കാണണം, കേള്‍ക്കണം റബര്‍ കര്‍ഷകരുടെ വിലാപം
ഷീറ്റല്ല, ബ്ലോക്കാണ് ഇറക്കുമതി
ഇറക്കുമതിയുടെ 70 ശതമാനവും ബ്ലോക്ക് റബറാണ്. ഷീറ്റ് സംസ്കരിച്ച് മേല്‍ത്തരം ബ്ലോക്ക് റബറുണ്ടാക്കാം. കേരളത്തില്‍ ചണ്ടിപ്പാല് അരച്ചുള്ള ബ്ലോക്ക് റബറാണ് കൂടുതല്‍. ക്രംബിനും ഷീറ്റിനും 25 രൂപയാണ് ഇറക്കുമതി ചുങ്കം. എന്നാല്‍ ഇറക്കുമതിക്ക് ആനുപാതികമായി അവകൊണ്ട് തയാറാക്കുന്ന സാധനങ്ങളുടെ കയറ്റുമതി എന്ന വാണിജ്യനയം അനുസരിച്ച് 60 ശതമാനം ബ്ലോക്ക് റബറും നികുതിരഹിതമായാണ് എത്തിക്കുന്നത്. ബ്ലോക്ക് റബറും കെമിക്കലുകളും ചേര്‍ത്ത് റോളുകളാക്കി എത്തിക്കുന്ന കോമ്പൗണ്ട് റബര്‍ ഇറക്കുമതിയില്‍ റബര്‍ ബോര്‍ഡിനും കണക്കില്ല.
കോമ്പൗണ്ട് റബറിന് ഇറക്കുമതി ചുങ്കം 10 ശതമാനം മാത്രം. 30 ശതമാനം സ്വാഭാവിക റബറും 70 ശതമാനം കെമിക്കലും എന്ന തോതിലായിരിക്കണം കോമ്പൗണ്ട് റബറിലെ ചേരുവയെന്നാണ് ചട്ടമെങ്കിലും 40 ശതമാനത്തിലേറെ സ്വാഭാവിക റബര്‍ ചേര്‍ത്ത കോമ്പൗണ്ട് റബര്‍ എത്തുന്നുണ്ട്. ഇതില്‍ പരിശോധന നടത്താന്‍ സംവിധാനമില്ല. നിലവില്‍ വിദേശത്ത് ബ്ലോക്ക് റബറിന് 168 രൂപയും കോമ്പൗണ്ട് റബറിന് 175 രൂപയുമാണ് നിരക്ക്.
ഇക്കൊല്ലം 15 ലക്ഷം ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് വ്യവസായികള്‍ പറയുന്നത്. ഇവിടെ ഉത്പാദനം എട്ടു ലക്ഷം ടണ്ണില്‍ ചുരുങ്ങും. ശേഷിക്കുന്ന ഏഴു ലക്ഷം ടണ്ണിന്റെ ഇറക്കുമതി വരുമെന്ന് ചുരുക്കം. അതില്‍ ഏഴു ലക്ഷം ടണ്‍ ബ്ലോക്ക് റബറും രണ്ടു ലക്ഷം ടണ്‍ കോമ്പൗണ്ട് റബറും എന്നാണ് സൂചന.
കര്‍ഷകരുടെ പരിമിതി
►ഭാരിച്ച കൃഷിച്ചെലവ്. റബര്‍ ബോര്‍ഡ് കൃഷിസഹായം തുച്ഛം. തൈകള്‍, വളം, കീടനാശിനി എന്നിവയുടെ വില കുത്തനെ കൂടുന്നു.
►ടാപ്പിംഗ് തുടങ്ങാന്‍ ഏഴു വര്‍ഷത്തെ കാത്തിരിപ്പുണ്ട്. ഇക്കാലത്ത് മറ്റു വരുമാനമില്ല. കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം തുച്ഛം.
►വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം. മരങ്ങള്‍ക്കുള്ള കീടബാധ. പ്രകൃതിക്ഷോഭം
►വില പേശാനോ നിരക്ക് നിശ്ചയിക്കാനോ പ്രാപ്തരല്ല ഏഴര ലക്ഷം വരുന്ന ഒന്നര ഏക്കറില്‍ താഴെ തോട്ടമുള്ള ചെറുകിട റബര്‍ കര്‍ഷകര്‍. ന്യായ വില ലഭിക്കും വരെ ചരക്ക് പിടിച്ചുവയ്ക്കാന്‍ പ്രാപ്തരുമല്ല.
