ടിവികെ: പിറപ്പൊക്കും എല്ലാ ഉയിരുക്കും
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തമിഴ്നാട് രാഷ്ട്രീയത്തിലിറങ്ങിയ നടൻ സി. ജോസഫ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അടിത്തറയായി ആവർത്തിച്ചാവർത്തിച്ചു പറഞ്ഞത് ‘പിറപ്പൊക്കും എല്ലാ ഉയിരിക്കും’ (ജന്മംകൊണ്ട് എല്ലാവരും തുല്യരാണ്) എന്നാണ്. താൻ പ്രസിഡന്റായ രാഷ്ട്രീയ പാർട്ടി വിഭാഗീയ രാഷ്ട്രീയത്തിനെതിരാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, തന്റെ രാഷ്ട്രീയ ആദർശത്തിന്റെ എതിരാളികളെ തുറന്നുകാട്ടുകയും ചെയ്തു.
വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഏഴ് ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു: മതേതര നിലപാടുള്ള തമിഴ്നാട്ടിൽ ആരു വരണമെന്നും ആരു വരരുതെന്നും ജനങ്ങൾക്കറിയാം. തന്തൈ പെരിയാറിന്റെയും പേരറിഞ്ജർ അണ്ണായുടെയും പേരുപറഞ്ഞ് ദ്രാവിഡ മാതൃകയുടെ മുദ്രാവാക്യം വിളിച്ച് തമിഴ്നാടിനെ കൊള്ളയടിക്കുന്ന, തൻകാര്യം മാത്രം നോക്കുന്ന കുടുംബമാണ് അടുത്ത ശത്രുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ രാഷ്ട്രീയ നിലപാട്, പ്രത്യയശാസ്ത്രം, ലക്ഷ്യം, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വിജയ് തന്റെ പതിവ് ശൈലിയിൽ തമിഴും ഇംഗ്ലീഷും കൂട്ടിക്കലർത്തി പറഞ്ഞത്, ചില ആളുകളുടെ മുഴുവൻസമയ ജോലി ഐക്യത്തോടെ നിലകൊള്ളുന്ന ജനങ്ങൾക്കിടയിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ഉണ്ടാക്കി ഭയം സൃഷ്ടിക്കുക എന്നതാണ്. ഫാസിസം, ഫാസിസം, ഫാസിസം, ഫാസിസം എന്നിങ്ങനെ അവർ അലറിവിളിക്കുന്നു. “അവർ ഫാസിസമാണെങ്കിൽ നിങ്ങൾ പായസമാണോ” എന്ന പരിഹാസവും അദ്ദേഹം നടത്തി. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയ്ക്കരികിൽ നടത്തിയ സമ്മേളനത്തിൽ ലക്ഷക്കണക്കിന് ആരാധകരെ കൈയിലെടുത്തുകൊണ്ട് അദ്ദേഹം നന്നായി സംസാരിച്ചു.
അഴിമതിക്കാരെ ടിവികെ നേരിടും
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കുമ്പോൾ അഴിമതിക്കാരെ ടിവികെ നേരിടുമെന്ന് പാർട്ടി അംഗങ്ങൾക്ക് അദ്ദേഹം ഉറപ്പു നൽകി. അന്ന് 234 മണ്ഡലങ്ങളിലും ടിവികെയ്ക്കുള്ള ഓരോ വോട്ടും ബോംബ് പോലെയാകുമെന്നും ഉറപ്പു നൽകി.
ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ട്രഷറർ പി. വെങ്കിട്ടരാമൻ, ഡെപ്യൂട്ടി സെക്രട്ടറി താഹിറ, പാർട്ടി സംഘടനാ സെക്രട്ടറി രാജശേഖർ എന്നിവർ പങ്കെടുത്ത മഹാസമ്മേളനത്തിൽ ജാതി, നിറം, ഭാഷ, സാമ്പത്തിക സ്ഥിതി തുടങ്ങിയവ പാർട്ടിയിൽ പരിഗണിക്കില്ലെന്ന് വിജയ് ഉറപ്പുനൽകി.
