ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല് ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കായി സംരക്ഷണകവചമൊരുക്കാനും ഭരണഘടനാ ശില്പികള് പുലർത്തിയ ജാഗ്രത ഭാരത പൗരന്റെ അന്തസും അഭിമാനവും ഉയര്‍ത്തിക്കാട്ടുന്നു.
വൈവിധ്യങ്ങളേറെയുള്ള ഇന്ത്യയെ ഒറ്റച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ ധിഷണാശാലികളും വിശാല കാഴ്ചപ്പാടുകളുള്ള വിവേകമതികളുമായ ഭരണഘടനാ ശില്പികള് വഹിച്ച നിസ്വാര്‍ഥ സേവനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കരുത്തും മാർഗദീപവുമാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടിലേറെയായി ഭാരതസമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച്, പൗരസമത്വത്തിന്റെ നിലപാടുകളിലുറച്ച്, ഭരണഘടന ഭാഷ-മത ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന കരുതലും സംരക്ഷണവും ഒപ്പം ജുഡീഷറി നിർവഹിക്കുന്ന രക്ഷാകർതൃത്വവും ഒറ്റവാക്കില്‍ ഒതുക്കാനാവില്ല.
ചരിത്രം
ഭരണഘടനയുടെ 14 മുതല്‍ 30 വരെയുള്ള വിവിധ ആര്‍ട്ടിക്കിളുകളിൽ ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ വിവിധ തലങ്ങളിലുള്ള സംരക്ഷണം ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെയൊരിടത്തും ആരൊക്കെയാണ് മതന്യൂനപക്ഷങ്ങളെന്ന് വിശദീകരിക്കുന്നില്ല. സ്വാതന്ത്ര്യം പ്രാപിച്ച് 45 വര്‍ഷത്തിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന് ആക്ടിന് രൂപം നല്‍കിയത്. നാഷണല്‍ കമ്മീഷന് ഫോര്‍ മൈനോരിറ്റീസ് ആക്ട് 1992 മേയ് 17ന് നിലവില്‍ വന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ച, തൊഴിലവസരങ്ങള്‍, രാഷ്ട്രീയ പ്രാതിനിധ്യങ്ങള്‍, സാമൂഹ്യ സാമ്പത്തിക വികസനം, സുരക്ഷിതത്വം ഉറപ്പാക്കൽ എന്നിവയാണ് ഈ ആക്ടിലൂടെ ഗവണ്മെന്റ് ലക്ഷ്യമിട്ടത്.
1979 ജനുവരി ഒന്നിന് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മണ്ഡല് കമ്മീഷന് രൂപീകരിച്ചു.1990 ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രി വി.പി. സിംഗ് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുടനീളം പ്രക്ഷോഭമുണ്ടായി. 1992ല്‍ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സുപ്രീംകോടതി തീരുമാനത്തിനു വിധേയമായി മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കിയ സാഹചര്യവും രാജ്യത്തെ മത-സാമൂഹ്യ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ലക്ഷ്യംവച്ചുള്ള ന്യൂനപക്ഷ ആക്ടിന്റെ പശ്ചാത്തലത്തിലുണ്ട്. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഈ മന്ത്രിസഭയുടെ കാലത്ത് അതായത്, 1995ൽ മുസ്ലിം പ്രീണനത്തിന്റെ ഭാഗമായി പാസാക്കിയ വഖഫ് നിയമഭേദഗതിയിലൂടെയാണ് ഇന്ന് കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജനങ്ങള്‍ നേരിടുന്ന വഖഫ് അധിനിവേശത്തിന് ആധാരമായ വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്‍പ്പെടുത്തിയതെന്ന വസ്തുതയും കൂടി ശ്രദ്ധിക്കുക.
1993ലെ നോട്ടിഫിക്കേഷന്‍ (SONo.816E) പ്രകാരം മുസ്ലിം വിഭാഗത്തോടൊപ്പം ക്രൈസ്തവര്‍, സിഖ്, ബുദ്ധര്‍, പാഴ്സി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ന്യൂനപക്ഷ വിഭാഗങ്ങളെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 2014 ജനുവരിയില്‍ മറ്റൊരു നോട്ടിഫിക്കേഷനിലൂടെ ജൈനമതത്തെയും ന്യൂനപക്ഷത്തിൽ ഉൾപ്പെടുത്തി.
ന്യൂനപക്ഷ പദ്ധതികളിലെ വിവേചനം
2005 ഓഗസ്റ്റ് 15നു നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രാജ്യത്തെ അഭിസംബോധന ചെയ്ത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി 15 ഇന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി 2006 നവംബറില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ടും ക്ഷേമപദ്ധതി നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ ബിഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ഈ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളും ഇടം നേടി.
