സ്വതന്ത്രഭാരത ശില്പി സർദാർ പട്ടേൽ
ഡോ. ജോസ് മാത്യു
സ്വതന്ത്രഭാരത ശില്പികളിൽ പ്രമുഖനായ സർദാർ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മദിനം ഏകതാദിനമായി രാഷ്ട്രം നാളെ ആചരിക്കുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പടയാളിയും പോരാളിയുമായിരുന്ന പട്ടേൽ കോണ്‍ഗ്രസിന്റെ ഗുജറാത്ത് ഘടകം സെക്രട്ടറി, ദേശീയ അധ്യക്ഷൻ എന്നീ നിലകളിലും ഭാരതത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി, ഉപപ്രധാനമന്ത്രി എന്നീ പദവികളും വഹിച്ച് സമാനതകളില്ലാതെ രാജ്യസേവനമാണു നടത്തിയിട്ടുള്ളത്.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നാദിയാദ് ഗ്രാമത്തിൽ ജനിച്ച പട്ടേൽ മെട്രിക്കുലേഷനു ശേഷം ഇംഗ്ലണ്ടിലെ നിയമപഠനം കഴിഞ്ഞ് അഭിഭാഷകജോലിയിൽ പ്രവേശിച്ചു. 1920ൽ അഹമ്മദാബാദിൽ വച്ച് ഗാന്ധിജിയുമായി നടത്തിയ കൂടിക്കാഴ്്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. ഗാന്ധിജിയുടെ ഉറ്റ അനുയായി ആയി മാറിയ പട്ടേൽ ഇംഗ്ലീഷ് വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ഖാദി വസ്ത്രധാരിയായി മാറുകയും ചെയ്തു. ഗാന്ധിജി നേതൃത്വം നൽകിയ എല്ലാ സമരങ്ങൾക്കു മുന്നിലും പിന്നിലും പട്ടേൽ ഉണ്ടായിരുന്നു. ഗുജറാത്തിലെ ഖേദ, ബേർസാർ, ബർദോളി എന്നിവിടങ്ങളിൽ നടന്ന കർഷക സമരങ്ങളുടെ മുഖ്യ സംഘാടകൻ പട്ടേൽ ആയിരുന്നു.
കർഷകരോട് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: “എനിക്കൊരു കൾച്ചറേ അറിയൂ, അത് അഗ്രികൾച്ചർ മാത്രമാണ്.” ബ്രിട്ടീഷുകാർ അന്യായമായി കർഷകരുടെമേൽ ചുമത്തിയ നികുതികൾ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചു നടത്തിയ സമരങ്ങളുടെ വിജയം പട്ടേലിനെ നാടിന്റെ നേതാവാക്കി മാറ്റി. സർദാർ എന്ന് ഗാന്ധിജി അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം നാട്ടുകാരുടെ നായകനും നാടിന്റെ തലവനുമായിത്തീര്‍ന്നു. മഹാത്മാഗാന്ധി പട്ടേലിന് തലവൻ എന്നർഥമുള്ള സർദാർ പദവി നൽകി.
1931ൽ കറാച്ചിയിൽ നടന്ന കോണ്‍ഗ്രസ് സമ്മേളനം പട്ടേലിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. അദ്ദേഹം മൗലികാവകാശങ്ങളെക്കുറിച്ചും സാന്പത്തികനയത്തെക്കുറിച്ചും നടത്തിയ പ്രഭാഷണവും അവതരിപ്പിച്ച പ്രമേയവും കോണ്‍ഗ്രസുകാരെ ആവേശഭരിതരാക്കി. കോണ്‍ഗ്രസിന്റെ ഫണ്ട് ശേഖരണത്തിന്റെ ചുമതലയും പ്രാദേശിക നിയമനിർമാണ സഭകളിലേക്കും കേന്ദ്ര അസംബ്ലിയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള ചുമതലയും പട്ടേലിനായിരുന്നു.
1917ൽ പട്ടേൽ ബേർസാദിൽ നടത്തിയ പ്രസംഗത്തിൽ, ഗാന്ധിജി സ്വരാജിനും സ്വയംഭരണത്തിനുംവേണ്ടി തയാറാക്കിയ ഹർജിയിൽ ഒപ്പിടാൻ മുഴുവൻ ഇന്ത്യക്കാരോടും നടത്തിയ ആഹ്വാനം ഗാന്ധിജിയെ അദ്ദേഹം നേരിൽ കാണുന്നതിന് മുന്‍പായിരുന്നു. ബ്രിട്ടന്റെ ഇന്ത്യയിലെ തേർവാഴ്ചയ്ക്കെതിരേ പൊരുതാൻ ഗുജറാത്തിൽനിന്നു മുഴുവൻസമയ പ്രവർത്തകർ ഉണ്ടാകണമെന്നും സന്നദ്ധ പ്രവർത്തനത്തിന് തയാറായി ഏവരും മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടപ്പോൾ പട്ടേൽ തന്റെ അഭിഭാഷകജോലിയിൽനിന്നുള്ള വലിയ വരുമാനം ഉപേക്ഷിച്ച് സ്വയം മുന്നോട്ടു വന്നത് ഗാന്ധിജിയെ തെല്ല് അദ്ഭുതപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരേ സമരം
ഗുജറാത്തിലെ കൃഷിക്കാരുടെയും മറ്റു ദുരിതം അനുഭവിക്കുന്നവരുടെയും യാതനകൾ നേരിട്ടു മനസിലാക്കുവാൻ അദ്ദേഹം ഗ്രാമങ്ങൾ തോറും ചുറ്റി സഞ്ചരിച്ചു. ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരേ നികുതിനിഷേധ സമരത്തിന് പട്ടേൽ ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് കൃഷിക്കാരും സന്നദ്ധപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു.
ഗത്യന്തരമില്ലാതെ പട്ടേലിനെ ബ്രിട്ടീഷ് അധികാരികൾ സന്ധിസംഭാഷണത്തിനു വിളിച്ചു. നികുതി അടയ്ക്കുന്നതിൽനിന്ന് കർഷകരെയും മറ്റു ജനവിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് പട്ടേലിന്റെ നേത്യത്വം മുഴുവൻ ഗുജറാത്തികളും സ്വീകരിക്കുന്നതിന് ഇടയാക്കി. ഗുജറാത്ത് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി അദ്ദേഹം തുടരുകയും ചെയ്തു.
ഗാന്ധിജിയോടൊപ്പം
ഗാന്ധിജി നടത്തിയ നിസഹകരണ സമരത്തിലും വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിലും പട്ടേൽ നൽകിയ നേതൃത്വം അതുല്യമായിരുന്നു. ഗുജറാത്താകെ ചുറ്റി സഞ്ചരിച്ച പട്ടേൽ മൂന്നു ലക്ഷം സന്നദ്ധപ്രവർത്തകരെ സമരത്തിൽ പങ്കെടുപ്പിച്ചു.15 ലക്ഷം രൂപ സമരഫണ്ടിലേക്കു സ്വരൂപിക്കുകയും ചെയ്തു. ചൗരിചൗര പോലീസ് സ്റ്റേഷൻ ആക്രമണത്തെത്തുടർന്ന് നിസഹകരണ സമരം ഗാന്ധിജി ഏകപക്ഷീയമായി നിറുത്തിവച്ചപ്പോഴും പട്ടേൽ ഗാന്ധിജിയെ പിന്തുണച്ചിരുന്നു. ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കും സ്ത്രീശക്തീകരണത്തിനുംവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പട്ടേൽ സജീവമായി പങ്കെടുത്തിരുന്നു.
