ഡോ. കെ.വി. ജോസഫ്
ഇന്ന് സാന്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടത്തെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാതലത്തിലുള്ളതിലും 50 ശതമാനത്തിലധികം ഉയർന്നതുമാണ്. കൂടാതെ, ദാരിദ്ര്യനിർമാർജനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഒന്നാമതാണ്. ഉപഭോക്തൃ ചെലവിലും കേരളം ഒന്നാം സ്ഥാനത്തുതന്നെ. എന്നാൽ, ഇവിടെ സാന്പത്തിക വികസനത്തിനുള്ള തടസങ്ങളേറെയാണ്.
സന്പദ്വ്യവസ്ഥയുടെ യഥാർഥ ചിത്രം
കേരളത്തിലെ സന്പദ്വ്യവസ്ഥയുടെ യഥാർഥ വസ്തുതകളിലേക്ക് കണ്ണോടിച്ചാൽ യഥാർഥ സാന്പത്തിക വികസനം കൈവരിച്ച ഒരു സംസ്ഥാനമല്ല കേരളമെന്ന് ഉറപ്പിച്ചു പറയാനാകും. 1990കൾ വരെ കേരളത്തിലെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാതലത്തിലും താഴെയായിരുന്നു. അതിനുശേഷമാണ് പ്രതിശീർഷവരുമാനം അഖിലേന്ത്യാതലത്തിലേക്കാൾ ഉയർന്നത്. 1990നുശേഷം കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽനിന്നു പ്രവാസിപ്പണം ഗണ്യമായ തോതിൽ വന്നുചേരുന്നതിനിടയായി. ഇന്നു കേരളത്തിലെ മൊത്തവരുമാനത്തിന്റെ 15 ശതമാനത്തിൽ കവിയുന്ന ഒരു സംഖ്യയാണ് പ്രവാസിപ്പണം. അത് പണമായാണ് എത്തുന്നതും. അപ്പോൾ കേരളത്തിലെ സാന്പത്തിക വളർച്ച പ്രവാസിപ്പണ പ്രവാഹത്തോട് ബന്ധപ്പെട്ട ഒന്നാണെന്ന കാര്യം സംശയാതീതമാണ്.
ഈ പണം ഏതെല്ലാം രീതിയിലാണ് വളർച്ചയ്ക്ക് ആധാരമായിത്തീർന്നതെന്ന് പരിശോധിക്കണം. 1984-85ലെ വരുമാനത്തെ അടിസ്ഥാനമാക്കി മൊത്തവരുമാനത്തിന്റെ സൂചിക കണക്കാക്കിയാൽ 2021-22 ആയപ്പോഴേക്കും അത് 14,144 ആയി ഉയർന്നിരുന്നതായി കാണാം. ഈ വർധന എല്ലാ മേഖലകളിലും ഒരേ തോതിലായിരുന്നില്ല. കാർഷികമേഖലയിലെ വർധനവ് 3,811 ഉം, വ്യവസായങ്ങളുടേത് 9,616ഉം ആയിരുന്നു. മൊത്ത വരുമാനത്തിൽ കാർഷികമേഖലയുടേത് 1984-85ൽ 39 ശതമാനമായിരുന്നത് 2021-22ൽ 9.4 ശതമാനമായി ഇടിയുകയുണ്ടായി. വ്യവസായങ്ങളുടേത് 16ൽനിന്നു 12 ശതമാനമായും താഴ്ന്നുപോയിരുന്നു. അപ്പോൾ ഈ മേഖലകൾ രണ്ടിലും യഥാർഥത്തിൽ യാതൊരു വർധനവും ഉണ്ടായില്ല എന്നർഥം. അങ്ങനെ വരുന്പോൾ യഥാർഥ വളർച്ച കൈവരിച്ചത് ഇതര മേഖലകളിലാണ്. അവയിൽ നിർമാണവും സേവനങ്ങളുമാണ് മുൻപന്തിയിൽ നിൽക്കുന്നത്.
സേവനമേഖലയുടെ സൂചിക 2,14,530ഉം നിർമാണത്തിന്റേത് 40,409ഉം ആയിട്ടാണ് ഉയർന്നത്. എന്നാൽ, ഈ മേഖലകൾ ഉത്പാദനത്തിലുമുപരി ഉപഭോക്തൃ സേവനങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. അവയിലൂടെയുണ്ടാകുന്ന മൊത്തവരുമാന വർധനവ് സേവനങ്ങൾ നടത്തുന്പോഴുണ്ടാകുന്ന മൂല്യവർധനവ് മാത്രമാണ്. പ്രവർത്തനവും ഉപയോഗപ്പെടുത്തലും ഒരേസമയത്തു നടത്തുന്നതിനാൽ സേവനങ്ങളുടെ മൂല്യനിർണയം സങ്കീർണമായ പ്രക്രിയയാണ്. തത്ഫലമായി സേവന ദാതാക്കളുടെ വേതനത്തെ മൂല്യനിർണയത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചുവരുന്നു.
ഇങ്ങനെയുള്ള സേവനങ്ങൾക്ക് വില നല്കിയാലേ അവ ലഭ്യമാകുകയുള്ളൂ. ഉത്പാദനമേഖല ക്ഷയിച്ചിരിക്കുന്ന കേരളത്തിൽ പ്രവാസികൾ അയച്ചുതരുന്ന പണമുപയോഗിച്ചാണ്, സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നത്. അവയുടെ ഉപയോഗപ്പെടുത്തലിലൂടെ ഉത്ഭൂതമാകുന്ന മൂല്യവർധനവാണ് കേരളത്തിലെ മൊത്തവരുമാനത്തിൽ ഏറിയപങ്കും. പ്രവാസിപ്പണം നിലച്ചുപോയാൽ മൂല്യവർധനവും അതേപടി നിലച്ചുപോകും. അതോടെ സാന്പത്തിക വളർച്ചയും അധോഗതിപ്രാപിക്കും. ചുരുക്കത്തിൽ കേരളത്തിലെ സാന്പത്തിക വളർച്ചയും വികസനവും അടിത്തറയില്ലാത്ത വെറും പൊള്ളയായ വസ്തുതകളാണ്.
കേരളത്തിലെ വികസനം യാഥാർഥ്യമാകണമെങ്കിൽ, ഉത്പാദനമേഖലകളായ കൃഷിയെയും വ്യവസായത്തെയും പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. ഇന്ന് കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളിൽ 80 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമാകുന്നവയാണ്. അതുപോലെ ഇതരസംസ്ഥാനങ്ങളിൽനിന്നാണ് വ്യാവസായികോത്പന്നങ്ങളും ഉപഭോക്തൃവിഭവങ്ങളും വന്നുചേരുന്നത്. അവയുടെ ഉപയോഗപ്പെടുത്തലാണ് കേരളത്തിലെ സമൃദ്ധിയുടെ ആധാരം. ഇങ്ങനെയുള്ള ഉത്പന്നങ്ങൾ കേരളത്തിൽതന്നെ ഉത്പാദിപ്പിച്ചാൽ മാത്രമേ കേരളത്തിന് യഥാർഥ വളർച്ചയും വികസനവും കൈവരിക്കാനാവൂ.
അധ്വാന മനോഭാവത്തിന്റെ അപര്യാപ്തത
ഉത്പാദനവർധനവിനു തടസംനിൽക്കുന്ന പല ഘടകങ്ങളും ഇന്ന് കേരളത്തിൽ സജീവമായി നിലകൊള്ളുന്നുണ്ട്. ഉത്പാദനവർധനവിൽ സജീവ പങ്കുവഹിക്കുന്ന ഘടകമാണ് അധ്വാനശീലം. ജപ്പാനും തായ്വാനും ദക്ഷിണകൊറിയയുമൊക്കെ സാന്പത്തികരംഗത്ത് കുതിച്ചുകയറ്റം നടത്തിയത് അധ്വാനശീലത്തിന്റെ പിൻബലത്തിലാണ്. ഇന്ത്യയിൽ മൊത്തത്തിലും കേരളത്തിൽ പ്രത്യേകിച്ചും തൊഴിലുകളിൽ ഏർപ്പെടുന്ന കാര്യത്തിൽ ഒരലസമനോഭാവം നിലനിന്നിരുന്നതാണ്. അതേയവസരത്തിൽ താഴെക്കിടയിലുള്ള വിഭാഗക്കാർ പ്രതിഫലേച്ഛ കൂടാതെ കായികാധ്വാനം ചെയ്യാൻ നിർബന്ധിതരായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയും നിലനിന്നിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധിയോടെ താഴെക്കിടയിലുള്ള വിഭാഗക്കാരുടെയിടയിൽ തൊഴിലിൽ ഏർപ്പെടുന്ന കാര്യത്തിൽ ഒരു വ്യതിയാനംതന്നെ ആവിർഭവിക്കുകയുണ്ടായി.
