ആരോഗ്യരംഗത്ത് സോഷ്യൽ മീഡിയ ടൂളുകളുടെ സാധ്യതകൾ
ജോബി ബേബി
കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ സമൂഹമാധ്യമങ്ങൾ ഫലപ്രദമായ ആയുധമായിരുന്നു. വലിയൊരു ജനസമൂഹത്തെ ബോധവത്കരിക്കാനും അവരെ കോവിഡുമായുള്ള യുദ്ധത്തിലെ പോരാളികളാക്കാനും സമൂഹമാധ്യമങ്ങളുടെ സാധ്യത ആരോഗ്യവകുപ്പ് അധികൃതർ തിരിച്ചറിഞ്ഞത് നാം ഏവരും കണ്ടതാണ്. അത്തരത്തിലുള്ള അവബോധം സൃഷ്ടിക്കൽ ഒരു പരിധിവരെ രോഗവ്യാപനം തടയുന്നതിന് സഹായിച്ചു.
വിവധ കാമ്പയിനുകൾ വിജയിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യു ട്യൂബ് തുടങ്ങിയവയെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. രോഗത്തെക്കുറിച്ചുള്ള അറിവ് ജനങ്ങളിൽ എത്തിക്കുന്നതൊടൊപ്പം പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുക എന്നുള്ളതും വെല്ലുവിളിയായിരുന്നു. പോസ്റ്റർ, ബോധവത്കരണ വീഡിയോകൾ, ഡോക്ടർമാരുമായുള്ള അഭിമുഖം തുടങ്ങി വിവിധ മാർഗങ്ങളിലൂടെയായി വിവര വിസ്ഫോടനമാണ് സമൂഹമാധ്യമങ്ങളിൽക്കൂടെ നടന്നത്.
വിദേശത്തുനിന്ന് എത്തിച്ചേരുന്നവരിൽനിന്ന് രോഗം പകരുന്ന അവസ്ഥയുണ്ടായപ്പോൾ അവരെ പ്രത്യേകം ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജുകൾ വഴി കാമ്പയിൻ നടത്തി. അതിന്റെ ഫലമെന്നോണം ക്വാറന്റൈൻ തുടങ്ങിയ പ്രോട്ടോകോളുകൾ പാലിക്കുന്നതിൽ വലിയ സഹകരണമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
അക്കാലത്തു കോവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിവരങ്ങളും വ്യാജവാർത്തകളും ഉടനടി കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഫേസ്ബുക്ക് ഇന്ത്യയുടെ നേരിട്ടുള്ള സഹകരണത്തോടെ പ്രത്യേക ക്രൗഡ്ടാൻഗിൽ പോർട്ടൽ സജ്ജീകരിക്കുകയും വ്യാജ വാർത്തകളുടെ വ്യാപനം ഫലപ്രദമായി തടയുകയും ചെയ്തു. ആരോഗ്യമേഖലയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെ എല്ലാ സംഘടനകളും ഇപ്പോൾ സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ സ്വീകരിച്ചുവരുന്നു.
ലഹരിക്കെതിരേ ‘നോ ടുബാകോ’, പേ വിഷബാധയ്ക്കെതിരേ ‘ഉറ്റവരെ കാക്കാം പേ വിഷത്തിനെതിരേ ജാഗ്രത’, ഓണക്കാലത്തു നല്ല ആരോഗ്യശീലങ്ങൾ പാലിക്കാൻ ‘നല്ലോണം ആരോഗ്യത്തോടെ’, മഴക്കാല രോഗങ്ങൾക്കെതിരേ ‘ആരോഗ്യജാഗ്രത’, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനു തുടങ്ങി രോഗങ്ങൾക്കെതിരേയും ആരോഗ്യ ബോധവത്കരണത്തിനുമായി നിരവധി കാമ്പയിനുകൾ സമൂഹമാധ്യമങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്നു. ആരോഗ്യകേരളം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ, ആരോഗ്യ കേരളം യുട്യൂബ് ചാനലുകൾ തുടങ്ങിയവയിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾക്ക് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഓരോരുത്തരിലും ആരോഗ്യസന്ദേശം എത്തിക്കുന്നതിലും സമൂഹമാധ്യമങ്ങൾ ഒഴിച്ചുകൂടാനാകാത്ത പങ്കാണ് വഹിക്കുന്നതെന്ന് നിസംശയം പറയാം. ഡിജിറ്റലായി മാറുന്ന ഈ കാലത്തിന് അനുയോജ്യവും ഇതുതന്നെ.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതിന് മുന്നെ നമുക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനറിയുമോ എന്ന ചോദ്യമാണ് പ്രസക്തം. 90 ശതമാനം ആളുകൾ പലതരം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. അതിൽ 50 ശതമാനത്തിനുപോലും അതിലെ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്നറിയില്ല.
