ഡോ. മാത്യു ചന്ദ്രൻകുന്നേൽ സിഎംഐ
സത്യത്തെ ആവാഹിച്ച് അതിന്റെ ബഹിസ്ഫുരണമായ സൗന്ദര്യത്തെ ഉപാസിച്ച്, ജ്ഞാനത്തിന്റെ മൂശയിൽ എല്ലാ അന്വേഷണങ്ങളെയും സമഗ്രമായി സമന്വയിച്ച്, സ്നേഹത്തിന്റെ പുഷ്പദലങ്ങൾ ലോകമെങ്ങും വിതറി പാരസ്പര്യത്തിന്റെ നവലോകസൃഷ്ടിക്കായി മതാന്തര സംവാദത്തിന്റെയും അതിഭൗതിക ലോകത്തിന്റെയും ആധാരശിലകൾ ശാന്തിയിലും പുരോഗതിയിലും പടുത്തുയർത്തിയ മഹാനുഭാവനാണ് നിത്യചൈതന്യ യതി. ഗുരു നിത്യചൈതന്യയതി ദേഹം വെടിഞ്ഞിട്ട് 25 വർഷവും ഭൂജാതനായിട്ട് നൂറു വർഷവും പൂർത്തിയാകുകയാണ്. ശാന്തം, ദീപ്തം, സൗമ്യം, ചേതോഹരം എന്നീ വാക്കുകളിലൊതുക്കാം ഗുരു നിത്യചൈതന്യ യതിയുടെ ബൃഹത്തായ ജീവിതപഥം. ഒരിക്കലും വിക്ഷുബ്ധനായി യതിയെ ആരും കണ്ടിട്ടില്ല.
◄ചൈതന്യപഥം►
കേരളത്തിന്റെ ധൈഷണിക നഭസിൽ ഉൽപതിഷ്ണുത്വത്തിന്റെയും സമന്വയത്തിന്റെയും സംയമനത്തിന്റെയും സ്നേഹസാന്ദ്രമായ ജ്ഞാനനക്ഷത്രമായി ജ്വലിച്ചുനിന്ന മഹാരഥന്മാരിൽ അഗ്രഗണ്യനാണ് നിത്യചൈതന്യ യതി. രാഘവപണിക്കർ എന്ന അധ്യാപകന്റെയും വാമാക്ഷിയമ്മയുടെയും പുത്രനായി നവംബർ രണ്ടിന് 1924ൽ പത്തനംതിട്ടയിൽ ജനിച്ച കെ.ആർ. ജയചന്ദ്രപണിക്കരാണ് പിൽക്കാലത്ത് നിത്യചൈതന്യ യതിയായി അവതരിച്ച് ഏറെക്കാലം ഊട്ടിയിലെ ഫേൺഹിൽ നാരായണ ഗുരുകലാധിപതിയായി ഏവരെയും സമാകർഷിച്ച് 1999 മേയ് പതിനാലിന് നിത്യതയിലേക്ക് എടുക്കപ്പെട്ടത്.
മലയാളത്തിൽ 120 ഗ്രന്ഥങ്ങളും ഇംഗ്ലീഷിൽ ഇരുപതുമുൾപ്പെടെ അസംഖ്യം ലേഖനങ്ങളും അഭിമുഖങ്ങളും മുഖവുരകളും കവിതകളും വ്യാഖ്യാനങ്ങളും രചിച്ച് കേരള ധൈഷണിക, മാനവ, മതാന്തര മേഖലകളെയാകെ ഉത്തേജിപ്പിച്ച് നവമായൊരു ദിശാബോധം നൽകി. പക്ഷാഘാതം വന്നെങ്കിലും സഞ്ചാരവും പ്രസംഗങ്ങളും എഴുത്തും നിർവിഘ്നം തുടർന്ന്, മരണമടുത്തു എന്ന അറിവിൽ സ്ത്രീജനങ്ങളെ തന്റെ സമീപത്തുനിന്ന് എന്തൊക്കെയോ വാങ്ങിക്കാനായി അയച്ച്, സമാധാനത്തിൽ നിത്യചൈതന്യത്തിലേക്ക് യതി വിലയംപ്രാപിക്കുകയും ചെയ്തു.
