ധൃതിയുണ്ട്; ഈ കുന്തം ചാർജ് ചെയ്യണം!
കെ.ആർ. പ്രമോദ്
സുപ്രഭാതം പൊട്ടിവിരിയുമ്പോൾ വർക്കിച്ചൻ ടാബ്(ലറ്റ്) ഓണാക്കി യുട്യൂബിനുള്ളിൽ കയറിയിരുന്ന് രസിക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്ത് ഓട്ടോറിക്ഷ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്. അമ്മയുടെ സഹോദരനും പതിവുസന്ദർശകനുമായ അവറാച്ചനങ്കിളായിരിന്നു അതിഥി.
അങ്കിളിന് ഒരു ഭാര്യയും രണ്ടാൺമക്കളുമാണുള്ളത്. മൂപ്പരുടെ ഇത്തരം യാത്രകൾ അവർക്കത്ര ഇഷ്ടമല്ലാത്തതിനാൽ വീട്ടിലുള്ള കാർ അങ്കിളിന് കൊടുക്കാതെ പൂട്ടിയിടുകയാണ് പതിവ്. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള ഒാട്ടോറിക്ഷക്കാരനെ ചാക്കിലാക്കി അയാളുടെ ശകടത്തിലാണ് ആഴ്ചതോറുമുള്ള അങ്കിളിന്റെ ദൂരെയാത്രകൾ.
ഓട്ടോയിലുള്ള ഈ ഒളിച്ചോട്ടം ഭാര്യയും മകനുമൊക്കെ പലപ്പോഴും തടയാൻ നോക്കാറുണ്ടെങ്കിലും വിവാഹം, മരണം, ചാവടിയന്തിരം എന്നൊക്കെ വലിയ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം വീട്ടിലെ ബന്ധനത്തിൽനിന്ന് പുറത്തു ചാടുകയാണു പതിവ്. പെൻഷൻ കിട്ടുന്ന ആഴ്ചയിൽ ബാർ ഹോട്ടൽ മുതൽ ബാർബർഷോപ്പുവരെ അങ്ങനെ നിരങ്ങും. അടുത്ത മാസം കൈനിറച്ച് പെൻഷൻ ലഭിക്കുമ്പോൾ പിന്നെയും ഊരുചുറ്റാനിറങ്ങും. ഈ തീർഥയാത്രയിൽ ഒരു ഇടത്താവളമാണ് വർക്കിച്ചന്റെ വീട്. ഇക്കുറിയും പതിവുപോലെ അദ്ദേഹം വർക്കിച്ചനെ കാണാനെത്തിയിരിക്കുകയാണ്.
പഴയ അങ്കിളും പുതിയ ടാബും
വയോവൃദ്ധനും റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ അങ്കിളിനെ ആദരവോടെ സ്വീകരിച്ച് സെറ്റിയിലിരുത്തിയശേഷം വർക്കിച്ചൻ കൗശലത്തോടെ കുശലമന്വേഷിച്ചു. “ഇന്നും വീട്ടിൽ പറയാതെയാണോ വന്നിരിക്കുന്നത്?”- വർക്കിച്ചൻ ചെറിയ ചിരിയോടെ ചോദിച്ചു.
“വീട്ടിൽ പറഞ്ഞിട്ടല്ല ഞാൻ ജനിച്ചതും ജീവിക്കുന്നതും!”- അങ്കിൾ വർക്കിച്ചനിട്ട് തിരിച്ചൊന്നു താങ്ങി.
അങ്കിളിനോട് സംസാരിക്കുന്നത് സൂക്ഷിച്ചുവേണമെന്നും വയസ് 85 കഴിഞ്ഞിട്ടും ആളൊരു പുലിയാണെന്നും വർക്കിച്ചൻ മനസിലോർത്തു. അപ്പോഴാണ് വർക്കിച്ചന്റെ മടിയിലിരുന്ന ടാബ് എന്ന അദ്ഭുതവസ്തു കിഴവന്റെ കണ്ണിൽപെട്ടത്. അതെന്തു സാധനമാണ് എന്നായി മൂപ്പരുടെ ചോദ്യം.
ടാബ് എന്ന യന്ത്രം എന്താണെന്നും എന്തിനാണെന്നും വർക്കിച്ചൻ വിശദമാക്കിക്കൊടുത്തു. അതോടെ അങ്കിളിന് രസംപിടിച്ചു. ടാബിന്റെ ഗുണഗണങ്ങൾ വിശദമായി അറിഞ്ഞതോടെ അത്തരമൊരു കുന്തത്തിന് എന്തു വിലയാകും എന്നായി കക്ഷിയുടെ ചോദ്യം.
