വെട്ടിത്തിളങ്ങി മഞ്ഞലോഹം മുന്നോട്ട്
റ്റി.സി. മാത്യു
മഞ്ഞലോഹത്തിന്റെ വെട്ടിത്തിളക്കത്തിൽ കണ്ണു മഞ്ഞളിക്കാത്തവരില്ല. എന്തൊരു കയറ്റം?
ഈ വർഷം ജനുവരി ഒന്നിന് ഒരു പവന്റെ വില 46,840 രൂപ. ഇന്നലെ 58,360 രൂപ. 24.6 ശതമാനം കയറ്റം. കഴിഞ്ഞ വർഷം ഒക്ടോബർ 25ലെ വില 45,320 രൂപ. ഇന്നലെ വരെ കയറ്റം 28.78 ശതമാനം. ആഗോളവിപണിയിൽ 24 കാരറ്റ് സ്വർണം ഔൺസിന് (31.1 ഗ്രാം) ഇന്നലെ 2720 ഡോളർ. ജനുവരി ഒന്നിലെ 2063.20 ഡോളറിൽനിന്നു 32.6 ശതമാനം അധികം. ഒരു വർഷം മുൻപത്തെ വിലയിൽ നിന്നു 39 ശതമാനം കയറ്റം.
എന്താണിങ്ങനെ? സമീപകാലത്തൊന്നും ഇങ്ങനെയൊരു കയറ്റം സ്വർണത്തിൽ കണ്ടിട്ടില്ല. 1970-74 ൽ 535 ശതമാനവും (35 ഡോളറിൽനിന്ന് 187 ഡോളറിലേക്ക്) 1976-80 ൽ 440 ശതമാനവും (134ൽനിന്ന് 590 ഡോളറിലേക്ക്) കുതിച്ചുകയറിയത് ഒരു തലമുറയ്ക്കു മുൻപുള്ള കഥയാണ്. അതിൽതന്നെ 1979ൽ സ്വർണവില 139 ശതമാനം കയറിയത് ഇപ്പോഴും റിക്കാർഡ് കയറ്റമാണ്.
സ്വർണം ഇപ്പോൾ ഇങ്ങനെ കയറാൻ എന്താണു കാരണം? പല കാരണങ്ങൾ പറയാനാകും.
ഒന്ന്: പലിശ
യുഎസും മറ്റു രാജ്യങ്ങളും പലിശ കുറച്ചുതുടങ്ങി, ഇനിയും കുറയ്ക്കും. പലിശ കുറയുമ്പോൾ കടപ്പത്രങ്ങളിൽനിന്നു സ്വർണത്തിലേക്കു നിക്ഷേപകർ മാറും.
രണ്ട്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ഡോണൾഡ് ട്രംപ് ജയിച്ചാൽ പലിശ കുറയ്ക്കലിനു സമ്മർദം കൂട്ടും. അതു സ്വർണവില കൂട്ടും. കമല ഹാരിസ് ജയിച്ചാൽ കമ്മി കൂടും. അതും സ്വർണവില കയറാനിടയാക്കും. ഹാരിസിന്റെ നയങ്ങൾ സ്വർണവിലയെ ഔൺസിന് 12,000 ഡോളറിലേക്കു കയറ്റുമെന്നാണ് റിപ്പബ്ലിക്കന്മാർ പ്രചരിപ്പിക്കുന്നത്.
മൂന്ന്: പശ്ചിമേഷ്യൻ യുദ്ധഭീതി
യുഎസ് തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്നും അതു വലിയ കുഴപ്പത്തിലേക്കു നീങ്ങുമെന്നും ഭയപ്പെടുന്നവർ ഏറെ. പ്രശ്നകാലത്തെ ഏറ്റവും ഭദ്ര നിക്ഷേപം അന്നും ഇന്നും എന്നും സ്വർണമാണ്.