പാർട്ടി സ്ഥാനാർഥികളിൽ അമ്പത് ശതമാനത്തോളം സ്ത്രീകളായിരിക്കും. സ്റ്റേജിൽ ഭരണഘടന, ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ എന്നിവ സ്ഥാപിച്ച് വിജയ് തന്റെ മതേതര പ്രതിബദ്ധത പ്രതിഫലിപ്പിച്ചു. പെരിയാറിന്റെ ചിന്തകളെ മുറുകെപ്പിടിക്കുമെന്നും എന്നാൽ തന്റെ നിരീശ്വരവാദ പ്രതിബദ്ധതകളിൽ കടുംപിടിത്തമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
നയങ്ങള്ക്കായി പോരാടും
പാർട്ടിയുടെ നയങ്ങളിൽ, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ നിലനിർത്തുന്നതിനും നീറ്റ് സമ്പ്രദായം ഒഴിവാക്കുന്നതിനുമായി പാർട്ടി പോരാടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ജാതി സെൻസസ് നടത്തും. ഈ പരിഷ്കാരങ്ങൾക്കെതിരേയും ഗവർണർ പദവി ഇല്ലാതാക്കുന്നതിനെതിരേയും നിലപാടെടുക്കുന്നവർക്കെതിരേ പാർട്ടി പോരാടും. വിദ്യാഭ്യാസത്തിലും ജോലിയിലും ആനുപാതിക പ്രാതിനിധ്യം പാർട്ടി ഉറപ്പാക്കും. തമിഴിനും ഇംഗ്ലീഷിനും പ്രാധാന്യം നൽകുന്നതാണ് ഭാഷാനയം. ഈ പരിഷ്കാരങ്ങൾ അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ടിവികെയിൽ ചേരാനും സർക്കാരിൽ ഒരുമിച്ചു പ്രവർത്തിക്കാനും കഴിയും.
പാർട്ടിയുടെ മാർഗദർശികൾ: ദ്രാവിഡ ആചാര്യൻ പെരിയാർ, മുൻ മുഖ്യമന്ത്രി, കെ. കാമരാജ്, ഡോ. ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, സ്വാതന്ത്ര്യ സമര സേനാനി അഞ്ജല അമ്മാൾ.
രാഷ്ട്രീയ നിലപാട്
ദ്രാവിഡ ചിന്തയും തമിഴ് ദേശീയതയും ടിവികെയുടെ ഇരുകണ്ണുകളായിരിക്കുമെന്ന് രാഷ്ട്രീയ നിലപാടിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഡിഎംകെ തന്റെ പാർട്ടിയുടെ രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി പ്രത്യയശാസ്ത്രപരമായ എതിരാളിയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടിവികെയുടെ രാഷ്ട്രീയസഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ പരാമർശിച്ച്, പാർട്ടി മറ്റുള്ളവരുമായി ചേർന്ന് നിൽക്കുന്നുവെന്ന അവകാശവാദങ്ങൾ വിജയ് നിരസിച്ചു.
ടിവികെയെ ഒരു പ്രത്യേക നിറത്തിൽ വരയ്ക്കാനോ അതിനെ മറ്റൊരു പാർട്ടിയുടെ ബി ടീം എന്നു വിളിക്കാനോ ആർക്കും കഴിയില്ല. അഭിനയത്തിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ പരാമർശിച്ച്, സിനിമയിലും സാമ്പത്തികനേട്ടങ്ങളിലും ഒതുങ്ങുന്നത് സ്വാർഥമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇപ്പോൾ ഞാൻ കുതിച്ചുചാട്ടം നടത്തിയതിനാൽ പുനർവിചിന്തനമില്ല.എന്നാൽ എന്റെ നീക്കങ്ങൾ അളക്കപ്പെടും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെയ്ക്കും ബിജെപിക്കും എതിര്
മൊത്തത്തിൽ പാർട്ടി മധ്യമാർഗമാണ് സ്വീകരിച്ചത്. ഡിഎംകെയ്ക്കും ബിജെപിക്കുമെതിരേയുള്ള എതിർപ്പ് പാർട്ടി ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പാർട്ടിക്ക് തമിഴ്നാടിനു പുറത്തും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി നയരൂപീകരണത്തിനും മിനിമം പിന്തുണ പരിപാടിയുടെ അടിസ്ഥാനത്തിലും സഖ്യമുണ്ടാക്കി മത്സരിക്കാം. സാഹചര്യങ്ങൾക്കും രാഷ്ട്രീയ സംഭവവികാസങ്ങൾക്കും അനുസരിച്ച് ചർച്ചകളിലൂടെയും പുതിയ പരിപാടികളിലൂടെയും ചില വിഷയങ്ങളിൽ മാറ്റങ്ങളുണ്ടാകാം.
