സിഎച്ച്ആറിലെ പട്ടയനിരോധനം ചതിക്കുരുക്ക്
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിൽ ഭൂമി കൈവശമുള്ള ലക്ഷക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കാൻ മെനയുന്ന കുതന്ത്രങ്ങളുടെ ഭാഗമാണ് സിഎച്ച്ആർ വനമാക്കാൻ നടത്തുന്ന ശ്രമങ്ങൾ. സുപ്രീംകോടതിയിൽ നടക്കുന്ന സിഎച്ച്ആർ കേസിൽ വ്യാഴാഴ്ച ഉണ്ടായ ഇടക്കാല ഉത്തരവ് അതിന്റെ അവസാനത്തെ ഊരാക്കുടുക്കാണ്.
സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പീരുമേട്, ഉടുന്പൻചോല, ദേവികുളം, ഉടുന്പൻചോല വിഭജിച്ചുണ്ടായ ഇടുക്കി താലൂക്കുകളിൽ പുതിയ പട്ടയം നൽകുന്നതും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി ബെഞ്ചിന്റെതാണ് ഉത്തരവ്. ഇതോടെ ലക്ഷക്കണക്കിനു ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
പുതിയ പട്ടയങ്ങൾ നൽകുന്നത് നിരോധിച്ച ഉത്തരവിൽ നിലവിലുള്ള പട്ടയ ഉടമകൾക്ക് ഇതു ബാധകമല്ലെന്ന് പറയുന്നുണ്ടെങ്കിലും അത് ആശ്വാസകരമല്ല. സംസ്ഥാനത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും ജനങ്ങളുടെ സമാധാന ജീവിതം ദുഃസഹമാക്കുകയും ചെയ്യുന്ന ഉത്തരവാണിത്. സിഎച്ച്ആർ വനഭൂമിയാണെന്ന് അവകാശപ്പെട്ടുള്ള ഹർജിയിൽ ഉണ്ടായിരിക്കുന്ന ഉത്തരവ് സിഎച്ച്ആർ വനമാണെന്നു ഭാഗികമായി അംഗീകരിക്കപ്പെടുകയാണ്.
സിഎച്ച്ആർ വനമാണെന്നു സ്ഥാപിക്കപ്പെട്ടാൽ നിലവിലുള്ള പട്ടയഭൂമിയും വനത്തിനുള്ളിലെ കൈയേറ്റമായി മാറും. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് സിഎച്ച്ആർ എന്നാണ് ഹർജിക്കാരുടെ വാദം. 1980ലെ വന നിയമം ബാധകമാക്കിയാൽ വനഭൂമി വന ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അനധികൃതവും കൈയേറ്റവും ആകുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും.
2005 മുതൽ ഇടുക്കിയിലെ ജനങ്ങളുടെ തലയ്ക്കുമേൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന വാളാണിത്. 1995ലെ ഗോദവർമൻ തിരുമുൽപ്പാട് കേസിന്റെ ചുവടു പിടിച്ച് ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലെ ജനങ്ങളെ കാടു കൈയേറ്റക്കാരായി ചിത്രീകരിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ പ്രദേശത്തെ ജനങ്ങളുടെ പൗരാവകാശം കശാപ്പു ചെയ്യാനാണ് നിക്ഷിപ്ത താത്പര്യക്കാർ 2002ൽ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയിൽ 2003ൽ പരാതി നൽകിയത്. സിഇസി (സെൻട്രൽ എംപവേർഡ് കമ്മിറ്റി) 2005ൽ പരാതിക്കാരുടെ വാദം അംഗീകരിച്ച് സുപ്രീംകോടതിക്കു റിപ്പോർട്ടു നൽകി. അന്നു തുടങ്ങിയ വ്യവഹാരങ്ങൾ ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് ഏറെ നഷ്ടം ഉണ്ടാക്കുകയാണ്.
സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ നൽകിയിരിക്കുന്ന പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി ഭൂമി കൈവശക്കാരെ കുടിയിറക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ആസ്ഥാനമായ ഒരു സംഘടന നൽകിയ കേസിന്റെ തുടർച്ചയായാണ് 24ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. 2010ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഇടുക്കിയിലെ നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായിരിക്കുന്നത്. ഡിസംബറിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും വിശദമായ വാദം കേൾക്കുമെന്നും കോടതി പറഞ്ഞതുമാത്രമാണ് ആശ്വാസം.2010ലെ ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ സുപ്രീംകോടതിയുടെ പുതിയ ഇടക്കാല ഉത്തരവും ആശങ്ക സൃഷ്ടിക്കുന്നതാണ്.
സംസ്ഥാനത്തിന്റെ വാദം അവഗണിക്കപ്പെടുന്നു
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്തെ സംസ്ഥാന സർക്കാർ നൽകുന്ന സത്യവാങ്മൂലങ്ങളും അവഗണിക്കപ്പെടുന്നു. സിഎച്ച്ആർ റവന്യു ഭൂമിയാണെന്നു സത്യവാങ് മൂലം നൽകിയിട്ടും അതിനെ അംഗീകരിക്കാൻ തയാറായിട്ടില്ല. 23ന് കേരള ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സിഎച്ച്ആർ റവന്യു ഭൂമിയാണ് വളരെ വ്യക്തമായി ആവർത്തിക്കുന്നുണ്ട്. 2023ലും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാൾ സിഎച്ച്ആർ റവന്യു ഭൂമിയാണെന്നു വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 23ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻതന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതിനെതിരേ സുപ്രീംകോടതിയുടെ അമിക്കസ്ക്യൂറി നിലാട് എടുത്തതോടെയാണ് സിഎച്ച്ആറിൽ പട്ടയം നൽകുന്നത് സു പ്രീംകോടതി വിലക്കിയത്. ഒരു സംസ്ഥാനത്തിന്റെ ഭൂമിയുടെ സ്വഭാവം ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും അത് അംഗീകരിക്കപ്പെടാതെ പോകുന്നു.
അടിസ്ഥാനമില്ലാത്ത വാദം അംഗീകരിക്കപ്പെടുന്നു
രാജഭരണകാലത്ത് 1897ലെ വിജ്ഞാപനത്തിലും 1906ലെ ഫോറസ്റ്റ് മാനുവലിലും സിഎച്ച്ആർ വനഭൂമിയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹർജിക്കാരായ സംഘടനയുടെ വാദം. ജനായത്ത സർക്കാരോ രാജ വിളന്പരത്തിലോ ഒരിക്കൽ പോലും സിഎച്ച്ആർ വനഭൂമിയാണെന്നു വിജ്ഞാപനമിറക്കിയിട്ടില്ല. മരം മുറി കേസുകളിലും കൈയേറ്റം ഒഴിപ്പിക്കൽ കേസുകളിലും വനംവകുപ്പ് തയാറാക്കിയിട്ടുള്ള മഹസർ രേഖകളാണ് സിഎച്ച്ആർ വനമാണെന്നു സ്ഥാപിക്കാൻ ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിഎച്ച്ആർ 413 ചതുരശ്ര മൈൽ ആണെന്ന് അറിയിച്ചിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിലാണ് അമിക്കസ്ക്യൂറി ആക്ഷേപം ഉന്നയിച്ചത്. രാജവിളന്പരത്തിൽ 334 ചതുരശ്ര മൈൽ സിഎച്ച്ആർ വനമാണെന്നു വിജ്ഞാപനമുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. രാജവിളന്പരത്തിലെ 15,720 ഏക്കർ വനഭൂമിയെന്നത് ഹർജിക്കാർ വ്യാജമായി 2,17,520 ഏക്കറും 334 ചതുരശ്ര മൈലുമെന്നാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ചതാണെന്നാണ് കേരള സർക്കാരും കർഷക സംഘടനകളും പറയുന്നത്.
പെരിയാറിനു കിഴക്കും ഗൂഡല്ലൂർ, കന്പം, ബോഡിമെട്ട്, കോന്പൈ മലകൾക്കു പടിഞ്ഞാറുമായാണ് രാജവിളന്പരത്തിൽ സിഎച്ച്ആറിന്റെ അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചാണ് 23ന് കേരള ചീഫ് സെക്രട്ടറി സിഎച്ച്ആറിന്റെ വിസ്തീർണം 413 ചതുരശ്ര മൈൽ എന്ന് സത്യവാങ്മൂലം നൽകിയത്. താലൂക്കുകളുടെ വിസ്തീർണം കണക്കാക്കിയാണ് അളവു കണ്ടെത്തിയത്. രാജഭരണകാലത്ത് അതിർത്തി സബന്ധിച്ച സർവേ നടന്നിട്ടില്ല.
മതികെട്ടാൻ മല റവന്യു ഭൂമിയായിരുന്നു
മതികെട്ടാൻ വനപ്രദേശവുംകൂടി ചേർത്താണ് ചീഫ് സെക്രട്ടറി റവന്യു ഭൂമിയാണെന്നു സത്യവാങ്മൂലം നൽകിയതെന്നാണ് അമിക്കസ് ക്യൂറി ആക്ഷേപം ഉന്നയിച്ചത്. മതികെട്ടാനിലെ ഇന്നത്തെ വനമേഖല റവന്യു ഭൂമിയായിരുന്നു. 2006ലാണ് റവന്യു ഭൂമിയായിരുന്ന മതികെട്ടാൻ മല വനംവകുപ്പിനു വിട്ടുനൽകിയത്. അവിടെ സർക്കാർ നൽകിയിരുന്ന പട്ടയം നഷ്ടപരിഹാരം പോലും നൽകാതെ ഏറ്റെടുത്തു വനംവകുപ്പിനു കൈമാറുകയായിരുന്നു. ഇതിനു രേഖകളും കേസുകളും നിലവിലുള്ളതാണ്.
സിഎച്ച്ആറിൽ പട്ടയത്തിന് 2009ൽ അനുമതി
സിഎച്ച്ആറിൽ പട്ടയം നൽകുന്നത് 24നു വിലക്കിയ സുപ്രീംകോടതിതന്നെയാണ് 2009 ഫെബ്രുവരി ഒൻപതിന് സിഎച്ച്ആർ ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലെ 28,688.17 ഹെക്ടറിനു പട്ടയം നൽകാൻ കേരള സർക്കാരിന് അനുമതി നൽകിയത്. ഇതിൽ 20,363 ഹെക്ടർ സിഎച്ച്ആറിലാണ്. 25,368 ഹെക്ടർ ഇടുക്കി ജില്ലയിലുമാണ്. അതാണ് ഇപ്പോൾ സുപ്രീംകോടതിതന്നെ തടഞ്ഞിരിക്കുന്നത്. 1993ലെ പ്രത്യേക ഭൂ പതിവു നിയമമനുസരിച്ചാണ് സിഎച്ച്ആറിൽ 2009 മുതൽ പട്ടയം നൽകിയത്. ഇപ്പോൾ അത് അനധികൃതമാണെന്നു പ്രഖ്യാപിക്കുന്പോൾ വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിനോ കേസിൽ കക്ഷി ചേർന്നിട്ടുള്ള സംഘടനകൾക്കോ കഴിയാതെ പോയി എന്നു വേണം കരുതാൻ.