◄യതി എന്ന ആത്മീയഗുരു►
ഞാൻ നിത്യചൈതന്യ യതിയുടെ അടുത്തെത്തിയപ്പോൾ വൈദികപട്ടം കഴിഞ്ഞ് ഒരു വർഷമേ ആയിരുന്നുള്ളൂ. നല്ല ക്ലീൻ ഷേവായി ചെറുപ്പക്കാരനായി ചെന്ന എന്നെ നീണ്ട താടിമീശയും മുടിയും താടിയുമെല്ലാം നരച്ച യതി ഫാദർ എന്നു വിളിച്ചപ്പോൾ ഞാൻ ചൂളിപ്പോയി. വിനയപുരസരം ഞാൻ അദ്ദേഹത്തോടപേക്ഷിച്ചു. കണ്ടാൽ ബാവാതന്പുരാന്റെ പ്രതിച്ഛായയുള്ള അങ്ങ് എന്നെ ഫാദർ എന്നു വിളിക്കരുതേയെന്ന് ഞാൻ പറഞ്ഞു. ചെറിയൊരു പുഞ്ചിരിയോടുകൂടി യതി, ഇനിയങ്ങനെ വിളിക്കില്ല, പക്ഷേ, ഒരു കത്തോലിക്കാ പുരോഹിതൻ എന്നും ഒരു ഫാദറാണെന്ന് പറഞ്ഞത് ഇന്നും എന്റെ കർണങ്ങളിൽ മുഴങ്ങുന്നു. ഇതുപോലെ പല മെത്രാന്മാരെയും ഞാൻ തിരുമേനി എന്നു വിളിക്കും, മറിച്ചൊന്നും പറഞ്ഞില്ലെങ്കിൽ ഞാനാ വിളി തുടരുമെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ “ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ആത്മീയ, സാംസ്കാരിക തത്വത്തെ ആസ്പദമാക്കി എല്ലാ മതങ്ങളെയും താത്പര്യപൂർവം പഠിച്ച് മനസിലാക്കി, ആഴത്തിൽ മനനം ചെയ്ത്, ധ്യാനിച്ച് പാകം വന്നതായിരുന്നു യതിയുടെ ആത്മീയത. ഏകതാനതയോടെ എല്ലാ മതങ്ങളെയും വീക്ഷിക്കാനും അവയിലെ നന്മകളറിഞ്ഞ് ഉള്ളിലേക്ക് ആവാഹിക്കാനും യതി എന്ന ഗുരു ശ്രമിച്ചു. എല്ലാ ആത്മീയഗുരുക്കന്മാരെയും ആദരിച്ച് ഭക്തിയുടെ പുറംമോടികളില്ലാതെ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിൽ ഉരുക്കി ഊതിക്കാച്ചിയെടുത്ത് സ്ഫുടം ചെയ്ത ആത്മീയതയായിരുന്നു യതിയുടേത്.
ഊട്ടിയിൽ നടന്ന ഒരു സർവമത ക്രിസ്മസ് സമ്മേളനത്തിനു സന്ദേശം എഴുതാനായി ഗുരു എന്നെ വിളിച്ചു. കടലാസും പേനയുമെടുത്ത് എഴുതാനിരുന്ന എന്നോട് അദ്ദേഹം പറഞ്ഞു:, “ദൈവത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ പദങ്ങൾ അറബിയിലാണ്; റഹ്മാൻ, റഹിം എന്നീ വിശേഷണങ്ങൾ, കൃപാലുവും കരുണാമയനുമായ ദൈവം.” ഇതു കടലാസിലേക്കു പകർത്താൻ തുനിഞ്ഞ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഹിന്ദു സന്യാസിയായ യതി ക്രൈസ്തവ സന്യാസിയായ എന്നോട് ദൈവത്തെക്കുറിച്ചു വിവരിക്കാൻ തുനിഞ്ഞപ്പോൾ കണ്ടെത്തിയ ഏറ്റവും മനോഹരമായ പദങ്ങൾ ഇസ്ലാം മതത്തിൽനിന്നുള്ളതായിരുന്നു. ആത്മീയതയുടെ ആഴവും പരപ്പും ഉള്ളിൽ തട്ടിയുള്ള ഉണ്മയുടെ സൗന്ദര്യശാസ്ത്രവും മതാന്തര സംവേദനങ്ങൾക്കുള്ള ഉത്തമനിദർശനമായും എന്നും എന്റെ ഹൃദയത്തിൽ തെളിമയോടെ പ്രഭ വിതറി നിൽക്കുന്നു, ഈ അനുഭവം.