ദണ്ഡിയിലേക്കു നടത്തിയ ഉപ്പുസത്യഗ്രഹ മാർച്ചിലും പട്ടേൽ സജീവമായി ഉണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തെത്തുടർന്ന് അറസ്റ്റ് വരിച്ച പട്ടേലിനെ 1932ലെ വട്ടമേശ സമ്മേളനം പരാജയപ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്തു. തൊട്ടുകൂടാത്തവർക്ക് പ്രത്യേക മണ്ഡലങ്ങൾ സംവരണം ചെയ്യാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരേയുള്ള സമരത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട പട്ടേലിനെ, തന്റെ സഹോദരൻ വിതൽ ഭായി പട്ടേലിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ താത്കാ ലിക പരോൾ നൽകാമെന്നു പറഞ്ഞത് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ക്വിറ്റ് ഇന്ത്യാ സമരത്തിലും ഗാന്ധിജിയോടൊപ്പം പട്ടേലിന്റെ പൂർണപങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു. നേതാക്കളിൽ പലർക്കും സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് പൂർണബോധ്യം ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് ഏഴിന് പട്ടേൽ തന്റെ അനാരോഗ്യം പോലും അവഗണിച്ചുകൊണ്ടു നടത്തിയ പ്രസംഗം മുഴുവൻ കോണ്‍ഗ്രസ് പ്രവർത്തകരെയും സമരസജ്ജരാക്കുന്നതിനും സമരം വിജയിപ്പിക്കാൻ എന്തു ചെയ്യാനും അവർക്ക് കരുത്തു പകരുന്നതായിരുന്നു. സമരത്തെ തുടർന്ന് 1942 മുതൽ 1945 വരെ അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം
പട്ടേലാണ് സ്വാതന്ത്ര്യത്തിനുശേഷം 565 നാട്ടുരാജ്യങ്ങളെ ഇന്ത്യയിൽ ലയിപ്പിക്കുന്നതിനുള്ള ഫലപ്രദവും നിർണായകവുമായ പങ്കു വഹിച്ചത്. വിവിധ സ്റ്റേറ്റുകളെ ജർമനിയിൽ ലയിപ്പിക്കുന്നതിന് 1871ൽ ബിസ്മാർക്ക് വഹിച്ചതിനു സമാനമായ പ്രവർത്തനമാണ് വല്ലഭ് ഭായ് പട്ടേൽ ഇന്ത്യയിൽ നടത്തിയത്. പട്ടേൽ 565 നാട്ടുരാജ്യങ്ങളെ ഇന്ത്യ റിപ്പബ്ലിക്കിൽനിന്നു വേറിട്ടുനിൽക്കാൻ സാധിക്കുകയില്ലെന്നു ബോധ്യപ്പെടുത്തി. എന്നാല്‍, ജമ്മു കാഷ്മീരും ഹൈദരാബാദും ജുനഗാദും പട്ടേലിന്റെ നിർദേശങ്ങൾ സ്വീകരിക്കാൻ തയാറായില്ല.
ഹൈദരാബാദും ജുനഗാദും ഇന്ത്യൻ പട്ടാളത്തെ ഉപയോഗപ്പെടുത്തി എളുപ്പം ലയിപ്പിച്ചു. ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ പട്ടേൽ ഉദ്ദേശിച്ചതുപ്പോലെ കാര്യങ്ങൾ നീക്കാൻ സാധിച്ചില്ല. 1947 സെപ്റ്റംബറിൽ പാക്കിസ്ഥാൻ കാഷ്മീരിലേക്ക് കടക്കാൻ തുടങ്ങിയ ഉടനെ പട്ടാളത്തെ അയയ്ക്കണമെന്ന പട്ടേലിന്റെ നിർദേശം നെഹ്റുവും മൗണ്ട് ബാറ്റനും ചേർന്ന് തടയുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ തീർപ്പിന് കാഷ്മീർ പ്രശ്നം വിടരുതെന്ന് ശക്തമായി പറഞ്ഞെങ്കിലും നെഹ്റു അതും സ്വീകരിച്ചില്ല.
ഗാന്ധിജിയും നെഹ്റുവുമായുള്ള ബന്ധം
പട്ടേൽ പൂർണമായും ഗാന്ധിജിയോട് വിധേയത്വം പുലർത്തിയിരുന്നു. പട്ടേലും നെഹ്റുവും അവരുടെ ഇടയിലുള്ള തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ ഗാന്ധിജിയെയാണ് ആശ്രയിച്ചിരുന്നത്. കാഷ്മീർ സംബന്ധിച്ച് ഇരുവർക്കും ഇടയിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തെ അവഗണിക്കുന്നതായുള്ള പരാതി പട്ടേലിനും, പട്ടേൽ തന്നോട് ആലോചിക്കുന്നില്ല എന്നുള്ള പരാതി നെഹ്റുവിനുമുണ്ടായിരുന്നു. ഈ വിഷയത്തിൽ മന്ത്രിസഭയിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് പട്ടേൽ ആവശ്യപ്പെട്ടിരുന്നു.
