ട്രംപിന്റെ വിജയം: മധ്യേഷ്യയിൽ സമാധാനം വരുമോ?
സെബിൻ ജോസഫ്
ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ്- ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള രണ്ടാംവരവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ലോകത്തു നിലവില്‍ സജീവമായി നിലനില്‍ക്കുന്ന രണ്ടു യുദ്ധങ്ങള്‍ക്ക് പുതിയ അമേരിക്കന്‍ പ്രസിഡന്റ് അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായി. ഹമാസിനെ പിന്തുണച്ച് ഇറാന്‍കൂടി രംഗത്തെത്തിയതോടെ ചോരക്കളിയിലേക്ക് നീങ്ങി. ഇരുട്ടിന്റെ മറവില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ വന്‍ തിരിച്ചടിയാണ് നല്‍കിയത്. ആ തിരിച്ചടി തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.
ഹമാസിനെയും ഇറാന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയെയും ഒരേസയമം ഇസ്രയേല്‍ നേരിടുന്നു. ദക്ഷിണ ചൈനാ കടലിലെ സംഘര്‍ഷവും മധ്യേഷ്യയില്‍ അനുരണനങ്ങൾ ഉളവാക്കുന്നുണ്ട്. ചൈനീസ് വിരുദ്ധതയാണ് ട്രംപിനെ അധികാരത്തില്‍ എത്തിച്ചതെങ്കിലും കടുത്ത വിരുദ്ധത പുതിയ സര്‍ക്കാർ കാണിക്കാന്‍ സാധ്യതയില്ല.
റഷ്യയുമായി അടുപ്പം കാണിക്കുന്ന ട്രംപ് യുക്രെയ്നു സഹായം നല്‍കുന്നത് നിറുത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയെ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെ നേരിട്ട യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിക്ക് ട്രംപിന്റെ വിജയം തിരിച്ചടിയാണ്. യുദ്ധം ഇല്ലാതെ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
തുടക്കം സൗദി അറേബ്യയില്‍
2017 ജനുവരി 20ന് അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റശേഷം ഡോണള്‍ഡ് ട്രംപ് ആദ്യം സന്ദര്‍ശനം നടത്തിയത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കായിരുന്നു. മധ്യേഷ്യയിലേക്കുള്ള അമേരിക്കയുടെ വ്യാപാരക്കണ്ണായിരുന്നു ആ സന്ദർശനത്തിനു പിന്നിൽ.
സൗദി അറേബ്യയിലെ സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപിന്റെ തിരിച്ചുവരവിനെ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ ഭരണത്തില്‍ ആരുവന്നാലും നയത്തില്‍ പ്രത്യേകിച്ച് മാറ്റം സംഭവിക്കാന്‍ സാധിക്കില്ലെന്നാണ് ഇറാന്റെ പ്രതികരണം.
ഒന്നാം ട്രംപ് ഭരണത്തില്‍ സൗദി അറേബ്യ, യുഎഇ രാജ്യങ്ങളുമായി അമേരിക്ക ഊഷ്മള ബന്ധമാണ് പുലര്‍ത്തിയിരുന്നത്. നിലവില്‍ ബ്രിക്സ്, ഷാങ്ഹായ് കോര്പറേഷന് എന്നിവയിലൂടെ ആഗോള സാമ്പത്തിക രംഗത്തേക്ക് കടന്നുവരാനും ചൈനയുമായി കൂടുതല്‍ അടുക്കാനുമാണ് അറബ് രാജ്യങ്ങളുടെ നീക്കം.
ട്രംപിന്റെകൂടി ശ്രമഫലമായി ഇസ്രയേല്‍-സൗദി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഏബ്രഹാം ഉടമ്പടി നിലവില്‍വന്നു. ഇറാനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്ന ഒന്നാം ട്രംപ് ഭരണകൂടം ഇസ്രയേലിനോട് കൂടുതല്‍ അടുത്തു.
2017ല്‍ ഇസ്രയേല്‍ തലസ്ഥാനം ജറൂസലെമാണെന്ന് അമേരിക്ക അംഗീകരിക്കുകയും ജറൂസലെമില്‍ അമേരിക്കയുടെ എംബസി തുറക്കുകയും ചെയ്തു. ഗോലാന്‍ കുന്നുകളും 1967ല്‍ ആറുദിവസത്തെ യുദ്ധത്തില്‍ പിടിച്ചെടുത്ത സിറിയയുടെ ഭാഗവും ഇസ്രയേലിന്റേതാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുമില്ല.
ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ട്രംപിന്റ ആദ്യ ഭരണകാലത്ത് അമേരിക്ക പിന്മാറിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തില്‍നിന്ന് പിന്മാറണമെന്ന് ഇറാനോട് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതിരുന്നതാണ് പിന്മാറ്റത്തിനു കാരണം.
ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള ഇസ്രയേലില്‍ നടത്തുന്ന ആക്രമണത്തിനെതിരേ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നേരത്തേ ഇറാനുമേല്‍ കടുത്ത ഉപരോധം തീര്‍ത്ത് നേരിട്ടിരുന്നു. ഇത് ഇറാന്റെ എണ്ണ കയറ്റുമതിയെവരെ സാരമായി ബാധിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനും
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെതിരേ ട്രംപ് കര്‍ശന നിലപാടായിരിക്കും സ്വീകരിക്കുക. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ പാക്കിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരും.
ട്രംപിന്റെ വിദേശനയം വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കിലും പാക്കിസ്ഥാനു നല്‍കിവരുന്ന സൈനിക സഹായത്തില്‍ വലിയതോതില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. മധ്യേഷ്യയില്‍ ചൈന കൂടുതല്‍ പിടിമുറുക്കുന്നത് തടയാന്‍ ഇന്ത്യയെ പക്ഷത്തു നിര്‍ത്തിയുള്ള നയതന്ത്രനീക്കമാണ് അമേരിക്ക സ്വീകരിക്കുക.
അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപാണ് തീരുമാനിച്ചത്. തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനൊപ്പംതന്നെ അമേരിക്കന്‍ ബജറ്റില്‍നിന്ന് മറ്റു രാജ്യങ്ങളിലെ സൈനികനീക്കത്തിനായി പണം മുടക്കേണ്ടതില്ലെന്നാണ് തീരുമാനം.
ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ചൈനീസ് താത്പര്യം തടയുന്നതിനുള്ള നടപടികളും പുതിയ ട്രംപ് ഭരണകൂടം സ്വീകരിക്കും. ഇന്ത്യയെ മുന്നില്‍ നിറുത്തിയായിരിക്കും ഈ രാജ്യങ്ങളില്‍ ചൈനയെ നേരിടുക. ദക്ഷിണ ചൈന കടലിലെ ചൈനീസ് താത്പര്യവും തായ്വാന് കൈയേറ്റവും തടയും.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ചിപ്പ് നിര്‍മാതാക്കളായ തായ്വാനിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റം തടയുകയാവും ലക്ഷ്യം. നാറ്റോ സൈനിക സഖ്യത്തില്‍നിന്നു പിന്മാറിയാലും അംഗരാജ്യങ്ങളുമായി സൈനികബന്ധം തുടരും. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സാമ്പത്തിക-സൈനിക മുന്‍തൂക്കം നേരിടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.
എല്ലാ വിഭാഗത്തില്‍നിന്നുമുള്ള ആളുകളെ ഉള്‍ക്കൊള്ളിച്ചായിരിക്കും ട്രംപ് പുതിയ സംഘത്തെ നിയമിക്കുക. ആദ്യകാല ട്രംപ് വിരുദ്ധനും ബുദ്ധിജീവിയുമായ ജെ.ഡി. വാസാണ് വൈസ് പ്രസിഡന്റ്. ശതകോടീശനും വ്യവസായിയുമായ ഇലോണ്‍ മസ്കിനും പുതിയ ഭരണകൂടത്തില്‍ വന്‍ സ്വാധീനമുണ്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
വ്യവസായിയായ ട്രംപ് വ്യവസായികള്‍ക്കൊപ്പം നീങ്ങി അമേരിക്കയെ വീണ്ടും മഹത്തരമാക്കാനാണ് ശ്രമിക്കുന്നത്. 2026ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അപ്രിയ തീരുമാനങ്ങളിലൂടെ ട്രംപ് ജനപിന്തുണ കളയാന്‍ സാധ്യതയില്ല.