മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആർച്ച്ബിഷപ്
ആ ശബ്ദം നിലച്ചിട്ട് 75 വർഷമായിരിക്കുന്നു. എങ്കിലും അതിന്റെ അനുരണനം മനുഷ്യമനസുകളിൽ ഇന്നും അലയടിക്കുന്നു; ആവേശമുയർത്തുന്നു. 1927 ഒക്ടോബർ 24ന് 35-ാം വയസിൽ ചങ്ങനാശേരി രൂപതയുടെ മേലധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാർ ജെയിംസ് കാളാശേരി 1949 ഒക്ടോബർ 27ന് തന്റെ 57-ാം വയസിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ 22 വർഷത്തെ അജപാലകനേതൃത്വം സംഭവബഹുലവും ധീരോദാത്തവുമായിരുന്നു.
ശക്തമായ പ്രേഷിത മുന്നേറ്റം
പ്രേഷിതപ്രവർത്തനത്തിനു ശക്തമായ ഉത്തേജനം നൽകിയ അജപാലകനായിരുന്നു കാളാശേരി പിതാവ്. ഭാരതപ്പുഴയ്ക്കും പന്പയ്ക്കും ഇടയിൽ മാത്രം പ്രവർത്തനസ്വാതന്ത്ര്യമുണ്ടായിരുന്ന സീറോമലബാർ സഭയിൽനിന്ന് ധാരാളം യുവതീയുവാക്കൾ മിഷൻ പ്രവർത്തനത്തിനായി മുന്നോട്ടു വന്നിരുന്നു. മാതൃസഭയുടെ ഭൂപരിധിക്കു പുറത്ത് പ്രേഷിതവേല ചെയ്യണമെങ്കിൽ സ്വന്തം സുറിയാനി റീത്ത് ഉപേക്ഷിക്കേണ്ടിയിരുന്നു. എങ്കിലും വിശാലഹൃദയനായ കാളാശേരി പിതാവ് യുവജനങ്ങളുടെ പ്രേഷിതാവേശത്തെ കെടുത്തിയില്ല. അങ്ങനെ മാതൃസഭയ്ക്കുപുറത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ലത്തീൻ സഭയുടെ കീഴിൽ മിഷനറിമാരായി സ്വയം സമർപ്പിച്ച സുറിയാനിക്കാർ നിരവധിയാണ്.
കേരളത്തിൽനിന്ന് ആദ്യമായി 1931ൽ പ്രേഷിതരംഗത്തേക്കു പോയ 15 വനിതകൾ ചങ്ങനാശേരി രൂപതക്കാരായിരുന്നു 1948ലെ ഒരു കണക്കനുസരിച്ച് വൈദികരും സമർപ്പിതരുമായി 326 മിഷനറിമാർ ചങ്ങനാശേരി രൂപതയിൽനിന്ന് ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ പ്രവർത്തനവേലയിൽ ഏർപ്പെട്ടിരുന്നു.
കാളാശേരി പിതാവിന്റെ കബറടക്ക ശുശ്രൂഷാവേളയിൽ മദ്രാസ് മെത്രാപ്പോലീത്ത ഡോ. മത്തിയാസ് അനുസ്മരണപ്രസംഗത്തിൽ പറഞ്ഞു: “ക്രിസ്തുവിന്റെ സ്നേഹവും സുവിശേഷവും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അതിർത്തിയോ രാജ്യവ്യത്യാസമോ ഇല്ല... ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ തീവ്രമായി യത്നിച്ചിരുന്ന ഒരു വൈദികാധ്യക്ഷനാണ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ഒരു മിഷണറി മെത്രാനായിരുന്നു അദ്ദേഹം... ഈ രൂപതയിൽനിന്ന് ഇദ്ദേഹം നിയോഗിച്ചയച്ച വൈദികരും കന്യാസ്ത്രീകളുമില്ലാത്ത മിഷൻ രംഗം ഇന്ന് ഇന്ത്യയിലില്ല. ഇന്ത്യയിലെ എല്ലാ മിഷൻ രംഗങ്ങളും മാർ ജെയിംസ് കാളാശേരി തിരുമേനിയോടും നിങ്ങളുടെ രൂപതയോടും അത്യന്തം കടപ്പെട്ടിരിക്കുന്നു.” കാളാശേരിപ്പിതാവിന്റെ അതിർത്തികളില്ലാത്ത പ്രേഷിതാഭിമുഖ്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്.
മെത്രാനായി നിയമിതനായപ്പോൾ അദ്ദേഹം തന്റെ ആപ്തവാക്യമായി സ്വീകരിച്ചത് “നിന്റെ രാജ്യം വരണം” എന്നതായിരുന്നു. തന്റെ പ്രഥമസന്ദേശത്തിൽ പിതാവു പറഞ്ഞു: “നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായുടെ രാജ്യത്തിന്റെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി മാത്രം നമ്മുടെ ആയുസിനെ നിയോഗിക്കേണ്ടതാണെന്നു നമുക്കു ദൃഢമായി ബോധ്യപ്പെട്ടിരിക്കുന്നു” എന്ന്. “നിന്റെ രാജ്യം വരണം” എന്ന അപ്തവാക്യം കാളാശേരി പിതാവിന്റെ പ്രേഷിതവ്യക്തിത്വത്തിന്റെ നിദർശനമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും അതിന്റെ ആധികാരിക വ്യാഖ്യാനമായിരുന്നു.
പൊതുനന്മയ്ക്കായി മറ്റുള്ളവരുടെ കാഴ്ചപ്പാടിനപ്പുറവും കാണാനും അതനുസരിച്ചു പ്രവർത്തിക്കാനും ദൈവകൃപയിൽ ഉൾപ്രേരണ ലഭിച്ചവരുടേത് പ്രവാചകശബ്ദമാണെന്നു പറയാം. അങ്ങനെയൊരു പ്രവാചകത്വം കാളാശേരി പിതാവിന്റെ അജപാലന ശുശ്രൂഷയിലുടനീളം കാണാൻ സാധിക്കും.
അച്ചടിമാധ്യമങ്ങളുടെ സ്വാധീനം
“ദൈവരാജ്യം പ്രചരിപ്പിക്കുക” എന്ന തന്റെ ആദർശം സാക്ഷാത്കരിക്കുന്നതിന് അച്ചടി മാധ്യമങ്ങൾക്കുള്ള വിസ്മയനീയശക്തി തിരിച്ചറിഞ്ഞ കാളാശേരി പിതാവ് തന്റെ മേൽപ്പട്ട ശുശ്രൂഷയുടെ ആരംഭഘട്ടത്തിൽത്തന്നെ അതിനുള്ള നടപടികളെടുത്തു. അങ്ങനെ 1928 ജൂലൈ 25ന് ‘വേദപ്രചാര മദ്ധ്യസ്ഥൻ’ എന്ന പേരിൽ രൂപതയ്ക്കൊരു മുഖപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.
അച്ചടിമാധ്യമങ്ങളുടെ സ്വാധീനത്തെയും പ്രയോജനത്തെയും സംബന്ധിച്ച് പിതാവെഴുതി: “ദൈവരാജ്യം പ്രചരിപ്പിക്കുന്നതിന് അതീതകാലങ്ങളെ അപേക്ഷിച്ച് ആധുനികകാലത്ത് പത്രങ്ങൾ, മാസികകൾ, ലഘുലേഖകൾ മുതലായവയ്ക്കുള്ള വിസ്മയനീയ ശക്തി അവയുടെ അത്യാവശ്യകതയെ പ്രസ്പഷ്ടമാക്കുകതന്നെ ചെയ്യുന്നു... പ്രസംഗകർക്കു പ്രവേശനംപോലും അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിൽ ഗ്രന്ഥങ്ങൾക്കു നിഷ്പ്രയാസം പ്രവേശനം ലഭിക്കുന്നു. അതു വായിക്കുന്നവരോടെല്ലാം അതു പ്രസംഗിക്കുന്നു. വചനങ്ങൾ കടന്നുപോകുന്നു, പക്ഷേ ലിഖിതങ്ങൾ സ്ഥിതിചെയ്യുന്നു. തന്മൂലം, ദൈവരാജ്യം വ്യാപിക്കുന്നതിന് ഒരു മാസിക എത്രകണ്ടു സഹായിക്കുന്നു എന്നു വിസ്തരിച്ചു പറയേണ്ടതായിട്ടില്ല.”
“പൗലോസ് ശ്ലീഹാ ഇന്നു ജീവിച്ചിരുന്നെങ്കിൽ പത്രപ്രവർത്തനജോലി ചെയ്തിരുന്നേനെ എന്നു തോന്നുന്നു” എന്ന് പിതാവ് അഭിപ്രായപ്പെടുകയുണ്ടായി. അതോടൊപ്പം, വിശുദ്ധ പത്താം പിയൂസ് മാർപാപ്പ ഒരു പത്രാധിപരുടെ തൂലികയെ ആശീർവദിച്ചതും, യോദ്ധാവിന്റെ ഖഡ്ഗത്തേക്കാൾ പത്രാധിപരുടെ പേനയെ പ്രശംസിച്ചതും പിതാവ് അനുസ്മരിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന്റെ പ്രവാചകൻ
കാളാശേരി പിതാവിന്റെ പ്രവാചകശബ്ദം അതിശക്തമായി മുഴങ്ങിയ സംഭവമായിരുന്നു 1945 ഓഗസ്റ്റ് 15ന് പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ഇടയലേഖനം. സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ വിശദീകരിച്ചും വിദ്യാഭ്യാസ അവകാശങ്ങൾക്കായി വാദിച്ചും പിതാവെഴുതിയ ഇടയലേഖനം കേരളസമൂഹത്തെ ഇളക്കിമറിച്ചപ്പോൾ തൂലികയുടെ ശക്തി എന്തെന്ന് ഭരണനേതൃത്വം ഉൾപ്പെടെയുള്ളവർ തിരിച്ചറിഞ്ഞു.
തിരുവിതാംകൂർ സംസ്ഥാനത്തെ പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ ദേശസാത്കരിക്കുക, വിദ്യാലയ അന്തരീക്ഷത്തിൽനിന്ന് മതപഠനം പൂർണമായി നിഷ്കാസനം ചെയ്യുക എന്നതായിരുന്നു തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസനയം. ക്രിസ്ത്യാനികളോട് വളരെ വിവേചനാപൂർവവും നീതിരഹിതവുമായിട്ടാണ് അദ്ദേഹം പെരുമാറിയിരുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേയാണ് കാളാശേരി പിതാവ് തന്റെ ശക്തമായ തൂലിക ചലിപ്പിച്ചത്. എന്തു വിലകൊടുത്തും തന്റെ വിദ്യാഭ്യാസനയം നടപ്പിലാക്കാൻ നിശ്ചയിച്ചുറപ്പിച്ച സർ സി.പി, രണ്ടാഴ്ചയ്ക്കകം ഇടയലേഖനം പിൻവലിച്ച് ക്ഷമയാചനം നടത്തണമെന്നും അല്ലാത്തപക്ഷം ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതാണെന്നും കാണിച്ച് കാളാശേരി പിതാവിനു നോട്ടീസയച്ചു.
ധർമധീരനായ കാളാശേരി പിതാവ് ചഞ്ചലചിത്തനാകാതെ നൽകിയ മറുപടി, വിശ്വാസികൾക്കു ധാർമികോദ്ബോധനം നൽകുക ശ്ലൈഹികകാലം മുതൽക്കേ മെത്രാന്മാരുടെ പതിവാണെന്നും ഇടയലേഖനം പിൻവലിക്കാൻ കാരണമൊന്നും കാണുന്നില്ലന്നുമായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കാളാശേരി പിതാവിന്റെ ഉറച്ചനിലപാടിനു സാർവത്രികമായ പിന്തുണയാണു ലഭിച്ചത്. പിതാവിന്റെ പോരാട്ടം കേരളത്തിനു പുറത്തും വിദേശങ്ങളിൽപോലും ശ്രദ്ധിക്കപ്പെട്ടു. ജനലക്ഷങ്ങൾ ആവേശപൂർവം അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്ന് പ്രതിഷേധത്തിര ഉയർത്തിയപ്പോൾ സർ സി.പിക്ക് തന്റെ ഉദ്യോഗ്യം രാജിവച്ച് തിരുവിതാംകൂറിനോടു വിടപറയേണ്ടിവന്നു.
സഭൈക്യ പ്രവർത്തനങ്ങൾ
കാളാശേരി പിതാവിന്റെ പ്രവാചകസമാനമായ നേതൃത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ് എക്യുമെനിക്കൽ പ്രവർത്തനങ്ങൾ. വിവിധ സഭാ വിഭാഗങ്ങളായി വേർപിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലായിരുന്നു കേരളത്തിലെ ക്രൈസ്തവസഭ. അവരെ ഒരുമിച്ച് അണിനിരത്താൻ വിദ്യാഭ്യാസപ്രക്ഷോഭം കുറച്ചൊക്കെ സഹായിച്ചിട്ടുണ്ട്. 1945 ഒക്ടോബർ ആറിന് കോട്ടയത്തെ ആംഗ്ലിക്കൻ മെത്രാസന മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ ക്രൈസ്തവസഭകളിൽനിന്നുള്ള 19 വൈദികാധ്യക്ഷന്മാർ പങ്കെടുത്തതു കേരള സഭാചരിത്രത്തിലെ പ്രഥമ എക്യുമെനിക്കൽ സമ്മേളനമായിരുന്നു. വിദ്യാഭ്യാസവിഷയത്തിൽ അവർക്കെല്ലാം ഒരേ നിലപാടുതന്നെയായിരുന്നു.
1930ലെ പുനരൈക്യത്തിനും സീറോമലങ്കര സഭയുടെ രൂപീകരണത്തിനുംശേഷം പുനരൈക്യ പ്രസ്ഥാനത്തിനു പിതാവു കൂടുതൽ പ്രോത്സാഹനവും പിന്തുണയും നൽകി. മലങ്കര സഭയുടെ തിരുവല്ല രൂപതയിലും തിരുവനന്തപുരം അതിരൂപതയിലും ചേർന്ന് സഭൈക്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആഗ്രഹമുള്ള സകല വൈദികർക്കും അദ്ദേഹം അനുവാദം നല്കിയിരുന്നു.
