ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യക്ക് വെല്ലുവിളിയും അവസരവും
ജോർജ് കള്ളിവയലിൽ
“ചരിത്രപരമായ തെരഞ്ഞെടുപ്പു വിജയത്തിന് എന്റെ സുഹൃത്ത് ഡോണൾഡ് ട്രംപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുൻ ടേമിലെ വിജയങ്ങളിൽനിന്ന് നിങ്ങൾ പടുത്തുയർത്തുന്പോൾ, ഇന്ത്യ-യുഎസ് സമഗ്ര ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നമ്മളുടെ സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’- അമേരിക്കൻ പ്രസിഡന്റായി വൻ തിരിച്ചുവരവ് നടത്തിയ ഡോണൾഡ് ട്രംപിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എക്സിൽ എഴുതിയതാണിത്. ശതകോടീശ്വരനായ ട്രംപിന്റെ അമേരിക്കൻ പ്രസിഡന്റായുള്ള ചരിത്രം കുറിച്ച രണ്ടാം വരവിൽ ഇന്ത്യക്കും ലോകത്തിനാകെയും കുറേ പ്രത്യാശയും പ്രതീക്ഷയും പുതിയ അവസരങ്ങളും ചില ആശങ്കകളുമുണ്ട്.
നികുതിനിരക്കിൽ തലവേദന
വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ മടങ്ങിവരവ് പൊതുവെ ഇന്ത്യക്കു ഗുണകരമാകുമെന്നാണ് നയതന്ത്ര, സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് ട്രംപിന്റെ വിദേശ, സാന്പത്തിക നയങ്ങൾ. ഇന്ത്യൻ വംശജയായ കമല ഹാരിസിനേക്കാളും അമേരിക്കയിലെ ഇന്ത്യക്കാർക്ക് ട്രംപിനോട് ആഭിമുഖ്യം കൂടിയതും ശ്രദ്ധേയമാണ്. കമലയെയും ഡെമോക്രാറ്റിക് പാർട്ടിയെയും പിന്തള്ളി റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും തുണയ്ക്കാൻ പല ഇന്ത്യക്കാരെയും പ്രേരിപ്പിച്ചതു ഭരണവിരുദ്ധവികാരം മാത്രമല്ല.
നികുതിഭാരം, വിലക്കയറ്റം, സാന്പത്തികവളർച്ച, സുരക്ഷ, ആഗോള മേധാവിത്വം തുടങ്ങി പലതിലും ട്രംപിന്റെ നിലപാടുകൾ അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജരെയും ആകർഷിച്ചു. അമേരിക്കയ്ക്കും ലോകത്തിനും നല്ലതു ട്രംപ് ആണെന്ന വിശ്വാസമാണു മിക്ക ഇന്ത്യൻ വംശജരും പങ്കുവയ്ക്കുന്നത്.
ചൈന ഉയർത്തുന്ന സുരക്ഷ, സാന്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടാൻ അമേരിക്കയും ഇന്ത്യയും ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ട്രംപിനും മോദിക്കും സംശയമില്ല. ചൈനയ്ക്കെതിരായ പുതിയ നികുതിനിരക്കുകൾ ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പല അമേരിക്കൻ കന്പനികളും അവരുടെ ഉത്പാദന ഫാക്ടറികൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്കു മാറ്റാൻ കൂടുതൽ പ്രോത്സാഹിപ്പിച്ചേക്കാം. എന്നാൽ ചൈനയ്ക്കെതിരേ എന്നപോലെ ഇന്ത്യയിൽ ജീവനക്കാരുള്ള അമേരിക്കൻ ഐടി കന്പനികൾക്കും സമാന താരിഫ് ചുമത്തുമോയെന്ന ആശങ്കയുമുണ്ട്.
ഇന്ത്യക്കാർക്ക് ആഘാതമാകാം
ഇറക്കുമതികളിൽ അടക്കമുള്ള ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങൾ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ മേഖലകൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മറുവശത്ത്, വിതരണ ശൃംഖലകൾ ചൈനയിൽനിന്നു സാവധാനം വേർപെടുത്താനോ വൈവിധ്യവത്കരിക്കാനോ ലക്ഷ്യമിടുന്ന അമേരിക്കൻ ബിസിനസുകളെ ആകർഷിക്കുന്ന ഉത്പാദനകേന്ദ്രമായി വളരാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് അവസരങ്ങളുമുണ്ട്.
ഇറക്കുമതി നിരക്കുകൾ കൂട്ടാനുള്ള ട്രംപിന്റെ നിലപാടുകൾ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലകൾക്കു വെല്ലുവിളിയാകും. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ ദശകത്തിൽ 77.53 ബില്യണ് ഡോളറിലെത്തിയെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) റിപ്പോർട്ട് പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇതേ വളർച്ച തുടരാൻ ട്രംപ് ഭരണകൂടം അനുവദിക്കുമോയെന്നതു ചോദ്യമാണ്.
കുടിയേറ്റ, വ്യാപാര നയങ്ങൾ
ട്രംപിന്റെ കർശനമായ കുടിയേറ്റ, വ്യാപാര നയങ്ങൾ ഇന്ത്യൻ താത്പര്യങ്ങൾക്കും വെല്ലുവിളിയാണ്. ഇന്ത്യൻ ഐടി പ്രഫഷണലുകൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും ദോഷകരമായ പല തീരുമാനങ്ങളും ഇനിയും ഉണ്ടായേക്കാം. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് എച്ച് 1 ബി വീസകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരുടെ എച്ച് 1 ബി, എൽ 1 വീസ അപേക്ഷകൾ നിരസിക്കുന്ന തോത് ഗണ്യമായി കൂടി.
അമേരിക്കയുടെ, പ്രത്യേകിച്ച് ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ നയങ്ങൾ ഇന്ത്യൻ ഐടി കന്പനികളെയും ഇന്ത്യൻ യുവാക്കളെയും ദോഷകരമായി ബാധിച്ചു. 2015-24 കാലയളവിൽ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ എന്നീ വൻകിട ഇന്ത്യൻ ഐടി കന്പനികൾക്കുള്ള എച്ച 1 ബി അംഗീകൃത വീസകളിൽ 50 മുതൽ 80 ശതമാനംവരെ ഇടിവുണ്ടായി. ഇന്ത്യൻ കന്പനികളുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്കയുമായി കൂടുതൽ തന്ത്രപരവും ശക്തവുമായ തീരുമാനങ്ങൾ കേന്ദ്രസർക്കാരിന് എടുക്കേണ്ടിവന്നേക്കാം.
പ്രതിരോധ, ഭീകരവിരുദ്ധ കൂട്ട്
ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ ആണിക്കല്ലുകളാണ് പ്രതിരോധവും സൈനിക സഹകരണവും. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി (ഐസിഇടി) സംരംഭവും ജെറ്റ് എൻജിനുകൾ നിർമിക്കുന്നതിനുള്ള ജിഇ-എച്ച്എഎൽ കരാർപോലുള്ള പ്രതിരോധ ഇടപാടുകളും ജോ ബൈഡന്റെ ഭരണകാലത്തുണ്ടായി.
ഇന്ത്യ- പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇരുരാജ്യങ്ങൾക്കും കൈകോർത്തേ മതിയാകൂ. ഇതുമൂലം ഇന്ത്യ-യുഎസ് സൈനിക സഹകരണം ശക്തമായി തുടരും. എന്നാൽ സൈനിക ഉടന്പടികളുടെ കാര്യത്തിലും അമേരിക്കൻ താത്പര്യങ്ങൾ മാത്രം നോക്കിയുള്ള ട്രംപിന്റെ നയങ്ങൾ ഇന്ത്യക്ക് പ്രശ്നമാകും. സാങ്കേതിക കൈമാറ്റം, ആയുധ വില്പന, സംയുക്ത സൈനികാഭ്യാസങ്ങൾ എന്നിവയിലെല്ലാം ട്രംപിനെ മയപ്പെടുത്താനാകണം.
പാക്കിസ്ഥാനെതിരേയും പ്രത്യേകിച്ച്, പാക് ഭീകര സംഘടനകൾക്കെതിരേയും ട്രംപ് സ്വീകരിക്കുന്ന കർശന നിലപാടുകൾ ഇന്ത്യക്ക് സഹായകമാകും. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്കെതിരേ അമേരിക്കയുടെ കർശന നിലപാടുകൾ ഇന്ത്യയുടെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യാവശ്യമാകും. തീവ്രവാദവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്കു പിന്തുണ നൽകാൻ ട്രംപ് ഭരണകൂടം മടിക്കില്ലെന്നു വേണം കരുതാൻ. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയുടെ ക്വാഡ് സഖ്യം ശക്തിപ്പെടുത്താൻ ട്രംപും മോദിയും ഒരുപോലെ താത്പര്യപ്പെടുമെന്നാണു സൂചന.
കച്ചവടക്കണ്ണിലെ കുടുക്ക്
സൈനിക ഇടപാടുകളിലും വ്യവസായ, വാണിജ്യ, വ്യാപാര ഇടപാടുകളിലും അമേരിക്കയുടെ കച്ചവടക്കണ്ണാകും ഇന്ത്യക്കു വെല്ലുവിളി. റഷ്യ- യുക്രെയ്ൻ യുദ്ധത്തോടും ഇസ്രയേൽ- ഹമാസ്- ഇറാൻ അടക്കമുള്ള പശ്ചിമേഷ്യൻ യുദ്ധത്തോടും ജോ ബൈഡന്റെ സമീപനമായിരിക്കില്ല ട്രംപിന്റേത്. ട്രംപിന്റെ ആദ്യ ടേമിൽ, പാരീസ് കാലാവസ്ഥാ ഉടന്പടികളും ഇറാൻ ആണവ കരാറും ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കരാറുകളിൽ അമേരിക്ക പുറത്തുകടക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിരുന്നു.
അമേരിക്കൻ താത്പര്യങ്ങൾക്കു വലിയ മുൻഗണന നൽകുന്ന ട്രംപിന്റെ കച്ചവട തന്ത്രങ്ങളോടു കിടപിടിക്കാൻ മോദിസർക്കാരിനു കഴിയുക ദുഷ്കരമാകും. യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസം ഇന്ത്യയുടെ പണനയത്തിലും പ്രതിഫലിക്കും. അമേരിക്കയുടെ വ്യാപാര കമ്മി കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സാന്പത്തിക സമീപനങ്ങളെയും ബാധിക്കാതിരിക്കില്ല.