റെജി ജോസഫ്
തുലാമഴയ്ക്കായി ആകാശമിരുളുമ്പോള്‍ നെല്‍കര്‍ഷകരുടെ നെഞ്ചിടിപ്പുയരും. നനഞ്ഞ നെല്ല് ക്വിന്റലിന് അഞ്ചു കിലോ കിഴിവു വേണമെന്ന് കുത്തുമില്ലുകാര്. വേണ്ടിടത്തോളം കൊയ്ത്തുയന്ത്രങ്ങളില്ലാതെ നെല്ല് മറിഞ്ഞ് കിളിര്‍ക്കുമോ എന്ന ആധി. കഴിഞ്ഞ പുഞ്ചയ്ക്കു സംഭരിച്ച നെല്ലിന്റെ പണം എട്ടു മാസം വൈകിയതുപോലെ ഈ വിരിപ്പുകൊയ്ത്തിന്റെ വില എന്നു കിട്ടുമെന്നറിയില്ല. കേരളത്തിലെ കര്ഷകന് നെല്‍കൃഷി ചൂതുകളിയാണ്, ഒത്താല്‍ ഒത്തു- അത്ര തന്നെ.
ഓരോ നെന്മണിക്കും പിന്നിലെ അധ്വാനവും ചെലവും ചെറുതല്ല. ഒരേക്കറിന് പാട്ടം 18,000 രൂപ, ട്രാക്ടര്‍ മണിക്കൂറിന് 1200, ഡ്രില്ലര്‍ 2200, സ്ത്രീത്തൊഴിലാളിക്ക് 600, ആണാളിന് 1100, ചായ, കടി, വെള്ളം വേറെ. വിത്ത് കിലോ 44 രൂപ. കളനാശിനി, കീടനാശി 8000, രാസവളം 5,000, കൊയ്ത്ത് യന്ത്രം 2000, നെല്ല് ചാക്കിലാക്കാന്‍ 40. ചുമട്ടുകൂലി അകലം അനുസരിച്ച്. ഒരേക്കറിന് വിളവ് 20 ക്വിന്റലില്‍ താഴെപ്പോയാല് കര്ഷകന് കൈ പൊള്ളും; കാശുപോകും.
സംസ്ഥാനം വെട്ടിക്കുറച്ചത് 355 കോടി രൂപ
ഒരു കിലോ നെല്ലിന് സംഭരണനിരക്ക് 28.20 രൂപയില്‍ കേന്ദ്രവിഹിതം 21.83, സംസ്ഥാന വിഹിതം 6.37. രണ്ടു വര്‍ഷത്തിനുള്ളില്‍ കേന്ദ്രം രണ്ടു ഗഡു വിഹിതം വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം കൂട്ടിയില്ലെന്നു മാത്രമല്ല, കര്ഷകദ്രോഹമെന്നോണം കുറയ്ക്കുകയും ചെയ്തു. അല്ലെങ്കില്‍ വില 30 രൂപ കിട്ടേണ്ടതാണ്. രാജ്യത്ത് ഏറ്റവും കൂടിയ താങ്ങുവില കേരളത്തിലാണെന്ന് കൃഷിവകുപ്പ് വീമ്പിളക്കുന്നതില് കാര്യമില്ല. കേരളത്തേക്കാള്‍ കൃഷിച്ചെലവ് കുറഞ്ഞ ഒഡീഷയില്‍ 31 രൂപയുണ്ട്. കേന്ദ്രം വിഹിതം കൂട്ടിയപ്പോള്‍ നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനം വെട്ടിക്കുറച്ചത് 355 കോടി രൂപ.
കൊയ്ത്തുകാലമെത്തുമ്പോള് പെരുമഴയും പ്രളയവും പതിവായതോടെ 10 ശതമാനംവരെ വിളവ് ചെളിയിലും വെള്ളത്തിലും നഷ്ടപ്പെട്ടുപോകുന്നു. ഇതിനിടെയാണ് ഈര്‍പ്പം, കറവല്‍, പതിര് കാരണങ്ങള്‍ നിരത്തി കുത്തുമില്ലുകാര് കിഴിവു തള്ളുന്നത്. കുത്താനെടുക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ റേഷന്‍കടയില്‍ എത്തിക്കുന്നുവെന്നാണ് വയ്പ്. സംഭരണനെല്ലിന്റെ ഏറിയ പങ്കും സ്വന്തം ബ്രാന്‍ഡില്‍ മില്ലുകള്‍ മുന്തിയ വിലയ്ക്ക് വില്‍ക്കുന്നുവെന്നത് പരസ്യമായ രഹസ്യം. മില്ലുകള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന കുത്തുകൂലി കിലോയ്ക്ക് 2.50 രൂപ. തവിടും ഉമിയുമൊക്കെ മില്ലുകാര്‍ക്ക്. അതവര്‍ക്ക് അധിക വരുമാനം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മോശം അരി വാങ്ങി സര്‍ക്കാരിന് തിരികെക്കൊടുക്കുക വഴി മില്ലുകാര്‍ക്ക് ഒരു കിലോ നെല്ലില്‍ ലാഭം ഇരുപതു രൂപ വരെ.
കര്ഷകന് പലിശ കൊടുത്തു മുടിയുന്നു
വരമ്പത്തുതന്നെ തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന നയം സംഭരിക്കുന്ന നെല്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിനില്ല. കൂടുതല്‍ വില, രൊക്കം പണം എന്നതായിരുന്നു 2005ല്‍ നെല്ല് സംഭരണം തുടങ്ങിയപ്പോഴത്തെ പ്രഖ്യാപനം. സപ്ലൈകോയ്ക്ക് നെല്ല് കൊടുത്താല്‍ വില കിട്ടാന്‍ കര്‍ഷകരുടെ കാത്തിരിപ്പ് എട്ടും പത്തും മാസം വരെയാണ്. കടം വാങ്ങി കൃഷിയിറക്കുന്ന കര്ഷകന് പലിശ കൊടുത്തു മുടിയുന്നതൊന്നും സര്‍ക്കാരിന് അറിയേണ്ടതില്ല.
വയല്പ്രതാപം അസ്തമിക്കുന്നു
നെല്ലറകളായ പാലക്കാട്ടും കുട്ടനാട്ടിലുമൊക്കെ വയല്പ്രതാപം അസ്തമിക്കുകയാണ്. പാലക്കാട്ടെ 83,000 ഹെക്ടറിലാണ് 40 ശതമാനവും നെല്ല് വിളയുന്നത്. അവിടെ ഹെക്ടറില്‍ 4.5 ടണ്‍ വരെ വിളയുമ്പോള്‍ മറ്റു ജില്ലകളില്‍ ശരാശരി 2.7 ടണ്‍ മാത്രം.
1950കളില്‍ സംസ്ഥാനത്ത് ഏഴര ലക്ഷം ഹെക്ടറില്‍ നെല്ലുണ്ടായിരുന്നത് ഒന്നര ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ അരി ഉത്പാദനം ഇപ്പോള്‍ 3.65 ക്ഷം ടണ്‍. യന്ത്രമില്ലാതെ പഴയ ഇനങ്ങള്‍ വിതച്ച് 11 ലക്ഷം ടണ്‍വരെ ഉത്പാദിച്ച സംസ്ഥാനത്തിനാണ് ഈ ഗതികേട്.