◄ഗുരുവും മഹർഷിയും►
നിത്യയുടെ ജീവിതഗതി വഴിതിരിച്ചുവിട്ടതായിരുന്നു രമണമഹർഷിയുമായുണ്ടായ കണ്ടുമുട്ടൽ. അത് സ്വയം കണ്ടെത്തുന്നതിലേക്കും രമണമഹർഷിയെപ്പോലെ മൗനമുദ്രിതമായ വാത്മീകത്തിൽ വല്ലപ്പോഴും ഒളിച്ചിരിക്കാനും നിത്യക്ക് അധ്യാപനം നൽകി.
രമണമഹർഷിയുടെ സമാധിദിനത്തിൽ നിത്യ അവിടെയുണ്ടായിരുന്നു. മഹർഷിയുടെ പുറത്തെ കാൻസർ വ്രണം പഴുത്ത് കടുത്ത വേദനയുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ എന്ത് എന്ന മട്ടിൽ മഹർഷി നിർവികാരനായി സാധാരണപോലെ ജീവിച്ചിരുന്നു. ആശ്രമത്തിൽനിന്ന് കരച്ചിലും വിലാപങ്ങളും അലമുറയും ഉയർന്നുകേൾക്കാമായിരുന്നു. ആ രാത്രിയിൽ ജനൽക്കന്പിയിൽ പിടിച്ച് പുറത്തുനിന്നിരുന്ന നിത്യ ആകാശത്തിലേക്ക് നോക്കിയപ്പോൾ ഒരു പ്രകാശഗോളം അരുണാചല മലയുടെ ഉച്ചിയിലേക്ക് നീങ്ങുന്നതു കണ്ടു. തന്റെ ചുറ്റും നിന്നവരെ നിത്യ വിളിച്ചുകാണിച്ചു കൊടുത്തു. തുടർന്ന് മരണാസന്നനായ രമണമഹർഷിയെ നിരീക്ഷിച്ചപ്പോൾ അദ്ദേഹം പറന്നകന്നതായി മനസിലായി. ഒരു തേജപുഞ്ജമായി രമണ മഹർഷി കാലാതീതനായി എന്ന് നിത്യക്ക് വ്യക്തമായി. അലമുറയും വിലാപവും ഒഴിവാക്കാനാണ് നിത്യയും തന്റെ അവസാനസമയത്ത് എന്നും കൂടെയുണ്ടായിരുന്ന ജ്യോതിയെപ്പോലുള്ളവരെ തന്റെ സവിധത്തിൽനിന്ന് ഊട്ടി ടൗണിലേക്ക് പറഞ്ഞുവിട്ടത്. ശാന്തമായി നിത്യതയിൽ വിലയം പ്രാപിക്കാൻ നിത്യ ആഗ്രഹിച്ചിരിക്കണം. മരണം പരിധിയില്ലാത്ത ആത്മാവിന്റെ ജന്മമാണെന്ന് നിത്യ അഭിപ്രായപ്പെടുന്നു. അതിനെയാണ് ക്രൈസ്തവ സഭ പഠിപ്പിക്കുന്നതും. മരണം നിത്യതയിലേക്കുള്ള ജനനം.
