മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ യൂറോപ്പിലെ റെയിൽ വ്യവസായത്തിൽ തരംഗമാകുന്നു. ബാറ്ററി, ഡീസൽ, വൈദ്യുതി എന്നിവയിലേക്ക് എളുപ്പത്തിൽ മാറുന്ന ’ട്രൈബ്രിഡ്’ മോഡൽ, യുകെയിൽ അടുത്തിടെ ആദ്യത്തെ ഇന്റർസിറ്റി ബാറ്ററി ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഇംഗ്ലണ്ടിലെ ഹിറ്റാച്ചിയുടെ ഫാക്റിയിൽ നിർമിച്ച ട്രെയിനിന്റെ പരീക്ഷണമാണ് നടത്തിയത്. ഇതിൽ ഒരു ഡീസൽ ജനറേറ്റർ മാറ്റി പകരം ലിഥിയം ബാറ്ററികളാണ് ഘടിപ്പിച്ചത്. ചെലവ് കുറഞ്ഞറെയിൽ യാത്രയ്ക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. വൈദ്യുതീകരിച്ച ലൈനുകൾ ഇല്ലാത്തയിടങ്ങളിലൂടെ പോകുന്പോൾ 50 ശതമാനത്തിൽ താഴെ ഇന്ധനം ഉപയോഗിച്ചാൽ മതിയാകും.
വേഗതമേറിയതും ചെലവ് കുറഞ്ഞതും നൂതനവും
പഴയ ഡീസൽ മോഡലുകളിൽനിന്നു വ്യത്യസ്തമായി, ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് സ്ഥിരമായി വൈദ്യുതീകരിച്ച ട്രാക്കുകളെ ആശ്രയിക്കേണ്ടതില്ല. പരീക്ഷണവേളയിൽ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ ബാറ്ററിയിൽ മാത്രം 70 കിലോമീറ്റർ ഓടി, പിന്നീട് അത് ഡീസൽ എൻജിനിലേക്ക് മാറി. പാലങ്ങൾ, ടണലുകൾ, സ്റ്റേഷൻ സ്റ്റോപ്പുകൾ എന്നിവയുള്ള മിക്ക ഇന്റർസിറ്റി റൂട്ടുകളും ഈ പരിധിയിൽ എളുപ്പത്തിൽ ഓടാൻ കഴിയുമെന്ന് എൻജിനിയർമാർ പറയുന്നു.
മറ്റ് അതിവേഗ റെയിൽ ഓപ്ഷനുകൾക്കൊ പ്പം ഒരു 700 കിലോ വാട്ട് ബാറ്ററി ഉപയോഗിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഇന്ധനച്ചെലവ് 50 ശതമാനത്തിൽ താഴെ വരെ കുറയ്ക്കാനാകും. ചെലവുകൾ ലാഭിക്കുന്നതിനൊപ്പം ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ കുറവുമുണ്ടാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വന്നാൽ വൈദ്യുതീകരിക്കാത്ത ട്രാക്കുകൾക്കു മുകളിലൂടെ കന്പികൾ വലിക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാനും.
പാരിസ്ഥിതിക സൗഹൃദം
സീറോ എമിഷൻ മോഡിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാനും പുറത്തു പോകാനും കഴിവുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ ഒരു പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുന്നു. ഇത് ശബ്ദവും വായുമലിനീകരണവും കുറയ്ക്കുന്നു. റെയിൽവേ ലൈനുകൾക്കു സമീപം താമസിക്കുന്ന ആളുകൾക്ക് ഇത് ആശ്വാസമാണ്്. വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ ഉപയോഗിക്കുന്നതിലൂടെ, യൂറോപ്പിന് റെയിൽ ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിൽ കോടിക്കണക്കിന് ലാഭിക്കാൻ കഴിയും. ബാറ്ററി ട്രെയിനുകൾക്ക് യൂറോപ്പിന്റെ കാർബണ് ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിയും. ഇത് നെറ്റ്-സീറോയെന്ന ആഗോള മാറ്റത്തിനു പിന്തുണയുമാകും.
