ലോകം ട്രംപിലേക്ക് ചുരുങ്ങുമോ?
ട്രംപ് വീണ്ടും പ്രസിഡന്റാകുന്പോൾ അമേരിക്കയും ലോകവും തമ്മിലുള്ള ബന്ധത്തിൽ പൊളിച്ചെഴുത്തലുകളുണ്ടാകും. റഷ്യയെ നേരിടാൻ യുക്രെയ്നെ സഹായിക്കുകയും ഗാസയിൽ വെടിനിർത്താൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന ജോ ബൈഡന്റെ സമീപനമായിരിക്കില്ല ട്രംപിൽനിന്നുണ്ടാവുക.
പശ്ചിമേഷ്യ
ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന യുദ്ധങ്ങൾക്കു പിന്തുണ നല്കുന്ന സമീപനമാണ് ട്രംപിൽനിന്നു പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു മുന്പ് പറഞ്ഞിട്ടുണ്ട്.
ട്രംപിന്റെ ഒന്നാം ഭരണകാലത്താണ് അമേരിക്കൻ എംബസി ടെൽ അവീവിൽനിന്നു ജറൂസലെമിലേക്കു മാറ്റുന്നത്. സിറിയയിൽനിന്നു പിടിച്ചെടുത്ത ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്റെ അവകാശം ട്രംപ് അംഗീകരിച്ചു.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനുള്ള ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
ഇറേനിയൻ ജനറൽ ഖാസെം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതും ട്രംപാണ്. യുഎഇ, ഖത്തർ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടിക്കും പിന്നിലും ട്രംപ് ആയിരുന്നു. ചുരുക്കത്തിൽ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്കുള്ള അമേരിക്കൻ പിന്തുണ ട്രംപിന്റെ രണ്ടാംഭരണത്തിൽ ശക്തിപ്പെടാനാണു സാധ്യത. ഇസ്രയേലിനെ എതിർക്കുന്ന ഇറാനും ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനകൾക്കും നല്ലകാലമായിരിക്കില്ല.
യുക്രെയ്ൻ യുദ്ധം
വീണ്ടും പ്രസിഡന്റായാൽ 24 മണിക്കൂറിനുള്ളിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി നല്ല അടുപ്പം ട്രംപിനുണ്ടെന്നു പറയുന്നു. റഷ്യൻ അധിനിവേശം നേരിടാൻ യുക്രെയ്ന് അമേരിക്ക സഹായം നല്കുന്നതിനോട് ട്രംപിനു താത്പര്യമില്ല. റഷ്യയുമായി വെടിനിർത്തലുണ്ടാക്കാൻ യുക്രെയ്നുമേൽ ട്രംപ് സമ്മർദം ചെലുത്തുമെന്ന ഭീതിവരെ യൂറോപ്യൻ നേതൃത്വത്തിനുണ്ട്.
ചൈന
വ്യാപാരം, തായ്വാൻ എന്നീ രണ്ടു പ്രധാന വിഷയങ്ങളിലാണ് അമേരിക്കയും ചൈനയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുള്ളത്. ബിസിനസുകാരൻ കൂടിയായ ട്രംപിന് വ്യാപാരത്തിലാണ് താത്പര്യം. അദ്ദേഹത്തിന്റെ ആദ്യ ഭരണത്തിൽ ചൈനയ്ക്കു വലിയ തോതിൽ ചുങ്കം ചുമത്തിയിരുന്നു. ചൈനയിലെ മനുഷ്യാവകാശധ്വംസനങ്ങൾക്കൊന്നും ട്രംപ് പ്രാധാന്യം കൊടുക്കുന്നില്ല. ചൈനയിലെ ഏകാധിപതി ഷി ചിൻപിംഗിനോടു ചെറിയ മമതയുമുണ്ട്.
നാറ്റോയുടെ ഭാവി
ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായതിൽ യൂറോപ്യൻ നേതൃത്വത്തിനു കടുത്ത ആശങ്കയുണ്ട്. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിൽനിന്ന് അമേരിക്കയെ പിൻവലിക്കുമെന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്.
അമേരിക്ക മാത്രമല്ല, മറ്റെല്ലാ അംഗങ്ങളും നാറ്റോയിലേക്കുള്ള വിഹിതം വർധിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കിൽ, റഷ്യൻ ആക്രമണം നേരിടുന്ന സമയത്ത് സഹായിക്കാൻ അമേരിക്ക ഉണ്ടാകില്ലെന്നു ഭീഷണി മുഴക്കിയിട്ടുണ്ട്.