റബർ കർഷകരുടെ കണ്ണീർ കാണാതെ പോകരുത്...
കര്‍ഷകരുടെ മനോവീര്യം കെടുത്തരുത്
വിവിധ ജോലി, തൊഴില്‍ മേഖലകളില്‍ അതത് കാലത്തെ ജീവിതച്ചെലവിന്റെ തോത് അടിസ്ഥാനമാക്കി കൂലിയും വേതനവും ഉറപ്പാക്കുന്ന സാഹചര്യം റബര്‍ കര്‍ഷകനും ബാധകമാണ്. ഏഴു വര്‍ഷം നീളുന്ന അധ്വാനത്തിലൂടെ റബര്‍ ടാപ്പ് ചെയ്ത് ഉത്പന്നം വിപണിയിലെത്തിക്കുന്ന കര്‍ഷകസമൂഹം വിലയും നിലയുമില്ലാതെ ദുരിതപ്പെടുകയാണ്.
സമീപകാലത്തുതന്നെ കിലോയ്ക്ക് 100 രൂപ വരെ റബറിന് വില കയറിയിറങ്ങുന്ന സാഹചര്യമുണ്ടായി. അതേസമയം, ടയര്‍ ഉള്‍പ്പെടെ റബര്‍ വ്യവസായ ഉത്പന്നങ്ങള്‍ക്കെല്ലാം വില പതിന്മടങ്ങ് വര്‍ധിച്ചു. ആഭ്യന്തരവില പിടിച്ചുനിറുത്താന്‍ കയറ്റുമതി മാത്രമാണ് പോംവഴി. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും അനിവാര്യമാണ്. ഗ്രാമീണതലങ്ങളില്‍ കര്‍ഷകരുടെ കൂട്ടായ്മയായ ആര്‍പിഎസുകളെ ശക്തിപ്പെടുത്തണം. റബര്‍ കര്‍ഷകര്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ ഇന്‍ഫാം പരിഹാരം തേടുകയാണ്. ഇക്കാര്യത്തില്‍ ഗൗരവമായ ആലോചനകള്‍ നടന്നുവരുന്നു.
ഫാ.തോമസ് മറ്റമുണ്ടയില്‍
ഇന്‍ഫാം ദേശീയ ചെയര്മാന്
റബര്‍ ബോര്‍ഡ് കര്‍ഷകരുടെ പക്ഷം ചേരണം
റബര്‍ ബോര്‍ഡ് കര്‍ഷകരുടെയും വ്യവസായികളുടെയും വ്യാപാരികളുടെയും ഇടയിലെ മധ്യവര്‍ത്തി എന്ന നിലയില്‍നിന്ന് കര്‍ഷകരുടെ പക്ഷം ചേരുന്ന സംരംഭമാകണം. കര്‍ഷകര്‍ ഇല്ലാതായാല്‍ റബറിനും ബോര്‍ഡിനും പ്രസക്തിയില്ല. എല്ലാ പ്രതിസന്ധിയിലും റബര്‍ ബോര്‍ഡ് കര്‍ഷകരക്ഷ ഉറപ്പാക്കണം. റബര്‍ കാര്‍ഷികോത്പന്നങ്ങളുടെ പട്ടികയില്‍പ്പെടുത്താന്‍ നടപടിയുണ്ടാകണം. ഉത്പാദനച്ചെലവിന് അനുസൃതമായി വില നിശ്ചയിക്കണം.
അഡ്വ.വി.സി. സെബാസ്റ്റ്യന്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്, ദക്ഷിണേന്ത്യാ കണ്‍വീനര്‍
കര്‍ഷകര്‍ കൊള്ളയടിക്കപ്പെടുന്നു
വന്‍കിട ടയര്‍ വ്യവസായികളുടെ സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളില്‍ അസംഘടിതരായ റബര്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ഉത്പാദനം ഏറ്റവും ലഭിക്കുന്നത്. അനിയന്ത്രിത ഇറക്കുമതി തുടര്‍ന്നാല്‍ നിലവിലെ വിലിയിടിവ് നാലു മാസത്തോളം തുടരും. ഇറക്കുമതി നിയന്ത്രിക്കാന്‍ റബര്‍ ബോര്‍ഡ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. ഒപ്പം തിരുവ വര്‍ധിപ്പിക്കണം.
