മലയാള വൈജ്ഞാനിക സാഹിത്യശാഖയ്ക്ക് അടിത്തറയിട്ട മഹാമനീഷി
അജിത് കെ. ശ്രീധര്‍
സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും മടിച്ചുനിന്നപ്പോള്‍, മലയാളത്തിന്റെ വൈജ്ഞാനിക സാഹിത്യമേഖലയ്ക്ക് എക്കാലത്തെയും വലിയ സംഭാവനയായ മലയാളവിജ്ഞാനകോശം കൈരളിക്കു സമ്മാനിച്ച മാത്യു എം. കുഴിവേലി ഓര്‍മയായിട്ട് ഇന്ന് അരനൂറ്റാണ്ടാകുന്നു. വിജ്ഞാനം വിരല്‍ത്തുമ്പിലെത്തുന്ന ഇക്കാലത്ത് നിരവധി വോള്യങ്ങളുള്ള വിജ്ഞാനകോശം മലയാളത്തില്‍ നിര്മിച്ചെടുക്കുന്നതിനു പിന്നിലെ പ്രയത്നവും കഷ്ടപ്പാടും സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
മദ്രാസ് പ്രവിശ്യാ സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന തിരുപ്പൂര്‍ സുബ്രഹ്മണ്യ അവിനാശലിംഗം ചെട്ടിയാര്‍ എന്ന ടി.എസ്. അവിനാശലിംഗം ചെട്ടിയാരുടെ അക്ഷീണപരിശ്രമത്തിന്റെ ഫലമായി മദ്രാസ് സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ 1954ല്‍ തമിഴിലെ ആദ്യത്തെ വിജ്ഞാനകോശമായ ‘കലൈക്കുളഞ്ചിയം’ മദ്രാസ് സര്‍വകലാശാല പ്രസിദ്ധീകരിച്ചതാണ് മലയാളത്തില്‍ ഒരു വിജ്ഞാനകോശം പ്രസിദ്ധീകരിക്കാന്‍ മാത്യു എം. കുഴിവേലിക്ക് പ്രേരണയായത്. തമിഴിനു പുറമേ തെലുങ്കുഭാഷയിലും വിജ്ഞാനകോശം പ്രസിദ്ധീകരിക്കാന്‍ മദ്രാസ് സര്‍വകലാശാല ഇക്കാലത്ത് പദ്ധതിയിട്ടിരുന്നു.
സര്‍വകലാശാലയും സർക്കാരും കൈവിട്ടു
മദ്രാസ് സര്‍വകലാശാല തമിഴിനും തെലുങ്കിനും പുറമേ മലയാളത്തിലും വിജ്ഞാനകോശം പ്രസിദ്ധീകരിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ഉത്തരവാദിത്വം തിരുവിതാംകൂര്‍ സര്‍വകലാശാല ഏറ്റെടുക്കണമെന്നായിരുന്നു മദ്രാസ് സര്‍വകലാശാലയുടെ നിലപാട്. ഇതേത്തുടര്‍ന്ന് മലയാളത്തില്‍ വിജ്ഞാനകോശം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ മുന്‍പാകെ മാത്യു എം. കുഴിവേലി സമര്‍പ്പിച്ചു. സര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം തലവന്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആ നീക്കം. എന്നാല്‍, സര്‍വകലാശാലയില്‍നിന്ന് അനുകൂലമായ മറുപടി ഉണ്ടായില്ല.
ഇതേസമയം എന്‍.വി. കൃഷ്ണവാര്യര്‍ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ മലയാളത്തില്‍ വിജ്ഞാനകോശം തയാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവുമായി തിരു-കൊച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ളയെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമീപിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മലയാളം ലെക്സിക്കന്‍ തയാറാക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിജ്ഞാനകോശത്തിനായി സാമ്പത്തികസഹായം നല്കാന് സാധിക്കുകയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ദൗത്യം സ്വമേധയാ ഏറ്റെടുത്തു
ഇതോടെ മലയാളത്തില്‍ വിജ്ഞാകോശം പ്രസിദ്ധീകരിക്കുകയെന്നത് ആഗ്രഹം മാത്രമായി അവശേഷിക്കുമെന്ന നില വന്നു. ഈ സാഹചര്യത്തിലാണ് മറ്റൊന്നും ആലോചിക്കാതെ മാത്യു എം. കുഴിവേലി സ്വമേധയാ ആ ദൗത്യം ഏറ്റെടുത്തത്. 1941ല്‍ ആരംഭിച്ച ബാലന് എന്ന സ്വന്തം പ്രസിദ്ധീകരണശാലയില്നിന്നു വിജ്ഞാനകോശം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതുവരെ കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യവൈജ്ഞാനിക പുസ്തകങ്ങളായിരുന്നു ബാലനില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്നത്.
