ഡോ. മാത്യു ഡാനിയൽ
മികവാർന്ന കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ അനുവാചകമനസുകളിൽ ശാശ്വത പ്രതിഷ്ഠ നേടിയ പാറപ്പുറത്തിന്റെ (കിഴക്കേപൈനുംമൂട്ടിൽ ഈശോ മത്തായി) ജന്മശതവാർഷികമാണിന്ന്. 1924 നവംബർ 14ന് മാവേലിക്കരയ്ക്കടുത്ത് കുന്നം ഗ്രാമത്തിലായിരുന്നു ജനനം.
മധ്യതിരുവിതാംകൂറിന്റെ, വിശേഷിച്ച് ഓണാട്ടുകരയുടെ കഥാകാരനായി മാറിയ പാറപ്പുറത്ത് പത്തൊൻപതാം വയസിൽ മിലിട്ടറി സർവീസിൽ ചേർന്നു. സർവീസിലിരിക്കുന്പോഴാണ് ആദ്യകാല കഥകളും നോവലുകളും രചിച്ചത്. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തു. മദിരാശിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരള’ത്തിലായിരുന്നു ആദ്യകഥ പ്രത്യക്ഷപ്പെട്ടത്. ‘പ്രകാശധാര’ എന്ന കഥാസമാഹാരമായിരുന്നു ആദ്യ കൃതി (1952). ‘നിണമണിഞ്ഞ കാല്പാടുകൾ’ ആദ്യനോവലും (1955). പ്രഥമ നോവലിലൂടെതന്നെ മലയാളത്തിലെ മികച്ച നോവലിസ്റ്റുകളുടെ നിരയിലേക്ക് പാറപ്പുറത്ത് ഉയർന്നു. പിൽക്കാലത്ത് ‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘പണി തീരാത്ത വീട്’ എന്നീ പ്രശസ്ത നോവലുകളും പട്ടാളജീവിതകാലത്തുതന്നെ രൂപംകൊണ്ട്, പ്രകാശിതമായവയാണ്.
മിലിട്ടറി സർവീസിൽനിന്നു മടങ്ങിവന്ന പാറപ്പുറത്ത് സാഹിത്യരചനയിൽ പൂർണമായും മനമർപ്പിച്ചു. ഒപ്പം, ചലച്ചിത്രമേഖലയിലേക്കും അദ്ദേഹത്തിന്റെ പ്രതിഭ നടന്നുകയറി. പട്ടാളസേവനത്തിൽനിന്നു വിരമിച്ചശേഷം രചിച്ചതാണ് മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘അരനാഴികനേരം’ (1967). ഇരുപതോളം ചലച്ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയെ കേന്ദ്രമാക്കി രചിക്കപ്പെട്ട പ്രഥമ മലയാളനോവൽ പാറപ്പുറത്തിന്റെ ‘പ്രയാണ’മാണ്.
ഓണാട്ടുകരയുടെ ഇതിഹാസമായി ആദരിക്കപ്പെടുന്ന ‘ആകാശത്തിലെ പറവകൾ’ (1979) ബൃഹത്തായ കൃതികളിലൊന്നാണ്. മധ്യതിരുവിതാംകൂറിലെ ഗ്രാമീണജീവിതത്തിന്റെ കഥകളിലൂടെ, കേരളീയ സമൂഹപരിണാമത്തിന്റെ കഥ പറയുന്നതാണ് ‘ആകാശത്തിലെ പറവകൾ’. 1981 ഡിസംബർ 30ന് ആ ജീവിതത്തിനു തിരശീല വീണു. സ്മരണകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നത്, ചരമാനന്തരമാണ് - ‘മരിക്കാത്ത ഓർമകൾ’ (1982).
ജീവിതത്തിന്റെ ആൽബത്തിൽനിന്ന്
ആത്മകഥാപരമാണ് പാറപ്പുറത്തിന്റെ മികച്ച രചനകളെല്ലാം. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ഏടുകളാണ് അവ. ‘ജീവിതത്തിന്റെ ആൽബത്തിൽനിന്ന്’ എന്ന ടൈറ്റിൽ പാറപ്പുറത്തിന്റെ ഒരു കഥയ്ക്കോ കഥാസമാഹാരത്തിനോ മാത്രമല്ല യോജിക്കുക. അവയുടെ പൊതുസ്വഭാവമാണ്. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന നോവലിന്റെ ഏതാനും അധ്യായങ്ങൾ വായിച്ചുകേട്ടപ്പോൾ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “എന്നാലും ഇത്രയും കാലം നീ ഇതൊക്കെ ഓർത്തുവച്ചിരുന്നോ മോനേ!” ജീവിതത്തിന്റെ നിറപ്പകിട്ടില്ലാത്ത ഏടുകളെ അതിശയോക്തിസ്പർശമില്ലാതെ മിക്ക കഥകളിലും നോവലുകളിലും പാറപ്പുറത്ത് വരച്ചുകാട്ടി.