അതുകൊണ്ട് ശരീരത്തെ പീഡിപ്പിക്കാനോ കൊടിയ ദാരിദ്ര്യം അനുഭവിക്കാനോ നിത്യ മുതിർന്നിട്ടില്ല. ആത്മാവ് ഇരുണ്ട രാത്രിയിൽ കഴിയരുതെന്നും എന്നും മനുഷ്യരുടെ സഹവാസത്തിലും താനെന്ന ഭാവത്തെ നിഷേധിച്ചും ഉന്നതങ്ങളിൽനിന്നു ലഭിക്കുന്ന കൃപയിൽ ആശ്രയിച്ചും ജീവിക്കണമെന്നാണ് നിത്യയുടെ പക്ഷം. എല്ലാ മഹാത്മാക്കളുടെയും സദ്വചനങ്ങൾ മനുഷ്യർക്കെന്നും വഴികാട്ടിയായിരിക്കും എന്ന് നിത്യ അനുഭവത്തിൽനിന്നു സാക്ഷിക്കുന്നു. രമണമഹർഷിയോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കി അരുണാചലമലയിൽവച്ച് മഹർഷിയിൽനിന്നു ഭിക്ഷ സ്വീകരിക്കുന്നതുപോലെ.
◄ഒരു പരീക്ഷണം►
ഒരിക്കൽ ഞാൻ ഗുരു നിത്യയോടൊത്തുണ്ടായിരുന്ന ദിവസങ്ങളിൽ അന്നവിടെ ബ്രഹ്മചാരിയായിരുന്ന ഒരാൾ വൈകുന്നേരങ്ങളിൽ ആശ്രമത്തിൽനിന്ന് തൊട്ടടുത്തുള്ള എല്ക് ഹില്ലിലേക്ക് പോകാൻ ശ്രമിക്കുന്ന എന്നെ തടഞ്ഞ് എന്റെ സഞ്ചി പരിശോധിച്ച് ഞാൻ ആശ്രമത്തിൽനിന്നു പുസ്തകങ്ങൾ കടത്തുന്നുണ്ടോ എന്ന് ആരാഞ്ഞു. അപ്രതീക്ഷിതമായിരുന്ന ഒരു ആഘാതമായിരുന്നു എനിക്കത്. ഗുരുവുമായി എനിക്കത്രയും സ്വീകാര്യതയും അടുപ്പവുമുണ്ടായിരുന്നു. മാത്രമല്ല, കത്തോലിക്കാ വൈദികനായിരുന്ന എന്നോട് ഗുരുവിന്റെ ശിഷ്യനായി ആശ്രമത്തിൽ കൂടാമെന്നും പിൽക്കാലത്ത്, അദ്ദേഹത്തിനു ശേഷം അവിടെ അധിപതിയാകാമെന്നുമൊക്കെ ഗുരു നിത്യ എന്നോടു പറഞ്ഞിരുന്നു. പക്ഷേ ഞാനെന്റെ വൈദികജീവിതത്തിൽ സംപ്രീതനാണെന്നും മറ്റൊരു ജീവിതവഴിയിൽ താത്പര്യമില്ലെന്നും ഞാൻ ഗുരുവിനെ നേരിട്ട് അറിയിച്ചിരുന്നു. അതുകൊണ്ട് ഈ സഞ്ചിപരിശോധന എനിക്കൊരാഘാതമായിരുന്നു. അന്നുവരെ മനോഹരമായ കൈപ്പടയിൽ നിത്യ എന്ന പേരിൽ വന്നുകൊണ്ടിരുന്ന കത്തുകൾ എനിക്കരോചകമായി തോന്നി.
അതുകൊണ്ട് സംശയാലുവായി, നിസംഗതയോടെ ഞാൻ കത്തുകൾ നിറുത്തി. മാത്രമല്ല, പഠനത്തിനായി ഞാൻ ബെൽജിയത്തിലെ ലുവെയ്നിലേക്ക് പോവുകയും ചെയ്തു. 1998 മേയിൽ തിരിച്ചെത്തിയ എനിക്ക് പിന്നീട് ഗുരുവുമായി ബന്ധപ്പെടാനായില്ല. 1999 മേയ് 14ന് അദ്ദേഹം നിത്യതയിലേക്ക് വിലയം പ്രാപിച്ചെന്നറിഞ്ഞെങ്കിലും പോകാനായില്ല. പക്ഷേ പിന്നീട് ഒരവസരത്തിൽ അവിടെ പോവുകയും ഗുരുവിന്റെ സമാധിയിൽ പ്രാർഥിക്കുകയും ചെയ്തു. അദ്ദേഹം എന്നോടു പറഞ്ഞിരുന്നു, തന്റെ ശവകുടീരത്തിൽനിന്ന് ഒരു ചെന്പുകന്പി ലൈബ്രറിയിലേക്ക് ഇടണമെന്നും അതിലൂടെ ഊർജമായി വന്ന് താൻ വായിക്കുമെന്നും. വന്നപ്പോൾ ഞാനത് അന്വേഷിച്ചിരുന്നു.
