ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്- കേട്ടു തഴന്പിച്ച വാചകമാണിത്. സാധാരണക്കാരന്റെ അവസാന പ്രതീക്ഷയും അഭയവും നീതിപീഠങ്ങളാണെന്നും ആവർത്തിക്കപ്പെടുന്നു. പക്ഷേ, ഉന്നത നീതിപീഠങ്ങളും ചില ന്യായാധിപന്മാരും സംശയാതീതരല്ലെന്നതാണു ദുഃഖകരം.മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് പറഞ്ഞതുപോലെ, ജുഡീഷറി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും കറുത്ത ആടുകളുടെയും അഴിമതിക്കാരായ ജഡ്ജിമാരുടെയും പങ്കുണ്ട്.
എക്സിക്യൂട്ടീവിൽനിന്നും ലെജിസ്ലേച്ചറിൽനിന്നുമുള്ള സ്വാതന്ത്ര്യമാണു ജുഡീഷറിയുടെ സ്വാതന്ത്ര്യം. എന്നാൽ, ഉത്തരവാദിത്വത്തിൽനിന്നുള്ള സ്വാതന്ത്ര്യമല്ല എന്ന് പ്രശാന്ത് ഭൂഷണ് ഓർമിപ്പിക്കുന്നു. ജുഡീഷറിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാനഘടനയാണ്. സാധാരണ പൗരനുപോലും നീതി ലഭ്യമാക്കിയെങ്കിലേ ജനാധിപത്യം അർഥവത്താകൂ. ആരോഗ്യകരവും ശക്തവുമായ നിയമവാഴ്ചയില്ലെങ്കിൽ ജനാധിപത്യം അപകടത്തിലാകും.
കാര്യങ്ങൾ ഓർഡറിലല്ല
ഭരണഘടനയും നിയമവ്യവസ്ഥയും സംരക്ഷിക്കുകയും സാധാരണ പൗരനു തുല്യനീതിയും തുല്യാവകാശങ്ങളും തുല്യാവസരങ്ങളും ഉറപ്പാക്കുകയും ചെയ്യുകയാണു ജുഡീഷറിയുടെ പ്രധാന കടമ. പലപ്പോഴും അതുണ്ടാകുന്നില്ല. ഭരണകൂട സംവിധാനം കുറ്റവാളികളെ സംരക്ഷിക്കുകയും പബ്ലിക് പ്രോസിക്യൂട്ടർമാർ ചില കേസുകളിലെ പ്രതികളുമായി ഒത്തുകളിക്കുകയും ഇരകൾ പ്രത്യേക സമുദായത്തിലെ അംഗങ്ങളായിരിക്കുകയും ചെയ്യുന്പോൾ, എല്ലാവർക്കും നീതി എന്നതു പൊള്ളയായ പ്രയോഗമാണെന്നു പ്രശസ്ത അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ കപിൽ സിബൽ പറഞ്ഞിട്ടുണ്ട്.
ജനാധിപത്യം അപകടത്തിലാണെന്നും പരമോന്നത കോടതിയിൽ കാര്യങ്ങൾ ഓർഡറിൽ അല്ലെന്നും സുപ്രീംകോടതി കൊളീജിയത്തിലെ മുതിർന്ന നാലു ജഡ്ജിമാരായിരുന്ന ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ലോക്കുർ, കുര്യൻ ജോസഫ് എന്നിവർ പത്രസമ്മേളനം വിളിച്ചു തുറന്നടിച്ചതു മറക്കാറായിട്ടില്ല. 2018 ജനുവരി 12നായിരുന്നു ആ സംഭവം. അതേ രഞ്ജൻ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റീസായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കാരുണ്യത്തിൽ രാജ്യസഭാംഗമായതും ജനങ്ങൾക്കു കാണേണ്ടിവന്നു.