ആത്മാംശപ്രധാനമായ മിക്ക കൃതികളിലും കുടുംബം പ്രധാന ഘടകമായി പ്രത്യക്ഷപ്പെടുന്നു.ആദ്യത്തെ മൂന്നു നോവലുകളിലും കുടുംബം നിറഞ്ഞുനിൽക്കുന്നു. ‘നിണമണിഞ്ഞ കാൽപ്പാടുകളി’ലെ മാത്യു, പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി തന്നെ. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന നോവലിലെ സൂസമ്മയുടെ ആത്മസത്തയും മാത്യുവിന്റേതുതന്നെയാണ്. ‘പണിതീരാത്ത വീട്’ എന്ന കഥയിലെ ജോസിൽ നാം വീണ്ടും പാറപ്പുറത്തിന്റെ മുഖം തിരിച്ചറിയുന്നു. ഈ മൂന്നു കഥാപാത്രങ്ങൾക്കും ഒട്ടേറെ സമാനതകളുണ്ട്. കുടുംബം പോറ്റുകയാണ് അവരുടെ ലക്ഷ്യം. ജീവിതമാണ് അവരുടെ പ്രശ്നം. കുടുംബത്തിന്റെ പച്ചത്തുരുത്തിൽ അഭയം തേടാൻ അവർക്കു മോഹമുണ്ട്; ആ മോഹം സാക്ഷാത്കരിക്കാനാവാത്തതിൽ വേദനയും.
അരനാഴികനേരം
പട്ടാളക്കഥകളിലൂടെ കുടുംബജീവിതത്തിന്റെ ശാദ്വലതീരങ്ങളെ തേടിയ പാറപ്പുറത്തിന്റെ സാഹിത്യകാര വ്യക്തിത്വത്തിന്റെ പൂർണത കണ്ടെത്തുന്നത് അരനാഴികനേരത്തിലാണ്. നോവലിസ്റ്റിന്റെ ജീവിതവുമായി ഗാഢബന്ധമുണ്ട് അരനാഴികനേരത്തിന്റെ ഇതിവൃത്തത്തിന്. പാറപ്പുറത്തിന്റെ വാക്കുകൾ: “കുഞ്ഞേനാച്ചൻ കുറേക്കാലമായി എന്റെ മനസിന്റെ ഉമ്മറത്തു പായ് വിരിച്ചു, ഒരു പച്ചക്കന്പിളി പുതച്ചു കിടക്കുന്നു. പരിഷ്കാരവും പ്രതാപവുമുള്ള പലരും ഇതിനിടെ ഇവിടെ വന്നുപോയി. അവരെയൊക്കെ സ്വീകരിച്ചു സൽക്കരിക്കുന്പോഴും ഓർമ കുഞ്ഞേനാച്ചനോടൊപ്പമായിരുന്നു. മറക്കുന്നതെങ്ങനെ? തിരിച്ചറിവായ നാൾതൊട്ട് പല പേരിലും പല രൂപത്തിലും ഈ കഥാപാത്രം എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിപ്പോന്നിട്ടുണ്ട്. ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് കുഞ്ഞേനാച്ചൻ”.
