ഹിസ്ബുള്ള -ഇസ്രയേൽ ബലപരീക്ഷണം അന്തിമഘട്ടത്തിലേക്ക്
ജെറി ജോർജ്, ബോൺ
ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലബനന്റെ മേലുള്ള യുദ്ധവിജയത്തിന്റെ ഉറപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. “ഞങ്ങൾ ഹിസ്ബുള്ളയെ തകർത്തു. നസറുള്ളയെ വധിച്ചതായിരുന്നു അതിന്റെ ഉച്ചകോടി”. ഇസ്രയേലിന്റെ അടുത്ത ചുമതല ലബനന്റെ മേലുള്ള സമ്മർദം നിലനിർത്തി, ഈ വിജയത്തിന്റെ ഫലങ്ങൾ സുസ്ഥിരമാക്കുക എന്നതാണ്. അതായത്, ലബനന്റെ സുരക്ഷിതത്വം ഇനിയും പന്താടാൻ ഇടവരരുത്. പ്രതിരോധമന്ത്രി എന്തൊക്കെ പറഞ്ഞാലും ഇസ്രയേലിന്റെ വടക്കുഭാഗത്തു താമസിക്കുന്നവർ ആശങ്കാകുലരാണ്. ഹിസ്ബുള്ള നടത്തുന്ന റോക്കറ്റാക്രമണം അവസാനിച്ചിട്ടില്ല. എല്ലാ ദിവസവുംതന്നെ ആക്രമണത്തിന്റെ മുന്നറിയിപ്പുമായി സൈറണ് മുഴങ്ങുന്നു. ഏതാണ്ട് 60,000 ഇസ്രേലികൾ ഇപ്പോഴും വീടുകളിലല്ല അന്തിയുറങ്ങുന്നത്, റോക്കറ്റാക്രമണം പേടിച്ച് സുരക്ഷിത കേന്ദ്രങ്ങളിലാണ്.
ഇസ്രയേലിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പട്ടണമാണ് ഏതാണ്ട് കാൽലക്ഷം ജനസംഖ്യയുള്ള കിരിയത്ത് ഷെമോണ. അവിടത്തെ മുനിസിപ്പൽ ചെയർമാൻ പറഞ്ഞത് മറ്റൊരു കാര്യമാണ്. “ഈ ഭീകരന്മാരെ ഇനിയും അമർച്ച ചെയ്തുകഴിഞ്ഞിട്ടില്ല. അവരെ അവസാനിപ്പിക്കാതെ അതിർത്തിയിൽനിന്ന് ഏതാനും മീറ്റർ അകലെ താമസിക്കുന്ന ഞങ്ങൾക്ക്, ആക്രമണഭീഷണി അവസാനിച്ചു എന്നു പറയാനാവില്ല. ഹിസ്ബുള്ളയെ തോൽപ്പിച്ചു എന്നുറപ്പാണെങ്കിൽ പ്രതിരോധമന്ത്രിയും കുടുംബവും കിരിയത്ത് ഷെമോണയിൽ വന്നു താമസിക്കട്ടെ”. ഹിസ്ബുള്ളയുടെ ഭീഷണി അവസാനിച്ചിട്ടില്ല എന്നതാണു നേര്. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ഇപ്പോഴും ദിനംപ്രതി ലബനനിലേക്കു പറക്കുന്നു. മൂവായിരത്തിലേറെയായി മരണങ്ങൾ. ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകളും തൊടുക്കുന്നു. അതിർത്തിയുടെ ഇരുവശത്തുമുള്ള സാധാരണക്കാർ ഭയചകിതരാണുതാനും.
യുദ്ധവിരാമം വിദൂരമാണെങ്കിലും ഒരു വെടിനിർത്തലിന് ഇരുവിഭാഗവും കാത്തിരിക്കുകയാണ്. നെതന്യാഹുവിന്റെ വിശ്വസ്തനായ മന്ത്രി റോണ് ദേർമെർ റഷ്യയിലും അമേരിക്കയിലും ചർച്ചകൾക്കായി എത്തിച്ചേർന്നിരുന്നു. 60 ദിവസം നീളുന്ന ഒരു വെടിനിർത്തലിനാണ് ഇപ്പോൾ ഇരുവിഭാഗവും ഒരുങ്ങുന്നത്. ഇസ്രയേൽ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കും.