കേരളീയര്‍ക്ക് വേണം 40 ലക്ഷം ടണ്‍ അരി
മൂന്നര ലക്ഷം കേരളീയര്‍ക്ക് ഉണ്ണാന്‍ വേണം 40 ലക്ഷം ടണ്‍ അരി. നെല്പ്രതാപം കൈമോശം വന്നതോടെ 90 ശതമാനം അരിക്കും കേരളത്തിന് അന്യനാടുകളിലേക്ക് കൈ നീട്ടേണ്ട ഗതികേടായി. നെൽകൃഷിക്ക് കേരളത്തില്‍ ഒരേക്കറിന് ചെലവ് 40,000-45,000 രൂപയാണ്. പരമാവധി വിളയായ 20 ക്വിന്റൽ ഒരേക്കറിൽനിന്നു ലഭിച്ചാൽ കിട്ടാവുന്നത് 56,000 രൂപ. അതായത് ലാഭം പരമാവധി 10,000 രൂപ. ഈ പണത്തിനായാണ് എട്ടുമാസത്തെ കാത്തിരിപ്പ്. ഓരോ വര്‍ഷവും വയല്പ്പണിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതുതന്നെയാണ്. എന്നാല്‍, തൊഴിലാളി ക്ഷേമനിധി വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുമില്ല. യന്ത്രം ഇറക്കുന്നതിനെ സംഘടിത പാര്‍ട്ടി യൂണിയനുകള്‍ കൈയും കൊടിയും പൊക്കി എതിര്‍ത്തതും കല്ലെറിഞ്ഞതുമൊക്കെ പോയ ചരിത്രം. നെല്ലില്‍ മുന്നിലുള്ള ആദ്യ പത്ത് സംസ്ഥാനങ്ങളില്‍പോലും കേരളത്തിന് ഇടമില്ലാതായി.
സംസ്ഥാനത്ത് നെല്ലിനു മാത്രമല്ല മടവീഴ്ചയും മഞ്ഞളിപ്പും. ഗവേഷണത്തിനും മുരടിപ്പും കീടബാധയും സംഭവിച്ചിരിക്കുന്നു. മങ്കൊമ്പ് ഗവേഷണകേന്ദ്രം അത്യുത്പാദനശേഷിയുള്ള ഉമ നെല്ല് പാടത്തെത്തിച്ചിട്ട് 25 വര്‍ഷമാകുന്നു. കേരളത്തിലെ 65 ശതമാനം പാടങ്ങളിലും വിളയുന്നത് ഉമയാണ്. ഈ ഇനത്തെ വിളവുകൊണ്ട് മറികടക്കാന്‍ പുതിയൊരിനം ഗവേഷണകേന്ദ്രങ്ങള്‍ക്ക് സമ്മാനിക്കാനായിട്ടില്ല. ഗവേഷകരെ നിയമിക്കുന്നതില്‍ കരുതലില്ല. തുടര്പ്രളയങ്ങള്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും പിന്നാലെ പുതിയവ വികസിപ്പിക്കാനോ പഴയതില്‍ ഘടനാമാറ്റം വരുത്താനോ സാധിച്ചില്ല. ആവശ്യമായ വിത്ത് സീഡ് കോര്പറേഷന് നല്കാനാകുന്നില്ലെന്നതും പരിമിതി.
കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്നത് വലിയ നഷ്ടങ്ങള്‍
കാലാവസ്ഥാ വ്യതിയാനം ഏറ്റവും ബാധിക്കുന്ന കൃഷിയാണ് നെല്ല്. കാലം തെറ്റിയ വേനലും മഴയും നെൽകർഷകർക്കു സമ്മാനിക്കുന്നത് വലിയ നഷ്ടങ്ങളാണ്. കീടങ്ങള്‍ കരുത്താര്‍ജിക്കുന്നതിനാല്‍ കൂടുതല്‍ അളവില്‍ കീടനാശിനികള്‍ പ്രയോഗിക്കണം. പുതിയ ഇനം കളകളും അധിനിവേശ സസ്യങ്ങളും പാടം മൂടുന്ന സാഹചര്യം. വന്‍കിടക്കാരും അരിമില്ലുകാരും നൂറുകണക്കിന് ഏക്കര്‍ പാട്ടക്കൃഷി നടത്തുന്നുണ്ട്. തരിശിടങ്ങളില്‍ കൃഷിയിറക്കി അവര്‍ സര്‍ക്കാരില്‍നിന്നു ലക്ഷങ്ങള്‍ ആനുകൂല്യം വാങ്ങിയെടുക്കുന്നു. ഈ കിടമത്സരത്തില്‍ തോറ്റ ചെറുകിട കര്ഷകര്ന് നഷ്ടവും കഷ്ടവും ബാക്കി.