ആറ് മതന്യൂനപക്ഷ വിഭാഗങ്ങളുള്ളതില്‍ കേന്ദ്രസര്‍ക്കാര്‍ പഠനം നടത്തിയത് മുസ്ലിം മതവിഭാഗത്തിന്റെ കാര്യത്തില്‍ മാത്രമാണെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ പണം ചെലവിടുന്നത് ഒരു മതവിഭാഗത്തിന് മാത്രമാകുന്നത് ഭരണഘടനാ ലംഘനമാണ്. വാസ്തവത്തില്‍ ഇതിനെ വെള്ളപൂശാനാണ് എല്ലാ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായുള്ള പ്രധാനമന്ത്രിയുടെ 15 ഇന ക്ഷേമപദ്ധതികളില്തന്നെ സച്ചാര്‍ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചത്. പക്ഷേ, പിന്നീട് സംഭവിച്ചതെന്ത്? ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒന്നടങ്കം ഒരു മതവിഭാഗത്തിന്റെ കുത്തകയായി മാറിയെന്നു മാത്രമല്ല ന്യൂനപക്ഷമെന്നാൽ ഈ ആറെണ്ണത്തിലെ ഭൂരിപക്ഷ മതവിഭാഗം മാത്രമെന്ന നിലയിലേക്കും അട്ടിമറിക്കപ്പെട്ടു. ഇന്ത്യയിലെ മുസ്ലിം ഒഴികെയുള്ള ഇതര മതന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം, വിദ്യാഭ്യാസം, തൊഴില്‍, ജനസംഖ്യാശോഷണം എന്നിവ സംബന്ധിച്ച് പഠിക്കാനോ പദ്ധതികള്‍ ആവിഷ്കരിക്കാനോ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. പാഴ്സികള്ക്കുള്ള ജിയോ പാഴ്സി പദ്ധതി മാത്രം ഒരു താത്കാലിക ആശ്വാസം.
സംരക്ഷണം അട്ടിമറിക്കുമോ?
ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന വളരെ ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാ ശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
ആത്മവിശ്വാസവും സുരക്ഷിതബോധവും വളര്‍ത്തിയെടുക്കുന്നതിനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണമേര്പ്പെടുത്തിയിരിക്കുന്നതെന്ന് സുപ്രീംകോടതിയുടെ ടി.എം.എ. പൈ ഫൗണ്ടേഷന് വിധിന്യായത്തില്‍ പറയുന്നുണ്ട്.
ന്യൂനപക്ഷ സംരക്ഷണം മൗലികാവകാശമാണെന്നിരിക്കെ സാധാരണ നിയമങ്ങളെ സമീപിക്കുന്ന രീതിയിലും കാഴ്ചപ്പാടിലും ന്യൂനപക്ഷ സംരക്ഷണത്തെ സമീപിച്ച് ദുര്‍ബലപ്പെടുത്തുന്നതും വ്രണപ്പെടുത്തുന്നതും ശരിയല്ല. ന്യൂനപക്ഷപദവി മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഔദാര്യവും ദയയുമാണെന്ന് പലരും കരുതുന്നു. ഇത് തെറ്റായ കാഴ്ചപ്പാടും ചിന്തയുമാണ്. ന്യൂനപക്ഷപദവിയും അവകാശവും മാനദണ്ഡങ്ങളും വലിയ സങ്കീര്‍ണതയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. എത്ര ശതമാനം വരെ ജനസംഖ്യയുണ്ടെങ്കില്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.
ജനസംഖ്യാ കണക്കുകള്‍
സ്വതന്ത്ര ഭാരതത്തിലെ ആദ്യ ജനസംഖ്യാ കണക്കെടുപ്പു നടത്തിയത് 1951ലാണ്. ഇക്കാലത്തെ മതം തിരിച്ചുള്ള സര്‍ക്കാര്‍ ഔദ്യോഗിക ശതമാനക്കണക്കുപ്രകാരം ഹിന്ദു 84.1, ഇസ്ലാം 9.8, ക്രൈസ്തവര്‍ 2.3, സിക്ക് 1.79, ബുദ്ധര്‍ 0.74, ജൈനര്‍ 0.46, പാഴ്സി 0.13, മറ്റുള്ളവര്‍ 0.43. തുടര്‍ന്നുള്ള 60 വര്‍ഷങ്ങളിലെ ആറ് ജനസംഖ്യാ കണക്കെടുപ്പിന്റെ അവസാനത്തേതായ 2011ലെ ശതമാനം ഇപ്രകാരം: ഹിന്ദു 79.8, ഇസ്ലാം 14.23, ക്രൈസ്തവര്‍ 2.3, സിക്ക് 1.72, ബുദ്ധര്‍ 0.70, ജൈനര്‍ 0.37. പാഴ്സികള്‍ എണ്ണത്തില്‍ വളരെ കുറവായതുകൊണ്ട് ലിസ്റ്റിലില്ല. മറ്റുള്ളവര്‍ 0.9. ഏഴ് സെന്സസുകള് കഴിഞ്ഞപ്പോള്‍ ജനസംഖ്യാ വളര്‍ച്ചയുള്ളത് ഇസ്ലാം മതത്തിനു മാത്രം. 9.8 ശതമാനത്തില്‍നിന്നു 14.23 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2021ല്‍ സെന്‍സസ് നടന്നിട്ടില്ല. 2025ല്‍ സെൻസസ് നടത്താനുള്ള നീക്കങ്ങളുണ്ട്.
ജനസംഖ്യയിൽ ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമായെടുത്താല്‍, ഇന്ത്യയിലെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ ആകെ ജനസംഖ്യാ ശതമാനം 19.32. ഇതിൽ മുസ്ലിം ഒഴിച്ചുള്ള ബാക്കി അഞ്ച് വിഭാഗങ്ങളുടെ ആകെ ജനസംഖ്യ എടുത്താൽ കേവലം 5.09 ശതമാനം മാത്രം. അതായത്, ഈ അഞ്ചു മതവിഭാഗങ്ങളുടെ വളര്‍ച്ച മുരടിച്ച് പിന്നോട്ടടിച്ചു. 1971ലെ സെന്‍സസില്‍ ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.6 ശതമാനമായി ഉയര്‍ന്നിരുന്നതാണ് 2011ല്‍ 2.3ലേക്ക് വീണ്ടും കുറഞ്ഞത്.
(തുടരും)