യുഎൻ സേനയോടൊപ്പം ലബനീസ് സൈന്യവും അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കും. തെക്കൻ ലബനൻ സൈന്യസാന്നിധ്യമില്ലാത്ത മേഖലയാക്കണമെന്ന 2006ലെ 1701-ാം നന്പർ യുഎൻ പ്രമേയം നടപ്പിലാക്കുകയാണ് ഉദ്ദേശ്യം. ഇസ്രയേലിന്റെ യുഎൻ പ്രതിനിധിയും ചർച്ചകളിൽ പുരോഗതി ഉണ്ടെന്നു വ്യക്തമാക്കി. ഹിസ്ബുള്ളയെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഇസ്രയേലിന്റെ സൈനിക നടപടിക്കു കഴിഞ്ഞത് ഒരു നിസാര കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, മേലിൽ ആക്രമണഭീഷണി ഉണ്ടാവില്ലെന്ന ഉറപ്പ് ആവശ്യമാണ്. ഈ മാസം അവസാനത്തോടെ കൂടുന്ന യുഎൻ സുരക്ഷാസമിതിയിലാകും അന്തിമതീരുമാനത്തിനു കളമൊരുങ്ങുക.
ഇത് ഹിസ്ബുള്ളയുടെ യുദ്ധം
ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ആക്രമിക്കുന്നതെങ്കിലും ലബനീസ് ജനത മുഴുവനും യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. ഈ യുദ്ധത്തിൽ ലബനീസ് ജനതയ്ക്ക് ഒരു പങ്കുമില്ലെങ്കിലും ദുരിതം മുഴുവനും അവർക്കാണ്. ഹിസ്ബുള്ളയുടെ തലവനായ ഹസൻ നസറുള്ളയുടെ മരണവാർത്ത കേട്ടപ്പോൾ ലബനീസ് ഫോഴ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് പറഞ്ഞതു ശ്രദ്ധേയമാണ്: “ലോകം കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സ്ഥലമായി തീർന്നിരിക്കുന്നു.” ഒരു ക്രൈസ്തവനായ അദ്ദേഹം രാജ്യത്തിന്റെ കിഴക്കുഭാഗത്താണ് താമസം, ഭൂരിപക്ഷം ക്രൈസ്തവരെയും പോലെ. അവിടം ഇസ്രേലി ആക്രമണങ്ങളിൽനിന്നു മുക്തമാണ്. എന്നാൽ, മാതൃരാജ്യം തകരുന്നത് അവർക്കു കാണേണ്ടിവരുന്നു. “ഇത് ഹിസ്ബുള്ളയുടെ യുദ്ധമാണ്. ഇത് ലബനനും ഇസ്രയേലും തമ്മിലുള്ള യുദ്ധമല്ല. ഹിസ്ബുള്ള എന്ന ഭീകരസംഘം ലബനനെ ഈ യുദ്ധത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ്”. അദ്ദേഹം പറയുന്നു. ഹിസ്ബുള്ളയുടെ പിന്നിൽ ഇറാനാണ്. മധ്യേഷ്യയിൽ മുഴുവൻ സ്വാധീനം വർധിപ്പിക്കാൻ ഇറാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ യുദ്ധവും.
