ഡോ. ടി.വി. മുരളീവല്ലഭൻ
നമ്മൾ പുറംലോകത്തു പരസ്പരം ബന്ധമില്ലെന്നു കാണുന്ന പല കാര്യങ്ങൾ തമ്മിലും അകമേ ബന്ധമുണ്ടെന്ന്, സൂക്ഷ്മപഠനം നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഒരു സിദ്ധാന്തമാണ് ബട്ടർഫ്ളൈ എഫക്റ്റ്. അതായത്, പറക്കുന്ന ഒരു ചിത്രശലഭത്തിന്റെ ചിറകടിയിൽനിന്നുണരുന്ന ചെറു വായൂതരംഗങ്ങൾ ചിലപ്പോൾ ഒരു ചുഴലിക്കൊടുങ്കാറ്റായി തീരാം. ചിത്രശലഭവും കൊടുങ്കാറ്റും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും, പരോക്ഷമായുണ്ടാകാം എന്നാണു ബട്ടർഫ്ളൈ എഫക്റ്റ് സിദ്ധാന്തം പറയുന്നത്.
സുസ്ഥിര വികസനം
പ്രകൃതിയിലെ വായുവും ജലവും മണ്ണും സസ്യങ്ങളും ജന്തുക്കളും മനുഷ്യനുമൊക്കെ തമ്മിൽ പ്രത്യക്ഷവും പരോക്ഷവുമായി അനേകം തരത്തിൽ ബന്ധമുണ്ടെന്നാണ് ആധുനിക പരിസ്ഥിതിശാസ്ത്രം പറയുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് സുസ്ഥിര വികസനം.
പരിസ്ഥിതി സംരക്ഷണവും സാമൂഹ്യക്ഷേമവും വ്യവസായലാഭവും ആകുന്ന മൂന്നു ചക്രങ്ങളുള്ള ഒരു വികസനവാഹനമാണ് അക്ഷയ വികസനം അഥവാ സുസ്ഥിര വികസനം. വികസനം നേടുന്നതിനൊപ്പംതന്നെ പരിസ്ഥിതി സംരക്ഷിക്കുകയും സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുകയും വേണമെന്നതാണ് സുസ്ഥിര വികസനത്തിന്റെ കാതലായ ആദർശം. 193 ലോക രാഷ്ട്രങ്ങൾ പൂർണമായും അംഗീകരിച്ച മറ്റേതെങ്കിലും പദ്ധതികൾ ഐക്യരാഷ്ട്ര സഭയ്ക്കുണ്ടോയെന്നു സംശയമാണ്.
2015ൽ തുടങ്ങി, 2030ൽ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ അല്ലെങ്കിൽ ആഗോള വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഐക്യരാഷട്ര സഭ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇതുവരെ വെറും 17 ശതമാനം സുസ്ഥിര വികസന ലക്ഷ്യങ്ങൾ മാത്രമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.
ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പിന്നോട്ടു പോയപ്പോൾ, ഫ്രാൻസ് മാത്രം ഈ രംഗത്തൊരദ്ഭുതം സൃഷ്ടിച്ചു. 2024ലെ ഒളിന്പിക്സും പാരാ ഒളിന്പിക്സും മറ്റു രാഷ്ട്രങ്ങൾക്ക് തികച്ചും അനുകരണീയമായ ഹരിത മാതൃകയിൽ നടത്താൻ സാധിച്ചു എന്നുള്ളതിൽ അവർക്കഭിമാനിക്കാം. ചരിത്രം സൃഷ്ടിച്ച ഈ ഒളിമ്പിക്സ് നടത്തിപ്പ് ലോക ഭാവിയെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നുള്ളതിൽ തർക്കമില്ല.
കായികമത്സരങ്ങൾക്കെങ്ങിനെ കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞ്, സുസ്ഥിര വികസനം ഉറപ്പാക്കാൻ കഴിയും? കഴിയുമെന്ന് 2024ലെ പാരീസ് ഒളിമ്പിക്സ് തെളിയിച്ചു.
മുന്നൊരുക്കങ്ങൾ
പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വളരെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഏഴു വർഷങ്ങൾക്കു മുമ്പുതന്നെ പാരീസ് സസ്റ്റൈനബിലിറ്റി ക്ലബ് 2024 ഒളിമ്പിക്സിനുള്ള നിർമാണപ്രവർത്തനങ്ങൾ, ജൈവ വൈവിധ്യം, വൻ തോതിലുള്ള ഗതാഗതം, സസ്യാഹാര ലഭ്യത, മാലിന്യ നിർമാർജനം, കാർബൺ ബജറ്റ് എന്നിവയുടെ രൂപരേഖ തയാറാക്കിയിരുന്നു.
സസ്റ്റൈനബിലിറ്റി ഒളിമ്പിക്സിന്റെ നിർവചനം മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒന്ന്, വളരെ ചുരുങ്ങിയ തോതിലുള്ള പദാർഥ പരിസ്ഥിതി പാദമുദ്ര - വളരെ കുറച്ചു സാധന സാമഗ്രികൾ ഉപയോഗിച്ചുകൊണ്ട്, പരിസ്ഥിതിക്ക് മേലുള്ള ആഘാതം കുറയ്ക്കുക. രണ്ടാമത്, സാമൂഹ്യ നീതി ഉറപ്പാക്കുക - അധികം ആളുകളെ മാറ്റിപ്പാർപ്പിക്കാതിരിക്കുക മുതലായവ. മൂന്നാമത്, സാമ്പത്തികനീതി ഉറപ്പാക്കുക - ആവശ്യത്തിന് മാത്രം അധികനികുതി ഈടാക്കുക.
സുസ്ഥിരതയുടെ മത്സരങ്ങൾ
എല്ലാ രംഗത്തും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി, 2018ൽ യുഎൻ ജനറൽ അസംബ്ലി, കായികരംഗത്തെയും സുസ്ഥിരതയുടെ സഹായിയായി പ്രഖ്യാപിച്ചു. സ്പോർട്സിൽ കൂടി എങ്ങനെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാധിക്കാം എന്നതാണ് ചർച്ച ചെയ്തത്.
സ്ഥാവരജംഗമ വസ്തുക്കൾ ഏറ്റവും മിതമായുപയോഗിച്ചുകൊണ്ട്, സമൂഹത്തിന്റെ ക്ഷേമം വർധിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ ഒളിമ്പിക്സിന്റെ പ്രത്യേകത. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഒളിമ്പിക് ദീപം കത്തിച്ചതുപോലും ബയോഗ്യാസുകൊണ്ടാണ്. ജനങ്ങളെ പൊതുഗതാഗതം പരമാവധി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുക വഴി, ഒളിമ്പിക്സിൽനിന്നുള്ള വരുമാനത്തിന്റെ ഒഴുക്ക് സാധാരണക്കാരിലേക്കെത്തിക്കാനും സംഘാടകർ ശ്രമിച്ചിട്ടുണ്ട്.
പരിസ്ഥിതിസൗഹൃദം
ഹീയതേർ ക്ലെൻസിയുടെ ലേഖനമനുസരിച്ച്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ റോഡ് മാപ്പിൽ ഏറ്റവും പ്രധാനപ്പെട്ടത് സുസ്ഥിരതയാണ്. നേരത്തേ നടന്ന ലണ്ടൻ, റിയോ ഒളിമ്പിക്സുകളുടെ പകുതി മാത്രം കാർബൺ പാദമുദ്ര, 1 .75 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈഓക്സൈഡ് മാത്രമാണ് പാരീസ് ഒളിമ്പിക്സിൽ ബഹിർഗമിച്ചത്. ഒരു വ്യക്തി, കുടുംബം, സ്ഥാപനം അല്ലെങ്കിൽ സംഘടന, ചടങ്ങ്, ഉത്പന്നം, പ്രദേശം എന്നിവയാൽ നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും ബഹിർഗമനം, തത്തുല്യമായ ടണ്ണിലുള്ള കാർബൺ ഡൈഓക്സൈഡായി പരിവർത്തനം ചെയ്യുന്നതാണ് കാർബൺ പാദമുദ്ര.
ഹരിതനിർമാണ പ്രവർത്തനങ്ങൾ
ഏകോപയോഗ പ്ലാസ്റ്റിക് നിരോധിച്ചു. ഡീസൽ ജനറേറ്ററുകൾ വളരെ കുറച്ചു. നിർമാണത്തിന്റെ മെട്രിക്സ്, ജൈവവൈവിധ്യം, സസ്യാധിഷ്ഠിത ആഹാരം, മാലിന്യംനീക്കൽ എന്നീ കാര്യങ്ങളിൽ വളരെ കൃത്യത പാലിച്ചു. 1.6 ദശലക്ഷം കാർബൺ ക്രെഡിറ്റ് ലാഭിച്ചു. ഇതിൽ 1.3 ദശലക്ഷവും കെനിയ, ഗോട്ടിമാല, നൈജീരിയ, കോംഗോ, സെനഗൽ എന്നിവിടങ്ങളിലെ വനസംരക്ഷണത്തിനുവേണ്ടി വിനിയോഗിക്കും.
പരിസ്ഥിതി സൗഹൃദമായ വിഭവങ്ങൾ പരമാവധി പുനരുപയോഗം നടത്തിയും പുനഃചംക്രമണം നടത്തിയും പാരീസ് ഒളിമ്പിക്സ് ചരിത്രം സൃഷ്ടിച്ചു. കൃത്യമായി, മുൻകൂട്ടിയുള്ള പാരിസ്ഥിതികാഘാത പഠനം നടത്തിയതിനാൽ 90 ശതമാനം ഉപകരണങ്ങളും സാധനസാമഗ്രികളും വീണ്ടും ഉപയോഗയോഗ്യമായി. അങ്ങനെയാണ് എട്ടു ലക്ഷം വീട്ടുപകരണങ്ങൾ ആറ് ലക്ഷമായി കുറയ്ക്കാൻ കഴിഞ്ഞതും പദാർഥ പാദമുദ്ര നിയന്ത്രിക്കാൻ സാധിച്ചതും. ഉള്ള സൗകര്യങ്ങൾ, കെട്ടിടങ്ങൾ മുതലായവ പരമാവധി ഉപയോഗിച്ചു. ആകെ ഒരു അക്വറ്റിക്സ് കേന്ദ്രം മാത്രമാണ് നിർമിച്ചത്. ഇതിന്റെ നിർമാണത്തിൽ ജൈവപദാർഥങ്ങളും പുനഃചംക്രമണത്തിനു വിധേയമായ സാധനങ്ങളും സൗരോർജവുമൊക്കെയായിരുന്നു ഉപയോഗിച്ചത്.
ഒളിമ്പിക് ഗ്രാമം താമസസ്ഥലങ്ങളായി മാറ്റപ്പെടുമ്പോൾ, 47 ശതമാനം കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയും. 78 ശതമാനം ഊർജം ന്യൂക്ലിയർ എനർജിയിൽനിന്നും 19 ശതമാനം പുനർനിർമിത ഊർജവുമാണ്. ഒളിമ്പിക് ഗ്രാമ നിർമാണത്തിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന ഹരിത ഗൃഹ വാതകങ്ങൾ 30 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞു. പരമ്പരാഗത ശീതീകരണ സംവിധാനങ്ങൾക്കു പകരം, ജിയോ തെർമൽ ശീതീകരണ രീതിയാണ് അവലംബിച്ചിരുന്നത്.