നെല്ലുസംഭരണം വല്ലാത്തൊരുകെണി
സംസ്ഥാനത്ത് 2.75 ലക്ഷം കര്‍ഷകര്‍ സപ്ലൈകോയിലൂടെ നെല്ല് വില്‍ക്കുന്നുണ്ട്. നെല്ല് വിറ്റ് കാശു വാങ്ങാന്‍ കടമ്പകള്‍ പലതുണ്ട്. സര്‍ക്കാരുമായി കരാറുള്ളകണ്സോര്ഷ്യത്തിലെ ബാങ്കില്‍ കര്ഷകന് രേഖകൾ നല്കി അക്കൗണ്ട് തുറക്കണം. കൊയ്ത്തിനു മുന്‍പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വിറ്റ നെല്ലിന്റെ തൂക്കം കുറിച്ച പിആര്‍എസ് രസീത് സമര്‍പ്പിക്കുമ്പോള്‍ വായ്പയായാണ് ബാങ്ക് കര്ഷകന് അക്കൗണ്ടില്‍ പണം നല്‍കുന്നത്. എട്ടു ശതമാനം പലിശയടക്കം തുക സപ്ലൈകോ ബാങ്കില്‍ അടയ്ക്കുംവരെ കര്ഷകന് ബാധ്യതക്കാരനായതിനാല്‍ മറ്റൊരു ലോണ്‍ ഇതേ ബാങ്ക് അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ അടുത്ത കൃഷിക്കുള്ള പണത്തിന് കര്ഷകന് ബ്ലേഡ് പലിശക്കാരന് കീഴടങ്ങുകയേ വഴിയുള്ളൂ.
ഏറ്റെടുക്കുന്ന നെല്ല് സപ്ലൈകോ സ്വകാര്യമില്ലുകളെയാണ് കുത്താന്‍ ഏല്പിക്കുന്നത്. ഈ മില്ലുകളെല്ലാം ബ്രാന്‍ഡഡ് അരിക്കമ്പനികളുടെ വകയാണ്. നൂറു കിലോ കുത്തുമ്പോള്‍ 68 കിലോ അരി തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് 64 കിലോയിലേക്കു കുറയ്ക്കാന്‍ മില്ലുകാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. 92 മില്ലുകളാണ് സംഭരണത്തിലുള്ളതെങ്കിലും ഇവര്‍ക്കെല്ലാം മറ്റു പേരുകളും മില്ലുകളുണ്ട്. ക്രമക്കേടിന് കരിമ്പട്ടികയില്‍പ്പെട്ടാല്‍ ഇവരുടെതന്നെ മറ്റൊരു മില്ല് സംഭരണത്തിന് കടന്നുവരും. മില്ലുകാരും ഉദ്യോഗസ്ഥരും ഇടനിലക്കാരും ഭരണക്കാരുമൊക്ക ചേര്‍ന്നുള്ള കോടികളുടെ വീതംവയ്പാണ് നെല്ലുകുത്ത്. സംസ്ഥാനം രൂപീകരിച്ചിട്ട് ഏഴു പതിറ്റാണ്ടായിട്ടും ഇവിടെ വിളയുന്ന നെല്ല് കുത്തി അരിയാക്കാനുള്ള മില്ല് സംവിധാനം സര്‍ക്കാരിനില്ല.
ആറു ബജറ്റുകളില്‍ ആറിടത്ത് വന്‍ മില്ലും സംഭരണശാലയും പണിയുമെന്ന വീരവാദം വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ന്യായനിരക്കില്‍ ആവശ്യമായ യന്ത്രങ്ങളെത്തിക്കാനും സാധിച്ചില്ല.
കേരളത്തിലെ നെല്‍കൃഷി യന്ത്രങ്ങളുടെ 80 ശതമാനവും ഓരോ സീസണിലും വാടകനിരക്ക് കൂട്ടി ഇടനിലക്കാര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുകയാണ്. സര്‍ക്കാരും സഹകരണ-തദ്ദേശസ്ഥാപനങ്ങളും വാങ്ങിയ യന്ത്രങ്ങള്‍ കാടുകയറി തുരുമ്പെടുത്ത് ആക്രിയായി വിറ്റുകൊണ്ടിരിക്കുന്നു.