ഗാന്ധിജി പട്ടേലിനോടു നടത്തിയ വ്യക്തിപരമായ അഭ്യർഥനയെ മാനിച്ചാണ് നെഹ്റു മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കണമെന്നുള്ള തന്റെ തീരുമാനം പട്ടേൽ വേണ്ടെന്നു വച്ചത്. ഇന്ത്യക്ക് പട്ടേലിനെ ആവശ്യമുണ്ടെന്ന് 1948 ജനുവരി 30ന് പ്രാർഥനായോഗത്തിന് പുറപ്പെടുന്നതിനു മുന്‍പ് ഗാന്ധിജി പറയുകയുണ്ടായി. പട്ടേലുമായുള്ള സംഭാഷണം നീണ്ടുപോയതുകൊണ്ടാണ് പ്രാർഥാനായോഗത്തിന് ഗാന്ധിജി എത്താൻ വൈകിയത്.
ആർഎസ്എസ് നിരോധനം
ഹിന്ദു മഹാസഭയുടെ പ്രവർത്തകൻ ഗോഡ്സെ ഗാന്ധിജിയെ വധിച്ചതിനെത്തുടർന്ന് വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.1948 ഫെബ്രുവരി നാലിന് ഗാന്ധിജിവധത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപിച്ച് ആർഎസ്എസിനെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. ഗൂഢാലോചനാക്കുറ്റത്തിൽനിന്നു സുപ്രീംകോടതി വിടുതൽ നൽകിയ ഗോൾവർക്കർ, വല്ലഭ് ഭായ് പട്ടേലിനെ ആർഎസ്എസിന്റെ മേലുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. നിരോധനം നീക്കണമെങ്കിൽ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ആർഎസ്എസിന് ലിഖിതമായ ഭരണഘടനയുണ്ടാകണം, അത് പരസ്യപ്പെടുത്തുകയും വേണം.ഇന്ത്യൻ ഭരണഘടനയോട് പൂർണമായ വിധേയത്വം പുലർത്തണം. ത്രിവർണ പതാകയെ ദേശീയപതാകയായി അംഗീകരിക്കണം. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണം. ഈ വ്യവസ്ഥകൾ പാലിക്കാൻ ആദ്യം വിമുഖത കാട്ടിയ ഗോൾവർക്കർ പിന്നീട് സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിച്ചതിന്റെ ഫലമായി 1949 ജൂലൈ 11ന് നിരോധനം പിൻവലിച്ചു.
പട്ടേലിന്റെ സംഭവബഹുലമായ ജീവിതം നിസ്വാർഥനായ ഒരു കർമയോഗിയുടേതിനു സമാനമാണ്. രാഷ്ട്രത്തിന്റെ താത്പര്യമായിരുന്നു അദ്ദേഹത്തിനു പ്രധാനം. പദവികൾക്കോ സ്ഥാനമാനങ്ങൾക്കോവേണ്ടി അദ്ദേഹം ആരോടും പരാതി പറഞ്ഞില്ല. കോണ്‍ഗ്രസിന്റെ മുഴുവൻ പ്രാദേശിക ഘടകങ്ങളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പട്ടേലിന്റെ പേര് മാത്രമാണ് നിർദേശിച്ചതെങ്കിലും ആ കാര്യത്തിൽ ഒരു വാശിയും അദ്ദേഹം കാണിച്ചില്ല.
ഗാന്ധിജിയോട് പൂർണമായ വിധേയത്വം പുലർത്തിയിരുന്ന പട്ടേൽ ഗാന്ധിജിയുടെ നിർദേശം അംഗീകരിക്കുകയും നെഹ്റു മന്ത്രിസഭയിൽ പ്രവർത്തിക്കുകയും ചെയ്തു. പട്ടേലിന്റെ നിർദേശപ്രകാരമാണ് അഖിലേന്ത്യ സർവീസിന് രൂപം നൽകിയത്. രാജ്യത്തിന്റെ ഉരുക്ക് കവചമായി സർവീസ് രംഗത്തുള്ളവർ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്കും പൊതുപ്രവർത്തകർക്കും പട്ടേൽ മാതൃകയാകേണ്ടതാണ്.