അരനാഴികനേരത്തിന്റെ ഇതിവൃത്തത്തിനു വിവിധ മാനങ്ങളുണ്ട്. കഥാപാത്രപ്രധാനമായ നോവലാണിത്. അതേ അവസരത്തിൽ ഒരു കുടുംബകഥയുമാണ്. ഒപ്പം, ഒരു സമൂഹത്തിന്റെ കഥയും. കുടുംബത്തിന്റെ കേന്ദ്രബിന്ദു തൊണ്ണൂറു കഴിഞ്ഞ പനച്ചമൂട്ടിൽ കുഞ്ഞേനാച്ചനാണ്. ദീർഘമായ ജീവിതയാത്രയുടെ അന്ത്യത്തിൽ ഗതകാലസ്മരണകളുമായി കഴിയുകയാണ് ആ വൃദ്ധൻ. വർത്തമാനകാലത്തേക്കാൾ ഭൂതകാലമാണ് നോവലിലെ കനത്ത യാഥാർഥ്യം. സാധാരണക്കാരിൽ സാധാരണക്കാരനായ കുഞ്ഞേനാച്ചന്റെ ജീവിത തത്ത്വശാസ്ത്രത്തിന്റെ ഭൂമിക സന്പന്നമായ ജീവിതാനുഭവങ്ങളാണ്. ഒപ്പം, വിശുദ്ധ വേദഗ്രന്ഥത്തിലെ വചനങ്ങളും ബൈബിളിന്റെ കണ്ണടയിലൂടെയല്ലാതെ കുഞ്ഞേനാച്ചൻ ഒന്നും കാണുന്നില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
കുഞ്ഞേനാച്ചന്റെ ഭൂതകാലസ്മൃതികളിലൂടെ തെളിഞ്ഞുവരുന്നത് കുടുംബത്തിന്റെ ഉത്ഥാന-പതനങ്ങളുടെ ചിത്രങ്ങളാണ്. ജീവിതം വെട്ടിപ്പിടിച്ചവനാണ് അയാൾ. ഒന്നുമില്ലായ്മയിൽനിന്നായിരുന്നു തുടക്കം. എന്നാൽ, വാർധക്യത്തിലാകട്ടെ ജീവിതസൗഖ്യത്തെ വേട്ടയാടുന്ന സംഭവങ്ങളേ കാണാനുള്ളൂ, കേൾക്കാനുള്ളൂ. കുടുംബത്തിലെ നന്മയുടെ സൂര്യൻ കെട്ടടങ്ങുന്നതായി കുഞ്ഞേനാച്ചൻ അറിയുന്നു. അതുകൊണ്ട് ശേഷിക്കുന്ന അരനാഴികനേരം സ്വസ്ഥമായി തികയ്ക്കാനാവാതെ പാപത്തിന്റെ ശന്പളമായ മരണം വരിക്കേണ്ടിവരുന്നു. മലയാളത്തിന്റെ മഹാനോവലുകളിലൊന്നാണ് ‘അരനാഴികനേരം’.
ദർശനസാക്ഷാത്കാരം
ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ചു വിധികൃതമായ ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് പാറപ്പുറത്തിന്റെ കഥാപാത്രങ്ങൾ. സാഹിത്യസൃഷ്ടികളെ വീടിനോടാണ് പാറപ്പുറത്ത് സാദൃശ്യപ്പെടുത്തിയിട്ടുള്ളത്. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ചു. അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ് എന്റെ ഭവനവും പണിയാനുപയോഗിച്ച കല്ലും മരവും. അശാന്തിയുടെ താവളമായി പരിണമിച്ച പണിതീരാത്ത വീടുകൾക്ക് ഒരു കാലഘട്ടത്തിന്റെ പ്രാതിനിധ്യസ്വഭാവവുമുണ്ട്.
ജീവിതത്തിന്റെ വ്യർഥതയെക്കുറിച്ച് പാറപ്പുറത്ത് എക്കാലവും ബോധവാനായിരുന്നു. കണ്ടെത്താത്ത അന്വേഷണങ്ങളും പണിതീരാത്ത മോഹങ്ങളുമാണ് ഏറെയും ആവിഷ്കരിച്ചത്. “ആകാശത്തിനു കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിനു ഞാൻ മനസുവച്ചു. ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടുതന്നെ.
സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെ മായയും വൃഥാപ്രയത്നവും അത്രെ” എന്ന ബൈബിളിലെ സഭാപ്രസംഗിയുടെ വചനം പാറപ്പുറത്തിന്റെ ജീവിതവീക്ഷണത്തിന്റെ ഘനീകൃത രൂപമാണ്. വ്യർഥതയും ദുരന്തബോധവും നിലനിൽക്കുന്നുവെങ്കിലും ജീവിതമാകെ ഇരുട്ട് നിറഞ്ഞതാണെന്ന് പാറപ്പുറത്ത് കരുതിയിരുന്നില്ല. അങ്ങിങ്ങായി നന്മയുടെ പൂക്കൾ വിടർന്ന് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സുഗന്ധം പരത്തുന്നുമുണ്ട്.
അതിസാധാരണമായ ജീവിതത്തിന്റെ ആവിഷ്കാരത്തിലൂടെയാണ് പാറപ്പുറത്ത് ദർശനസാക്ഷാത്കാരം നേടിയതെന്ന വസ്തുത ആദരവോടെ മാത്രമേ സ്മരിക്കാനാവൂ. ജെയ്ൻ ഓസ്റ്റനെപ്പോലെ ഇടത്തരക്കാരുടെ ഗാർഹികജീവിതത്തിലെ സാധാരണ സംഭവങ്ങളാണ് പാറപ്പുറത്ത് ആവിഷ്കരിച്ചത്. യാഥാർഥ്യബോധത്തിന്റെയും വിശ്വാസ്യതയുടെയും സീമകളെ ഒരിടത്തും ലംഘിക്കുന്നുമില്ല. പാറപ്പുറത്തിന്റെ രചനകളുടെ ശില്പചാതുര്യവും അപൂർവസൗന്ദര്യവും ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ.