നീതിബോധം നഷ്ടപ്പെട്ട ടയർ ലോബി
സി.കെ. കുര്യാച്ചൻ
നീതിബോധം നഷ്ടപ്പെടുന്ന ഏതൊരു വ്യവസായമേഖലയിലും ചൂഷണവും കൊള്ളയും നിർബാധം തുടരും. അതു തടയാൻ ഉത്തരവാദിത്വമുള്ളവർ കണ്ണടയ്ക്കുക മാത്രമല്ല ചൂഷകർക്ക് ഒത്താശക്കാരാകുകയും ചെയ്താൽ അനീതി കൊടികുത്തിവാഴും.
രാജ്യത്തെ റബർ മേഖല ഇത്തരമൊരു അവസ്ഥയിൽ ആണ്ടുപോയിരിക്കുന്നു. വ്യവസായം നിലനിൽക്കണമെങ്കിൽ അസംസ്കൃതവസ്തുക്കൾ യഥേഷ്ടം കിട്ടണം. എന്നാൽ അസംസ്കൃതവസ്തുക്കൾ ഉത്പാദനച്ചെലവുപോലും കൊടുക്കാതെ കൊള്ളയടിക്കുന്ന അവസ്ഥ എന്തൊരു കാടത്തമാണ്. രാജ്യത്തെ റബർകർഷകരോട് ടയർ നിർമാതാക്കൾ മാഫിയമനോഭാവമാണ് കാട്ടുന്നത്.
അഞ്ചുവർഷത്തിനിടെ ടയർവിലയിലുണ്ടായത് 15 മുതൽ 20 ശതമാനം വരെ വർധന. അതിൽതന്നെ ഏറ്റവും കൂടുതലായി വർധിച്ചത് കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ. എല്ലായിനം ടയറുകളുടെയും വിലയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഏഴു ശതമാനം വരെ വർധനയുണ്ടായി. ഈ മാസാവസാനത്തോടെ വീണ്ടും നിരക്ക് വർധിക്കുമെന്ന് കമ്പനികൾ ഡീലർമാരെ അറിയിച്ചിട്ടുണ്ട്.സ്വാഭാവിക റബറിന്റെ ക്ഷാമവും വിലവർധനയുണ് ടയർ വില വർധനയ്ക്ക് കാരണമായി പറയുന്നത്.
ഇപ്പോൾ മനസിലായില്ലേ കഴിഞ്ഞ കുറച്ചു നാളുകളായി റബർ വില ഉയർന്നതിന്റെ, അല്ല ഉയർത്തിയതിന്റെ കാരണം. വില കൂട്ടുന്നത് ഉത്പാദനമില്ലാത്തപ്പോഴാകാൻ ടയർ ലോബി പ്രത്യേകം ശ്രദ്ധിക്കും. കൂടിയ വില എന്നത് പാവപ്പെട്ട കർഷകരെ മോഹിപ്പിക്കാനും റബർ കൃഷിയിൽ തളച്ചിടാനും മാത്രമാണ്.
രാജ്യത്ത് റബർവില കൂട്ടുന്നത് ടയർവില കൂട്ടാൻ മാത്രമാണ്. ടയർവില കൂട്ടിക്കഴിയുമ്പോൾ റബർവില കൂപ്പുകുത്തും. ഇതു തടയാൻ ബാധ്യതയുള്ള സ്ഥാപനമാണ് റബർബോർഡ്. എന്നാൽ ബോർഡിനെയും സർക്കാരിനെയുമെല്ലാം നിയന്ത്രിക്കാൻ ശേഷിയുള്ളവരാണ് ടയർ ലോബി.
ടയർ നിർമാണത്തിലെ ഏറ്റവും പ്രധാന ഘടകം സ്വാഭാവിക റബറാണ്. ടയറിൽ 44 ശതമാനം സ്വാഭാവിക റബർ വേണമെന്നാണ് കണക്ക്. നിലവിലെ ടയർവില കണക്കിലെടുത്താൽ കിലോഗ്രാമിന് 180 രൂപ കർഷകർക്കു കിട്ടുന്ന റബർഷീറ്റ് ടയർ നിർമാതാവ് വാങ്ങി ഉപയോഗിച്ച് ടയറായി വിൽക്കുമ്പോൾ അവരുടെ നേട്ടം 509 രൂപയാണ്.
30 കിലോഗ്രാം തൂക്കമുള്ള ട്രക്ക് ടയറിന് നികുതി കൂടാതെ വില 23,500 രൂപയോളം വരും. 30 കിലോഗ്രാം ടയർ നിർമാണത്തിൽ 44 ശതമാനം സ്വാഭാവിക റബർ ഉപയോഗിച്ചാൽ 13.2 കിലോ വേണ്ടിവരും. ടയർ നിർമാണച്ചെലവിൽ 65 ശതമാനമാണ് അസംസ്കൃത വസ്തുക്കളുടെ വിഹിതം.
അതായത് 15,275 രൂപ അസംസ്കൃത വസ്തുക്കൾക്കു മുടക്കണം. ഇതിന്റെ 44 ശതമാനം അതായത് 6721 രൂപയാണ് സ്വാഭാവിക റബറിനായി ചെലവഴിക്കേണ്ടത്. 13.2 കിലോ റബറിനാണ് ഈ തുക ചെലവഴിക്കുന്നത്. അതായത് ഒരു കിലോ റബറിന് 509 രൂപ. മാർക്കറ്റിൽ നൽകുന്ന 180ഉം ഡീലർമാരുടെ ലാഭവും കൈകാര്യച്ചെലവും ട്രാൻസ്പോർട്ട് ചെലവുമെല്ലാം കിഴിച്ചാലും കർഷകർക്ക് 250 രൂപയെങ്കിലും നൽകാൻ നീതിബോധമുള്ള ഒരു വ്യവസായിയും മടിക്കേണ്ടതില്ല. ഇതാണ് ചൂഷണത്തിന്റെ ആഴം.
ചെലവിനനുസരിച്ച വരുമാനം കിട്ടുന്നില്ല എന്നതാണു കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു റബർ ഉത്പാദക രാജ്യങ്ങളിലും ഉത്പാദനച്ചെലവ് തുലോം കുറവായതിനാൽ റബർകൃഷി കനത്ത നഷ്ടത്തിലല്ല. ത്രിപുരയിൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 52-58 രൂപയേ ചെലവ് വരുന്നുള്ളൂ എന്നാണു കണക്കാക്കുന്നത്. എന്നാൽ, കേരളത്തിലെ ഉത്പാദനച്ചെലവാണ് കർഷകന്റെ നട്ടെല്ലൊടിക്കുന്നത്. പല കണക്കുകൾ ഇക്കാര്യത്തിൽ നിലവിലുണ്ട്.
രണ്ടു ഹെക്ടറിൽ താഴെ ഭൂമിയുള്ള റബർ കർഷകരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കണമെന്നാണ് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) കെ.ജെ. ജോസും സി.ഇ. അജിത്കുമാറും ചേർന്നു നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പോടെ നാഷണൽ റിസർച്ച് പ്രോഗ്രാം ഓൺ പ്ലാന്റേഷൻ ഡെവലപ്മെന്റാണ് (എൻആർപിപിഡി) റബർബോർഡിന്റെ ചർച്ചയ്ക്കായുള്ള ഡ്രാഫ്റ്റ് തയാറാക്കാൻ കെ.ജെ. ജോസിനെയും സി.ഇ. അജിത്കുമാറിനെയും 2015ൽ ചുമതലപ്പെടുത്തിയത്.
‘കേരളത്തിൽ സ്വാഭാവിക റബർ ഉത്പാദനത്തിലെ വരവും ചെലവും’ എന്നതായിരുന്നു വിഷയം. കോട്ടയം, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഇവരുടെ പഠനം. കോട്ടയം ജില്ലയിൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ ശരാശരി 117 രൂപ ചെലവു വരുമെന്നാണ് ഇവരുടെ പഠനറിപ്പോർട്ടിൽ പറയുന്നത്. ഒരു ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് ഇത് 125.11 രൂപയാകും. കേരളത്തിൽ റബർകൃഷി ലാഭകരമല്ലെന്നും അതിനാൽ കർഷകർക്കു കൃഷി തുടരനാവില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 2015നെ അപേക്ഷിച്ച് കേരളത്തിൽ കൂലിച്ചെലവും കൃഷിച്ചെലവും ജീവിതച്ചെലവും എത്രയധികം വർധിച്ചിരിക്കുന്നു. എന്നാൽ അതിനനുസരിച്ച് റബർവില കൂടുന്നില്ല.
കേരളത്തിൽ ഒരു കിലോഗ്രാം ആർഎസ്എസ്-4 റബർ ഉത്പാദിപ്പിക്കാൻ 160 രൂപയോളം ചെലവ് വരുമെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട, റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ചന്ദൻ മിത്ര ചെയർമാനായിരുന്ന കമ്മിറ്റിയാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. വയലാർ രവിയും ജോയി ഏബ്രഹാമും അടക്കം രാജ്യസഭയിലെയും ലോക്സഭയിലെയുമായി 31 എംപിമാരായിരുന്നു പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങൾ.
എന്നാൽ, ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ കേരളത്തിൽ 172 രൂപ ചെലവുവരുമെന്നാണ് കൺസോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷൻ കണക്കാക്കുന്നത്. എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം ഉത്പാദനച്ചെലവിന്റെ 50 ശതമാനംകൂടി ചേർത്ത താങ്ങുവിലയാണ് വിളകൾക്കു നൽകേണ്ടത്. അങ്ങനെവരുന്പോൾ റബറിന് കിലോയ്ക്ക് 258 രൂപ കിട്ടണമെന്നാണു ഗ്രോവേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. റബർബോർഡിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരു കിലോഗ്രാം റബർ ഷീറ്റ് ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവുവരും.