അനന്തപുരി / ദ്വിജൻ
വയനാട് ലോക്സഭാ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധികൂടി നാമനിർദേശപത്രിക സമർപ്പിച്ചതോടെ കേരളത്തിലെ ഉപതെരഞ്ഞടുപ്പ് ഗോദ ശരിക്കും സജീവമായി. വയനാട്ടിലെ തെരഞ്ഞെടുപ്പുഫലം എന്താവും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. എന്നാൽ, മറ്റു രണ്ടിടത്തും അതല്ല സ്ഥിതി. പത്തനംതിട്ടയിലെപ്പോലെ മുകളിലിരുന്ന് നിയോഗിക്കപ്പെട്ട വായനാട്ടിലെ ബിജെപി സ്ഥാനാർഥിക്കും തീവ്രഹിന്ദുക്കളുടെയും അത്തരം നിലപാടുള്ളവരുടെയും അല്ലാതെ അധികം പേരുടെ വോട്ട് സ്വന്തമാക്കാൻ സാധിക്കില്ല. പലപ്പോഴും ബിജെപിയും സ്ഥാനാർഥികളെ നിർത്തിക്കൊടുക്കുകയാണ് എന്ന് കരുതിപ്പോകുന്ന നിലയ്ക്കാണ് കാര്യങ്ങൾ.
പിണറായി സർക്കാരിനോടുള്ള എതിർപ്പു മൂലം പാലക്കാട്ടും ചേലക്കരയിലും വൻ വിജയസാധ്യതയുള്ള കോണ്‍ഗ്രസിലെ അന്തച്ഛിദ്രം പതിവുപോലെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ചേലക്കരയിൽ രമ്യ ഹരിദാസിനെതിരേ അൻവറിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുതിർന്ന കോണ്‍ഗ്രസ് നേതാവ്. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി സരിനും പഴയ കോണ്ഗ്രസുകാരൻ. അവിടെ ഇടതുപക്ഷത്തിന് വോട്ടു ചെയ്യാൻ മടിയുള്ള കോണ്‍ഗ്രസുകാരുടെ വോട്ടു നേടാൻ ഡിസിസി സെക്രട്ടറി ഷാനിബും ടി.വൈ. ഷിഹാബുദിനും പി.ജി. വിമലും മത്സരിക്കുന്നു.
കോണ്‍ഗ്രസിന്റെ വോട്ട് ചോർത്തുക എന്നതല്ലാതെ വേറെ ലക്ഷ്യമൊന്നും അവർക്കില്ലെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ടുകളിലാവും അവരുടെ കണ്ണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ മുസ്ലിം ധ്രുവീകരണം കോണ്‍ഗ്രസിന് അനുകൂലമായി ഇക്കുറി ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. അൻവർ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചു. ചേലക്കരയിലും അതുതന്നെ സംഭവിച്ചേക്കാം. പല വഴികളുള്ള കോണ്‍ഗ്രസിലെ മിക്കവാറും വഴികൾ പരിചയമുള്ള അൻവർ അതിൽ ഒന്നിലൂടെ അകത്തു കയറി രക്ഷപ്പെട്ടേക്കും.
വാസ്തവത്തിൽ മൂന്നു സ്ഥാനാർഥികൾക്കുമുള്ള യഥാർഥ അപകടം റിബലുകളാവില്ല. പരന്പരാഗത വോട്ടുകളിലുള്ള ചോർച്ചയാവും. പിണറായി സർക്കാരിനോടുള്ള എതിർപ്പ് എത്രമാത്രം വോട്ടുകളാവും ഇടതുചേരിയിൽനിന്നു ചോർത്തിക്കളയുക? ഇന്നലെവരെ സിപിഎമ്മിനെ പുലഭ്യം പറഞ്ഞു നടന്ന സരിനെ യഥാർഥ സഖാക്കൾക്ക് ഉൾക്കാള്ളാനാകുമോ? ബിജെപി തോറ്റാൽ പാലക്കാട്ട് ഫലത്തിൽ ജയിക്കുന്നത് കോണ്‍ഗ്രസുകാരനാവും. പിണറായി സർക്കാരിനെതിരേ ഇന്നലെവരെ സരിൻ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക് സരിൻതന്നെ മറുപടി പറയേണ്ട നിലയിലല്ലേ കാര്യങ്ങൾ.
ഇത്തരക്കാരെ കൂടെകൂട്ടി നിഗ്രഹിക്കുന്ന തന്ത്രവും സിപിഎമ്മിന് അന്യമല്ല. 1957ലെ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരേ ഒരണസരമം നയിച്ച് വിമോചനസമരമാക്കി സർക്കാരിനെ വീഴ്ത്തുന്നതിൽ വലിയ പങ്കുവഹിച്ച അക്കാലത്തെ വിദ്യാർഥി നേതാവ് വയലാർ രവിയെ 1979ൽ ചിറയിൻകീഴിൽ ആന്റണി കോണ്‍ഗ്രസിന്റെ ഇടതുമുന്നണി സ്ഥാനാർഥിയാക്കി തോൽപ്പിച്ചെടുത്ത കഥ ആരാണ് മറക്കുക. ഞങ്ങൾ പണി കൊടുത്തതുതന്നെയാണെന്ന് പിൽക്കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാർതന്നെ പറഞ്ഞിട്ടുണ്ട്. എന്തിന് ഏറെ അകലെ പോകുന്നു. 2021ൽ പാലായിൽ ജോസ് കെ. മാണി തോറ്റത് സിപിഎം വലിച്ചിട്ടല്ലേ? സിപിഎമ്മിലെ അടിയൊഴുക്കുകൾ എത്ര ശക്തമാണ്.
കണ്ണൂരിലെ ദിവ്യയുടെ കളി സഖാക്കൾക്കിടയിൽ ഉണ്ടാക്കുന്ന വികാരം വോട്ടാകുമോ? ബിജെപിയുടെയും സ്ഥാനാർഥിനിർണയം മാത്രമാവും തടസം. കൃഷ്ണകുമാറിന് പകരം ശോഭാ സുരേന്ദ്രൻ വന്നിരുന്നെങ്കിൽ കളി വല്ലാതെ മാറുമായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി വന്നതുപോലെ ഒന്നാകുമായിരുന്നു അത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലിം പ്രീണന നിലപാടുകളിൽ അമർഷമുള്ളവരെ ആകർഷിക്കാൻ അവർക്ക് കൂടുതൽ എളുപ്പത്തിൽ സാധിക്കുമായിരുന്നു.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അവിടെ 3000 വോട്ടാണ്. അതുപോലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാതിരിക്കാൻ കുറേ സഖാക്കൾ കൂടി കൊടുത്ത വോട്ടാണ് കോണ്‍ഗ്രസിന്റെ പെട്ടിയിൽ വീണതെന്നാണ് സരിന്റെതന്നെ പക്ഷം. ഇക്കുറിയും ആ കഥതന്നെ ആവർത്തിക്കുമോ? അടിയൊഴുക്കുകൾ ഉണ്ട്. അവ എത്രമാത്രം ശക്തം എന്നാണ് അറിയേണ്ടത്.
തെരഞ്ഞടുപ്പു പ്രചാരണം കൊഴക്കുന്പോൾ മത്സരം കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും തമ്മിലാവും. റിബലന്മാരെല്ലാം അപ്രസക്തമാവും. അത് കോണ്‍ഗ്രസിനും ബിജെപിക്കും പ്രതീക്ഷ പകരുന്ന ഘടകങ്ങളാണ്. ചേലക്കരയിൽ രമ്യ പാട്ടുപാടി ജയിക്കും എന്ന് ഇന്ന് നിരീക്ഷകരാരും കരുതുന്നില്ല. അൻവറിന്റെ സ്ഥാനാർഥി അടക്കമുള്ളവർ അപകടസാധ്യതകളാണ്. ഇടതിന്റെ വിജയസാധ്യത കൂട്ടുന്നവരും. ഫലത്തിൽ അൻവർ അവിടെ പിണറായിക്കു വേണ്ടിയാണ് ബാറ്റ് ചെയ്യുന്നത്.
സിസാ തോമസിനെ ക്രൂശിക്കുന്നു
കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിനെപ്പോലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനും സംഭവിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആത്മാർഥമാണെങ്കിൽ കൊച്ചി സർവകലാശാലാ വൈസ് ചാൻസലറായിരുന്ന സിസാ തോമസിനെ ക്രൂശിക്കുന്ന നടപടികൾ എത്രയും വേഗം അവസാനിപ്പിച്ച് അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാർ തയാറാകണം. കേരളത്തിലെ പ്രസിദ്ധമായ തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽനിന്നു പ്രഗത്ഭമായ വിധത്തിൽ ബിടെക്കും എംടെക്കും പാസായി ബംഗളൂരുവിലെ പ്രസിദ്ധമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്നു പിഎച്ച്ഡിയും നേടിയ പ്രഗത്ഭയായ വിദ്യാഭ്യാസ പ്രവർത്തകയാണ് സിസാ തോമസ്.
1991 ജൂണ്‍ 21ന് സർവീസിൽ കയറി. ഏറെ ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക നേട്ടങ്ങളും കൈവരിച്ച മഹതി. സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലു പോളി ടെക്നിക്കുകളിലും കെ ബേസ് പദ്ധതി നടപ്പാക്കിയതിന് 2010ൽ അവരെ കേരള സർക്കാർ പ്രശംസിച്ചു. 2014ലും മികച്ച പ്രവർത്തനത്തിന് അവർക്ക് കേരള സർക്കാരിന്റെ പ്രശംസ ലഭിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ 2022 നവംബറിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറാക്കി. കേരള സർക്കാർ ഈ സ്ഥാനത്തേക്ക് ശിപാർശ ചെയ്ത പേരുകൾ അംഗീകരിക്കാതെയാണ് ഗവർണർ അവരെ നിയമിച്ചത്. അതോടെ അവരുടെ കഷ്ടകാലവും ആരംഭിച്ചു. സാങ്കേതിക സർവകലാശാലയിലെ സർക്കാർ വിലാസം സിൻഡിക്കറ്റ് അവർക്ക് കൂച്ചുവിലങ്ങിടാൻ തീരുമാനിച്ചു. പക്ഷേ സിസയെ പിടിക്കാനായില്ല.
എന്നാൽ, സർക്കാർ അവർക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെ നടപടികൾ ആരംഭിച്ചു. സർവീസിൽനിന്നു വിരമിക്കുന്നതിന് ഒരു മാസം മുന്‍പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ചുമതലയിൽനിന്ന് നീക്കി. പകരം ചുമതല കൊടുത്തില്ല. ദൂരെ എവിടെയോ മാറ്റാനായിരുന്നു പരിപാടി. അവർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വിരമിക്കാൻ ഒരു മാസം മാത്രമുള്ള അവർക്ക് തലസ്ഥാനത്തുതന്നെ നിയമനം നൽകണമെന്ന ഉത്തരവിട്ടു. സർക്കാരിനു വീണ്ടും തിരിച്ചടിയായി.
ബാർട്ടണ്‍ഹിൽ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. തുടർന്ന് മെമ്മോ നൽകി. സർക്കാർ അനുമതി ഇല്ലാതെ വൈസ് ചാൻസലറായി എന്നതായിരുന്നു കുറ്റം. സിസയുടെ വാദം ഇക്കുറിയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചു. എന്നാൽ അവർക്കെതിരേ പറയുന്ന ആരോപണങ്ങളിൽ വിശദീകരണം ചോദിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിന് അനുമതി നല്കി.
സർവീസിൽനിന്നു വിരമിക്കുന്ന 2023 മാർച്ച് 31ന് ഹിയറിംഗിന് അഡീഷണൽ സെക്രട്ടറിയുടെ മുന്നിൽ ഹാജരാകണമെന്നു കാണിച്ച് മാർച്ച് 30ന് ഓഫീസ് സമയത്തിനു ശേഷം ഇ മെയിലായി കത്ത് കൊടുത്തു. വിരമിക്കൽ ദിവസമായതിനാലും പ്രിൻസിപ്പൽ എന്ന നിലയിലും മാർച്ച് 31ന് ബില്ലുകൾ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകുന്നതിനുള്ള അസൗകര്യം അറിയിച്ചു മറുപടി നല്കി.
പെൻഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോൾ അച്ചടക്ക നടപടി തുടങ്ങിയതിനാൽ ഇപ്പോൾ നല്‍കാനാവില്ലെന്ന് അറിയിച്ചു. സുപ്രീംകോടതി പറഞ്ഞിട്ടും അനുകൂല നടപടികൾ ഇല്ല. ഇപ്പോൾ പുതിയ കേസ് ഉണ്ടാക്കുകയാണ്. സിസ സാങ്കേതിക സർവകലാശാലയിലെ ഫയലുകൾ മോഷ്ടിച്ചു എന്നതാണ് പുതിയ കള്ളക്കേസ്. സർവകലാശാലയുടെ ബോർഡ് ഓഫ് ഗവേണേഴ്സ് ആണ് കഥയുണ്ടാക്കി പോലീസിൽ പരാതി നൽകിയത്. വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കറ്റിന്റെ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അത് തന്റെ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്ക് അയച്ചു. അക്കൂടെ അയച്ച ഫയലുകൾ കാണുന്നില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഗവർണറും സർക്കാരുമായുള്ള വഴക്കിൽ സിസയെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയും ഇതുതന്നെ ആവശ്യപ്പെട്ടു. സർക്കാർ അനുമതി ഇല്ലാതെ വിസി പദവി ഏറ്റെടുത്തത് സുപ്രീംകോടതി ശരിവച്ചു. എന്നിട്ടും പീഡനം തുടരുകയാണ്. ആരും പ്രതികരിക്കുന്നുമില്ല. ഗവർണർ നിയമിച്ച മറ്റൊരു താത്കാലിക വൈസ് ചാൻസലറോടും കാണിക്കാത്ത ക്രൂരത സിസയോടു കാണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ശക്തമാണ്. ഇത്തരം സർക്കാർ ഭീകരതയ്ക്കെതിരേ ജനങ്ങളുടെ ശക്തി ഉണരാനുള്ള സമയമാണ് ഉപതെരഞ്ഞെടുപ്പുകൾ.
സിപിഎമ്മിന്റെ ഇംഗിതം അറിഞ്ഞ് പ്രവർത്തിക്കാതിരുന്നതിന് സിസയെ ഇതുപോലെ ക്രൂശിക്കുന്ന സർക്കാർ, ആത്മഹത്യ ചെയ്യാതിരുന്നെങ്കിൽ നവീൻ ബാബുവിനെ എന്തു ചെയ്യുമായിരുന്നില്ല. കണ്ണൂർ നേതൃത്വം പറയുന്നതുപോലെ വലിച്ചു കീറില്ലായിരുന്നോ?
ഗവർണറുടെ പൂഴിക്കടകൻ
കേരളത്തിലെ ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. മോഹൻ കുന്നുമ്മലിനെ അഞ്ചു വർഷത്തേക്കുകൂടി നിയമിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ വല്ലാത്ത വെട്ടിലാക്കി. കണ്ണൂർ വൈസ് ചാൻസലറായിരുന്ന ഗോപിനാഥിന്റെ പുനർനിയമന വിഷയം വന്നപ്പോൾ ഗവർണർക്കു കിട്ടിയ നിയമോപദേശം അനുസരിച്ചാണ് കുന്നുമ്മലിന്റെ നിയമനം.
ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തിനൊപ്പം കേരള സർവകലാശാലയുടെ ആക്ടിംഗ് വൈസ് ചാൻസലർ സ്ഥാനവും തുടരും. രണ്ടു വർഷമായി അദ്ദേഹം കേരള സർവകലാശാലയുടെ ആക്ടിംഗ് വിസിയാണ്. സിപിഎം സിൻഡിക്കറ്റിന്റെ എല്ലാ തടസങ്ങളും നേരിട്ട് അദ്ദേഹം ഭരിക്കുന്നു.
കേരള ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിൽ ഒഴിവു വരുന്ന താത്കാലിക വിസിമാരുടെ നിയമനത്തിൽ ഗവർണറും സർക്കാരും വീണ്ടും നേർക്കുനേർ വരികയാണ്.