ഒരു യൂസർനെയിമും പാസ്വേഡും കൊണ്ടുമാത്രം സുരക്ഷിതമാണെന്ന് പറയാനാവില്ല. മൊത്തം ജനസംഖ്യയിൽ 15 ശതമാനം ഇക്കാര്യങ്ങളിൽ വിദഗ്ധരും 15 ശതമാനം പൂർണമായും ഇങ്ങനെയുള്ള ഓൺലൈൻ കാര്യങ്ങൾ ഉപയോഗിക്കാത്തവരുമായിരിക്കാം. ഇവരെ ഒഴിച്ചുനിർത്തിയാലുള്ള 70 ശതമാനമാണ് സമൂഹ മാധ്യമത്തിൽ കബളിപ്പിക്കപ്പെടുന്നത്.
സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന എല്ലാ ആരോഗ്യവിവരങ്ങളും ശരിയാകണമെന്നില്ല, അതുകൊണ്ടുതന്നെ ഏറ്റവും വിശ്വസനീയമായ ഉറവിടത്തിൽനിന്നുള്ള വിവരങ്ങൾ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രമേ വിശ്വസിക്കാവൂ (ലോകാരോഗ്യ സംഘടന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സൈറ്റുകൾ തുടങ്ങിയവ ശരിയായ വിവരങ്ങൾ നൽകുന്ന കൂട്ടത്തിൽപെടുന്നു).
ആരോഗ്യവിവരങ്ങളുടെ ചോർച്ചയാണ് അടുത്തതായി മറ്റൊരു പ്രധാന വെല്ലുവിളി. ഇതിനെ അത്ര ഗൗരവമായി ഇതുവരെ കണ്ടിട്ടില്ല. സാമ്പത്തിക വിവരങ്ങളുടെ ചോർച്ചയേക്കാൾ നൂറിരട്ടി അപകടമാണ് ആരോഗ്യവിവരങ്ങളുടെ ചോർച്ച. ഇത് വാങ്ങാൻ വലിയ തുക ചെലവിടാനും തട്ടിപ്പുസംഘം ഒരുക്കമാണ്. സാമ്പത്തിക വിവരങ്ങൾക്ക് ഒരു നിശ്ചിത പരിധിവരെ മാത്രമേ ഉപയോഗിക്കാനാകൂ. പക്ഷെ ആരോഗ്യ വിവരം ചോർന്നാൽ ജീവിതകാലം മുഴുവൻ ഇത് തട്ടിപ്പുസംഘത്തിന് ഉപയോഗിക്കാനാകും.
രോഗങ്ങളുടെ സ്ഥിതി മനസിലാക്കി മരുന്നു കമ്പനികൾക്കു വിവരങ്ങൾ കൈമാറാനും ഇതിലൂടെ സാധിക്കും. ഇത് വലിയ സ്വാധീനം ചെലുത്തും. മറ്റൊന്ന് അവയവ മാഫിയ ആണ്. അതുകൊണ്ടുതന്നെ ആരോഗ്യവിവരത്തിന്റെ ചോർച്ച ഭീകരമായ അപകടമാണ്. ഓൺലൈനിൽ മാത്രമല്ല, അപരിചതർക്കു മുന്നിൽ നമ്മുടെ ആരോഗ്യവിവരങ്ങൾ, ചികിത്സാരേഖ എന്നിവ പ്രദർശിപ്പിക്കരുത്. വീട്ടിൽപോലും അലക്ഷ്യമായി വയ്ക്കരുത്.