ജോജി വാളിപ്ലാക്കല്‍
പ്രസിഡന്റ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്
പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്
കേന്ദ്രം ഇറക്കുമതി കുറയ്ക്കണം, കേരളം താങ്ങുവില ഉയർത്തണം
പഴയ സാങ്കേതികവിദ്യയിൽ ടയറിനു പ്രകൃതിദത്ത റബർ ഉപയോഗിക്കുന്നത് 44 ശതമാനമായിരുന്നു. പുതിയ സാങ്കേതികവിദ്യ പ്രകാരം ഇരുപതിനും 18നും ഇടയ്ക്കാണ്. പഴയ നികുതിയനുസരിച്ചാണു ടയർ വ്യവസായികൾ ഇപ്പോഴും റബർ ഇറക്കുമതി ചെയ്യുന്നത്. അതായത്, 25 ശതമാനം റബറും നികുതിയില്ലാതെ പഴയ രീതിയിൽ ഇറക്കുതി ചെയ്യുന്നു. ശരിക്കും ഇത് കേന്ദ്രസർക്കാരിനു കനത്ത നഷ്ടമാണ്. ഒപ്പം, ആഭ്യന്തരവിപണിയിൽ റബർ വില ഇടിയാനുള്ള പ്രധാന കാരണവും ഇതാണ്. അതിനാൽ ഇറക്കുമതി ശതമാനം പഴയ രീതിയേക്കാൾ കുറയ്ക്കണം. കേരള സർക്കാർ റബർ സബ്സിഡി 150തിൽനിന്നും വർധിപ്പിച്ച് 180 ആക്കി. എന്നാൽ, 200 രൂപയായി ഉയർത്തിയാൽ മാത്രമേ കേരളത്തിലെ റബർ കർഷകർക്ക് പ്രയോജനകരമാകൂ.
ടോമി കുരിശുമൂട്ടിൽ
(കണ്ണൂർ ജില്ലാ റബർ ഡീലേഴ്സ് അസോ. പ്രസിഡന്റ്)
250 രൂപ അധികവിലയല്ല
ഭൂമിവിലയും അധ്വാനവും ചെലവും കണക്കാക്കിയാല്‍ റബറിന് 250 രൂപ അധികവിലയല്ല. വിലസ്ഥിരതാ പദ്ധതിയിലേക്ക് എല്ലാ ബജറ്റിലും മാറ്റിവച്ചുവരുന്ന 500 കോടി രൂപ കൃത്യമായി കാലതാമസം വരാതെ വിനിയോഗിച്ചാല്‍ 250 രൂപ റബറിന് ഉറപ്പാക്കാനാകും.
കര്‍ഷകര്‍ റബര്‍ വില്പനയില് സര്‍ക്കാരിനു നല്കുന്ന നികുതിയെക്കുറിച്ച് ആരും പറയുന്നില്ല, ഗൗനിക്കുന്നില്ല. ഓരോ കിലോയിലും അഞ്ചു ശതമാനം ജിഎസ്ടി കൊടുക്കുന്നുണ്ട്. അതായത്, ഓഗസ്റ്റില്‍ വില 250ല്‍ എത്തിയപ്പോള്‍ ഒരു കിലോയില്‍ 6.80 രൂപയും ഇപ്പോഴത്തെ 180 രൂപ കണക്കാക്കിയാല്‍ 4.40 രൂപയും ജിഎസ്ടിയില്‍ കൊടുക്കുന്നുണ്ട്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കുന്നു. ഇത്തരത്തില്‍ ശതകോടികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
ആര്‍പിഎസുകളെ ശക്തീകരിക്കുന്നതിലും വലിയ വീഴ്ചയുണ്ട്. കണക്കില്‍ 7,200 ആര്പിഎസുകളുണ്ടെങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നത് ആയിരത്തില്‍ താഴെ മാത്രം. നാളത്തെ വിലയെക്കുറിച്ച്, അതല്ലെങ്കില്‍ വില്ക്കാന് ഉദ്ദേശിക്കുന്ന ദിവസത്തെ വിലയെക്കുറിച്ച് ഒരു ധാരണയുമില്ല. സ്റ്റോക്ക്, ഉത്പാദനം, ഉപയോഗം, ഇറക്കുമതി തോത് കൃത്യമായി കര്‍ഷകരെ അറിയിക്കാന്‍ സംവിധാനമുണ്ടാകണം.
