സിപിഎം നന്നാകാൻ തീരുമാനിച്ചു!
അനന്തപുരി /ദ്വിജൻ
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണികൊണ്ട് പ്രതിപക്ഷം നില മെച്ചപ്പെടുത്തിയെങ്കിലും സിപിഎമ്മിന് മെച്ചമുണ്ടായില്ലെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ സ്വന്തം ശക്തി മെച്ചപ്പെടുത്തുന്നതിനുവേണ്ട അടവുനയങ്ങൾ സ്വീകരിക്കണമെന്നും സിപിഎം തീരുമാനിച്ചു. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സിപിഎം 24-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സീതാറാം യെച്ചൂരിക്കു പകരം വന്ന പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ട് വിഭാവനം ചെയ്യുന്നതാണ് ഈ പുതിയ രാഷ്ട്രീയ ലൈൻ.
ഈ ലൈൻ പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാൽ അത് സിപിഎമ്മിലെ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ബിജെപി ചേരിയുടെ വൻ വിജയമാകും. ശക്തമാകുന്ന ബിജെപിയുടെ ശത്രുനിരയെ ബലഹീനരാക്കുന്ന നയമാണ് ഇത്. പരസ്യമായി ബിജെപിയെ കുറ്റം പറഞ്ഞുകൊണ്ട് സിപിഎമ്മും, സിപിഎമ്മിനെ കുറ്റംപറഞ്ഞ് ബിജെപിയും കേരളത്തിൽ നടത്തുന്നതുപോലുള്ള ഒരു തലയിൽ മുണ്ടിട്ട ബാന്ധവം രാജ്യത്താകെ പരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വരുന്ന ബിജെപിക്കാരനായ പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണം കള്ളക്കടത്തിനെക്കുറിച്ചു വരെ പറയും.
പക്ഷേ, സുപ്രീംകോടതിയിൽ കള്ളക്കടത്ത് കേസ് ഉടക്കിക്കിടക്കാൻ നടപടി സ്വീകരിക്കും. നവ ഉദാര സാന്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണങ്ങൾ കാണിച്ച് കോണ്‍ഗ്രസിനോട് അകലം പാലിക്കണമെന്നാണ് പുതിയ സിപിഎം നയത്തിന്റെ കാതൽ. മൃദുഹിന്ദുത്വം പറഞ്ഞ് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയാൽ അവരെ ഹിന്ദുക്കളിലും മുസ്ലിംകളിലും നിന്നു കൂടുതൽ അകറ്റാനും ഇപ്പോഴത്തെ 100 സീറ്റ് ഇനി ഒരിക്കലും കിട്ടാതാക്കാനും ഇടവരുത്താം. മോദിക്ക് നാലാമൂഴം ഒരുക്കുന്നതിന് സിപിഎമ്മിനു ചെയ്യാവുന്ന വലിയ സഹായമാവും ഇത്. അതിലൂടെ കേരളത്തിൽ കിട്ടുന്ന തിരിച്ചുള്ള പിന്തുണവഴി ജനങ്ങളുമായി പാടേ അകന്ന പിണറായിക്കും കിട്ടാം നാലാമൂഴം. ബംഗാളിൽ മമതയോട് വല്ലാതെ പോരടിക്കുന്ന ബിജെപിക്കും സിപിഎമ്മിനും ഇത്തരം ഒരു രഹസ്യബാന്ധവമാകും കോണ്‍ഗ്രസുമായുള്ള പരസ്യ ബന്ധത്തേക്കാൾ പ്രയോജനകരം. ദേശീയ നയത്തിൽ മാറ്റം വരുത്തിയാലും ബംഗാൾഘടകം അതിന് തയാറാകുമോ എന്നത് വിഷയമാണ്.
യെച്ചൂരി ലൈൻ ദോഷമായി
സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഇന്ത്യ മുന്നണിമൂലം പ്രതിപക്ഷത്തിന് ലോക്സഭയിൽ 234 സീറ്റു നേടാനായെങ്കിലും സിപിഎമ്മിന് നാലു സീറ്റും 1.76 ശതമാനം വോട്ടുമാണ് കിട്ടിയത്. നാലിൽ മൂന്നു സീറ്റും മുന്നണി മൂലം കിട്ടിയതാണ്. കേരളത്തിലെ ഒരു സീറ്റാണ് സ്വന്തം ശക്തികൊണ്ടു ലഭിച്ചത്. 2019ൽ 1.77 ശതമാനം വോട്ടുണ്ടായിരുന്നു. ധനിക-ദാരിദ്ര്യ വ്യത്യാസം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ വേണമെന്ന് പാർട്ടി പറയുന്നു. മൂന്നു വർഷമായി ബഹുജന പ്രക്ഷോഭങ്ങൾ വേണ്ടത്ര ഏറ്റെടുക്കാനായില്ല എന്ന് തുറന്നുപറയുന്ന പാർട്ടി ശരിക്കും യെച്ചൂരിയെയാണ് കുത്തുന്നത്.