ചരിത്രം വിലയിരുത്തട്ടെ
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നാളെ വിരമിക്കുകയാണ്. ചീഫ് ജസ്റ്റീസ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനകാലത്തെ ചരിത്രം എങ്ങനെയാകും വിലയിരുത്തുകയെന്ന ചോദ്യം തന്നെ വല്ലാതെ അലട്ടുണ്ടെന്നുണ്ടെന്ന് അദ്ദേഹംതന്നെയാണു വ്യക്തമാക്കിയത്. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തിയോ? വ്യതിരിക്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ? ഭാവിതലമുറയിലെ ജഡ്ജിമാർക്കും നിയമലോകത്തുള്ളവർക്കും കൈമാറുന്ന പൈതൃകം എന്തായിരിക്കും? ഈ ചോദ്യങ്ങൾക്കൊന്നും തനിക്കു കൃത്യമായ ഉത്തരങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി എന്തെങ്കിലും ചെയ്തുവെന്ന ആത്മസംതൃപ്തിയോടെയാണു ദിവസവും കിടന്നുറങ്ങുന്നതെന്നു ചീഫ് ജസ്റ്റീസ് വിശദീകരിച്ചു. കോടതിയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അവസാന പ്രവൃത്തിദിവസമായ ഇന്നലെ വിടവാങ്ങൽ പ്രസംഗത്തിൽ പറയാനും അദ്ദേഹം മടിച്ചില്ല.
രണ്ടു വർഷം ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്നു ധനഞ്ജയ വൈ. ചന്ദ്രചൂഡ്. സമീപകാലത്തെ ദൈർഘ്യമേറിയ കാലയളവുകളിലൊന്നാണിത്. ജഡ്ജി എന്ന നിലയിലും സുപ്രീംകോടതിയുടെ ഭരണപരമായ തലവനെന്ന നിലയിലും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ഔദ്യോഗിക കാലയളവിലേക്കു തിരിഞ്ഞുനോക്കുന്പോൾ സമ്മിശ്ര പ്രതികരണങ്ങളാണു കിട്ടുക. അദ്ദേഹം സ്വയം ഉയർത്തിയ ചോദ്യങ്ങൾതന്നെയാണു നിയമലോകത്തു തല്ലും തലോടലുമായത്. സത്യസന്ധനും നീതിമാനുമെന്നു പേരെടുക്കുകയും അഴിമതിയാരോപണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തപ്പോഴും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ തിളക്കത്തിനു മങ്ങലേൽക്കരുതായിരുന്നു.
പറഞ്ഞതൊന്ന്, ചെയ്തതോ?
ചില മുൻഗാമികളുടെ നടപടികൾ വിവാദമായ പശ്ചാത്തലത്തിൽ നലം തികഞ്ഞ, കറകളഞ്ഞ ന്യായാധിപനെന്ന നിലയിൽ ധനഞ്ജയ ഡി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്പോൾ അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ, ചന്ദ്രചൂഡ് വളരെ ആഴത്തിൽ നിരാശനാക്കിയെന്നും പ്രതീക്ഷകൾ തെറ്റിച്ചെന്നുമാണു പ്രമുഖ അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ തുറന്നടിച്ചത്. രാഷ്ട്രീയപ്രാധാന്യമുള്ള (സെൻസിറ്റീവായ) കാര്യങ്ങളിൽ ജസ്റ്റീസ് ചന്ദ്രചൂഡ് നിരാശനാക്കുമെന്ന്, ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്നതിനു മുന്പായി 2022 ഒക്ടോബറിൽ ഇതേ ദുഷ്യന്ത് ദവേ മുന്നറിയിപ്പു നൽകിയിരുന്നു.
അയോധ്യ, ഇലക്ടറൽ ബോണ്ട്, ജമ്മു കാഷ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കൽ അടക്കമുള്ള സുപ്രധാന കേസുകളിലെ ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിതീർപ്പുകളും നിലപാടുകളും സമീപനങ്ങളും കടുത്ത വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കാതെ നീട്ടിയതിലും രാഷ്ട്രീയചായ്വാണു നിയമലോകം ദർശിച്ചത്. തെരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചശേഷം അതിലൂടെ ശതകോടികൾ കൈക്കലാക്കിയവരെക്കുറിച്ച് അന്വേഷണം വേണ്ടെന്നു വച്ചതിനെ എങ്ങനെ ന്യായീകരിക്കും? വിമർശനാത്മകമായി വിലയിരുത്തപ്പെട്ടാൽ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലു തൂണുകളും ശക്തിപ്പെടുകയുള്ളൂ.