ഓൺലൈനിൽ ബുക്ക് ചെയ്താൽ ഇരുപതിനായിരം രൂപയുടെ സാധനം ചിലപ്പോൾ ഓഫർ പ്രകാരം പതിനയ്യായിരം രൂപയ്ക്ക് കിട്ടാൻ അവസരമുണ്ടെന്ന് വർക്കിച്ചൻ പറഞ്ഞു.
ഇതു കേട്ടതോടെ അങ്കിൾ ഒരു സ്കൂൾകുട്ടിയെപ്പോലെ വർക്കിച്ചന്റെ ടാബ് എടുത്ത് കൗതുകത്തോടെ പരിശോധിച്ചു. ആദ്യമായി ഒരു നല്ല കളിപ്പാട്ടം കാണുന്ന കുട്ടിയുടെ കൗതുകവും ആശ്ചര്യവും ആഗ്രഹവുമാണ് ആ പഴയ കണ്ണുകളിൽ മാറിമാറിത്തെളിഞ്ഞത്.
ഈ യന്ത്രം എനിക്കു വേണം!
അങ്കിൾ കുറച്ചുനേരം ടാബ് പിടിച്ചുകൊണ്ട് വെറുതെയിരുന്നു. എന്നിട്ട്, നിഷ്കളങ്കമായി ഒരു ചിരി പാസാക്കി. തെല്ലു കഴിഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ അങ്കിളിന്റെ കാതരവും നിഷ്കളങ്കവുമായ ശബ്ദം മുഴങ്ങി: “എടാ! അങ്ങനെയാണെങ്കിൽ ഈ യന്ത്രം എനിക്കു വേണം! ഞാൻ ഇപ്പോൾതന്നെ ഇതിന്റെ കാശുതരാം! ഈ മാസത്തെ പെൻഷൻകാശ് എന്റെ കീശയിലുണ്ട്!”
അതു കേട്ട് വർക്കിച്ചൻ ഞെട്ടിപ്പോയി.
അങ്കിൾ ഒരു കൂസലും കൂടാതെ തന്റെ നരച്ച പാന്റ്സിന്റെ പോക്കറ്റിൽനിന്ന് പഴ്സെടുത്തു തുറന്ന് നോട്ടുകൾ വാരിയെടുത്ത് വർക്കിച്ചന്റെ മടിയിലേക്കിട്ടുകൊടുത്തു! ഈ മാസത്തെ പെൻഷൻകാശാണ്!
മടിയിൽ വീണുകിടന്ന നോട്ടുകൾ വാരിയെടുത്ത് വർക്കിച്ചൻ എണ്ണിനോക്കി. പതിനാറായിരം രൂപയോളമുണ്ട്!
ഇതിനിടയിൽ വർക്കിച്ചന്റെ മേശപ്പുറത്തുനിന്ന് ടാബെടുത്ത് അങ്കിൾ മടിയിൽ വച്ചു. അതിന്റെ ബട്ടൺ ഓണാക്കി! എന്നിട്ടു മൊഴിഞ്ഞു: “നിനക്ക് നഷ്ടമൊന്നുമില്ലല്ലോ! നീ പുതിയൊരെണ്ണം മേടിച്ചോ! ഞാൻ പുളിങ്കുരുവല്ല, പൈസയല്ലേ, വാരിത്തന്നത്?”
താതവാക്യം കേട്ട് വർക്കിച്ചൻ ഒരു മന്ദനെപ്പോലെ മലച്ചിരുന്നുപോയി!
ഇനി എന്തു ചെയ്യും?
തന്റെ ടാബാണ് അങ്കിൾ ആവശ്യപ്പെടുന്നത്. അത് കൊടുത്താൽതന്നെ അങ്കിളിന് അത് ഓൺചെയ്യാനെങ്കിലും അറിയാമോ? വീട്ടിലേക്ക് ടാബുമായി അങ്കിൾ ചെന്നാൽ എന്തായിരിക്കും സ്ഥിതി? ടാബിന്റെ ഉള്ളിലെ രഹസ്യങ്ങൾ ആരാണ് മൂപ്പർക്ക് പറഞ്ഞുകൊടുക്കുക?
“ഞങ്ങൾ വയസന്മാരും ഇതൊക്കെ പഠിച്ച് സന്തോഷിച്ച് മരിക്കെട്ടഡോ! അരുവിത്തുറപ്പെരുന്നാളിന് തോക്കും ബലൂണുമൊക്കെ ഞാൻ നിനക്കു പണ്ട് വാങ്ങിത്തന്നിട്ടില്ലേ?”- അങ്കിൾ ദയനീയമായി ചോദിച്ചു.
ഇന്നു ഞാൻ, നാളെ നീ!
ആ ചോദ്യംകൂടി കേട്ടതോടെ വർക്കിച്ചന്റെ ഹൃദയം തരളിതമായി. തെല്ലുനേരം വർക്കിച്ചൻ ആലോചനയിൽ മുഴുകി. അങ്കിളിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. തലമുറയുടെ മാറ്റങ്ങളാണ് എല്ലാറ്റിനും ഹേതു.