റവന്യു ഭൂമിയിൽ മാത്രമേ പട്ടയം നൽകാനാകൂ
രാജ്യത്തു നിലവിലുള്ള നിയമമനുസരിച്ച് വനഭൂമി കർഷകർക്ക് കൃഷിക്കായി പതിച്ചുനൽകാനാകില്ല. സിഎച്ച്ആറിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി കർഷകർക്ക് പല ഘട്ടങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയിട്ടുണ്ട്. 1957ലും 1963ലും 1993ലും സർക്കാർ പട്ടയം നൽകിയ ഭൂമിയാലാണ് ജനങ്ങൾ ജീവിക്കുന്നത്. ഇതു വനഭൂമിയായിരുന്നെങ്കിൽ സർക്കാരിനു പട്ടയം നൽകാൻ കഴിയില്ലായിരുന്നു. നിലമായും കരയായും തരിശായും പുൽമേടുകളായും ഒക്കെയാണ് സ്ഥലങ്ങൾ പതിച്ചു നൽകിയിട്ടുള്ളത്. ഏലം കൃഷിക്കായും സർക്കാർ പട്ടയം (ഏലപ്പട്ടയം) നൽകിയിട്ടുണ്ട്.
കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാനായും മറ്റും സിഎച്ച്ആർ പരിധിക്കുള്ളിൽ സംസഥാന സർക്കാർ പട്ടയം നൽകിയ ഭൂമികൾ ഉള്ളപ്പോഴാണ് സിഎച്ച്ആർ വനമാണെന്ന വാദം ഉണ്ടായിരിക്കുന്നത്. സിഎച്ച്ആർ എന്നാൽ ഏലം കൃഷിക്കായി നീക്കിയിട്ടിരിക്കുന്ന സ്ഥലം എന്നാണ് വിവക്ഷ. അതിനിടയിൽ മറ്റു കൃഷികൾക്കായി ഭൂമി പതിച്ചു നൽകിയിട്ടുണ്ടെങ്കിൽ പ്രദേശം പൂർണമായും റവന്യു ഭൂമിതന്നെയാണെന്ന് റവന്യുവിലെതന്നെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
2023ലെ ഭേദഗതി നിയമം അനുകൂലമാക്കാനാകും
2023ലെ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമം സിഎച്ച്ആറിന് അനുകൂലമാക്കാനെങ്കിലും കഴിയണം. 2023ലെ കേന്ദ്ര വനംസംരക്ഷണ ഭേദഗതി നിയമമനുസരിച്ച് 1996 ഡിസംബർ 12നു മുന്പ് വന ഇതര ആവശ്യങ്ങൾ ഉപയോഗിച്ചിട്ടുള്ള ഭൂമി വനമായി കണക്കാക്കപ്പെടില്ല.
ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പിട്ട് നിയമമായെങ്കിലും കേരളത്തിൽ ഉൾപ്പെടെ വനം ഉന്നത ഉദ്യോഗസ്ഥരായിരുന്ന 13 പേർ ചേർന്ന് ഭേദഗതി ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതും ഇടുക്കിയിലെ സിഎച്ച്ആർ വനമാക്കാനുള്ള ശ്രമങ്ങളോടു കൂട്ടിവായിക്കാവുന്നതാണ്. ഇത്തരം ഉന്നതർക്ക് എംപവേർഡ് കമ്മിറ്റിയെയും കോടതിയെയും സമീപിക്കാനും അവരുടെ ആവശ്യങ്ങൾ ബോധിപ്പിക്കാനും എളുപ്പം സാധിക്കും.
24ന് ഉച്ചകഴിഞ്ഞ് 3.30ന് കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ കേസിൽ കക്ഷിചേർന്നിട്ടുള്ള കർഷക സംഘടനകൾക്കോ കേരളത്തിന്റെ അഭിഭാഷകനോ കാര്യമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. അമിക്കസ്ക്യൂറിക്കായിരുന്നു കൂടുതൽ സമയം ലഭിച്ചത്. അതിനാലാണ് ഡിസംബറിൽ കൂടുതൽ സമയം അനുവദിച്ച് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്. എന്നാൽ അതിനിടയിൽ ഉണ്ടായിരിക്കുന്ന ഇടക്കാല ഉത്തരവ് ഇടിത്തീ തന്നെയാണ്.