►മാര്‍ക്കറ്റ് സാധ്യതകള്‍ അറിയാന്‍ മാര്‍ഗമില്ല. വില നിശ്ചയിക്കുന്നത് റബര്‍ ബോര്‍ഡും വ്യവസായികളും ഏജന്‍സികളും കരാര്‍ വ്യാപാരികളുമാക്കെ.
►ടാപ്പിംഗ് തൊഴിലാളി ക്ഷാമം, സംസ്കരണം, ഗതാഗതം എന്നിവയിലെ ഭാരിച്ച ചെലവ്.
-കാലാവസ്ഥാവ്യതിയാനം. എട്ടു മാസം അസ്ഥിരമായി തുടരുന്ന മഴ. ശരാശരി 80-100 ദിവസം മാത്രം ടാപ്പിംഗ്.
►ആര്‍ആര്‍ഐഐ 400 സീരീസ് റബറിനുണ്ടായ ഉത്പാദനക്കുറവ്. നേട്ടം നല്കിയ ആര്‍ആര്‍ഐഐ 105 ക്ലോണിനു ക്ഷാമം. ഇതിന്റെ ഉത്പാദനക്ഷമതയിലുണ്ടായ ഇടിവ്.
►2007ല്‍ ഹെക്ടറിലെ ശരാശരി ഉത്പാദനം 1960 കിലോ. 2017ല്‍ 1629 കിലോ. നിലവില്‍ 1300 കിലോ.
►റബര്‍ നാണ്യവിളയുടെ പട്ടികയിലാണ്. കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ റബറില്ല.
അസംഘടിതരായ റബര്‍ കര്‍ഷകര്‍
റബര്‍ ബോര്‍ഡും വ്യവസായികളും വന്‍കിട ഡീലര്മാരുമൊക്കെയാണ് വിപണിയും വിലയും നിയന്ത്രിക്കുന്നത്. 15 വര്‍ഷം മുന്‍പ് 8500 റബര്‍ ഡീലര്മാരുണ്ടായിരുന്നത് 2500ലേക്കു കുറഞ്ഞു. വ്യാപാരനഷ്ടവും മാര്‍ക്കറ്റ് അനിശ്ചിതത്വവും കാരണം ആറായിരം വ്യാപാരികള്‍ കൈപൊള്ളി പിന്‍വലിഞ്ഞു. അന്നന്നത്തെ വീട്ടു ചെലവ് നടന്നുപോകാന്‍ കിട്ടുന്ന വിലയ്ക്ക് കര്‍ഷകര്‍ നിലവിലുള്ള ഡീലര്‍മാര്‍ക്ക് വില്‍ക്കേണ്ട സാഹചര്യം.
നാലു രൂപ മുതല്‍ അഞ്ചു രൂപ വരെ വ്യാപാരികള്‍ കൈകാര്യ ചെലവ് കുറയ്ക്കും. ഷീറ്റ് ഗ്രേഡ് തിരിക്കും. എങ്ങനെയും ചരക്ക് വിറ്റു കിട്ടുന്ന കാശിന് ജീവിക്കേണ്ട സാഹചര്യമാണ് കര്ഷകന്. റബര്‍ ബോര്‍ഡും സഹകരണ സംരംഭങ്ങളും കര്ഷകര്ക്കൊപ്പമില്ല.
കര്‍ഷകര്‍ക്ക് അഡ്വാന്‍സ് തുക നല്കി ഷീറ്റ് സംഭരിച്ച് മെച്ചവിലയ്ക്കു വിറ്റുകൊടുക്കാന്‍ ഇവര്‍ തയാറല്ല. റബര്‍ ബോര്‍ഡ് കമ്പനികളും വന്‍കിട ഡീലര്‍മാരും കുറഞ്ഞ വിലയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ ഷീറ്റ് വാങ്ങി കേരളത്തിലെത്തിച്ചു പല ഗ്രേഡുകളില്‍ സ്റ്റോക്ക് ചെയ്തു വില ഉയരുമ്പോള്‍ ലാഭമുണ്ടാക്കുന്നു. ടയര്‍ കമ്പനികള്‍ക്ക് ഇവര്‍ നേരിട്ട് ചരക്ക് നല്കുന്നതിനാല് ചെറുകിടക്കാരുടെ ചെറിയ അളവിന് ഡിമാന്‍ഡില്ല.
സര്‍ക്കാരിന്റെ ചതി
ഒരു കിലോ റബറിന് 250 രൂപ നല്‍കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷരെ കൈയൊഴിഞ്ഞു. 2014ല്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങുമ്പോള്‍ താങ്ങുവില 150 രൂപ. പിന്നീട് 160 രൂപ. കഴിഞ്ഞ ബജറ്റില്‍ 180 രൂപയാക്കി. ബജറ്റില്‍ 500 കോടി വീതം വകയിരുത്തിയ പദ്ധതിയില്‍ ഒരു വര്‍ഷംപോലും തുക മുഴുവനായി ചെലവഴിച്ചില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 60 കോടി മാത്രം. നടപ്പുസാമ്പത്തിക വര്‍ഷം വില 180നു മുകളില്‍ തുടര്‍ന്നതോടെ ഇതേവരെ നയാ പൈസ ചെലവഴിച്ചിട്ടില്ല. ഇതോടകം 10 ബജറ്റുകളിലായി അയ്യായിരം കോടി അനുവദിച്ചതില്‍ 3000 കോടിയില്‍ താഴെ മാത്രമാണ് സബ്സിഡിയായി ലഭിച്ചത്. ഈ തുക ലഭിക്കുന്നതാവട്ടെ ആറേഴു മാസങ്ങള്‍ക്കുശേഷവും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സൈറ്റ് 45 ദിവസമാണു പ്രവര്‍ത്തിച്ചത്. കരാര്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ പണം കൊടുക്കാതെ വന്നതോടെ അവര്‍ പിന്‍വലിയുകയായിരുന്നു.
പ്ലാന്റേഷന് കോര്പറേഷന് സംസ്ഥാന സര്‍ക്കാർ സംരംഭമാണ്. വിവിധ ജില്ലകളില്‍ എട്ട് എസ്റ്റേറ്റുകളിലായി 6452 ഹെക്ടര്‍ തോട്ടത്തിന്റെ ഉടമയാണ് പ്ലാന്റേഷന് കോര്പറേഷന്. ഭരണം കൈയാളുന്നവരുടെയും ബിനാമികളുടെയും ഇടനിലക്കാരുടെയും നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലും റബര്‍ ഷീറ്റ് ഉത്പാദനം നാമമാത്രം. ഇവിടെയും ലാറ്റക്സ് വില്‍ക്കാനാണ് വേണ്ടപ്പെട്ടവരുടെ താത്പര്യം. മാസം അയ്യായിരം ബാരൽ വീതമാണ് ലാറ്റക്സ് ഉത്പാദനം. നേരവും കാലവുമില്ലാതെ ലാറ്റക്സ് വില്‍ക്കും. ലാറ്റക്സ് കമ്പനികള്ക്കുവേണ്ടിടത്തോളം സ്റ്റോക്ക് ലഭിക്കുന്നതോടെ വില കുറയും. ഈ സാഹചര്യത്തില്‍ നഷ്ടം ഒന്നോ രണ്ടോ ബാരല്‍ വീതം ലാറ്റക്സ് വില്‍ക്കുന്ന ചെറുകിടക്കാര്‍ക്ക്.
നഷ്ടപ്പെടുന്ന റബര്‍ പെരുമ
ഉത്പാദനത്തില്‍ മുന്നിലുള്ള കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ റബര്‍ കൃഷിക്ക് മാന്ദ്യം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൃഷി വര്‍ധിച്ചപ്പോള്‍ പത്തനംതിട്ടയില്‍ ചെറിയ വര്‍ധന.
2005ല്‍ 4,99,127 ഹെക്ടറിലുണ്ടായിരുന്ന റബര്‍ 2020ല്‍ 5,84,492 ഹെക്ടറിലെത്തി. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 15.3 ശതമാനം റബറാണ്. ഇത് സംസ്ഥാനത്തെ കൃഷിഭൂമിയുടെ 22.6 ശതമാനം വരും. 2013നുശേഷം മാത്രം 47,840 ഹെക്ടറിലേക്കു കൃഷി വ്യാപിച്ചു. ഇന്ത്യയിലെ റബര്‍ കൃഷിയുടെ 66 ശതമാനവും റബര്‍ ഉല്പാദനത്തിന്റെ 71 ശതമാനവും കേരളത്തിലാണ്. കോട്ടയത്ത് 3000 ഹെക്ടറും ഇടുക്കിയില്‍ 2468 ഹെക്ടറും എറണാകുളത്ത് 550 ഹെക്ടറും റബര്‍ കുറഞ്ഞു.