ഭൂവുടമകൾ, ധനിക കർഷകർ, കരാറുകാർ, വൻകിട വ്യാപാരികൾ എന്നിവർ ചേർന്ന ഗ്രാമങ്ങളിലെ ധനിക കൂട്ടുകെട്ട് കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരേ ഒന്നും ചെയ്യാനാവുന്നില്ലെന്ന് അവലോകനം പറയുന്നു. ഭൂവുടമകളിൽനിന്നു ഭൂമി പിടിച്ചെടുക്കാനുള്ള സമരം സാധിക്കില്ല. അതുകൊണ്ട് പുതിയ വഴികൾ തേടണം. പാർട്ടി പാർലമെന്ററി വ്യാമോഹത്തിന്റെ പിടിയിലായതുകൊണ്ട് സമരങ്ങൾ സാധിക്കില്ല. ധനിക കൂട്ടുകെട്ടിന്റെ ഭാഗമാണ് പ്രാദേശിക പാർട്ടികൾ. പഞ്ചായത്തിലും നിയമസഭയിലും നേട്ടമുണ്ടാക്കാൻ ഇവരോട് സഹകരിക്കുന്നു. കോണ്‍ഗ്രസ് ബന്ധം തീർത്തും ഉപേക്ഷിക്കണം എന്ന് ചിലർ വാദിച്ചു.
കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടാണ് ഇതെന്നും പാർട്ടിയുടെ രാഷ്ട്രീയനയം മാറ്റിയില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. 23-ാം പാർട്ടി കോണ്‍ഗ്രസിന്റെ ലൈൻ പൂർണമായും പിശകാണെന്നല്ല പുതിയ ലൈൻ പറയുന്നത്. സഖ്യങ്ങളുടെ പേരിൽ പാർട്ടിയുടെ സ്വതന്ത്ര അസ്തിത്വം മങ്ങിപ്പോകരുത്. സ്വന്തം അസ്തിത്വം സൂക്ഷിക്കാൻ അടവുനയം സ്വീകരിക്കണമെന്നാണ് രേഖ പറയുന്നത്.
മോദിയോടുള്ള സമീപനം മാറ്റുന്നു
ബിജെപിയോടു സമീപനം മാറ്റുന്നില്ലെങ്കിലും മോദിയോടുള്ള പരസ്യമായ സമീപനം പാർട്ടി മാറ്റി. മോദിഭരണത്തെക്കുറിച്ച് ഫാസിസ്റ്റ് പ്രവണതയുള്ള ഭരണകൂടം എന്ന നിർവചനം മാറ്റി. മോദിയെ അപ്പാടെ അനുകരിക്കുന്ന പിണറായിയുടെ സ്വാധീനമാകണം കാരണം. സ്വതന്ത്ര അസ്തിത്വം നിലനിർത്താൻ അടവുനയവും മൃദു മോദി സമീപനവുമെല്ലാം ചേരുന്പോൾ ബിജെപി-സിപിഎം പരസ്യ ധാരണകൾവരെ ഉണ്ടാകുമോ? വർഗീയ കക്ഷിയായി വിമർശിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗിനെ അതിൽനിന്നു മോചിപ്പിച്ചത് 1967ൽ സിപിഎമ്മാണ്. അതുപോലെ ബിജെപിയുടെ വർഗീയ സ്വഭാവവും സിപിഎം നീക്കിയേക്കാം.
കേരളത്തിലെ നേട്ടങ്ങൾ
സിപിഎമ്മും ബിജെപിയും പരസ്യമായി എതിർത്തുകൊണ്ട് പാലിക്കുന്ന രഹസ്യ ധാരണകൾ കേരളത്തിൽ വലിയ വിജയം ഉണ്ടാക്കിയിട്ടുണ്ട്. ഈ അടവുനയം അടുത്ത നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വ്യാപകമാക്കാം. ബംഗാളിലും നോക്കാം ഈ അടവുനയം, തലയിൽ മുണ്ടിട്ടുള്ള പ്രണയം. ബിജെപിക്ക് കേരളത്തിൽ ഇടം ഉണ്ടാക്കിക്കൊടുക്കുന്നതിന് മുനന്പം അടക്കമുള്ള വിഷയങ്ങളിലൂടെ പിണറായി സർക്കാർ പരിശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന സമീപനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നത്. പൂരം കലക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതും ഒന്നും വെറുതെയല്ല. പിണറായിയുടെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും ബിജെപിയുടെ അടുത്ത ആളാണ്. കൊടകരയിൽ നടന്ന പണംതട്ടിപ്പു സംബന്ധിച്ച് ബിജെപിക്കെതിരേ വളർന്നുവന്ന കേസ് ഭംഗിയായി ഇല്ലാതാക്കി.