അഭയാർഥിപ്രവാഹത്തോടെ ആരംഭിച്ച മുസ്ലിം അധിനിവേശം ലബനനെ 15 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിട്ടു. ഒന്നരലക്ഷം ലബനീസ് പൗരന്മാരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ലക്ഷങ്ങൾ നാടുവിട്ടു, അധികവും ക്രൈസ്തവർ. അന്നത്തെ യുദ്ധപ്രഭുക്കന്മാർ ഇപ്പോഴും രംഗത്തുണ്ട് - സമീർ ഗേഗെയ, ഗെമായേൽ പ്രഭൃതികൾ. ഇറാനിലെ മതവിപ്ലവകാരികൾ 1982ൽ ഹിസ്ബുള്ള സ്ഥാപിച്ചപ്പോൾ തന്നെ ഹിസ്ബുള്ളയുടെ ഇപ്പോഴത്തെ തലവൻ നയിം കാസിം തന്റെ ഭീകരപ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
1990ൽ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ ഷിയാ വിഭാഗത്തിൽപ്പെട്ട ഇസ്ലാമിസ്റ്റുകളുടെ ഹിസ്ബുള്ള സായുധസംഘം ലബനനെ കാൽക്കീഴിലാക്കിയിരുന്നു. തങ്ങളുടെ അധികാരത്തിനു കോട്ടം വരുത്തുന്ന ഏതു രാഷ്ട്രീയ നീക്കത്തെയും അവർ തടഞ്ഞു. നീതിന്യായ സംവിധാനത്തെ സ്വന്തം ചട്ടുകമാക്കി. സർക്കാർ സ്ഥാപനങ്ങളെ മുഴുവൻ ആജ്ഞാനുവർത്തികളാക്കി.
ഹിസ്ബുള്ള കീഴടങ്ങുകയോ?
മൂന്നു പതിറ്റാണ്ടുകൾക്കുശേഷം ലബനനിൽ വീണ്ടും യുദ്ധമാണിപ്പോൾ. നേതാക്കളുടെ മരണവും ഇസ്രയേലിന്റെ വ്യോമാക്രമണവും ഹിസ്ബുള്ളയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. എങ്കിലും ദിവസേന 200 റോക്കറ്റെങ്കിലും അവർ ഇസ്രയേലിലേക്കു തൊടുക്കുന്നുണ്ട്. മുന്പത്തെപ്പോലെ ശക്തരാണെന്നും യുദ്ധഗതി നിയന്ത്രിക്കാൻ പ്രാപ്തരാണെന്നുമുള്ള ധാരണ ഇപ്പോഴും അവർ നിലനിർത്തുന്നു.
ഇക്കഴിഞ്ഞ ദിവസം ലബനന്റെ പ്രധാനമന്ത്രി നജീബ് മിക്കാത്തി യുഎൻ പ്രമേയം 1701 പ്രയോഗത്തിലാക്കണമെന്ന് ഇസ്രയേലിനോടും ഹിസ്ബുള്ളയോടും അഭ്യർഥിക്കുകയുണ്ടായി: നിയന്ത്രണരേഖയിൽനിന്ന് ഇസ്രയേൽ പിൻവാങ്ങുക, ലിത്തനി പുഴ വരെയുള്ള ഭാഗത്തുനിന്ന് ഹിസ്ബുള്ള പിന്തിരിയുക, ബഫർസോണിൽ ലബനീസ് സേനയും യുഎൻ സേനയും കൂടി സുരക്ഷ ഉറപ്പാക്കുക. അതിനായി ഹിസ്ബുള്ള അവരുടെ ആയുധശേഖരം ലബനീസ് സേനയെ ഏൽപ്പിക്കണമെന്ന് ക്രൈസ്തവ, സുന്നി രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഒന്നടങ്കം ആവശ്യപ്പെട്ടു. ആയുധങ്ങൾ കൈമാറുന്നതും ശത്രുവിനു മുന്പിൽ കീഴടങ്ങുന്നതും തുല്യമാണെന്നാണ് ഷിയാ വിഭാഗത്തിനു മുൻതൂക്കമുള്ള ഹിസ്ബുള്ള ഭീകരസംഘം കരുതുന്നത്. യുദ്ധം ചെയ്തു രക്തസാക്ഷിയാകുന്നതാണ് കൂടുതൽ അഭികാമ്യം. അതും അവസാനത്തെ ആൾ വരെ. ഇക്കാര്യത്തിൽ മതപരമായ പ്രചോദനവും അവർക്കുണ്ട്.
ലബനീസ് ജനത ആർക്കൊപ്പം?
യുദ്ധം നീളുന്തോറും ലബനനിലെ ക്രൈസ്തവരും സുന്നി വിഭാഗക്കാരും ദ്രൂസുകളും ഹിസ്ബുള്ളയ്ക്കെതിരേ തിരിയുകയാണ്. ദ്രൂസ് മതം അറബ് ശൈലിയിലുള്ള ഒരു മതവിഭാഗമാണ്. ലബനനിൽ ഇവർ അഞ്ചു ശതമാനമാണ്. മുന്പത്തെ മൂന്നു വിഭാഗക്കാരും ഇസ്രയേലിനെ ശത്രുവും കടന്നുകയറ്റക്കാരുമായി കാണുന്നു. പക്ഷേ രാജ്യത്തെ സന്പൂർണ നാശത്തിലേക്കു നയിച്ചതിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ളയ്ക്കാണെന്ന് അവരും കരുതുന്നു. യുദ്ധത്തിന്റെ വിനകളും ഭയവും ഭീഷണിയും നിരന്തരമായി നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും ജനജീവിതത്തെ തകർത്തിരിക്കുകയാണ്. ലബനനെ ഇപ്രകാരം തകർക്കാൻ ഹിസ്ബുള്ളയ്ക്ക് അധികാരമില്ലെന്ന കാര്യത്തിൽ ബഹുഭൂരിപക്ഷം ലബനൻകാരും ഏകാഭിപ്രായക്കാരാണ്. തെക്കൻ ലബനനിലെ നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ബെയ്റൂട്ടിൽ ബോംബുവർഷം തുടരുന്നു. ലബനൻ എന്ന ഒരു രാജ്യം ഇനിയില്ല. ആ രാജ്യം ഒരു ചവറ്റുകൂനയായി തീർത്തിരിക്കുന്നു- ഇതു പറയുന്നത് ലബനീസ് എഴുത്തുകാരിയും പ്രസാധകയുമായ റഷാ അൽ അമിർ ആണ്. “ഇതിന്റെ ഉത്തരവാദി ആരാണെന്ന് ഞങ്ങൾക്കറിയാം - ഇറാനും അതിന്റെ ചട്ടുകമായ ഹിസ്ബുള്ളയും”.
സമാധാനമോ?
ഹിസ്ബുള്ളയുടെ സ്ഥാപിത ലക്ഷ്യങ്ങളിൽ ഒന്ന് ഇസ്രയേലിനെ കീഴടക്കി പലസ്തീൻ രാജ്യം സ്ഥാപിക്കുക എന്നതാണ്. പശ്ചിമേഷ്യയിലെ സകല പാശ്ചാത്യ സ്വാധീനവും അവസാനിപ്പിച്ച് ഇറാന്റെ നേതൃത്വത്തിൽ ഒരു പാൻ ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുകയാണു മറ്റൊന്ന്. നയിം കാസിമിനെ തലവനായി തെരഞ്ഞെടുത്തതിനുശേഷം ഹിസ്ബുള്ളയുടെ വക്താവ് മൊഹമ്മദ് അഫീഫ് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ജയിക്കും.” പത്രസമ്മേളനത്തിനിടെ ഇസ്രയേലി സേനയുടെ ഒരു ഡ്രോണ് പറക്കുന്നതിന്റെ ശബ്ദം കേട്ടു. ഞങ്ങൾ ജയിക്കും എന്നു പറഞ്ഞതിന്റെ അർഥമെന്താണെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ശത്രുവിനെ പ്രതിരോധിക്കുന്നതു തുടരും എന്നു പറഞ്ഞുകൊണ്ട് വക്താവ് ഓടി രക്ഷപ്പെടുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച പ്രസ്തുത ദൃശ്യം