ദൈവത്തെ ചാരിയ അയോധ്യ
പൊതുവെ സ്വീകരിക്കപ്പെട്ടെങ്കിലും അനുച്ഛേദം 370 റദ്ദാക്കലിലും ചില പോരായ്മകളുണ്ടായി. ജമ്മുകാഷ്മീർ നിയമസഭയാണ് അനുച്ഛേദം 370 റദ്ദാക്കണമോ പരിഷ്കരിക്കണമോ നിലനിർത്തണമോയെന്ന കാര്യം ആദ്യം പരിഗണിക്കേണ്ടിയിരുന്നതെന്ന വാദം വിസ്മരിക്കാനാകില്ല. എന്നാൽ, സ്വകാര്യതാ സംരക്ഷണ വിധി മുതൽ അവസാനമായി ഇന്നലെ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിർത്തിയതു വരെയുള്ള പലതിലും അദ്ദേഹത്തിന്റെ തീർപ്പുകൾക്കു തിളക്കവുമുണ്ട്.
അയോധ്യ കേസിൽ വിധിതീർപ്പുണ്ടായപ്പോൾ ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസ് ആയിരുന്നില്ല. എന്നാൽ, അദ്ദേഹമാണ് ആ വിധിയെഴുതിയതെന്ന് ഇപ്പോഴറിയാം. തർക്കഭൂമി പൂർണമായി രാമക്ഷേത്രത്തിനായി വിട്ടുകൊടുത്ത അന്തിമവിധിക്കായി ദൈവത്തോടു താൻ പ്രാർഥിച്ചുവെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് സ്വയം നടത്തിയ വെളിപ്പെടുത്തലിൽ നിയമജ്ഞർ അപകടം മണക്കുന്നു. നിയമങ്ങളേക്കാളും പൊതുവികാരവും മതസ്നേഹവും വിധിയെ സ്വാധീനിക്കരുതല്ലോ. ന്യായാധിപനു മുന്നിൽ വ്യക്തിപരമായ വിശ്വാസം, മതം, ജാതി എന്നിവ പാടില്ല. ഭരണഘടനയാകണം ജഡ്ജിയുടെ വേദപുസ്തകം. നിയമങ്ങളാകണം ചട്ടക്കൂട്. ശബരിമല കേസ് മുതൽ സ്വവർഗരതി, വ്യഭിചാരം തുടങ്ങിയ വിഷയങ്ങളിലേതുപോലെ പൊതുവികാരം നോക്കി ഒഴുക്കിനൊപ്പം നീന്തുകയല്ല ന്യായാധിപ ജോലി.
ശക്തരുടെ മുന്നിൽ കുനിഞ്ഞ്
പ്രധാനമന്ത്രി മോദിയുടെയും സംഘപരിവാറിന്റെയും വിജയമായി അയോധ്യ കേസിലെ സുപ്രീംകോടതി വിധി ഭരണപക്ഷം ഉയർത്തിക്കാട്ടിയപ്പോൾ, നീതിപീഠത്തിന്റെ നിഷ്പക്ഷതയിലാണു കരിനിഴൽ വീണത്. രാമക്ഷേത്ര നിർമാണവും അനുച്ഛേദം 370 റദ്ദാക്കലുമെല്ലാം ബിജെപി പ്രകടനപത്രികയുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കു മുന്നിൽ പല കോടതികളും മുട്ടുമടക്കിയതുപോലെ, ശക്തനായ മോദിക്കു മുന്നിൽ കീഴടങ്ങാനുള്ളതല്ല ഇന്ത്യൻ ജുഡീഷറിയുടെ അന്തസും നിഷ്പക്ഷതയുമെന്നു ബോധ്യപ്പെടുത്താനുള്ള അവസരമാണു കളഞ്ഞുകുളിച്ചത്. അധികാരത്തിലുള്ളവരുമായി ജഡ്ജിമാർ ഒത്തുകളിക്കുന്നുവെന്ന തോന്നൽ പോലും ജനാധിപത്യത്തിനു ഹാനികരമാണ്.
രാജ്യത്തെ ഏതു നിയമം അനുസരിച്ചാണു തർക്കഭൂമിയുടെ അവകാശം തീരുമാനിച്ചതെന്ന ചോദ്യത്തിന് രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചവർക്കും കൃത്യമായ ഉത്തരമില്ല. ബാബറി മസ്ജിദ് പൊളിച്ചതു ക്രിമിനൽ കുറ്റമായി കണ്ടെത്തിയ കോടതിതന്നെയാണു കുറ്റം ചെയ്തവർക്ക് അനുകൂലമായി വിധിയെഴുതിയത്. അയോധ്യ കേസിൽ വിധിയെഴുതിയ ബെഞ്ചിലെ അഞ്ചു ജഡ്ജിമാർക്കും പിന്നീട് ഏതെങ്കിലും വിധത്തിൽ ആനുകൂല്യമോ പദവിയോ ലഭിച്ചുവെന്നതും രാജ്യം തിരിച്ചറിയും.
ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയിൽ, വീട്ടുകാർ മാത്രമുള്ള സ്വകാര്യപൂജയ്ക്കായി പ്രധാനമന്ത്രി മോദിയെ പ്രത്യേകം ക്ഷണിച്ചുവരുത്തിയതും നിഷ്പക്ഷതയ്ക്കു കളങ്കമായി. പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതുപോലെയല്ലേ, സഹജഡ്ജിമാരെപോലും ക്ഷണിക്കാത്ത മതപരമായ സ്വകാര്യ ചടങ്ങിന് പ്രധാനമന്ത്രിയെ വീട്ടിലേക്കു വിളിച്ചത്. ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ മോദി പൂജ നടത്തുന്ന ഫോട്ടോകളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഓഫീസ് പരസ്യപ്പെടുത്തുകയും ചെയ്തു.
തിളക്കത്തിലും മങ്ങൽ
ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിലപ്പെട്ട സംഭാവനകൾ വിസ്മരിക്കാനാകില്ല. മികച്ച നിയമജ്ഞനും ന്യായാധിപനും അതിലേറെ നല്ല വ്യക്തിത്വവുമാണ് ചന്ദ്രചൂഡ്. ന്യായാധിപന്റെ റോളിലുള്ള വാദങ്ങളിൽ വ്യക്തതയും കൃത്യതയുമുണ്ട്. എന്നാൽ, ചീഫ് ജസ്റ്റീസെന്ന നിലയിലുള്ള നിർണായക പദവിയിലെ ചന്ദ്രചൂഡിന്റെ ചില പ്രധാന തീരുമാനങ്ങളെങ്കിലും സംശയിക്കപ്പെട്ടു. നിഷ്പക്ഷതയിൽ നിഴലുകൾ വീണു. ജഡ്ജി നിയമനങ്ങളിലും സർക്കാരിന്റെ സമ്മർദങ്ങൾക്കും താത്പര്യങ്ങൾക്കും കൊളീജിയം വഴങ്ങിയെന്ന സംശയം ബാക്കിയാണ്. ചന്ദ്രചൂഡിന്റെ കാലത്തെ 17 നിയമനങ്ങളിൽ ഒരു വനിതാ ജഡ്ജി പോലുമുണ്ടായില്ല.
സത്യത്തിനും നീതിക്കുംവേണ്ടി നിലപാടുകളെടുത്ത കേസുകളിൽപോലും അന്തിമവിധിയിൽ അതിനു വിപരീത തീരുമാനങ്ങളുണ്ടായെന്നതാണു പ്രധാന പരാതി. നിയമലോകത്തു പലരെയും അദ്ദേഹം നിരാശരാക്കി. ഫലത്തിൽ ജസ്റ്റീസ് ചന്ദ്രചൂഡ് വൈരുധ്യങ്ങളുടെ സമസ്യയായി. നീതിപീഠത്തിനു കൂടുതൽ തെളിമ നൽകാൻ പുതിയ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കു കഴിയുമെന്ന് ആശിക്കാം.