ബിജെപിയും നന്നായി സഹായിക്കുന്നുണ്ട്. പ്രധാനമന്ത്രിതന്നെ പറഞ്ഞ സ്വർണം കള്ളക്കടത്തു കേസ് ലാവ്ലിൻ കേസുപോലെ നീളുകയാണ്. സിബിഐക്ക് സമയമില്ല, അഭിഭാഷകനു സമയമില്ല തുടങ്ങിയവയാണ് കാരണങ്ങൾ. വീണാ വിജയനെതിരായ അന്വേഷണവും ഒന്നുമല്ലാതാകുന്ന മട്ടാണ്. പിണറായിയുടെ സമയം തെളിയുന്നു. തൃശൂരിൽ സുരേഷ് ഗോപി മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇല്ലാതായി. ഇപ്പോൾ സുരേഷ് ഗോപിയും മിണ്ടുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പറയുമായിരിക്കും.
കെ-റെയിൽ കിട്ടുന്നു?
ഏറ്റവും അവസാനത്തെ സൂചനകളനുസരിച്ച് പിണറായിയുടെ സ്വപ്നപദ്ധതിയായ കെ-റെയിലിനു കേന്ദ്രം അനുമതി കൊടുക്കാൻ പോകുന്നു. പുതിയ ഡിപിആർ അനുസരിച്ച് അധികം സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്ന് മന്ത്രി സജി ചെറിയാൻ തട്ടിവിട്ടിട്ടുണ്ട്. പുതിയ ഡിപിആർ എങ്ങനെ ആകണം എന്നതു സംബന്ധിച്ചുപോലും ആർക്കും ഒരു വിവരവും ഇല്ലാത്ത കാലത്താണ് സജിയുടെ പ്രഖ്യാപനം. കേരളം തയാറാക്കിയ ഡിപിആർ പൊളിച്ചെഴുതണം എന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വാർത്തകൾ.
ഏതായാലും പദ്ധതിക്ക് അനുമതി ലഭിച്ചാൽ അതു വലിയ സഹായമാണ്. നിതി ആയോഗിന്റെ കണക്കനുസരിച്ച് 1.24 ലക്ഷം കോടിയുടെ പദ്ധതിയാണ്. പത്തു ശതമാനം കമ്മീഷൻ കിട്ടിയാലും എത്രയാ ഉണ്ടാക്കാനാവുക? ഇനി ഒന്നര വർഷമാണ് സർക്കാരിന് ബാക്കി, കോണ്‍ട്രാക്ടറെ നിയമിക്കാൻ അതു മതി. കേരളം പറയുന്നത് 64,000 കോടി മതിയെന്നാണ്. ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ലാത്ത സർക്കാർ ഇത്രയും കടമെടുത്തു മുങ്ങിയാൽ കേരളത്തിന്റെ സ്ഥിതി എന്താവും?
സിപിഐയെ കിട്ടുമോ?
ഇത്തരം പ്രയോജനങ്ങളെല്ലാം സിപിഎമ്മിന് ഉണ്ടെങ്കിലും ബിജെപിയുമായുള്ള ഈ നീക്കത്തിന് സിപിഎം കാണുന്ന ഏറ്റവും വലിയ വെല്ലുവിളി സിപിഐയാണ്. അവർ ഇത്തരം ഒരു രഹസ്യബന്ധത്തിന് തയാറാവില്ല. അതിലുള്ള സങ്കടം രേഖയിലുണ്ട്. സിപിഐ ഇടത് ഐക്യത്തിന് തടസം നിൽക്കുന്നതായി രേഖ ആരോപിക്കുന്നു. അവർ ഇന്ത്യ ബ്ലോക്കിൽ സജീവമാകുന്നതാണ് വിഷയമെന്ന് രേഖ വിശദീകരിക്കുന്നു. ഈ ലൈനിൽ സിപിഎം മുന്നോട്ടു പോയാൽ കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ വരെ വലിയ മാറ്റം വരാം.