ഇറ്റലിയിലും ജർമനിയിലും ഓടിത്തുടങ്ങി
ബാറ്ററിയിൽ പ്രവർത്തിക്കുന്ന റെയിൽ സാങ്കേതികവിദ്യ യൂറോപ്പിൽ അതിവേഗം മുന്നേറുകയാണ്. എന്നാൽ, ഏഷ്യൻ രാജ്യമായ ജപ്പാനിൽ 2016 മുതൽ ബാറ്ററി ട്രെയിൻ ഓടുന്നുണ്ട്. ഇതിൽ ഡീസൽ എൻജിൻ മാറ്റി, പകരം വൈദ്യുതി, ബാറ്ററി യൂണിറ്റുകളാണുള്ളത്. യൂറോപ്പിലെ ആദ്യത്തെ ട്രിബ്രിഡ് ട്രെയിൻ ഇറ്റലിയാണ് ഓടിച്ചത്. ഹിറ്റാച്ചി റെയിലിന്റെ മസാസിയോ ബാറ്ററി ട്രെയിൻ ഇതിനകം തന്നെ കാർബണ് ഡൈ ഓക്സൈഡിന്റെ എമിഷൻ പകുതിയായി കുറച്ചു.
ജർമനിയിലെ സീമെൻസ് മൊബിലിറ്റിയുടെ ബൈ-മോഡ് ട്രെയിനുകൾ ഓരോ വർഷവും ഏകദേശം രണ്ടു ദശലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുന്നു. ഫാസ്റ്റ് ചാർജിംഗിനായി വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ മാത്രമേ ആവശ്യമുള്ളൂ. ബാറ്ററി ട്രെയിനിനായി യൂറോപ്പിലും യുകെയിലും ഉടനീളം വിപുലീകരണ പദ്ധതികൾ നടക്കുകയാണ്. വൃത്തിയുള്ളതും ശാന്തവും കൂടുതൽ കാര്യക്ഷമവുമായ റെയിൽ യാത്രയാണ് ഇതു വാഗ്ദാനം ചെയ്യുന്നത്.
ഡീസൽ ജനറേറ്ററുകൾ പൂർണമായും ഇല്ലാത്ത ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കാനുള്ള പരീക്ഷണവും നടക്കുന്നുണ്ട്.
പ്രവർത്തനരീതി
നിലവിൽ ട്രെയിനുകൾ ട്രാക്കുകൾക്കു മുകളിലൂടെയുള്ള വൈദ്യുതീകരിച്ച ലൈനുകളിൽനിന്നോ ഈ ലൈനുകൾ ഇല്ലാത്തിയിടങ്ങളിൽ ട്രെയിനിനുള്ളിലുള്ള ഡീസൽ ജനറേറ്ററുകളിൽനിന്നോ ആണ് ഓടാനുള്ള പവർ എടുക്കുന്നത്. പല ട്രെയിനുകൾക്കും രണ്ടു പവർ സ്രോതസുകളിലൂടെയും ഓടാനാകും.
ഹിറ്റാച്ചിയുടെ പുതിയ ട്രെയിനിൽ ഡീസൽ ജനറേറ്റുകൾ മാറ്റി പകരം 16 ബാറ്ററികൾ വച്ചിരിക്കുന്നത്. ട്രെയിനിന് ഓട്ടോമാറ്റിക്കായി ഏതു ഉൗർജസ്രോതസിലേക്കും മാറാനാകും.
വൈദ്യുതീകരിച്ച ട്രാക്കുകളിൽ ട്രെയിൻ സഞ്ചരിക്കുന്പോൾ അല്ലെങ്കിൽ നിശ്ചലമായിരിക്കുന്പോൾ 10-15 മിനിറ്റിനുള്ളിൽ ഈ ബാറ്ററികൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ഹിറ്റാച്ചി പറയുന്നു.