ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയുള്ള അപക്വവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഇന്ത്യ-കാനഡ ഉഭയകക്ഷിബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് കനേഡിയൻ ഹൈക്കമ്മീഷന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് കനേഡിയൻ നിലപാട് ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയതെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വിവാദങ്ങൾ നടക്കുന്നത് എന്നതു ശ്രദ്ധേയമാണ്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ നടക്കുന്നതായി കഴിഞ്ഞമാസം 29ന് കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ് പാർലമെന്റിലെ പബ്ലിക് സേഫ്റ്റി ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റിയുടെ അംഗങ്ങളെ അറിയിച്ചിരുന്നു.
കനേഡിയൻ പൗരന്മാരെ വകവരുത്താനുള്ള ഗൂഢശ്രമങ്ങളിൽ അമിത്ഷാ പങ്കാളിയാണെന്നു താൻ ഒരു അമേരിക്കൻ പത്രത്തോട് വെളിപ്പെടുത്തിയതായും മോറിസണ് പാർലമെന്റിൽ പറഞ്ഞു. ഇതും ഇന്ത്യക്ക് നാണക്കേടായിത്തീർന്നു. എല്ലാ മര്യാദകളും ലംഘിച്ചുള്ള ഇത്തരമൊരു നടപടി തികച്ചും അനുചിതമായിപ്പോയെന്നു പറയാതെ തരമില്ല. ഇത്തരം നിരുത്തരവാദപരമായ സമീപനം ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധത്തിനു കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് ജയ്സ്വാൾ പ്രതികരിച്ചിട്ടുണ്ട്.
ആരോപണ-പ്രത്യാരോപണങ്ങൾ
ഇന്ത്യ നടത്തുവെന്ന് ആരോപിക്കപ്പെടുന്ന ഖാലിസ്ഥാൻ വിരുദ്ധ നീക്കങ്ങളെ 1984ലെ സിഖ് വിരുദ്ധ കലാപവുമായി താരതമ്യപ്പെടുത്തിയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ്പ്രതികരിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ഈയവസരം ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് മിക്കവരും ഉപയോഗിച്ചത്.
ഖലിസ്ഥാൻ അനുകൂലിയായ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം, ഒട്ടാവയിലെ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് വർമയെയും ഏതാനും ചില ഉദ്യോഗസ്ഥരെയും നീക്കം ചെയ്താണ് ഇന്ത്യ പ്രതികരിച്ചത്. സഞ്ജയ് വർമയ്ക്കു നിജ്ജാർ വധത്തിൽ പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം.
തുടർന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാനഡയുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഭീഷണിപ്പെടുത്തുന്ന മട്ടിലുള്ള ഇത്തരം സമീപനം ഇന്ത്യൻ ഉദ്യോഗസ്ഥർക്കു മേലുള്ള കടുത്ത മാനസികപീഡനമാണെന്നും ജയ്സ്വാൾ പറഞ്ഞു. ലോകം അംഗീകരിച്ച നയതന്ത്ര മര്യാദകളും മാനദണ്ഡങ്ങളും ലംഘിക്കുന്ന ഇത്തരം കാര്യങ്ങളിലൂടെ ബന്ധങ്ങൾ കൂടുതൽ വഷളാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിവു കൈമാറാതെ ആരോപണം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒക്ടോബറിൽ സിംഗപ്പുരിൽ വച്ചു കനേഡിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലും നിജ്ജാർ വധവുമായി ബന്ധപ്പെട്ട ഒരു തെളിവും അവർ ഇന്ത്യക്ക് കൈമാറിയില്ല. 23 വർഷമായി കനേഡിയൻ പാർലമെന്റിൽ നടത്തിവന്നിരുന്ന ദീപാവലി ആഘോഷങ്ങൾ പ്രതിപക്ഷ നേതാവ് റദ്ദാക്കിയ നടപടി എരിതീയിൽ എണ്ണയൊഴിക്കുന്നതായി. ഇത് കാനഡയിലെ ഹിന്ദുസമൂഹത്തെയും വേദനിപ്പിച്ചു.