ഹിസ്ബുള്ളയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ശോഷിച്ചുപോയ നേതൃത്വവും ആയുധപ്പുരയും. പക്ഷേ, ഇസ്രയേലിനെ തോൽപ്പിക്കണമെന്ന ആഗ്രഹത്തിനു മാത്രം മാറ്റമില്ല. ഇസ്രയേൽ സേന വർഷങ്ങൾ നീണ്ട ഒരുക്കത്തിനുശേഷമാണ് ഹിസ്ബുള്ളയെ നേരിടുന്നത്. നേതൃത്വമോ മാധ്യമസംവിധാനങ്ങളോ കൂടാതെ ഇസ്രയേലിനു മറുപടി നൽകാൻ ഹിസ്ബുള്ളയ്ക്കു കഴിയുന്നില്ല. ഇടയ്ക്കൊക്കെ തുരങ്കങ്ങളിൽനിന്നു പുറത്തുവന്ന് റോക്കറ്റുകൾ തൊടുക്കുക, ഹാൻഡ് ഗ്രനേഡുകൾ എറിയുക, അങ്ങനെ തങ്ങൾ സജീവമായി യുദ്ധരംഗത്തുണ്ടെന്നു വരുത്തുക - ഇതാണ് ഇപ്പോൾ ഹിസ്ബുള്ള ചെയ്യുന്നത്.
ഒരു ഹിസ്ബുള്ള ഭീകരന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കേൾക്കാൻ ഇടയായി. അയാൾ പറയുകയാണ്: “എല്ലാവരും ഇസ്രയേലിന്റെ കൂടെയാണ്. ജർമനി, ഫ്രാൻസ്, അമേരിക്ക. ഞങ്ങൾ 30-40 രാജ്യങ്ങളോടാണു യുദ്ധം ചെയ്യുന്നത്. സൗദി അറേബ്യ, ബഹറിൻ, ഖത്തർ, എമിറേറ്റ്സ്, ജോർദാൻ... എല്ലാവരും വഞ്ചകരാണ്. ഇറാനും ഞങ്ങളെ വഞ്ചിച്ചു. ഇസ്രയേലുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇറാൻ തയാറല്ല.” ഹിസ്ബുള്ളയ്ക്കു തനിയെ ഇസ്രയേലിനെ തോൽപ്പിക്കാനാവില്ല എന്ന തിരിച്ചറിവും സ്നേഹിതർ എന്നു കരുതിയവരുടെ നിസംഗതയും വ്യക്തമാക്കുന്ന വാക്കുകൾ.
നയിം കാസിം ഇപ്പോൾ ടെഹറാനിൽ ആണുള്ളതെന്ന് ചില മാധ്യമങ്ങൾ കരുതുന്നു. നസറുള്ളയുടെ ദുർഗതി ഉണ്ടാകാതിരിക്കാൻ മറ്റൊരു മാർഗമില്ല. ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമായതിനുശേഷമേ ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കൂ എന്നില്ലെന്ന് ഒരു ഷിയാ പാർട്ടിയുടെ വക്താവ് അലി ഹമ്ദാൻ ജർമൻ ടെലിവിഷൻ ചാനലിനോടു പറഞ്ഞതു ശ്രദ്ധേയമാണ്. നസറുള്ളയുടെ കാലത്ത് ഇത്തരമൊന്ന് അചിന്ത്യമായിരുന്നു. എന്നാൽ, കാലം മാറിയെന്ന് ഹമ്ദാൻ പറയുന്നു. ചർച്ചയിലേക്കു പ്രവേശിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള അനുവാദം തങ്ങൾക്കുണ്ടെന്ന് ഷിയാ വിഭാഗത്തിന്റെ അമാൽ പാർട്ടിയുടെ വക്താവ് ഹമ്ദാൻ പറയുന്നതു നമുക്കു വിശ്വസിക്കാം. ലബനീസ് ജനതയ്ക്കു മാത്രമല്ല, ലോകത്തിനാകമാനം പ്രത്യാശ പകരുന്ന വാർത്തയാണത്.