ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപത മെത
കാർഷികവിളകൾകൊണ്ട് സന്പന്നമാണ് കേരളം. സമീപകാലം വരെ കേരളത്തിന്റെ സാന്പത്തികഭദ്രതയും വികസനവും പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ശാസ്ത്രവും വിവരസാങ്കേതികവിദ്യയും നിർമിതബുദ്ധിയും സമസ്തമേഖലകളിലേക്കും വ്യാപിച്ചപ്പോഴും ഭക്ഷണമെന്ന പ്രാഥമികാവശ്യത്തിന് മനുഷ്യൻ മണ്ണിലേക്കുതന്നെ തിരിയണം. അതുകൊണ്ടുതന്നെ സമൂഹം കൃഷിയെയും കൃഷിഭൂമിയെയും കർഷകനെയും പൊതുതാത്പര്യത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും ആസൂത്രണത്തിന്റെയും ഭാഗമാക്കണം.
കേരളത്തിൽ കൃഷിക്ക് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളുമുണ്ട്: ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ മഴയും (ഇടവപ്പാതിയും തുലാവർഷവും) സൂര്യപ്രകാശവും. ഇനി വേണ്ടത് മനസാണ്. അധ്വാനിക്കാതെ പരാശ്രയംകൊണ്ട് ഭക്ഷിക്കാൻ കഴിയില്ലെന്ന സത്യം നാലാം ക്ലാസിലെ മലയാളം പാഠാവലി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്: നെൽക്കൃഷി അന്യംനിന്നുപോയപ്പോൾ പത്തായങ്ങൾ പൊടിപിടിച്ചുപോയി. അമ്മ വയ്ക്കുന്നതും ഉണ്ണികൾ ഉണ്ണുന്നതും ആന്ധ്രയിലെയും പഞ്ചാബിലെയും ഹരിയാനയിലെയും നെൽപ്പാടങ്ങളിലെ അരിമണികളാണെന്ന് പാഠപുസ്തകം തുറന്നുപറയുന്പോൾ അതിന്റെ വിവക്ഷ കുട്ടികൾക്ക് പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും മുതിർന്നവർക്കു കഴിയും.
ഒരുകാലത്ത് കേരളീയന്റെ യശസുയർത്തിയത് കൃഷിയായിരുന്നു. നെല്ല്, തെങ്ങ് തുടങ്ങിയ പരന്പരാഗതകൃഷികളും വാണിജ്യവിളകളായ റബറും കരിന്പും സുഗന്ധവ്യഞ്ജനങ്ങളായ ഏലം, ഗ്രാന്പൂ, കുരുമുളക് തുടങ്ങിയവയുംകൊണ്ട് മലയാളികൾ ഈ നാടിനെ അടിമുടി അണിയിച്ചൊരുക്കിനിറുത്തിയിരുന്നു. തൊടിയിലേക്കിറങ്ങിയാൽ ഒരു വീട്ടിലേക്ക് വേണ്ടുന്നതെല്ലാം കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
സജീവമായിരുന്ന കൃഷിയായിരുന്നു കേരളത്തിലെ സാമുദായിക മൈത്രിയുടെ യഥാർഥ അടിത്തറ. കാരണം കൃഷിയുടെ മുൻവ്യവസ്ഥ അതിരില്ലാത്ത സൗഹൃദമാണ്. കൃഷിയിടങ്ങളിൽ വിളകൾക്കൊപ്പം നമ്മൾ നട്ടുപിടപ്പിച്ചത് പരസ്പരസ്നേഹവും ആദരവുമായിരുന്നു. സാമുദായികബന്ധങ്ങൾ യാഥാർഥ്യമായി. ഒറ്റച്ചങ്ങലയുടെ ബലമായിരുന്നു അന്ന് നമ്മൾ അനുഭവിച്ചത്. വിളവെടുപ്പിനുശേഷം ഒഴിഞ്ഞുകിടക്കുന്ന പാടത്താണ് നാട്ടിൻപുറത്തെ ഉത്സവങ്ങൾ കൊട്ടിക്കയറിയത്.