എട്ടു വോള്യങ്ങളിലായി വിജ്ഞാനം-മലയാളം പോപ്പുലര്‍ എന്‍സൈക്ലോപീഡിയ എന്ന പേരില്‍ വിജ്ഞാനകോശം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടു. മാത്യു കുഴിവേലിയോടൊപ്പം ഇ. രവിവര്‍മയാണ് എഡിറ്ററായി പ്രവര്‍ത്തിച്ചത്. 1955ഓടെ ആദ്യ വോള്യം പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള വോള്യങ്ങള്‍ സമയബന്ധിതമായിത്തന്നെ പ്രസിദ്ധീകരിച്ചു. 1965ഓടെ ഏഴ് വോള്യങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍, എട്ടാം വോള്യം കൃത്യസമയത്ത് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സാമ്പത്തികപ്രശ്നങ്ങളും ക്ലേശങ്ങളുമൊക്കെ വിജ്ഞാനകോശത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
എന്നാല്‍, ഇതിലൊന്നും പതറാതെ ഒരു തപസ് പോലെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും എട്ടാം വോള്യം 1974ഓടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുശേഷം വെറും ഒന്നരമാസത്തിനകം അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുകയാണുണ്ടായത്. മലയാളത്തില്‍ വിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നതില്‍ അദ്ദേഹം കാണിച്ച സ്ഥൈര്യം കാലം ചേര്‍ത്തുവയ്ക്കേണ്ടതാണ്.
ത്യാഗിയായ പണ്ഡിതന്
മലയാളത്തില്‍ ഒരു വിജ്ഞാനകോശം പ്രസിദ്ധീകരിക്കാനായുള്ള ശ്രമത്തിനിടയില്‍ മാത്രമല്ല ക്ലേശങ്ങളും ദുരിതങ്ങളും അദ്ദേഹം ഏറ്റെടുത്തത്. പ്രാചീന കേരളീയ വിദ്യാഭ്യാസത്തെക്കുറിച്ച് ഗ്രന്ഥം രചിക്കാന്‍ ഇതിലേറെ പ്രയാസങ്ങള്‍ അനുഭവിച്ചത് അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരള വിദ്യാഭ്യാസചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് ട്രെയിനിംഗ് കോളജില്‍ അധ്യാപകനായിരുന്ന കാലത്ത് അനുഭവിച്ചിരുന്നു.
ഇതു മറികടക്കാനുള്ള ദൗത്യം അദ്ദേഹം സ്വമേധയാ ഏറ്റെടുക്കുകയും നീണ്ടകാലത്തെ പരിശ്രമംകൊണ്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കേരള വിദ്യാഭ്യാസചരിത്രത്തെപ്പറ്റി ഒരു ബൃഹദ്ഗ്രന്ഥം തയാറാക്കാനുള്ള സഹായത്തിനും അനുവാദത്തിനുമായി സര്‍വകലശാലയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
സ്വന്തം നിലയില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ധാരാളം പണനഷ്ടത്തിന് ഇടയാക്കുമെന്നതിനാല്‍ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ച സമയത്താണ് കലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണത്തിന് ഏര്‍പ്പെട്ടിരുന്ന, പൂന കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു മിഷണറി പ്രവര്ത്തകന് അദ്ദേഹത്തെ സമീപിക്കുന്നതും ഈ രേഖകളെല്ലാം മാത്യു എം. കുഴിവേലി അദ്ദേഹത്തിന് കൈമാറുന്നതും. തുടര്‍ന്ന് ആ മിഷണറി പ്രവര്ത്തകന് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രബന്ധം കലിഫോര്‍ണിയ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുകയും ഡോക്ടറല്‍ ബിരുദം