സിജുമോൻ ഫ്രാൻസിസ്
സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങൾ അറിയാൻ പൗരന് ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ടെന്ന് പൊതുവേ പറഞ്ഞുകേൾക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഒരു വിവരാവകാശ അപേക്ഷ കൊടുത്തു.
01-01-2016 മുതൽ 15-10-2024 വരെ പിഎസ്സി എത്ര പേർക്ക് സർക്കാരിലും ബന്ധപ്പെട്ട മറ്റ് അർധസർക്കാർ സ്ഥാപനങ്ങളിലും ജോലി കൊടുത്തിട്ടുണ്ട്, ഈ കാലയളവിൽ എത്ര റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചുപോയിട്ടുണ്ട്, ഈ കാലളവിൽ ഒരാളെപ്പോലും നിയമിക്കാതെ എത്ര റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിച്ചുപോയിട്ടുള്ളത് എന്നിവയായിരുന്നു ചോദ്യങ്ങൾ. ഉത്തരം കണ്ടപ്പോൾ സത്യത്തിൽ സർക്കാരിനോടല്ല, ഈ സർക്കാരിന് ഇൻക്വിലാബ് വിളിക്കുന്ന ഇവിടത്തെ യുവതലമുറയോടാണു സഹതാപം തോന്നിയത്.
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രണ്ടു കാര്യങ്ങളാണ് ഇന്ന് കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരോട് സർക്കാർ സംവിധാനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
പിഎസ്സി നിയമനങ്ങളും കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകളും
2016-17 വർഷം 2,432 പേർക്ക് സർക്കാർ സർവീസിൽ നേരിട്ടു ജോലി കൊടുത്തപ്പോൾ അർധസർക്കാർ സ്ഥാപനങ്ങളിൽ 25,392 പേർക്കും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി 9,336 പേർക്കും ജോലികൊടുത്തു.
ആ വർഷം മാത്രം ആകെ 657 റാങ്ക് ലിസ്റ്റുകൾ കാലാവധി അവസാനിച്ചുപോയപ്പോൾ അതിൽ 11 റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒരാൾക്കുപോലും നിയമന ഉത്തരവ് നൽകിയിരുന്നില്ല എന്നുള്ളത് സർക്കാർ സംവിധാനങ്ങൾക്ക് ഇവിടത്തെ യുവതലമുറയോടുള്ള കരുതലിന്റെ അളവുകോലായി കണക്കാക്കേണ്ടിവരും.
2017-18ലും 2018-19ലും സർക്കാർ സർവീസിൽ യഥാക്രമം 829; 3,941 പേരും, സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി യഥാക്രമം 3,779; 2,337 പേരെ നിയമിച്ചപ്പോൾ 366 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടുപോയി. അതിൽ എട്ട് ലിസ്റ്റുകളിൽനിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടുമില്ല. 2019-20ൽ 482 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടപ്പോൾ അതിൽ ഒരാളെപ്പോലും നിയമിക്കാത്ത അഞ്ച് റാങ്ക് ലിസ്റ്റുകൾ.
2020-21ൽ 1,120 പേർക്ക് സർക്കാർ സർവീസിൽ നേരിട്ടു ജോലി കൊടുത്തപ്പോൾ അർധസർക്കാർ സ്ഥാപനങ്ങളിൽ 17,733 പേർക്കും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി 3,259 പേർക്കും ജോലി കൊടുത്തു. 562 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടു. 2021-22ൽ 814 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടപ്പോൾ 2022-23ൽ 453 റാങ്ക്് ലിസ്റ്റുകൾ കാലഹരണപ്പെട്ടു. ഒരാളെപ്പോലും നിയമിക്കാതെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ 25 എണ്ണം.
ഇക്കാലയളവിൽ 1,354 പേർക്ക് സർക്കാർ സർവീസിൽ നേരിട്ട് ജോലി കൊടുത്തപ്പോൾ അർധസർക്കാർ സ്ഥാപനങ്ങളിൽ 17,437 പേർക്കും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി 4,491 പേർക്കും ജോലി കൊടുത്തു.
അർധസർക്കാർ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലും നടക്കുന്ന നിയമനങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്നുള്ളത് പകൽപോലെ വ്യക്തമാണ്. ഇവിടെയാണ് സർക്കാരിലേക്ക് നേരിട്ടുള്ള നിയമനങ്ങൾ ഗണ്യമായി കുറയുകയും മറ്റു നിയമനങ്ങൾ കൂടുകയും ചെയ്യുന്നതിനെ വിശകലനം ചെയ്യേണ്ടത്.
വിരമിച്ചവരുടെ പുനർനിയമനങ്ങൾ
രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുകയും കേരളത്തിൽനിന്നു യുവതലമുറ കൂട്ടത്തോടെ പലായനം ചെയ്യുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോൾ രാജു വാഴക്കാല എന്ന വിവരാവകാശ പ്രവർത്തകൻ സർക്കാരിൽ മറ്റൊരു വിവരാവകാശ അപേക്ഷ കൊടുത്തു.
സർക്കാരിന്റെ വിവിധ പദ്ധതികളുടെയും കോർപറേഷനുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്ത് ഐഎഎസ്, ഐപിഎസ് സർവീസിൽനിന്ന് വിരമിച്ച എത്ര പേർക്ക് സർക്കാർ പുനർനിയമനം നൽകി നിയമിച്ചിട്ടുണ്ടെന്നും അവരുടെ ശമ്പളവും ആനുകൂല്യങ്ങളും എത്രയാണ് എന്നുള്ളതുമായിരുന്നു ചോദ്യം.
മറുപടി ഇങ്ങനെ:
കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് ചെയർമാൻ, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ചെയർമാന്, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി മെംബർ, കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, കേരള റബർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, കേരള കാഷ്യു ബോർഡ് ലിമിറ്റഡ് ചെയർമാന്, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തുടങ്ങിയ തസ്തികളിലെല്ലാം വിരമിച്ച ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥരെയാണു നിയമിച്ചത്.
ഇവരുടെ ശന്പളം കേട്ടാൽ ഞെട്ടും. ഒരു സാധാരണക്കാരന് ഒരു വർഷം കിട്ടുന്നതിലേറെയാണ് ഇവർക്ക് ഒരു മാസം കിട്ടുന്നത്. അതിഭീമമായ ഈ തുക നൽകാന് ഒരു മനസാക്ഷിക്കുത്തുമില്ല.
ഇവിടെയും ലിസ്റ്റ് പൂർണമാണെന്നു പറയാനാകില്ല. കൊച്ചി മെട്രോ എംഡിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവോ, അനുവദിച്ചിരിക്കുന്ന ശമ്പളമോ, ആനുകൂല്യങ്ങളോ വിവരാവകാശ മറുപടിയിൽ തന്നിട്ടില്ല. ശമ്പളം നിശ്ചയിക്കാൻ ധനവകുപ്പിന്റെ മുന്നിലെത്തിയ ഫയലിൽ ഇദ്ദേഹം അവസാനം വാങ്ങിയ ശമ്പളമായ 2,25,000 രൂപയും മറ്റ് അലവൻസുകളും കൊടുത്താണു നിയമനം. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള മന്ത്രിസഭാ കുറിപ്പിൽ പൊതുഭരണ സെക്രട്ടറി അടക്കമുള്ള ഐഎഎസുകാർക്ക് ജോലിഭാരം കൂടുതലാണെന്നും അഖിലേന്ത്യാ സർവീസിൽനിന്നു മറ്റ് യോഗ്യരായവരെ കിട്ടാനില്ലാത്തതിനാലും മൂന്നു വർഷത്തേക്ക് കൊച്ചി മെട്രോ എംഡിയായി നിയമിക്കാനാണ് 17-08-2021ലെ മന്ത്രിസഭാകുറിപ്പ്.
കശുവണ്ടി വികസന കോർപറേഷൻ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ അഖിലേന്ത്യാ സർവീസിൽനിന്നുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് ഏതു നിയമത്തിലാണ് പറഞ്ഞിരിക്കുക? ഇതൊക്കെ രാഷ്ട്രീയ നിയമനങ്ങളാണെന്നുള്ളതിൽ ആർക്കും സംശയങ്ങളില്ല. രാഷ്ട്രീയക്കാർ അങ്ങനെയായതിനാൽത്തന്നെ അവരെ മാറ്റിനിർത്തിയാൽ, കേരളത്തിലെ പൊതുസമൂഹത്തിന് ഒന്നേ ചോദിക്കാനുള്ളൂ; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമനത്തിനായി സെക്രട്ടേറിയറ്റിന്റെ മുന്നിൽ പുല്ല് തിന്നുന്നതും, സ്വന്തം നാട്ടിൽ ജോലിയും കൂലിയുമില്ലാതെ അന്യനാട്ടിൽ പോയി ശൗചാലയം വരെ കഴുകേണ്ടിയുംവരുന്ന ഒരു ഗതികെട്ട തലമുറയെ നിങ്ങൾ കാണുന്നില്ലേ? ജനാധിപത്യമൂല്യങ്ങളെ ബലികൊടുത്തതിനുള്ള ആശ്രിതനിയമനങ്ങളല്ലേ ഇതൊക്കെയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റ് പറയാനൊക്കുമോ? സെക്രട്ടേറിയറ്റിൽനിന്ന് ഒരു വിളിപ്പാടകലെ വിശപ്പകറ്റാൻ നാല് കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നുന്നതിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ആരും മറക്കാൻ സമയമായിട്ടില്ല. അവിടെയാണ് ഉന്നതമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി സർക്കാർ സർവീസിൽ പത്തും മുപ്പതും വർഷം സേവനം ചെയ്തു വിരമിച്ചവരെ അതിലും ഉയർന്ന ശമ്പളത്തിൽ പുനർനിയമനം നൽകി ആശ്രിതരായി നിലനിർത്തുന്നത്. മനസ് മടുത്ത തലമുറയാണ് നാടു വിടുന്നത്. അവരാകട്ടെ 17നും 25നും ഇടയിൽ പ്രായമുള്ള, ഇവിടെ ജീവിച്ച്, ഇവിടെ വിവാഹം കഴിച്ച്, ഇവിടെ അടുത്ത തലമുറയെ ജനിപ്പിച്ച്, കേരളത്തിന്റെ സംസ്കാരവും പാരമ്പര്യങ്ങളും നിലനിർത്തേണ്ട യുവതലമുറയാണ് എന്നതു മറക്കാൻ പാടില്ല.
വിത്ത് കുത്തി സദ്യ നടത്തുന്നവർ
വിരമിച്ചവരെ പെൻഷനും ഉയർന്ന ആനുകൂല്യങ്ങളും നൽകി തുടർനിയമനം നടത്തി പ്രതിഷ്ഠിക്കുമ്പോൾ ഇവിടെ യുവതലമുറയുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണ്. 2024 ജൂലൈ മാസത്തെ കണക്കനുസരിച്ച് ആകെ 5,45,413 സർക്കാർ ജീവനക്കാർ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്നു. ഇവരിൽനിന്നും കഴിവ് തെളിയിച്ചവരെ ഒഴിവ് വരുന്ന ഉന്നത തസ്തികകളിൽ നിയമിച്ചാൽ താഴെത്തട്ടിൽ നിയമനങ്ങൾ നടത്താനാവുന്നതോടൊപ്പം, ഭാരിച്ച സാമ്പത്തികബാധ്യതകൾ ഒഴിവാക്കാനുമാകും. കൂടാതെ, ഒരാളെപ്പോലും നിയമിക്കാതെ കാലഹരണപ്പെട്ടുപോകുന്ന റാങ്ക് ലിസ്റ്റുകളുടെ എണ്ണവും കുറയ്ക്കാം. അതുതന്നെയല്ലേ സാമൂഹ്യനീതി എന്നു പറയുന്നതും. ഇപ്പോൾ സർക്കാർ സേവനങ്ങൾ നേരിട്ടു നടത്തുന്നത് ഒഴിവാക്കി ബഹുഭൂരിപക്ഷവും കരാർ കൊടുത്താണു ചെയ്യിക്കുന്നത്. ഈ കരാർ എടുക്കുന്നതിൽ ഭൂരിപക്ഷവും വിരമിച്ചവർ തന്നെയാണ്.
അങ്ങനെ സർക്കാർ ധനം വിരമിച്ചവരിലേക്ക് ഒഴുകുകയും ആശയറ്റ യുവതലമുറ നാടുവിടുകയും ചെയ്യുമ്പോൾ ഇവിടെ അവശേഷിക്കുന്നത് കുറേ വൃദ്ധജനങ്ങൾ മാത്രമാണെന്ന തിരിച്ചറിവുള്ള ഒരു ഭരണാധികാരിക്ക് സമാധാനത്തോടെ എങ്ങനെയാണ് ഉറങ്ങാൻ കഴിയുക? 25 വർഷം കഴിയുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖല ഇന്നു പാശ്ചാത്യരാജ്യങ്ങൾ അഭിമുഖീകരിക്കുന്നതിലും വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നുമുള്ള തിരിച്ചറിവ് എന്തേ നമ്മുടെ ഭരണാധികാരികൾക്ക് ഇല്ലാതെപോകുന്നു?