും ജയിക്കാനാവില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടി നിൽക്കുകയാണ് ജനങ്ങൾ. അവർക്കിടയിലേക്ക് ജമ്മു കാഷ്മീർപോലുള്ള വിഷയങ്ങളാണ് മോദിയും ഷായും സംസാരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രാദേശിക പ്രശ്നങ്ങൾ സ്പർശിക്കാൻ അവർ തയാറാകുന്നില്ല. മോദിയുടെ മുംബൈ റാലിയിലെ ശുഷ്കമായ ജനക്കൂട്ടംതന്നെ ബിജെപിക്കുള്ള കൃത്യമായ ഉത്തരമാണ്.
അതേസമയം രാഹുൽ ഗാന്ധി മുന്നോട്ടുവച്ച അഞ്ചു ഗാരന്റികൾ സാധാരണക്കാർക്കിടയിൽ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ജനങ്ങൾ അത്യാവേശത്തോടെയാണ് അതിനെ സ്വാഗതം ചെയ്യുന്നത്.
രാഹുലിന്റെ റാലികളിലെ വലിയ ജനക്കൂട്ടംതന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തിനു തെളിവാണ്. ഭാരത് ജോഡോ യാത്രയിൽ മഹാരാഷ്ട്രയിൽ ലഭിച്ച അതേ ആവേശം വർധിത വീര്യത്തോടെ തുടരുന്നു. ഇവിടെ മോദി അവസാനിച്ചു. ഇപ്പോൾ രാഹുൽ തരംഗമാണ്.
ഭരണം ലഭിച്ചാൽ കഴിഞ്ഞ തവണത്തേപ്പോലെ ഘടകകക്ഷികൾക്കുവേണ്ടി കോണ്‍ഗ്രസ് കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയാറാകുമോ?
നൂറു ദിവസം പോലും തുടരില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതിയ സഖ്യമായിരുന്നു മഹാവികാസ് അഘാഡിയുടേത്. അത് മൂന്നു വർഷം ഭരിച്ചു. അതിലെ പ്രധാനപ്പെട്ട രണ്ടു സഖ്യകക്ഷികളെയും ബിജെപി പിളർത്തിയിട്ടും അവരുടെ പ്രധാന്യം അൽപംപോലും കുറയാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റു വിഭജനം നടന്നു. എല്ലാവരും പരസ്പരം വിട്ടുവീഴ്ചകൾക്കു തയാറാണ്. കാരണം മഹാരാഷ്ട്രയിലെ ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെതന്നെ ഭാവിക്ക്, ഇന്ത്യൻ മതേതരത്വത്തിന്, എത്രമാത്രം വിലപ്പെട്ടതാണ് എന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. വിജയിക്കുക എന്നതിനാണ് ആദ്യ പ്രാധാന്യം. അതിനുശേഷം ഒറ്റക്കെട്ടായി മുന്‍പോട്ടു പോകും.
മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവർത്തക സമിതിയംഗം എന്ന നിലയിൽ താഴെത്തട്ടിൽ
പാർട്ടിയെ സജ്ജമാക്കാൻ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത്?
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു വളരെ വ്യത്യസ്തമാണ് മഹാരാഷ്ട്ര പോലുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയപ്രവർത്തനം. പലയിടങ്ങളിലും ഏതു പാർട്ടിയായാലും വ്യക്തികേന്ദ്രീകൃതമാണ്. പക്ഷേ താഴെത്തട്ടിൽ രാഷ്ട്രീയം പഠിച്ചു വന്നവരാണല്ലോ കേരളത്തിൽനിന്നുള്ളവർ. അതുകൊണ്ടുതന്നെ പാർട്ടിയുടെ അടിസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ആദ്യശ്രമം. ബൂത്തുതലം മുതൽ സംഘടനയെ തയാറെടുപ്പിച്ചു. ബിഎൽഒമാരെ നിയമിച്ചു.
ബ്ളോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. അങ്ങനെ അടിസ്ഥാനതലത്തിൽ പ്രവർത്തനം ശക്തമാക്കി. എല്ലാ ജില്ലകളിലും എത്തി നേതാക്കളുടെയും പ്രവർത്തകരുടെയും യോഗങ്ങൾ വിളിച്ചുകൂട്ടാൻ സാധിച്ചത് വളരെ ഗുണം ചെയ്തു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇത്തരം പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി ഒപ്പമുണ്ടായിരുന്നു.
പൂർണമായും നിർജീവമായി കിടന്ന ഇടങ്ങളിൽപോലും കോണ്‍ഗ്രസിനെ തിരികെയെത്തിക്കാനായി എന്നത് കൂട്ടായ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ നേട്ടമായി. സംഘടനാ തലത്തിൽ പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടാക്കാനായി. വിജയിക്കും എന്ന പ്രതീക്ഷ അവരിലേക്കു തിരിച്ചുവന്നു. അതിന്റെ പ്രതിഫലനമായിരുന്നു ലോക്സഭാ തെരഞ്ഞടെുപ്പിലെ വിജയം. അതിന്റെ ആവേശം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഒന്നിച്ചു നിന്നാൽ വിജയിക്കാം എന്ന ആത്മവിശ്വാസം അവർക്കുണ്ട്. അതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ശക്തി. പാർട്ടിയാണ് വലുത് എന്ന ബോധ്യമുണ്ടാക്കാനായി. കോൺഗ്രസിനെ ഒരു വികാരമാക്കി മാറ്റിയെടുക്കാൻ ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് സാധിച്ചു. അത് ഈ തെരഞ്ഞെടുപ്പ് ഫലത്തെ തീരുമാനിക്കുമെന്നും വിശ്വസിക്കുന്നു.