വിജയ് എന്ന് അറിയപ്പെടുന്ന നേതാവ് സി. ജോസഫ് വിജയ് ചന്ദ്രശേഖർ ന്യായവാദം കേൾക്കാൻ കഴിയുന്ന വ്യക്തിയാണെന്ന് തോന്നുന്നു. നടൻ, നർത്തകൻ, പിന്നണി ഗായകൻ, സംവിധായകൻ, മനുഷ്യസ്നേഹി എന്നീ നിലകളിൽ പ്രശസ്തനാണ്. പതിറ്റാണ്ടുകളായി ചലച്ചിത്രരംഗത്തുണ്ട്. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായ അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങാനും അവിടെ തുടരാനും തീരുമാനിച്ചിരിക്കുന്നു. ഏറെ ആലോചനകൾക്കു ശേഷമാണ് അദ്ദേഹത്തിന്റെ തീരുമാനം.
നിരവധി വേഷങ്ങൾ ചെയ്യുകയും ജനപ്രീതിയാർജിക്കുകയും ചെയ്ത അദ്ദേഹം ഗഹനമായ ചിന്തകൾക്കു ശേഷം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തിയാണ്. അഴിമതിയെയും വർഗീയതയെയും ജാതി മുൻവിധികളെയും എതിർക്കുന്നതിൽ അദ്ദേഹം തത്വാധിഷ്ഠിതമായ നിലപാടാണു സ്വീകരിച്ചത്. ദേശീയതാത്പര്യവും മാനവികതയുടെ ക്ഷേമവും സംബന്ധിച്ച വിഷയങ്ങളിൽ അദ്ദേഹവുമായി പൊരുത്തപ്പെടാൻ പ്രയാസമില്ല. മറുവശത്ത്, തന്റെ പുതിയ പാർട്ടിക്കായി അദ്ദേഹം തെരഞ്ഞെടുത്ത നയ ചട്ടക്കൂട് നിരവധി സംസ്ഥാനങ്ങളിൽ പ്രായോഗികവും പ്രവർത്തനക്ഷമവുമാണ്.
എല്ലാറ്റിനുമുപരി, രാഷ്ട്രീയത്തിൽ നയവും പരിപാടികളും ആദർശവുമെല്ലാം സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്ക് വിധേയമാണ്. എന്നാൽ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നതിനു ശേഷമായിരിക്കണം. ഇതിനകം പ്രഖ്യാപിച്ചതുപോലെ, എല്ലാ ജീവികളും ജന്മം കൊണ്ട് തുല്യരാണ്.
ജനസമൂഹം
സ്വാഗതം ചെയ്തു
പുതിയ പാർട്ടിയുടെ സുപ്രധാന സമ്മേളനത്തിൽ ഏഴ് ലക്ഷത്തോളം ആളുകൾ ഒത്തുചേർന്നതു തെളിയിക്കുന്നത് വിജയ്ക്ക് വലിയൊരു കൂട്ടം ആരാധകരുണ്ട് എന്നതാണ്. അദ്ദേഹം പ്രഖ്യാപിച്ച പദ്ധതികൾ ഏറെക്കുറെ ഏകകണ്ഠമായാണ് വലിയ ജനസമൂഹം സ്വാഗതം ചെയ്തത്.
തന്റെ നയങ്ങളോട് യോജിക്കുന്ന ഏതൊരു പാർട്ടിയെയും കൂടെക്കൂട്ടാനും അധികാരം പങ്കിടാനും സ്വാഗതം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനം കാണിക്കുന്നത്, തുടക്കത്തിൽതന്നെ പാർട്ടിക്ക് തടസങ്ങൾ ഒരുപാട് ഉണ്ടെന്നാണ്, അത് ശ്രദ്ധിക്കേണ്ടതുണ്ട്. മതേതര മൂല്യങ്ങളും മാനവികതയുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയുമുള്ള ഒരു പുതിയ പാർട്ടിക്ക് ഇന്ന് ഫലഭൂയിഷ്ഠമായ ഒരു രാഷ്ട്രീയ ഭൂമികയുണ്ട്.