മേധാവിത്വ വിഭാഗക്കാർ സ്വീകരിച്ചിരുന്ന അലസമനോഭാവം തങ്ങളുടെയും തൊഴിൽശൈലിയായി സ്വീകരിച്ചതാണ് ഇങ്ങനെയുള്ള വ്യതിയാനം. അലസമനോഭാവം കൈക്കൊള്ളുക മാത്രമല്ല അവകാശങ്ങൾക്കുവേണ്ടി മുറവിളി കൂട്ടിക്കൊണ്ട് സ്വന്തം കർത്തവ്യങ്ങളെത്തന്നെ മറക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിലുമുപരിയായി ഒരു മേധാവിത്വ മനോഭാവംകൂടി അവലംബിച്ചിരിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ആയാസകരമായ എല്ലാ തൊഴിലുകളും നടത്തിച്ചു വരുന്നത്.
യഥാർഥത്തിൽ ഇടതുപക്ഷ സർക്കാർ നിലനിൽക്കുന്ന കേരളത്തിൽ, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന മുതലാളിത്ത ശൈലി തന്നെയാണ് നിലവിൽ വന്നിരിക്കുന്നത്. ഇതൊരു വൈരുദ്ധ്യംതന്നെ. പല കാരണങ്ങളും അധ്വാനവിഭാഗത്തിന്റെ ഈ മനോഭാവ വ്യതിയാനത്തിന് ഇടം നല്കിയിട്ടുണ്ട്. എങ്കിലും സർക്കാർ നയങ്ങളാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. കേരളത്തിൽ നിലവിലിരിക്കുന്ന റേഷൻ സന്പ്രദായമനുസരിച്ച് സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങളും ഇതര നിത്യോപയോഗവിഭവങ്ങളും സൗജന്യമായോ അല്ലെങ്കിൽ നിസാര വിലയ്ക്കോ ആണ് നല്കിവരുന്നത്. ഭക്ഷ്യധാന്യങ്ങൾ ഇങ്ങനെ ഔദാര്യമായി ലഭിക്കുന്പോൾ, ആരാണ് കൈയിൽ ചെളിപുരളേണ്ട തൊഴിലുകളിൽ ഏർപ്പെടുക. സംഘടനാ തൊഴിലാളികളുടെ സമ്മർദതന്ത്രങ്ങളും ഇങ്ങനെയൊരു സ്ഥിതിവിശേഷം സമാഗതമാകുന്നതിനു സഹായം നല്കിയിട്ടുണ്ടെന്ന കാര്യവും സംശയാതീതമാണ്.
നിക്ഷേപസൗഹാർദ അന്തരീക്ഷത്തിന്റെ അഭാവം
വ്യവസായ പുരോഗതിയാണ് ആധുനിക യുഗത്തിലെ സാന്പത്തിക വികസനത്തിന്റെ അടിസ്ഥാനം. വ്യവസായത്തിൽ മുതൽമുടക്കുന്ന സംരംഭകരാണ് അതിന്റെ ചുക്കാൻ പിടിക്കുന്നത്. അവരാകട്ടേ നിക്ഷേപസൗഹാർദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ മുതൽ മുടക്കുന്നതിന് തയാറാവുകയുള്ളൂ. അങ്ങനെയുള്ള ഒരു സൗഹാർദാന്തരീക്ഷം കേരളത്തിൽ ഇതുവരെയും വളർന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് ഇന്ത്യയിലെ ഫാക്ടറികളിൽ നിക്ഷേപിച്ചിരിക്കുന്ന മൂലധനത്തിന്റെ വെറും 1.53 ശതമാനം മാത്രമാണ് കേരളത്തിലേത്.
വളരെയധികം ബാങ്ക് നിക്ഷേപവും അഭ്യസ്തവിദ്യരായ തൊഴിലാളികൾ സുലഭമാണെങ്കിലും സംരംഭകർ നിക്ഷേപിക്കുന്നതിന് തയാറാവുന്നില്ല. അതേയവസരത്തിൽ നിക്ഷേപ സൗഹാർദാന്തരിക്ഷത്തിൽ വൻ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ആരും പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ മുന്പോട്ടുവരുന്നതായി കാണുന്നില്ല.
കേരളത്തിനു വെളിയിൽ നിക്ഷേപിക്കുന്നതിനോ അല്ലെങ്കിൽ മാളുകളിലും വ്യാപാരസമുച്ചയങ്ങളിലും സ്വർണാഭരണശാലകളിലും നിക്ഷേപിക്കുന്നതിനോ ആണ് അവർ തത്പരർ. മാളുകളും വ്യാപാര സമുച്ചയങ്ങളും ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ, കേരളത്തിൽ വിറ്റഴിക്കുന്നതിനുള്ള വിപണി ഒരുക്കുന്നതിനു മാത്രമാണുപകരിക്കുന്നത്. അതിലൂടെ ഇതര സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്.
കേരളത്തിലെ ധനമന്ത്രി 2023-24ലെ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു. കയറ്റുമതിയാണെങ്കിൽ 76,000 കോടി രൂപയ്ക്കു മാത്രവും. ഈ സ്ഥിതിവിശേഷത്തിനു പകരം സംസ്ഥാനത്തിനാവശ്യമുള്ള ഉത്പന്നങ്ങളും ഇതര സംസ്ഥാനങ്ങളിൽ വിറ്റഴിക്കാൻ ഉതകുന്ന ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുതകുന്ന തോതിൽ വ്യവസായങ്ങൾ വളർന്നിരിക്കണം. നിക്ഷേപസൗഹാർദാന്തരീക്ഷത്തിന്റെ അഭാവത്തിൽ അവയൊന്നുംതന്നെ ഇതുവരെയും വളർന്നിട്ടില്ല. പ്രത്യയശാസ്ത്രത്തിന്റെ സ്വധീനം, തൊഴിലാളിസമരങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് ഇക്കാര്യത്തിൽ പ്രേരകങ്ങളായി പ്രവർത്തിക്കുന്നത്. ഇവയുടെ സ്വാധീനവലയത്തിൽനിന്നു കേരളം മുക്തമായിട്ടുണ്ടെന്നു തോന്നുന്നില്ല.
വേണ്ടത് ക്രിയാത്മക സമീപനം
ചുരുക്കത്തിൽ പ്രവർത്തനശൈലിയും ചിന്താരീതികളുമടങ്ങുന്ന സാംസ്കാരിക സവിശേഷതകളാണ് വികസനത്തിന് തടസം നിൽക്കുന്ന ഘടകങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത്.സാംസ്കാരിക സവിശേഷതകളിൽ മാറ്റം വന്നാൽ മാത്രമേ അവയെ തരണം ചെയ്യാനാവൂ. ഇന്ന് സാംസ്കാരിക സവിശേഷതകളിൽ മാറ്റം വരുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നതു രാഷ്ട്രീയപാർട്ടികളാണ്. തൊഴിൽ സംസ്കാരത്തെയും നിക്ഷേപസൗഹാർദാന്തരീക്ഷത്തേയും വളർത്തുന്നതിൽ അവർക്ക് നിർണായക സ്വാധീനം ചെലുത്താൻ സാധിക്കും.
പൊള്ള പ്രസ്താവനകൾ നടത്തിയാൽ പോരാ. അതിന് നിർലോഭമായ പിൻതുണ നല്കുകതന്നെ വേണം. അതിനുവേണ്ടി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തിനതീതമായ, ക്രിയാത്മക സമീപനം സ്വീകരിക്കുകയാണെങ്കിൽ അതു കേരളത്തിന്റെ ഭാവിക്കു ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.