കേരളത്തില്‍ റബര്‍ കൃഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനു കര്‍ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്. മുന്‍പ് ചെറുകിടക്കാര്‍ക്കും റബര്‍കൊണ്ട് ജീവിക്കാമായിരുന്നു. ഇന്ന് സാധിക്കില്ല. കാരണങ്ങള്‍ അനവധിയാണ്. ടാപ്പിംഗ് അവസാനിപ്പിച്ച മരങ്ങള്‍ക്ക് പലപ്പോഴും വിലയില്ല. വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സംഘടിത തടിമില്ലുകാരും അവരുടെ ഇടനിലക്കാരുാണ്. 30 വര്‍ഷം റബര്‍ പരിപാലിച്ചു മരം വില്ക്കുമ്പോള് വിലയുടെ മൂന്നിലൊന്ന് കര്‍ഷകര്‍ക്ക് കിട്ടും. ബാക്കി കച്ചവടക്കാരും തൊഴിലാളികൾക്കുമുള്ളതാണ്. മലയോര മേഖലകളില്‍ വെട്ടിമാറ്റുന്ന ഏക്കര്‍ കണക്കിനു തോട്ടങ്ങളിൽ ആവർത്തനകൃഷിയില്ലാതാകുന്നു.
റബര്‍ വിലയില്‍ സ്ഥിരതയില്ലാതെ വന്നതോടെ പലരും പഴവർഗങ്ങളാണ് കൃഷിചെയ്യുന്നത്. ചിലര്‍ കാപ്പിയും പ്ലാവും തേക്കും കവുങ്ങും തെങ്ങും കൊക്കോയും വാഴയുമൊക്കെ നടുന്നു. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടി തോട്ടം വിറ്റവരും ടാപ്പിംഗ് നിര്‍ത്തിയവരുമുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പുതിയതായി റബര്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളുടെ വിസ്തൃതി അഞ്ചിലൊന്ന് കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ശരാശരി 30,000 ഹെക്ടറിലാണ് ആവര്‍ത്തന കൃഷി. ഇപ്പോള്‍ 5,000 ഹെക്ടറിലേക്ക് ആവര്‍ത്തന കൃഷി ചുരുങ്ങി.
പലരും തോട്ടങ്ങള്‍ പാട്ടത്തിനു നല്കി. അതല്ലെങ്കില്‍ പകുതി ആദായം ടാപ്പിംഗ് തൊഴിലാളിക്ക് പങ്കുവച്ചു.
സ്ഥലം കൈത കൃഷിക്കു നല്‍കിയിരിക്കുന്നവര്‍ക്കു വര്‍ഷം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ ലഭിക്കും. ഭാവിയിലും റബര്‍ ഉത്പാദനം കുറയുമെന്ന് തീര്‍ച്ചയാണ്.
പ്രതികൂല കാലാവസ്ഥയും ഉത്പാദനത്തെ കാര്യമായി ബാധിച്ചു. വില കുറഞ്ഞു നില്ക്കുന്നതിനാല് പലരും റബര്‍ മരങ്ങളില്‍ മഴമറ വച്ചില്ല. ഇതും ഉത്പാദനം കുറച്ചു.
ഇന്ത്യയില്‍ റബര്‍
ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളിലായി ആകെ റബര്‍ കൃഷി - 8.5 ലക്ഷം ഹെക്ടര്‍.
☛ കേരളത്തില്‍ അഞ്ചു ലക്ഷം ഹെക്ടര്‍. ദേശീയ ഉത്പാദനത്തിന്റെ 90 ശതമാനം എന്ന നിരക്കില്‍നിന്ന് നിലവില്‍ 71 ശതമാനമായി കേരളവിഹിതം കുറഞ്ഞു. ഉത്പാദനത്തില്‍ ത്രിപുര രണ്ടാമത്.
☛ ത്രിപുര, ആസാം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് 16 ശതമാനം ഉത്പാദനം.
☛ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് ആറു ശതമാനം.
☛ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷി സാധ്യത 4 ലക്ഷം ഹെക്ടര്‍. പ്രതികൂല കാലാവസ്ഥമൂലം ദുഷ്കരം. നിലവില്‍ റബര്‍ ബോര്‍ഡ് ടയര്‍ ഉത്പാദക കൂട്ടായ്മ (ആത്മ)യുടെ സാമ്പത്തിക സഹായത്തോടെ രണ്ടു ലക്ഷം ഹെക്ടറില്‍ കൃഷി നടത്തുന്നു. അഞ്ചു വര്‍ഷത്തെ പദ്ധതിയില്‍ കൃഷി ഒന്നര ലക്ഷം ഹെക്ടറിലെത്തി.
☛ സ്വാഭാവിക റബറില്‍ 65 ശതമാനവും ഉപയോഗിക്കുന്നത് ടയര്‍, ട്യൂബ് വ്യവസായത്തില്‍.
കേരളത്തിലെ റബര്‍കൃഷി
കൃഷിയില്‍ ഒന്നാമതുള്ള കേരളത്തില്‍ 2017 മുതല്‍ ഉത്പാദനം കുറഞ്ഞുവരുന്നു. 2017-18ല്‍ കേരളം 5.40 ലക്ഷം ടണ്‍ ഉത്പാദിപ്പിച്ചു.
2019-20ല്‍ 5.33 ലക്ഷം ടണ്‍. നിലവില്‍ തോത് അഞ്ചു ലക്ഷം ടണ്ണിലെത്തി. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും വര്‍ധനയുണ്ട്.
റബര്‍ ഉത്പാദനം
2012-13 - 9,13,700 ടണ്‍
2015-16 - 5,62,000 ടണ്‍
2022-23 - 8,39,000 ടണ്‍
കേരളത്തിന്റെ റബര്‍ത്തോട്ടങ്ങളില്‍ നിരാശയുടെ നിഴല്‍
പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാടായിരുന്നു വിദേശികള്‍ റബര്‍ നട്ടുതുടങ്ങിയത്. ഹീവിയ ബ്രസീലിയന്‍സിസ് എന്ന ശാസ്ത്രനാമമുള്ള റബര്‍ തട്ടേക്കാടുനിന്ന് മുണ്ടക്കയം ഏന്തയാറിലെത്തിച്ചത് ജോണ്‍ മര്‍ഫി എന്ന അയര്ലന്ഡുകാരന്. പിന്നീട് മുണ്ടക്കയം മലയോരം റബര്‍ തോട്ടമായി. മര്‍ഫിയുടെ ദീര്‍ഘവീക്ഷണവും ബ്രിട്ടീഷുകാരുടെയും തിരുവിതാംകൂര്‍ രാജാവിന്റെയും കരുതലുമാണ് റബര്‍കൃഷിക്ക് വേരോട്ടം നല്‍കിയത്. പില്ക്കാലത്ത് വിവിധ ജില്ലകളിലേക്കും കന്യാകുമാരിയിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമൊക്കെ റബര്‍ പടര്‍ന്നു.
റബര്‍ മരങ്ങള്‍ പാല് മാത്രമല്ല ചുരത്തുന്നത്. വനംപോലെ പടര്‍ന്ന റബര്‍ തോട്ടങ്ങള്‍ പരിസ്ഥിതിയെ പോഷിപ്പിക്കുന്നു. താപനില നിയന്ത്രിക്കുന്നതില്‍ റബറിന്റെ പങ്ക് ചെറുതല്ല.
കർഷകരക്ഷ പ്രഖ്യാപനത്തിൽ മാത്രം
വിലയിടിവിനു പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും പ്രായോഗികമായി ഒന്നും വിജയിച്ചിട്ടില്ല. മുന്‍പ് രണ്ടു തുറമുഖങ്ങളിലൂടെ മാത്രമായിരുന്നു ഇറക്കുമതി. നിലവില്‍ ഇറക്കുമതി ഭൂരിഭാഗം തുറമുഖങ്ങളിലൂടെയുമാക്കി. ഇതോടെ വിദേശ റബര്‍ വരവ് സുതാര്യമായി.