കാളവണ്ടിയിൽനിന്ന് ഇപ്പോഴത്തെ ഇലക്ട്രിക് കാറിലേക്കും ഗ്രാമഫോണിൽനിന്ന് ടേപ്പ് റിക്കാർഡർവഴി പെൻഡ്രൈവിലേക്കും ലാൻഡ്ഫോണിൽനിന്ന് മൊബൈലിലേക്കും ആനന്ദയാത്ര ചെയ്തുവന്നവരും കാലത്തിന്റെ പ്രകാശവേഗത്തിലുള്ള മാറ്റങ്ങൾ നേരിട്ടവരുമാണ് അങ്കിളിന്റെ തലമുറ എന്നതാണ് യാത്ഥാർഥ്യം.
അതിന്റെ അമ്പരപ്പും ആഹ്ലാദവും വിഭ്രമങ്ങളും അവരുടെ മനസിൽ എപ്പോഴും തിരയടിക്കുന്നുണ്ട്. പക്ഷേ, ഇക്കാലത്തെ ആസുരമായ തിരക്കുകൾക്കിടയിൽ ഈ പഴയ തലമുറകളെ ആരോർക്കാൻ? ഈവിധം തലമുറമാറ്റം മൂലം സംഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പൊല്ലാപ്പുകളക്കുറിച്ച് ആർക്കുണ്ട് വേവലാതികൾ?
പുതിയ തലമുറയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ഈ പഴയമനുഷ്യർ അവരുടെ കൗതുകങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ജീവിതത്തിൽനിന്ന് മെല്ലേ നിഷ്ക്രമിക്കുകയല്ലേ? പുതിയ കാലത്തിന്റെ കോമ്പല്ലുകളിൽ കുരുങ്ങിക്കിടക്കുന്ന, നിസഹായരായ ഇക്കൂട്ടരെ വീടുകളിലും നാൽക്കവലകളിലും ബസ്സ്റ്റോപ്പുകളിലും നമ്മൾ എപ്പോഴും കാണുന്നതല്ലേ? താനും അങ്കിളുമൊക്കെ അതിലൊരാൾ മാത്രമല്ലേ? ഇന്നു ഞാൻ, നാളെ നീ! - അത്രയേയുള്ളൂ!
ഈവിധമൊക്കെ ആലോചിച്ചപ്പോൾ വർക്കിച്ചന് എതിർത്തൊന്നും പറയാൻ തോന്നിയില്ല. സ്വന്തം വീട്ടിലെ വാഹനംപോലും ഉപയോഗിക്കാൻ അനുവാദമില്ലാത്ത, ഇഷ്ടഭക്ഷണം മതിയാവോളം കഴിക്കാൻ സ്വാതന്ത്ര്യമില്ലാത്ത തലനരച്ച ഒരു മനുഷ്യന്റെ ആഗ്രഹത്തിനു മുമ്പിൽ കീഴടങ്ങാൻതന്നെ വർക്കിച്ചൻ തീരുമാനിച്ചു. തന്റെ ടാബ് എങ്ങനെ ഉപയോഗിക്കണമെന്നും ചാർജ് ചെയ്യണമെന്നും അങ്കിളിനെ യഥാവിധം പഠിപ്പിച്ചു.
ഒരു പ്ലേറ്റ് മീൻകറിയും കപ്പപ്പുഴുക്കും!
സ്റ്റഡിക്ലാസ് കഴിഞ്ഞപ്പോൾ അങ്കിൾ സംതൃപ്തനായി. ടാബ് പൊതിഞ്ഞെടുത്ത് മടിയിൽവച്ചശേഷം അദ്ദേഹം മെല്ലേ ഉവാച: “നീ എനിക്ക് മകനെപ്പോലെയാണ്. എന്റെ വീട്ടിലേക്ക് വിളിച്ച് ഈ വിവരമൊന്നും പറയണ്ടാ! പിന്നെ, ഞാൻ പോകുന്നതിനുമുമ്പ് ഒരു ഉപകാരംകൂടി ചെയ്യണം. അടുത്ത കടയിൽനിന്ന് ഒരു പ്ലേറ്റ് മീൻകറിയും കുറച്ച് കപ്പപ്പുഴുക്കും വാങ്ങിക്കണം! അതുംകൂടി കഴിക്കണം. വീട്ടിൽ അതൊന്നും നടപ്പില്ല!”
അതുകൂടി കേട്ടതോടെ വർക്കിച്ചൻ ഒന്നുകൂടി ഉഗ്രമായി ഞെട്ടി.