നാല്: കേന്ദ്രബാങ്കുകളുടെ വാങ്ങൽ
ഒട്ടുമിക്ക രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വർണശേഖരം അതിവേഗം വർധിപ്പിക്കുകയാണ്. 2022ൽ 1082 ടണ്ണും 2023ൽ 1037 ടണ്ണും അവർ വാങ്ങി. ഈ വർഷം ആദ്യപകുതിയിൽ അവർ 484 ടൺ വാങ്ങി. അഞ്ചു ശതമാനം വർധന.
അഞ്ച്: ഡോളർ കുത്തക തകർക്കാൻ ബ്രിക്സ് നീക്കം
റഷ്യയും ചൈനയും ഇന്ത്യയും ഒക്കെ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മ ഡോളറിന്റെ കുത്തക അവസാനിപ്പിക്കാൻ പുതിയ രാജ്യാന്തര കറൻസിയും വിനിമയ സംവിധാനവും ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അമേരിക്കൻ താത്പര്യങ്ങളനുസരിച്ചുള്ള സാമ്പത്തിക ഉപരോധങ്ങൾ മറികടക്കുകയാണു ലക്ഷ്യം. അതിനു വലിയ സ്വർണ ശേഖരവും മറ്റും ഉണ്ടാക്കണം.
കഴിഞ്ഞദിവസത്തെ ബ്രിക്സ് ഉച്ചകോടിക്കു ശേഷം റഷ്യൻ ധനമന്ത്രി ആന്റൺ സുല്വാനോവ് ഇതു സംബന്ധിച്ച ഒരു ധവളപത്രം പുറപ്പെടുവിച്ചു. ബ്രിക്സ് രാജ്യങ്ങൾ സ്വർണവില നിർണയിക്കുന്ന രീതിയിൽ പുതിയ ഗോൾഡ് എക്സ്ചേഞ്ച് തുടങ്ങണമെന്ന് അതിൽ പറയുന്നു.
അതു നടപ്പായാൽ ഡോളർ സ്ഥാനഭ്രഷ്ടമാകും ഡോളർ വില കുത്തനെ ഇടിയും. അപ്പോൾ സ്വർണം ഔൺസിന് ഒന്നര ലക്ഷം ഡോളർ ആകുമെന്നാണ് മൈൽസ് ഫ്രാങ്ക്ളിൻ പ്രെഷ്യസ് മെറ്റൽസ് മേധാവി ആൻഡി സ്കെക്റ്റ്വാൻ പറയുന്നത്. ഡോളറിനെ ഇല്ലായ്മ ചെയ്യുന്ന ഒരു നീക്കം വിജയിക്കുമോ എന്നത് ഇനിയും വ്യക്തമല്ല. എങ്കിലും രാജ്യങ്ങൾ സ്വർണശേഖരം വർധിപ്പിക്കുന്നതും ഡോളറിനെ നിഷ്കാസനം ചെയ്യാനുള്ള നീക്കവും പരസ്പര ബന്ധിതമാണെന്നു പലരും കരുതുന്നു.
അടുത്ത വർഷമാദ്യം സ്വർണം 2700 ഡോളറിൽ എത്തുമെന്നു പ്രവചിച്ചിരുന്ന നിക്ഷേപ ബാങ്കുകൾ ഇപ്പോൾ 3000 ഡോളറാണ് 2025 പകുതിയിലേക്കു പ്രതീക്ഷിക്കുന്നത്. വില അവിടെ നിൽക്കാൻ തക്ക സുസ്ഥിരത 2025ൽ പ്രതീക്ഷിക്കാൻ പറ്റുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
ഉറപ്പായ കാര്യം ഒന്നു മാത്രം - കാടത്തത്തിന്റെ ശേഷിപ്പായി കൊണ്ടുനടക്കുന്ന സ്വർണം വലിയ തിളക്കത്തിലേക്കു നീങ്ങിത്തുടങ്ങിയതേ ഉള്ളൂ.