ഗതാഗതം
ഒളിമ്പിക്സിന്റെ 80 ശതമാനം മത്സരവേദികളും പത്തു കിലോമീറ്റർ ചുറ്റളവിലായിരുന്നു. ഒളിമ്പിക് ഗ്രാമത്തിൽ 418 കിലോമീറ്റർ സൈക്കിൾ പാത നിർമിച്ചുകൊണ്ട് വലിയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു. ഉള്ളവതന്നെ ഇലക്ട്രിക്, ഹൈഡ്രജൻ, ഹൈബ്രിഡ് തരത്തിലുള്ളതായിരുന്നു. ടൊയോട്ട കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കിയ ഈ പദ്ധതിയിൽകൂടി അന്തരീക്ഷ മലിനീകരണം വളരെയേറെ കുറയ്ക്കാൻ സാധിച്ചു. ഐഒസി തന്നെ വെദ്യുതവാഹനങ്ങളോ ഹൈബ്രിഡ് വാഹനങ്ങളോ ആണ് ഉപയോഗിക്കുന്നത്.
ആഹാര രീതി
പാരീസ് ഒളിമ്പിക്സിൽ കൂടുതലും സസ്യാധിഷ്ഠിത ആഹാരമാണ് ലഭ്യമാക്കിയത്. എൺപതു ശതമാനം ആഹാരവും സസ്യജന്യം. പാചക ഉപകരണങ്ങൾ മുഴുവനും ഇനിയും വർഷങ്ങളോളം ഉപയോഗിക്കാവുന്ന തരത്തിലുള്ളവയായിരുന്നു. ആറ് ദശലക്ഷം ഉപകരണങ്ങളിൽ 90 ശതമാനവും പുനർ ഉപയോഗക്ഷമം.
അതായത്, അവയൊന്നുംതന്നെ വലിച്ചെറിഞ്ഞു മാലിന്യക്കൂമ്പാരം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് കൊണ്ടായിരുന്നില്ല. ഈയൊരൊറ്റക്കാരണംകൊണ്ടുതന്നെ ഒരു പ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കുറയ്ക്കാൻ കഴിഞ്ഞു. ഫ്രാൻസിൽ നിലവിലുള്ള നിയമങ്ങളെ മറികടന്നുകൊണ്ടുതന്നെ പൊതു കുടിവെള്ള ടാപ്പുകൾ വ്യാപകമായി സ്ഥാപിക്കുകയും അവയിൽനിന്ന് 13 ദശലക്ഷം പുനരുപയോഗ കപ്പുകൾ ഉപയോഗിച്ചു വെള്ളം ശേഖരിക്കുകയും ചെയ്തതിനാൽ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാൻ സാധിച്ചു. മിച്ചം വന്ന ആഹാരം കമ്പോസ്റ്റോ അല്ലെങ്കിൽ ഗ്യാസോ ഉണ്ടാക്കാൻ ഉപയോഗിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ വർധന തടഞ്ഞുകൊണ്ട്, സുസ്ഥിരവികസനത്തിനുവേണ്ടി, മനുഷ്യന്റെ ഏറ്റവും വലിയ വിനോദോപാധിയായ കായികമേളകളെ മാതൃകാപരമായി എങ്ങനെ വിനിയോഗിക്കണമെന്ന്, ഫാഷന്റെ ലോക തലസ്ഥാനമായ പാരീസ് നഗരം സമൂഹത്തിനു കാണിച്ചുകൊടുത്തു. ഒരുപക്ഷേ, മനുഷ്യന്റെ നിലനിൽപുമായി ബന്ധപ്പെട്ട, ഈ നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ ഒരു മാതൃക ആയിരിക്കാമിത്. ഇതിനെത്തുടർന്ന്, സ്പോർട്സ് എക്കോളജി എന്ന ഒരു പുതിയ പഠനശാഖതന്നെ രൂപമെടുത്തിരിക്കുന്നു.