അത്തരമൊരു കന്പി അവർ വച്ചതായി കണ്ടു. ഒരുപക്ഷേ, ആലങ്കാരികമായി ഗുരു പറഞ്ഞതാവാം. ചിലരെങ്കിലും എന്റെ അന്വേഷണത്തെ പരിഹസിച്ച് പ്രസംഗങ്ങളിൽ പറഞ്ഞതായറിയാം.വായന എന്നും ഗുരു നിത്യക്ക് ലഹരിയായിരുന്നു.
‘സ്നേഹവും അനുഗ്രഹവും’ എന്ന ഗുരുവിന്റെ ആത്മകഥ വാങ്ങി ഞാൻ വായിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം നിത്യക്കുമുണ്ടായതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നടരാജഗുരുവിന്റെ അടുത്ത് ആശ്രമത്തിൽ ചെലവഴിക്കാൻ വന്ന നിത്യയുടെ സഞ്ചി നടരാജഗുരു പരിശോധിക്കുകയും അതിൽ വല്ലാത്ത ദ്വേഷ്യവും ആകുലതയും വിഷമവും തോന്നി എല്ലാം വലിച്ചെറിഞ്ഞ് നിത്യ പോയതും, പിറകേ ചെന്ന നടരാജഗുരുവിന്റെ അനുനയ വാക്കുകൾക്ക് വശംവദനാവാതെ രണ്ടു വർഷക്കാലം അലഞ്ഞുതിരിഞ്ഞ് നടന്നശേഷം സാഷ്ടാംഗപ്രണാമം ചെയ്തു ഗുരുപാദങ്ങളിൽ സർവതും സമർപ്പിച്ച് പൂർണശിഷ്യനായതും നിത്യ വിസ്തരിച്ചെഴുതിയിരുന്നു. അത് വായിച്ചപ്പോഴാണ് അത്തരമൊരു പരീക്ഷണം ഗുരു നിത്യചൈതന്യ യതിയും എന്നിൽ നടത്തിയത് എനിക്കു വ്യക്തമായത്. ഞാനതു മനസിലാക്കിവന്നപ്പോഴേക്കും ഗുരു നിത്യതയിലേക്ക് പറന്നകന്നിരുന്നു.
ദിക്കും പക്കവുമറിയാതെ, ദൂരവും നേരവുമറിയാതെ അനന്തവിഹായസിൽ പറന്നുകളിച്ചിരുന്ന നിത്യചൈതന്യ യതി, തന്റെ പ്രഭാഷണങ്ങളിലൂടെ, കത്തുകളിലൂടെ, കവിതകളിലൂടെ, ചിത്രരചനയിലൂടെ, ഈടുറ്റ ഗ്രന്ഥങ്ങളിലൂടെ ഇന്നും എന്നും നിത്യ ചൈതന്യമായി തടഞ്ഞുനിർത്താനാവാത്ത സ്നേഹ, ജ്ഞാന, ആത്മീയ പ്രവാഹമായി നിർഗമനം ചെയ്തുകൊണ്ടേയിരിക്കും. കാലപ്രവാഹത്തിനുപോലും ഒരുപക്ഷേ ഈ അനർഗളനിർഝരിയെ അണകെട്ടി നിർത്താനാവില്ല. നിത്യചൈതന്യത്തിലേക്ക് വിലയം പ്രാപിച്ച യതിയുടെ ഓർമയ്ക്കു മുന്നിൽ അഞ്ജലീബദ്ധനായി ഹൃദയപ്രണാമം.