അടുത്തിടെ ഖലിസ്ഥാൻ വാദികൾ കാനഡയിലെ ഹിന്ദു മഹാസഭയുടെ കീഴിലുള്ള ബ്രാണ്ടണ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രകടനം നടത്തി. പിന്നീട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇടപെടലിനെത്തുടർന്ന് ഇവിടെ സുരക്ഷ വർധിപ്പിച്ചു. എന്നിരുന്നാലും ജസ്റ്റിൻ ട്രൂഡോ സിഖ് സമുദായത്തോട് അനുഭാവവും അവരുടെയിടയിൽ ശക്തമായ പിന്തുണയുമുള്ള ഒരു നേതാവ് തന്നെയാണ്.
ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ കരസ്ഥമാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം. ഇരു രാജ്യങ്ങൾക്കുമിടയിൽ ഇത്രയധികം പ്രശ്നങ്ങൾ നിലനിൽക്കുന്പോഴും, ദീപാവലിയോടനുബന്ധിച്ച് മൂന്നു ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം മറന്നില്ല. അവിടെനിന്നും ലഭിച്ച ഏലസുകൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാനും അവയുടെ ശക്തിയെ പുകഴ്ത്താനും മടി കാട്ടിയില്ല. പക്ഷേ, അടുത്തിടെ കാനഡ പുറത്തിറക്കിയ സൈബർ സുരക്ഷാ റിപ്പോർട്ടിൽ, ചരിത്രത്തിലാദ്യമായി അവർ ഇന്ത്യയെ എതിരാളി എന്ന് വിശേഷിപ്പിച്ചു.
ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമുള്ള സ്ഥാനമാണ് ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കുമുള്ളത്. നയതന്ത്ര ബന്ധങ്ങൾ ഏറ്റവും വഷളായ അവസ്ഥയിൽ നിൽക്കുന്പോഴാണ് ഈ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഇതിനെ അസംബന്ധം എന്നു വിളിച്ച് തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തത്.
ട്രൂഡോയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഹിന്ദുക്കളുടെയും സിഖുകാരെയും പിന്തുണ ട്രൂഡോയ്ക്ക് അവശ്യമാണ്. സ്വന്തം പാർട്ടിയിൽനിന്നുയരുന്ന അപസ്വരങ്ങൾക്കിടയിലും അദ്ദേഹം ഭരണം തുടർന്നുപോരുന്നുണ്ട്. അതിനിടയിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷമായ കണ്സർവേറ്റീവുകളെ നേരിടാൻ ട്രൂഡോയ്ക്ക് കെല്പില്ല എന്ന ആരോപണമാണു ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗ് ഉയർത്തുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കണ്സർവേറ്റീവുകൾ അനായാസം ജയിക്കുമെന്നാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും സിഖ് സമുദായത്തിന്റെ പിന്തുണയുള്ള ജഗ്മീതിന്റെ പാർട്ടി ട്രൂഡോയ്ക്കൊപ്പം നിൽക്കുമെന്നു തന്നെയാണു കരുതപ്പെടുന്നത്.
ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ സുസ്ഥിതിക്കും സന്തോഷത്തിനുമായി കാനഡയും ഇന്ത്യയും ഒന്നിച്ചു പോകണമെന്നു തന്നെയാണ് ട്രൂഡോയുടെയും നിലപാട്. കാനഡയുടെ ജനസംഖ്യയിൽ അഞ്ചു ശതമാനത്തോളം വരുന്ന സിഖ് മതസ്ഥർ ഇരുരാജ്യങ്ങളെയും തമ്മിൽ കോർത്തിണക്കുന്ന അനിഷേധ്യ ഘടകമാണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ കാനഡയിലെത്തുന്നത് ഇന്ത്യയിൽനിന്നാണ്. വളരെ മികച്ച വ്യാപാരബന്ധങ്ങളും ഇരുവർക്കുമിടയിലുണ്ട്. പരസ്പരം അതിർത്തി തർക്കങ്ങളും മറ്റുമില്ലാത്ത രാജ്യങ്ങളായതിനാൽ, ഇന്ത്യയും കാനഡയും സുഹൃത്തുക്കളായി കഴിയുന്നതാണ് ഉത്തമം. രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കാനും സുഹൃദ്ബന്ധങ്ങൾ മുറിയാതെ കാത്തുസൂക്ഷിക്കാനും നമുക്കു കഴിയണം.