കത്തോലിക്കാ പ്രവർത്തനസംഘം
ഇന്നു സഭയിൽ പ്രവർത്തിക്കുന്ന മിക്ക അല്മായ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും മുന്നോടിയായും മാർഗനിർദേശിയായും പ്രവർത്തിച്ചിരുന്ന അല്മായ സംഘടനയായിരുന്നു മാർ ജെയിംസ് കാളാശേരിയുടെ കാലത്ത് ആരംഭിച്ച ചങ്ങനാശേരി രൂപതാ കത്തോലിക്കാ പ്രവർത്തനസംഘം (സിഎസി). സഭയുടെ കർമമണ്ഡലങ്ങളിൽ അല്മായർ ഉണർന്നു പ്രവർത്തിക്കണമെന്നുള്ള മാർപാപ്പയുടെ ആഹ്വാനങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് ചങ്ങനാശേരി രൂപതയിൽ പ്രവർത്തനനിരതമായിരുന്ന സംഘടനയാണ് സിഎസി.
കത്തോലിക്കാ പ്രവർത്തനത്തിന്റെ മാർപാപ്പ എന്നറിയപ്പെട്ടിരുന്ന പതിനൊന്നാം പിയൂസ് മാർപാപ്പ അതിനു നൽകിയ നിർവചനം, “വൈദികാധികാരികളുടെ പ്രേഷിതവൃത്തിയിൽ അല്മായരുടെ സുസംഘടിതമായ സഹകരണം” എന്നതാണ്. മാർപാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ കത്തോലിക്കാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഇടയലേഖനങ്ങളിലൂടെ കാളാശേരി പിതാവ് ആഹ്വാനം ചെയ്തു. 1937 ഒക്ടോബർ 31നു സിഎസിയുടെ ഉദ്ഘാടനം എസ്ബി കോളജിൽ നടന്നു. പതിനായിരക്കണക്കിനു വിശ്വാസികളാണ് അതിൽ ആവേശപൂർവം പങ്കെടുത്തത്. കത്തോലിക്കാ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ വിശ്വാസീസമൂഹം ഉത്സാഹത്തോടെ പങ്കാളിയായി.
1945ൽ മാന്നാനത്തു നടന്ന സിഎസിയുടെ വാർഷികസമ്മേളനത്തിൽ ചങ്ങനാശേരിയിലെ കത്തോലിക്കാ പ്രവർത്തനത്തെക്കുറിച്ച് മദ്രാസ് വിദ്യാഭ്യാസ മന്ത്രി സി.ജെ. വർക്കി പ്രസ്താവിച്ചു: “ഊർജസ്വലമായ കത്തോലിക്കാ പ്രവർത്തനത്തിന്റെ കാര്യത്തിൽ ചങ്ങനാശേരി രൂപത ഇന്ത്യയിലെ മറ്റെല്ലാ രൂപതകളുടെയും മുന്നിൽ നിൽക്കുന്നു.”
കുടിയേറ്റ ജനതയെക്കുറിച്ചുള്ള കരുതൽ
മലബാർ പ്രദേശങ്ങളിലേക്കു കുടിയേറിയിരുന്ന ആയിരക്കണക്കിനു സുറിയാനി കത്തോലിക്കർ നിരവധി ദുരിതങ്ങളിൽപ്പെട്ട് വൈദിക നേതൃത്വത്തിനുവേണ്ടി അഭ്യർഥിച്ചപ്പോൾ അവർക്കുവേണ്ടി വാദിക്കാൻ കാളാശേരി പിതാവ് മുന്നിട്ടിറങ്ങി. അന്നത്തെ സഭാ ഭരണസംവിധാനത്തിൽ സീറോമലബാർ സഭയ്ക്ക് അവിടെ പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. അതിനാൽ മാതൃസഭയിൽനിന്നുള്ള സുറിയാനിക്കാരായ വൈദികരുടെ സേവനം ലഭ്യമല്ലായിരുന്ന വിശ്വാസികളുടെ വിഷമസന്ധിയിൽ വേദനിച്ച കാളാശേരിപ്പിതാവ് അവർക്ക് വൈദികരെ കൊടുക്കുന്നതിനു പരിശുദ്ധ സിംഹാസനത്തോട് അപേക്ഷിക്കുകയുണ്ടായി. 1953ൽ തലശേരി രൂപത സ്ഥാപിതമായതോടെയാണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായത്.
വന്ദ്യപിതാവിന്റെ 75-ാം ചരമവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ സഭയ്ക്കും സമൂഹത്തിനുംവേണ്ടി പ്രവാചകധീരതയോടെ ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠന് ആദരാഞ്ജലികൾ അർപ്പിക്കാം.