ഇതിനു തടയിടാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനമായിരുന്നു കേരള റബര്‍ ലിമിറ്റഡ് കമ്പനി. ഓരോ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്തിയെന്ന പ്രഖ്യാപനമല്ലാതെ കമ്പനിയുടെ പ്രാരംഭ നടപടികള്‍പോലും ഉണ്ടായിട്ടില്ല.
പൊതുമരാമത്ത് റോഡുകള്‍ റബറൈസ് ചെയ്യുമെന്നതും വലിയ ആവേശത്തോടെയാണ് കേട്ടത്. ഇതില്‍ കൂടുതല്‍ പഠനം നടത്താനോ പ്രായോഗികമാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
ഗവേഷണത്തിനും മഞ്ഞളിപ്പ്
ഒരേക്കറില്‍നിന്ന് മൂന്നു ഷീറ്റ് കിട്ടിയിരുന്ന പഴയ കാലം. സമര്‍പ്പിതരായ ഗവേഷരുടെ അധ്വാനത്തില്‍ ഒരേക്കറില്‍നിന്ന് 30 ഷീറ്റ് വരെ ലഭിച്ചു. ഇതോടകം ഇരുനൂറോളം ക്ലോണുകളാണ് റബര്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചത്. ആര്‍ആര്‍ഐഐ 105 കേരളത്തില്‍ ലാറ്റക്സ് വിപ്ലവത്തിന് വഴിതെളിച്ചു. നിരവധി രാജ്യങ്ങളിലേക്ക് ഇവിടെനിന്നുള്ള റബര്‍ ക്ലോണുകള്‍ എത്തി.
75 വര്‍ഷം പിന്നിടുമ്പോള്‍ റബര്‍ ഗവേഷണകേന്ദ്രങ്ങള്‍ വാടിത്തളര്‍ന്നു. റബര്‍ സംരക്ഷണത്തിനും പുതിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതിലും ആഗോള നേട്ടം കൈവരിച്ച പുതുപ്പള്ളി ഇന്ത്യന്‍ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ടിടത്തോളം ശാസ്ത്രവിദഗ്ധരില്ല. 98 ശാസ്ത്രജ്ഞരാണു മുമ്പ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ 28 പേര്.
സമീപ വര്‍ഷങ്ങളില്‍ ഏറെപ്പേരും വിരമിക്കും. ഒന്‍പത് റിസര്‍ച്ച് ഡിവിഷനാണ് ഗവേഷണകേന്ദ്രത്തിലുള്ളത്. അഗ്രോണമി ആന്‍ഡ് സോയില്‍ ഡിവിഷനില്‍ കോട്ടയത്തെ കേന്ദ്രത്തിലും പുറത്തുമായി ആറു പേരാണുള്ളത്. ബോട്ടണി ഡിവിഷനില്‍ ഏഴു പേര്.
പ്ലാന്റ് പതോളജി, ബയോ ടെക്നോളജി, റബര്‍ ടെക്നോളജി വിഭാഗങ്ങളില്‍ മൂന്ന് പേര്. പ്ലാന്റ് ഫിസിയോളജി വിഭാഗത്തില്‍ നാല്. ലാറ്റക്സ് ഹാര്‍വെസ്റ്റിംഗ് ടെക്നോളജിയില്‍ ആരുമില്ല. റബര്‍ ടെക്നോളജി ഡിവിഷനില്‍ മൂന്നു പേര്.
ജനിതകമാറ്റം വരുത്തിയ വിളകളുള്‍പ്പെടെ ഒട്ടേറെ ഗവേഷണപദ്ധതികളാണ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നത്. നിരവധി പേര് കാര്‍ഷിക സര്‍വകലാശാലകളുമായി ചേര്‍ന്നും ഗവേഷണം നടത്തുന്നുണ്ട്.
ഗവേഷണമേഖലയ്ക്ക് അനുവദിച്ച ഫണ്ടിലും കുറവ് വരുത്തിയിട്ടുണ്ട്. 2013-14ല്‍ ഗവേഷണത്തിന് 23.86 കോടി. കഴിഞ്ഞവര്‍ഷം 4.74 കോടി മാത്രം.