പരിശ്രമശാലികളും അധ്വാനശീലരുമായിരുന്നു നമ്മുടെ പൂർവികർ. കായൽ നികത്തി നെല്ല് വിളയിച്ചവരും മലയിടുക്കുകളിൽ റബർത്തോട്ടങ്ങൾ പാകിപ്പിടിപ്പിച്ചവരുമാണവർ. അധ്വാനത്തിന്റെ പാരന്പര്യമുള്ള നാടാണ് നമ്മുടേത്. കഠിനാധ്വാനത്തിന്റെ പൈതൃകം നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്.
കൃഷി ശീലമാക്കണം
തൊഴിൽ തേടിയുള്ള രാജ്യാന്തര കുടിയേറ്റത്തെത്തുടർന്ന് കേരളത്തിലെ കൃഷിയിടങ്ങൾ പലതും ഒഴിഞ്ഞുകിടക്കുന്നുണ്ട്. സ്വന്തം പുരയിടത്തിൽ അധ്വാനിക്കുന്നത് അഭിമാനമായി മാറണം. കൃഷി മാന്യതയുള്ള ഒരു തൊഴിലായി തിരിച്ചറിയണം. കോവിഡ് ലോക്ഡൗണ് പശ്ചാത്തലത്തിൽ തങ്ങളുടെ വീടുകളിൽ കൃഷി ആരംഭിച്ച പലരും പിന്നീടത് നിറുത്തിക്കളഞ്ഞു. മറ്റുചിലർ അതിപ്പോഴും തുടരുന്നുണ്ട്. കൃഷി ശീലമാക്കുകയാണ് വേണ്ടത്.
അന്യരാജ്യങ്ങളിലേക്കു കുടിയേറിയവരിൽ പലരും ഈ നാട് എന്നന്നേക്കുമായി ഉപേക്ഷിച്ചുവെന്നത് ഏറ്റവും ദുഃഖകരമാണ്. എന്നാൽ, കേരളത്തിനുള്ളിൽതന്നെ നടന്ന ആദ്യകാലകുടിയേറ്റം നമ്മുടെ സംസ്കൃതിയെ ബലപ്പെടുത്തുകയാണുണ്ടായത്. മലബാറിലേക്കും ഹൈറേഞ്ചിലേക്കുമുള്ള കുടിയേറ്റങ്ങൾ കൃഷിയെ ശക്തിപ്പെടുത്തി. ഇന്നത്തെ സ്ഥിതി നേർവിപരീതമാണ്. ഇന്ന് പണം കൂടി, പക്ഷേ പറന്പ് തരിശായി; നാട് മുന്നോട്ടുപോയി, എന്നാൽ നാട്ടിൻപുറം അന്യാധീനമായി. പക്ഷേ, അടിസ്ഥാനമൂല്യമായ കാർഷിക സംസ്കാരത്തെ കൈവിടാൻ നമ്മളാരും ഒരുക്കമല്ല. എട്ടാംക്ലാസ് അടിസ്ഥാനശാസ്ത്രപുസ്തകത്തിന്റെ മൂന്നാം അധ്യായത്തിന്റെ തലക്കെട്ട് ‘വീണ്ടെടുക്കാം വിളനിലങ്ങൾ’ എന്നാണ്. പുതുതലമുറ കൃഷിസംസ്കാരത്തെ പരിചയപ്പെടേണ്ടത് അസ്തിത്വപരമായ ഒരു ആവശ്യമാണെന്ന് വൈകിയെങ്കിലും നാം തിരിച്ചറിഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസമേഖല കേരളത്തിലുണ്ട്. വിദ്യാർഥികൾക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂളുകളിലും കോളജുകളിലും അവബോധം നൽകുന്ന പാഠ്യപദ്ധതി നമുക്ക് ഇന്നുണ്ട്. ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്രപുസ്തകം ആദ്യ അധ്യായത്തിന്റെ തലക്കെട്ട് ‘മണ്ണിൽ പൊന്നു വിളയിക്കാം’ എന്നാണ്. പാകി മുളപ്പിക്കലും തണ്ടുമുറിച്ച് നടലും പതിവയ്ക്കലും ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങുമൊക്കെ ഈ പാഠം കുട്ടികൾക്ക് പരിചയപ്പെടുത്തിനൽകുകയാണ്. കൃഷിക്കാരല്ലാത്ത മാതാപിതാക്കളുടെ മക്കൾക്കും കൃഷി പരിചയപ്പെടുത്തിക്കൊടുക്കാൻ ഈ പാഠത്തിന് കഴിവുണ്ട്.
വാമൊഴികളായി മാത്രം അവശേഷിക്കുന്ന നാട്ടറിവുകളും ആരോഗ്യശീലങ്ങളും ഇളം തലമുറകൾക്ക് പകർന്നുകൊടുക്കണം. ഈ കൈമാറ്റപ്രക്രിയ പരന്പരാഗത വിദ്യാഭ്യാസ നടപടികളിലൂടെ നടക്കുന്നില്ല. നാട്ടറിവ് സ്കൂളിലും കോളജുകളിലും എത്തിക്കണം. അപൂർവമായ നെൽവിത്തുകൾ പരിരക്ഷിക്കുന്ന കർഷകരെ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്തണം. അനൗപചാരികമായുള്ള അവരുടെ സംസാരം വിദ്യാർഥികളെ ഉറപ്പായും ആകർഷിക്കും. അതിനുശേഷം അവരുമായി ആശയവിനിമയത്തിനുള്ള സമയം കൂടി വിദ്യാർഥികൾക്ക് അനുവദിച്ചാൽ അത് വലിയ ഫലം പുറപ്പെടുവിക്കും. കൃഷിമേഖലയിലെ പ്രഗല്ഭരായ വ്യക്തികളെ വിദ്യാലയങ്ങളിൽവച്ച് അവർ പരിചയപ്പെടട്ടെ.
കൃഷിവിളകളുടെ എക്സിബിഷനുകൾ വിദ്യാലയങ്ങളിൽ ഒരുക്കണം. അവയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ സ്റ്റാളുകൾ ഉറപ്പായും അവരുടെ മനം കവരും. കപ്പ, ചക്ക, ചേന, കാച്ചിൽ, മാങ്ങ, ചേന്പ് തുടങ്ങിയവ ഉപയോഗിച്ച് വിവധതരം പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ മനസിലാക്കട്ടെ. അതുപോലെ ഇഞ്ചി, കൂവ, കരിന്പ്, മഞ്ഞൾ, വാഴ, പേര, ചാന്പ, പപ്പായ, പ്ലാവ്, പുളി, സപ്പോട്ട, ആത്ത, ഇലുന്പി, ആനിക്കാവിള, കശുമാവ്, കടപ്ലാവ്, റന്പൂട്ടാൻ ഇതൊന്നും നേരിട്ടുകണ്ടിട്ടില്ലാത്ത കുട്ടികൾ ഇപ്പോഴുണ്ട്. നമ്മുടെ വീടുകളുടെ മുറ്റത്തും പരിസരത്തും ഉണ്ടായിരുന്ന ആയുർവേദ ചെടികളായ തുളസി, ചെന്പരത്തി, ചുമക്കൂർക്ക, പനിക്കൂർക്ക, ആടലോടകം, തഴുതാമ തുടങ്ങിയവയും കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകണം. പ്രകൃതി വിശപ്പുമാറ്റുകയും സുഖപ്പെടുത്തുകയും ചെയ്യുമെന്ന അറിവ് പ്രകൃതിയെ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കും. പ്രകൃതിസംരക്ഷണം എന്ന മൂല്യം സ്വാഭാവികമായി കുട്ടികളിൽ ജനിക്കും.
കൃഷി ചെയ്യാൻ വിദ്യാർഥികളെ പഠിപ്പിക്കണം
വിദ്യാർഥികളെ കൃഷി ചെയ്യാൻ പഠിപ്പിക്കണം. വിവിധതരം കാർഷികവിഭവങ്ങൾ നേരിട്ട് പരിചയപ്പെടുന്നതോടെ തങ്ങൾ എന്താണ് ഭക്ഷിക്കുന്നതെന്ന് അവർക്ക് തിരിച്ചറിവുകിട്ടും. പയർ, വഴുതന, തക്കാളി, മുളകുകൾ, പാവൽ, പടവലം, വെള്ളരി, കുന്പളം, മത്തൻ, ചുരയ്ക്ക, വെണ്ട, കാബേജ്, കോളിഫ്ലവർ, കറിവേപ്പില തുടങ്ങി സ്വന്തം കൃഷിഭൂമിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറിവിഭവങ്ങൾ പല സ്കൂളിലും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. പാക്കറ്റ് ഭക്ഷണം സുലഭമായ കാലത്ത് ആരോഗ്യമുള്ള ഭക്ഷണക്രമം കുട്ടികൾ വിദ്യാലയങ്ങളിൽ പരിചയപ്പെടുകയാണ്.
നല്ല ഭക്ഷണക്രമം ആത്മീയതയുടെ ഭാഗമാണ്. ഇത്തരം കാർഷികപദ്ധതികൾ വിദ്യാർഥികൾ അലസരായിപ്പോകാതിരിക്കാൻ ഏറെ സഹായിക്കും. നാട്ടിൻപുറങ്ങളിലെ കൃഷിഭൂമിയിൽനിന്നുള്ള വിളകൾ നേരിട്ടുവാങ്ങാൻ പലരും താത്പര്യപ്പെടാറുണ്ട്. കൃഷിയുത്പന്നങ്ങൾ വിറ്റുകിട്ടുന്ന ചെറുനിക്ഷേപം കുട്ടികൾക്കിടയിൽ കാർഷികസംസ്കാരം പ്രചരിക്കുന്നതിന് പ്രചോദനമായിത്തീരും. പരിപാലനം സ്വീകരിക്കുന്ന ചെറുപ്രായത്തിൽ പരിപാലനം തിരികെ നൽകാനുള്ള ചോദന സ്കൂളിലെ കൃഷിയിടങ്ങൾ കുട്ടികളിൽ ഉണർത്തും. അങ്ങനെ മണ്ണിനോടുള്ള വൈകാരികബന്ധം ബാല്യത്തിലേ സ്ഥാപിച്ചെടുക്കാൻ കഴിയും.
കാർഷികാവബോധം വളർത്തുന്നതിനും കൃഷിരീതികൾ പഠിപ്പിക്കുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിൽ കർഷക ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കൃഷിയാഭിമുഖ്യമുള്ള അധ്യാപകർക്ക് കൃഷിരീതികളെക്കുറിച്ചും വിളപരിപാലനത്തെക്കുറിച്ചുമുള്ള ക്ലാസുകൾ കൃഷിഭവനുകൾ നടത്തുന്നുണ്ട്. സ്കൂൾ പിടിഎകളും സോഷ്യൽ സർവീസ് സൊസൈറ്റികളും സ്കൂൾ-കോളജ്തല കൃഷിമേഖലയെ പിന്തുണയ്ക്കുന്നുണ്ട്. ഓരോ സീസണിലും നടേണ്ട വിത്തുകൾ, തൈയ്കൾ എന്നിവയെക്കുറിച്ച് ആദ്യം അധ്യാപകർക്ക് കൃഷി ഓഫീസർമാർ ക്ലാസുകൾ നൽകും. തുടർന്ന് കുട്ടികൾക്കും ഈ അറിവ് നൽകുന്നു. പിന്നീട് അധ്യാപകരും വിദ്യാർഥികളും ഒത്തൊരുമിച്ച് കൃഷി ചെയ്യുന്നു. കാർഷികമേഖലയെ പരിചയപ്പെടുത്താൻ മാത്രമാണ് വിദ്യാലയങ്ങളിലെ കൃഷിത്തോട്ടംകൊണ്ട് ഉദ്ദേശിച്ചതെങ്കിലും കൃഷി ഓഫീസർമാരുടെ പിന്തുണ അതിനെ കുറെയേറെ ശാസ്ത്രീയമായി സമീപിക്കാനും ഇടയാക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥിബന്ധത്തിന് ക്ലാസ് മുറികളിലെ ഔപചാരികതയും കൃഷിയിടത്തിലെ അനൗപചാരികതയും പുതിയ നിറം നൽകും.
പല വിദ്യാർഥികളും തങ്ങളുടെ വീടുകളിലും കൃഷിത്തോട്ടം ആരംഭിച്ചിട്ടുണ്ട്. പരസ്നേഹം, പരസ്പരസഹകരണം തുടങ്ങിയ ഒട്ടേറെ മൂല്യങ്ങൾ കുട്ടികൾക്ക് നമ്മൾ ഇതുവഴി കൈമാറ്റം ചെയ്യുന്നുണ്ട്. വിളനാശം പോലും അവർക്ക് പാഠമാകുകയാണ്. തിരിച്ചടികൾ അതിജീവനമെന്ന കല അവരെ അഭ്യസിപ്പിക്കും. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശദമാക്കുന്നു: കർഷകൻ വിശ്വാസത്തെയും യുക്തിയെയും സമതുലിതമായ രീതിയിൽ ഒന്നിപ്പിക്കുന്ന ഒരു മാനസികാവസ്ഥയുടെ മാതൃകയാണ്. ഒരു വശത്ത് അവൻ പ്രകൃതിയുടെ നിയമങ്ങൾ അറിയുകയും തന്റെ ജോലി നന്നായി ചെയ്യുകയും ചെയ്യുന്നു. മറുവശത്ത്, അവൻ ദൈവപരിപാലനത്തിൽ വിശ്വസിക്കുന്നു, കാരണം ചില അടിസ്ഥാനകാര്യങ്ങൾ അവന്റെ കൈയിലല്ല, മറിച്ച് ദൈവകരങ്ങളിലാണ് (12 ഡിസംബർ 2010).
ഫാമിംഗ് സ്പിരിറ്റ്
സ്കൂൾ ടൈംടേബിളിനുള്ളിൽതന്നെ ശാരീരികപരിശീലത്തിന് സമയം അനുദവദിച്ചിട്ടുള്ളതുപോലെ കൃഷിക്കും സമയം അനുവദിക്കേണ്ട സമയമായില്ലേ എന്ന് നമ്മൾ ചിന്തിക്കണം. ‘സ്പോർട്ട്സ്മാൻ സ്പിരിറ്റ്’ എന്ന പദം സുപരിചതമാക്കിയതുപോലെ ‘ഫാമിംഗ് സ്പിരിറ്റും’ വ്യാപകമാക്കേണ്ടിയതല്ലേ? മൊബൈൽ ഫോണ് അമിതോപയോഗം; മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തുടങ്ങിയവയിൽനിന്ന് കുട്ടികളെ മാറ്റിനിർത്തൻ ‘ഫാമിംഗ് സ്പിരിറ്റി’ന് കഴിയും.
നമ്മുടെ ഒട്ടുമിക്ക സ്കൂളുകളിലും വിദ്യാർഥികളുടെ കൃഷിത്തോട്ടങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. ഭൂമിയൊരുക്കുക, വിത്തുപാകുക, തണ്ട് നട്ടുപിടിപ്പിക്കുക, ജലസേചനവും വളപ്രയോഗവും നടത്തുക, വിളവെടുപ്പ് നടത്തുക തുടങ്ങിയവയെല്ലാം അധ്യയനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അധ്യാപകരുടെ അകമഴിഞ്ഞ സഹകരണമാണ് സ്കൂൾതല കൃഷി വിജയമാക്കിയത്. മികച്ച അധ്യാപക-കർഷകൻ, മികച്ച സ്കൂൾ കൃഷിത്തോട്ടം, മികച്ച കർഷക-വിദ്യാർഥി തുടങ്ങിയ വലിയനിര സമ്മാനങ്ങൾ പാലാ രൂപത കോർപറേറ്റ് ഏജൻസി കൃഷി പ്രോത്സാഹനമായി ഇപ്പോൾ നൽകുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസമേഖലയിൽ പാലാ സെന്റ് തോമസ് കോളജ് (ബി-വോക്ക് സസ്റ്റെയ്നബിൾ അഗ്രികൾച്ചർ), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് (അഗ്രികൾച്ചർ ടെക്നോളജി), മാള കാർമൽ കോളജ് (ബി-വോക്ക് അഗ്രികൾച്ചർ), പുൽപ്പള്ളി പഴശിരാജാ കോളജ് (ബി-വോക്ക് അഗ്രികൾച്ചർ) തുടങ്ങിയ സ്ഥാപനങ്ങൾ കൃഷിമേഖലയിലേക്ക് വിദ്യാർഥികൾളുടെ നേരിട്ടുള്ള പ്രവേശനം ഉറപ്പാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നുണ്ട്. കൃഷിയിടങ്ങൾ കാണാൻ ദൂരയാത്ര ചെയ്യേണ്ട അവസ്ഥ നമുക്കുണ്ടാകരുത്. തത്തയെയും പ്രാവിനെും ഇരട്ടവാലൻ പക്ഷിയെയും അണ്ണാനെയും തങ്ങളുടെ പുരയിടത്തിൽത്തന്നെ കുട്ടികൾക്ക് കാണാൻ കഴിയണം. നമ്മുടെ എല്ലാ കലാലയങ്ങളും കാർഷികവിപ്ലവവേദികളാകട്ടെ.