വീട്ടിൽ യഥേഷ്ടം കിട്ടാത്ത സാധനങ്ങളെല്ലാം ഓൾഡുമാൻ ഓർഡർ ചെയ്യുകയാണ്! മക്കളും ഭാര്യയും വീടും കാറും ആനയും അമ്പാരിയും ഉണ്ടെന്നു പറഞ്ഞിട്ട് എന്തുകാര്യം? ഒരു പ്ലേറ്റ് കപ്പയും കട്ടൻകാപ്പിയുംപോലും കിട്ടണമെങ്കിൽ മറ്റുള്ളവരുടെ കനിവു വേണം!
നാട്ടിൽ കൂണുകൾപോലെ വൃദ്ധമന്ദിരങ്ങൾ പെരുകുന്നതും ഇന്നതൊക്കെ ലാഭകരമായ ബിസിനസായി മാറുന്നതിലും അദ്ഭുതമില്ല!
ധൃതിയുണ്ട്, ഈ കുന്തം ചാർജ് ചെയ്യണം!
വർക്കിച്ചൻ ഉടൻ പുറത്തുപോയി ഒന്നാംതരം കപ്പപ്പുഴുക്കും അയലക്കറിയുമായി തിരിച്ചെത്തി. ചൂടുള്ള കട്ടൻകാപ്പിയെടുക്കാൻ ഭാര്യയോടു പറഞ്ഞു.
അങ്കിൾ ഡൈനിംഗ് ഹാളിൽ ചെന്നിരുന്ന് കപ്പയും മീൻകറിയും കഴിക്കാൻ ഒരുങ്ങുമ്പോൾ വർക്കിച്ചന്റെ ടാബ് ഒരു കളിപ്പാവപോലെ അപ്പാപ്പന്റെ മടിയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
കാരണവർ സസന്തോഷം കുറച്ചു കപ്പപ്പുഴുക്ക് മീൻകറിയിൽ മുക്കി വായിലേക്ക് വച്ചപ്പോള് പെട്ടെന്ന് ശിരസ് താഴോട്ടു കുനിഞ്ഞുപോയി.
വർക്കിച്ചൻ ഓടിച്ചെന്ന് അങ്കിളിന്റെ ദേഹത്തു പിടിച്ചു.
“കർത്താവേ! ചതിച്ചോ! നമ്മളിനി പുള്ളീടെ വീട്ടുകാരോട് എന്തു സമാധാനം പറയും?”- കട്ടൻകാപ്പി പാത്രത്തിലേക്ക് പകരുകയായിരുന്ന വർക്കിച്ചന്റെ ഭാര്യ കരഞ്ഞുകൊണ്ട് ഡൈനിംഗ്ഹാളിലേക്ക് ഓടിവന്നു. വർക്കിച്ചനും ഭാര്യയും ചേർന്ന് അങ്കിളിന്റെ പുറത്തും നെഞ്ചിലും നല്ലതുപോലെ തിരുമ്മാനും തലോടാനും തുടങ്ങി. കിം ഫലം? അങ്കിളിന്റെ ദേഹം നിലത്തേക്കു ചെരിയുകയും കണ്ണുകൾ മേൽപ്പോളയിലേക്ക് മറിയുകയുമാണ്!
വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ പെട്ടെന്ന് അങ്കിളിന്റെ നെഞ്ചിനും പുറത്തും ശക്തിയായി രണ്ടുമൂന്നിടി പാസാക്കി. ആ താഢനങ്ങളുടെ ആഘാതത്തിൽ അങ്കിൾ കണ്ണുതുറന്നു. സാവധാനം ശിരസു നേരെയായി.
വർക്കിച്ചനും ഭാര്യയും ആശ്വാസത്തോടെ പരസ്പരം നോക്കി.
ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അങ്കിൾ കപ്പയും മീനും കഴിച്ച്, ബ്ലാക്ക്കോഫി മെല്ലെ പാനം ചെയ്തു. ടാബ് കക്ഷത്തിൽ വച്ചുകൊണ്ട് കൈകഴുകി തിരിച്ചു വന്നു.
വർക്കിച്ചനോടും ഭാര്യയോടും യാത്രപറഞ്ഞ് ധൃതഗതിയിൽ മുറ്റത്തേക്കിറങ്ങി ഓട്ടോയിൽ കയറി. എന്നിട്ട് ടാബ് വീണ്ടും മടിയിലേക്ക് ഫിറ്റ് ചെയ്തശേഷം ഡ്രൈവറോടായി പറഞ്ഞു: “വണ്ടി നേരേ വീട്ടിലേക്കു പോകട്ടെ! അവിടെ ചെന്നിട്ടുവേണം ഈ കുന്തം ചാർജ് ചെയ്യാൻ!”
ഇതു കേട്ട് വർക്കിച്ചൻ കുന്തംവിഴുങ്ങിയതുപോലെ മുറ്റത്തു നിന്നു.
[email protected]