ഷാജിമോന്‍ ജോസ്
പ്രസിഡന്റ്, മോഡല്‍ ആര്‍പിഎസ്, ചിറക്കടവ്
ചെറുകിട വ്യാപാരികളെ സാരമായി ബാധിച്ചു
വില വർധിപ്പിക്കാൻ യാതൊരു സാഹചര്യമില്ലാതിരുന്ന സമയത്തെ റബറിന്റെ വിലക്കയറ്റം നേരത്തേ കരാർ ഉറപ്പിച്ചുവച്ചിരുന്ന ചെറുകിട വ്യാപാരികളെ കാര്യമായി ബാധിച്ചു. 200ൽ താഴെ കരാർ ഉറപ്പിച്ച കച്ചവടക്കാർക്ക് വില കുതിച്ചുകയറിയപ്പോൾ കൂടിയ കരാർ തുകയ്ക്കു റബർ വാങ്ങി കൊടുക്കേണ്ടിവന്നു. അന്താരാഷ്ട്ര വിപണിയിലെ ഉണർവ് കണ്ട് റബർ വില വർധിക്കുമെന്ന പ്രതീക്ഷയിൽ ഷീറ്റ് പിടിച്ചുവച്ച ചെറുകിട കച്ചവടക്കാർക്ക് ഒരു മാസംകൊണ്ട് കിലോയ്ക്ക് 75 രൂപയോളം നഷ്ടമാണുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രാവിലത്തെ മാർക്കറ്റ് അനുസരിച്ച് ഷീറ്റ് എടുത്തുതുടങ്ങുന്ന കച്ചവടക്കാർക്കു വൈകുന്നേരം ആകുമ്പോഴേക്കും ഏഴു മുതൽ പത്തു രൂപ വരെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ജിജി ജോസഫ് മൂന്നാനപ്പള്ളിയിൽ
റബർ വ്യാപാരി, ആലക്കോട്
റബർ കർഷകർക്ക് എന്നും ചൂഷണം
ഇടത്തരം റബർ കർഷകരെ എന്നും ചൂഷണം ചെയ്യുന്ന സമീപനമാണ് ഭരണവർഗം സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് കേരളത്തിലെ റബർ കർഷകർക്കുവേണ്ടി പത്രത്താളുകൾ മാറ്റിവയ്ക്കാൻ ദീപിക കാട്ടിയ താത്പര്യത്തെ അഭിനന്ദിക്കുന്നു.
റബർ ഷീറ്റായി നൽകുന്നതിലെ ബുദ്ധിമുട്ടു കാരണം ഏറെപ്പേരും ലാറ്റെക്സ് നൽകിത്തുടങ്ങി. എന്നാൽ, ലാറ്റെക്സിന്റെ വിപണിയിലും കർഷകർക്കു പ്രയോജനമുണ്ടായില്ല. ഇടനിലക്കാരുടെ ചൂഷണം കർഷകർക്ക് അവിടെയുമുണ്ടായി.
റബർ ഉത്പാദനത്തിലും വിപണിയിലും കാഴ്ചപ്പാടില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. വിപണിവിലയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്തുവരികയാണ്. വൻകിടക്കാരും ടയർ ലോബിയും ചേർന്നാണ് വില നിർണയിക്കുന്നത്. റബർ മാർക്കറ്റിംഗ് സൊസൈറ്റികളും ഫെഡറേഷനും പൊളിഞ്ഞു.
അഡ്വ. സുരേഷ് കോശി, പത്തനംതിട്ട
എൻഎഫ്ആർപിഎസ് മുൻ ദേശീയ പ്രസിഡന്റ്,
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
കർഷകരോട് സർക്കാരുകൾ അനുഭാവപൂർവ സമീപനം സ്വീകരിക്കാറില്ല
കേരളത്തിലെ റബർ കർഷകരോട് അനുഭാവപൂർവമായ സമീപം ഒരിക്കലും സർക്കാരുകൾ സ്വീകരിക്കാറില്ല. റബറിനു ന്യായവില ലഭിക്കാനുള്ള സാഹചര്യം പോലും തട്ടിത്തെറിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇന്നിപ്പോൾ റബറിനെ ആശ്രയിച്ചു ജീവിതം മുന്‍പോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യമുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന പ്രതിസന്ധിയാണിത്. പലരും ടാപ്പിംഗ് തന്നെ നിർത്തിവച്ചു. സമീപകാലത്ത് വില ഉയരുന്ന സാഹചര്യമുണ്ടായി. എന്നാൽ, അതിനെയും അട്ടിമറിച്ചതോടെ കർഷകർ ദുരിതത്തിലായി.
ജോസി ഇലഞ്ഞിപ്പുറം, ചുങ്കപ്പാറ.
കോട്ടാങ്ങൽ വികാസ് വോളണ്ടിയർ,
വാഹിനി ഫാർമേഴ്സ് ക്ലബ് എക്സിക്യൂട്ടീവ് അംഗം