സംഭരണത്തിന് ആരു തടസം
റബര്‍മാര്‍ക്ക് ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങള്‍ക്കും പ്ലാന്റേഷന് കോര്‍പറേഷനും റബര്‍ ബോര്‍ഡിനുമൊക്കെ കയറ്റുമതി ലൈസന്‍സുണ്ട്. വന്‍കിട വെയര്‍ ഹൗസുകളുമുണ്ട്. കേരളത്തിലെ റബര്‍ സംഭരിച്ചു വില ഉയരുമ്പോള്‍ വിറ്റഴിക്കാന്‍ സാധിച്ചാല്‍ വ്യവസായികളുടെ ചൂഷണവും വിലയിടിക്കലും കുറയും. ഇപ്പോള്‍ സ്റ്റോക്കുള്ള 40,000 ടണ്‍ ന്യായവിലയ്ക്ക് സംഭരിച്ച് കയറ്റിയയച്ചാല്‍ ആശ്വാസമായി. ഇറക്കുമതിപോലെ കയറ്റുമതിയുമുണ്ടായാല് വ്യവസായികള്‍ ഇവിടെനിന്നു ചരക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാകും. സമീപവര്‍ഷങ്ങളിലായി ഒരു കിലോ റബര്‍ പോലും കയറ്റുമതിയില്ലെന്നാണ് റബര്‍ ബോര്‍ഡ് കണക്കുകള്‍. മുന്‍പ് റബര്‍ വില നൂറിലും താഴെ പോയപ്പോഴും സംഭരണത്തിന് സര്‍ക്കാരും ബോര്‍ഡും തയാറായില്ല.
സര്‍ക്കാര്‍ കാലാകാലങ്ങളില്‍ റബര്‍ സംഭരിക്കുന്നതിനായി മാര്‍ക്കറ്റ് ഫെഡ്, സഹകരണ സ്ഥാപനങ്ങള്‍, റബ്കോ എന്നീ സ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയിരുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ടു രൂപ കൂട്ടി സംഭരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ടു. ടയര്‍ ലോബിയും കച്ചവടക്കാരും ഒത്തുകളിച്ചതോടെ സംഭരണം പാളി.
ഒടുവില്‍ അമുല്‍ മോഡലില്‍ റബര്‍ സംഭരണം നടത്താനുള്ള പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു.അമുല്‍ പാല് സംഭരണ രീതിയില്‍ റബര്‍ സംഭരിക്കാനുള്ള പ്രോജക്ടായിരുന്നു.
കര്‍ഷകരില്‍നിന്ന് ഔട്ട്ലെറ്റുകള് വഴി ലാറ്റക്സ് സംഭരിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി അവതരിപ്പിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല.
ടാപ്പിംഗ് തൊഴിലാളി ക്ഷാമം
കേരളത്തില്‍ ഇക്കാലത്ത് 45 വയസില്‍ താഴെയുള്ളവർ ടാപ്പിംഗ് തൊഴിലിലേക്കു വരുന്നില്ല. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കു ടാപ്പിംഗ് തൊഴിലിനോടു താല്‍പ്പര്യമില്ല. വന്‍കിട എസ്റ്റേറ്റുകളില്പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു. ശ്രദ്ധയോടെയും ഗൗരവത്തോടെയും ചെയ്യേണ്ടതാണ് ടാപ്പിംഗ്.
തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി ടാപ്പേഴ്സ് ബാങ്ക് തുടങ്ങാന്‍ നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 80 ടാപ്പിംഗ് ദിനങ്ങള്‍. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ മറ്റു ജോലിതേടി പോകുന്നു. ശ്രമകരമായ ജോലിയാണ് ടാപ്പിംഗ്.
അതിരാവിലെ ഉണര്‍ന്ന് ടാപ്പിംഗ് നടത്തി ലാറ്റക്സ് സംഭരിക്കുന്നത് ക്ലേശകരമാണ്. കൊതുകു മുതല്‍ ആനവരെ ജീവനു ഭീഷണിയായി. തൊഴിലാളികള്‍ക്ക് ഷീറ്റ് തയാറാക്കാന്‍ താത്പര്യമില്ല.
ശരാശരി 2-3 രൂപയാണ് ഒരു മരത്തിനു നിരക്ക്. ഒരു ബ്ലോക്ക് റബര്‍ ടാപ്പിംഗിന് ആയിരം രൂപയില്‍ താഴെ കൂലി. പാല് കന്നാസുകളില്‍ ചുമന്ന് എത്തിക്കാന്‍ കൂലി അധികം നല്‍കണം.
ഒറ്റ പട്ട ടാപ്പിംഗ് നടത്തുന്നതിനാണ് ഈ കൂലി. ഇപ്പോഴത്തെ സാഹചചര്യത്തില്‍ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി ലഭിക്കുന്ന കൂലിയല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
റെയിന്‍ ഗാര്‍ഡ് പിടിപ്പിക്കുന്ന സമയങ്ങളിലും ടാപ്പിംഗ് ബുദ്ധിമുട്ടാണ്. മുന്‍പ് റബര്‍ ബോര്‍ഡ് തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പോലുള്ള സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ യാതൊന്നുമില്ല.
ഇറക്കുമതി മാനദണ്ഡങ്ങള്‍ പുതുക്കണം
ഇറക്കുമതി മാനദണ്ഡങ്ങള്‍ കേന്ദ്രം പുതുക്കാത്തതാണ് വ്യവസായികളുടെ നേട്ടം. നഷ്ടം കര്‍ഷകര്‍ക്കും. ടയര്‍ ഉത്പന്നങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് ഔട്ട്പുട്ട് (സിയോണ്‍) നിരക്കുകള്‍ പരിഷ്കരിക്കാത്തതാണു വിനയാകുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) 2010ല്‍ പ്രഖ്യാപിച്ച സിയോണ്‍ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഇപ്പോഴും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം സ്വാഭാവിക റബര്‍ നികുതിരഹിതമായി ഇറക്കുമതി ചെയ്യുന്നത്. അഡ്വാന്‍സ് ഓതറൈസേഷന്‍ സ്കീം പ്രകാരം പ്രകൃതിദത്ത റബര്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്ല.
2010ലെ ഡിജിഎഫ്ടി നോട്ടിഫിക്കേഷനില്‍ 44 ശതമാനം സ്വാഭാവിക റബറും 8.6 ശതമാനം സിന്തെറ്റിക് റബറും 23 കിലോ കാര്‍ബണും മറ്റ് രാസപദാര്‍ഥങ്ങളുമാണ് അംഗീകരിച്ചിട്ടുള്ളത്. ഇതുസരിച്ച് 100 കിലോ തൂക്കമുള്ള ടയറില്‍ 44 കിലോ സ്വാഭാവിക റബറും 8.6 കിലോ സിന്തറ്റിക് റബറും 23 കിലോ കാര്‍ബണും മറ്റ് കെമിക്കലും ചേരണം. ടയര്‍ നിര്‍മാണ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ സ്വാഭാവിക റബറിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായി.
18 മുതല്‍ 28 ശതമാനം വരെ കുറവുണ്ടായപ്പോഴും ഇറക്കുമതി മുന്‍ നിയമമനുസരിച്ച് തുടരുന്നു. ഇതേസമയം കൃത്രിമ റബര്‍ ഉപയോഗം വര്‍ധിക്കുകയും ചെയ്തു. ഡിഎഫ്ടിഒ നിയമം അഡ്വാന്‍സ്ഡ് ലൈസന്‍സ് പ്രകാരം റബര്‍ ഇറക്കുമതി ചെയ്യുകവഴി ശതകോടികളുടെ നികുതിയാണ് നഷ്ടമാകുന്നത്.
നികുതിരഹിതമായി ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍നിന്നു കുറഞ്ഞ നികുതി നിരക്കിലുള്ള കോമ്പൗണ്ട് റബറിനും സ്വാഭാവിക റബറിന്റെ നികുതി ഈടാക്കണം. 75 ശതമാനത്തില്‍ കൂടുതല്‍ റബര്‍ ചേരുവയുള്ള കോമ്പൗണ്ട് റബര്‍ സ്വഭാവിക റബറിന്റെ ലിസ്റ്റില്‍ പെടുത്തുകയും അതിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും റബര്‍ ബോര്‍ഡിന് ഇടപെടാനുള്ള അധികാരം നല്‍കുകയും വേണമെന്നാണ് ദേശീയ റബര്‍ ഉത്പാദക സംഘം ജനറല്‍ സെക്രട്ടറി ബാബു ജോസഫ് ആവശ്യപ്പെടുന്നത്.
തയാറാക്കിയത്:
റെജി ജോസഫ്
ജോമി കുര്യാക്കോസ്
ജിബിന്‍ കുര്യന്
ജെവിന്‍ കോട്ടൂര്‍
റോബിന് ഏബ്രഹാം ജോസഫ്