സരിൻ എന്ത് ഉദ്ദേശിച്ചാവുമോ?
തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ സഹായിച്ചതുപോലെയുള്ള കലാപരിപാടികൾ പാലക്കാട്ടും പോലീസ് ചെലവിൽ നടത്തുന്നുണ്ട്. പാലക്കാട്ട് അർധരാത്രി ഹോട്ടലിൽ കടന്നുകയറിയ പോലീസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചത്, അതും വനിതാ പോലീസ് ഒപ്പമില്ലാതെ നടത്തിയ അതിക്രമം വലിയ തിരിച്ചടിയായിട്ടുണ്ട്. ഇടതുകാർ തയാറാക്കിയ പരിപാടിയാണ് അതെന്ന് പൊതുവെ കരുതപ്പെടുന്നു. പോലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ വരെ സിപിഎം പുറത്തുവിട്ടു. എന്നിട്ടും കോണ്‍ഗ്രസുകാർ കൊണ്ടുവന്ന കള്ളപ്പണം പിടിക്കാനായില്ല!
കോണ്‍ഗ്രസിൽനിന്നു കടമെടുത്ത നേർച്ചക്കോഴിയെ പാലക്കാട്ട് മത്സരിപ്പിക്കുന്നതുതന്നെ ബിജെപിക്കുള്ള സഹായമല്ലേ എന്നാണ് ചോദ്യം. ആത്മാർഥതയുള്ള സഖാക്കൾതന്നെ സരിനെ വലിക്കില്ലേ? സരിനുതന്നെ അപകടം മണക്കുന്ന മട്ടുണ്ട്. സിപിഎം നേതാവ് കൃഷ്ണദാസ് പത്രക്കാരെ പട്ടികൾ എന്നു വിളിച്ചത് സരിനു പിടിച്ചില്ല. ഹൃദയത്തിൽ കോണ്‍ഗ്രസുകാരനായ അദ്ദേഹം ആ പ്രയോഗത്തിന് മാപ്പു പറഞ്ഞു. കൃഷ്ണദാസ് നിലപാടിൽ ഉറച്ചു നിൽക്കുന്നു. അപ്പോൾ മാപ്പു പറഞ്ഞ സരിന് കൃഷ്ണദാസിന്റെ അണികൾ എങ്ങനെ വോട്ട് ചെയ്യും?
കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാന്റെയും മുറികളിൽ നടത്തിയ നിയമവിരുദ്ധമായ റെയ്ഡും സരിനു പിടിച്ചില്ല. ഷാഫിയുടെ ചൂണ്ടയിൽ ഇടതുപക്ഷം കൊത്തുകയായിരുന്നു എന്നാണ് സരിന്റെ നിലപാട്. അതായത്, ഇപ്പോൾതന്നെ സരിനും സിപിഎമ്മും രണ്ടു വള്ളത്തിലായിട്ടുണ്ട്. 20ന് തെരഞ്ഞെടുപ്പ് ആകുന്പോഴേക്കും സരിനും സിപിഎമ്മും എന്തുമാത്രം അകലുമോ ആവോ? ഇടതുപക്ഷത്തു നിന്ന് വോട്ടു തേടുന്പോഴും അവരെ തള്ളിപ്പറയുന്ന സരിൻ എന്താവും ഉദ്ദേശിക്കുക? ഇടതുതാവളത്തിൽ കയറി അവരെ നിഗ്രഹിക്കാനോ?
ഇതൊക്കെ ആണെങ്കിലും പാലക്കാട്ട് ബിജെപി വല്ലാത്ത സമ്മർദത്തിലാണ്. പാർട്ടിയിലെ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ ഗ്രൂപ്പുകൾ ശരിക്കും തമ്മിലടിയാണ്. ശോഭ എല്ലാ പരിധിയും വിട്ടതായാണ് പറയുന്നത്. അതുപോലെ, ബിജെപി വക്താവായ സാന്ദീപ് വാര്യർ വല്ലാതെ മുറിവേറ്റ് പിണക്കത്തിലാണ്. 3,000 വോട്ടിന്റെ വ്യത്യാസം കുറയ്ക്കാനുള്ള പടയോട്ടത്തിൽ ഇതെല്ലാം വിലങ്ങുകളാവും. മെട്രോമാനെപ്പോലെ ബഹുജന പിന്തുണ കിട്ടുന്ന ആളല്ല കൃഷ്ണകുമാർ എന്നതും വിഷയമാണ്.