നേടുകയും ചെയ്ത കഥ കുഴിവേലി തന്നെ പറയുന്നുണ്ട്. ഇങ്ങനെ വൈജ്ഞാനികശേഖരണത്തിനും വ്യാപനത്തിനുമായി ത്യാഗം സഹിച്ച പണ്ഡിതന്മാര് കേരളത്തില്‍ അധികമില്ലെന്നുതന്നെ പറയാം. പുരാണ കിരണാവലി, പ്രാചീനകേരള വിദ്യാഭ്യാസം, ആധുനിക കണ്ടുപിടിത്തങ്ങള്‍, ബുദ്ധിപരിശോധന, ആകാശസഞ്ചാരം, ആധുനികബോധനം തുടങ്ങി അറുപതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രായഭേദമനുസരിച്ച് ഉതകുന്ന തരത്തില്‍ നാലു വിഭാഗങ്ങളിലായാണ് ബാലകൃതികള്‍ അദ്ദേഹം രചിച്ചതും പ്രസിദ്ധീകരിച്ചതും. 1932ല്‍ പ്രസിദ്ധീകരിച്ച ‘എവറസ്റ്റ് ആരോഹണം’ ആണ് അദ്ദേഹത്തിന്റെ ആദ്യകൃതി. കുട്ടികള്‍ക്കായി ‘സ്കൂള്‍ മാസ്റ്റര്‍’ എന്ന പേരില്‍ 1936 മുതല്‍ അഞ്ചുവര്‍ഷക്കാലം ഒരു മാസികയും ‘ബാലന്’ എന്ന പേരില്‍ 1947ല്‍ ഒരു പത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
പാലായിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1905 ഏപ്രില്‍ 20നാണ് മാത്യു എം. കുഴിവേലി ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ അധ്യാപകനായും ട്രെയിനിംഗ് കോളജ് അധ്യാപകനായും 14 വര്‍ഷക്കാലം പ്രവര്‍ത്തിച്ചതിനുശേഷം 1942ലാണ് തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ പ്രസിദ്ധീകരണ വിഭാഗം ജീവനക്കാരനായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് പ്രസിദ്ധീകരണവിഭാഗം തലവനായി. അദ്ദേഹത്തിന്റെ കാലത്താണ് നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ സര്‍വകലാശാല പ്രസിദ്ധീകരണവിഭാഗം പുറത്തിറക്കുന്നത്. 1974 ഒക്ടോബർ 27ന് അദ്ദേഹം അന്തരിച്ചു. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് പ്രസിദ്ധീകരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍കൂടി പരിഗണിച്ച് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കി രാജ്യം ആദരിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതരേഖ
ജനനം: 1905 ഏപ്രിൽ 20
പിതാവ്: മത്തായി
അമ്മ: മറിയം\
വിദ്യാഭ്യാസം
പാലാ ഗവൺമെന്റ് പ്രൈമറി സ്കൂൾ
പാലാ സെന്റ് തോമസ് ഹൈസ്കൂൾ
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ്
കോളജ് (ഇന്റർമീഡിയറ്റ് )
പാളയംകോട്ട സെന്റ് സേവിയേഴ്സ്
കോളജ് (ബിരുദം)
തിരുവനന്തപുരം ഗവൺമെന്റ് ടീച്ചേഴ്സ്
ട്രെയിനിംഗ് കോളജ് (എൽറ്റി ബിരുദം)
ഉദ്യോഗം
അധ്യാപകൻ, പാലാ സെന്റ് തോമസ് ഹൈസ്കൂൾ (1928-34)
ഹെഡ്മാസ്റ്റർ, പാലാ സെന്റ് തോമസ് ട്രെയിനിംഗ് സ്കൂൾ (1934-42)
ഡെപ്യൂട്ടി സൂപ്രണ്ട്, പ്രസാധന വിഭാഗം, തിരുവിതാംകൂർ യൂണിവേഴ്സിറ്റി (1942-59)\
അംഗീകാരങ്ങൾ
വിശിഷ്ടാംഗത്വം: കേരള സാഹിത്യ
അക്കാദമി
പത്മശ്രീ (മരണാനന്തരം)
സ്മാരക തപാൽ സ്റ്റാമ്പ്
കുടുംബം
സഹധർമിണി: ചേര്‍ത്തല അന്ത്രപ്പേർ കുടുബാംഗം ആനി.
മക്കള്‍: ലീലാമ്മ, മാത്യു, തോമസ്, ശാന്ത, ജോസഫ്, ലളിത, നിര്‍മല, ബാലന്, ചന്ദ്രിക.
മരണം: 1974 ഒക്ടോബർ 27
അന്ത്യവിശ്രമം: പാലാ ളാലം പള്ളി