ഡോ. ആൻസൻ പാണേങ്ങാടൻ സിഎംഐ
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണെങ്കിലും ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാ ജീവജാലങ്ങളിലും ദൃശ്യമാകുന്ന ജൈവശാസ്ത്രപരമായ തൃഷ്ണയാണ് സ്നേഹിക്കപ്പെടുക എന്നുള്ളത്. ഉത്തരാധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിൽ മനുഷ്യന് എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നവകാശപ്പെടുന്പോഴും എല്ലാവരുടെയും ഉള്ളിൽ സ്നേഹത്തിനുവേണ്ടി ഹൃദയം തുടിക്കുന്നു എന്നുള്ളതാണ് സത്യം. സ്നേഹം ഏറ്റവും ഉദാത്തമായ ഗുണമായും ശീലമായും വ്യാഖ്യാനിക്കപ്പെടുന്നു.
ദയ, അനുകന്പ, വാത്സല്യം തുടങ്ങിയ പദങ്ങൾ സ്നേഹത്തിനോട് ചേർന്നുപോകുന്ന പൂരകങ്ങളായും ഗണിക്കപ്പെടുന്നു. നിസ്വാർഥമായും ലാഭേച്ഛ കൂടാതെയും സഹോദരങ്ങൾക്കുവേണ്ടി ചങ്കു പറിച്ചുനൽകുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. എല്ലാ തലങ്ങളിലും കച്ചവട മനഃസ്ഥിതി പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ നവീന കാലഘട്ടത്തിൽ നിസ്വാർഥ സ്നേഹത്തിന്റെ വ്യക്തിത്വങ്ങളെ കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
നിർഭാഗ്യമെന്ന് പറയട്ടെ എല്ലാവർക്കും സ്നേഹിക്കപ്പെടാനാണിഷ്ടം. ഈ തൃഷ്ണ ആധുനിക യുഗത്തിന്റെ മുഖമായി മാറിക്കൊണ്ടിരിക്കുന്നു. ഒന്നോർക്കൂ, ജീവിതം സ്നേഹത്തിന്റെ വടവൃക്ഷമാകാനുള്ള വിളിയാണ്. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയത്തിന്റെയും അതിർവരന്പുകൾക്കപ്പുറത്തേക്ക് കരുതലിന്റെയും പാരസ്പര്യത്തിന്റെയും ശിഖരങ്ങളാകാനുള്ള ക്ഷണമാണ്.
വെന്തുനീറുന്ന വയോജനമനസ്
വയോജനങ്ങൾ ഏറ്റവും അധികം അഭിലഷിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണ്. മക്കൾക്ക്, മാതാപിതാക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും ജീവിതത്തിന്റെ അവസാനനാളുകളിൽ സജീവ സാന്നിധ്യമായി, കരുതലായി മാതാപിതാക്കളുടെ കൂടെ ഉണ്ടായിരിക്കുക എന്നുള്ളതാണ്. ഇന്നത്തെ നമ്മുടെ കുടുംബങ്ങളിലെ അവസ്ഥയെന്താണ്? നമ്മുടെ കൊച്ചു കേരളത്തിൽതന്നെ മിക്കവാറും കുടുംബങ്ങളിൽ പ്രായമേറിയ മാതാപിതാക്കളും അവരുടെ ഇഷ്ടങ്ങളും അവഗണിക്കപ്പെടുകയാണ്. അഗതിമന്ദിരങ്ങളും അനാഥശാലകളും വയോജന സംരക്ഷണ കേന്ദ്രങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. അഗതിമന്ദിരങ്ങളിലുള്ള എല്ലാവരും അഗതികളാണോ? അനാഥശാലകളിൽ കഴിയുന്ന അന്തേവാസികളെല്ലാം അനാഥരാണോ? മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ കാട്ടുന്ന അവഗണനയുടെ അടയാളങ്ങളാണ് വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾ.
വർഷങ്ങൾക്കു മുന്പ് സിനിമാരംഗത്ത് പീഡിപ്പിക്കപ്പെട്ടതിന്റെ തുറന്നുപറച്ചിലിന്റെ കഥകളാണ് മാധ്യമങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത്. അവരെ സംരക്ഷിക്കുന്നതിനുവേണ്ടി എന്തൊക്കെ വകുപ്പുകളാണ് ഇന്ന് നീതിന്യായ വ്യവസ്ഥയിലുള്ളത്. ഇക്കിളിപ്പെടുത്തുന്ന സംഭവങ്ങളായതുകൊണ്ടുതന്നെ ചാനലുകളുടെ റേറ്റിംഗും കാണുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്.
വാർധക്യത്തിലെത്തിയിരിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്ന എത്ര നിയമങ്ങളുണ്ട്? ആ നിയമത്തിന്റെ പരിരക്ഷ നമ്മുടെ വയോജനങ്ങൾ അനുഭവിക്കുന്നുണ്ടോ? മക്കൾക്കുവേണ്ടി ചോര നീരാക്കി അധ്വാനിച്ചതിന്റെ നിരവധി തുറന്നുപറച്ചിലിന്റെ കഥകൾ ഓരോ മാതാപിതാക്കൾക്കുമുണ്ട്. കേസിനും അവകാശങ്ങൾക്കും വേണ്ടിയല്ല, നമ്മുടെ മാതാപിതാക്കളുടെ ഇഷ്ടദാനമാണ് നമ്മുടെ ജീവിതം. നമുക്കവരെ സ്നേഹിക്കാം. സ്നേഹിക്കപ്പെടാനുള്ള അവരുടെ ദാഹമകറ്റാം.
അംഗീകാരത്തിനായി തുടിക്കുന്ന യുവമനസ്
യുവജനങ്ങളും സ്നേഹത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്. കലാലയങ്ങളിലും പൊതുപ്രവർത്തകർക്കിടയിലും ദാന്പത്യജീവിതത്തിലും സ്നേഹിക്കപ്പെടാനുള്ള അഭിവാഞ്ഛ പകൽപോലെ തെളിഞ്ഞുകാണാം. സ്നേഹം നിരസിക്കുന്പോൾ അപൂർവമായിട്ടെങ്കിലും താൻ സ്നേഹിക്കുന്ന യുവതിയെ ആസിഡൊഴിച്ച് വിരൂപയാക്കാനും നെഞ്ചിൻകൂടിനകത്തേക്ക് കത്തി കയറ്റാനും ഇല്ലാതാക്കാനും കാമകുന്മാർ തയാറാകുന്നത് തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹം മറ്റാർക്കും ലഭിക്കാനിടയാകരുതെന്ന പൈശാചികമായ ചിന്താഗതി ഉള്ളതുകൊണ്ടുതന്നെയാണ്. പുതുതലമുറയിൽ വിവാഹജീവിതത്തിൽ താത്പര്യക്കുറവും ലിവിംഗ് ടുഗെതർ അല്ലെങ്കിൽ ഒത്തുവാസ ജീവിതത്തിൽ താത്പര്യവും വർധിക്കാൻ കാരണമെന്താണ്.
ഒരുപരിധവരെ വൈവാഹിക ജീവിതത്തിൽ ജീവിതപങ്കാളി, മരണംവരെ സ്നേഹിക്കുമോ എന്നുള്ള ആശങ്കയാണ്. അതുകൊണ്ടുതന്നെ പശ്ചാത്യശൈലിയുടെ അന്ധമായ അനുകരണം എന്ന മുറയിൽ നമ്മുടെ നാട്ടിലും ഒത്തുവാസ ജീവിതത്തിന്റെ മാതൃക അവർ പിന്തുടരുന്നു. വിവാഹം എന്ന പരന്പരാഗതമായ സംവിധാനത്തിന്റെ ചട്ടക്കൂടും പരിരക്ഷയും ദാന്പത്യവിശ്വസ്തതയുമൊന്നും അവർക്കിഷ്ടമല്ല. മറിച്ച്, നിശ്ചിത കാലത്തേക്ക് പങ്കാളികളായി തുടരുന്നു. മാതാപിതാക്കളിൽനിന്നകന്ന് മെട്രോ സിറ്റികളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരിൽ ചിലരൊക്കെ ഇങ്ങനെയൊരു സംവിധാനം പിന്തുടരുന്നവരാണ്. ഭയാശങ്കകളോടെ നോക്കിക്കാണേണ്ട വസ്തുതയാണിത്.
പണത്തിനുവേണ്ടി ശരീരം വിൽക്കാൻ തയാറാകുന്നവരും ഒരുപക്ഷേ നൈമിഷികമാണെങ്കിലും സ്നേഹത്തിനുവേണ്ടിയുള്ള അലച്ചിലിലായിരിക്കാം. സ്നേഹം കിട്ടേണ്ട തലങ്ങളിൽ അതു ലഭിക്കാതെ പോകുന്പോൾ സ്നേഹം ലഭിക്കുന്ന ഇടങ്ങൾ തേടി മനുഷ്യമനസ് ഓടിക്കൊണ്ടിരിക്കുന്നു. മക്കളെ ആഴമായി സ്നേഹിക്കേണ്ട കടമ മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. സമ്മാനമായി മാതാപിതാക്കൾ നൽകുന്ന മിഠായിപ്പൊതികളോ ബുള്ളറ്റോ കാറോ ലക്ഷക്കണക്കിന് രൂപയോ ഒന്നും സ്നേഹത്തിന് പകരമാവില്ല എന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. മക്കളെ സ്നേഹിച്ചും തിരുത്തിയും വളർത്തണം. സ്നേഹം വിതച്ചാലേ സ്നേഹം കൊയ്തെടുക്കാൻ സാധിക്കൂ.
ശ്രദ്ധിക്കപ്പെടുന്നതിന്റെ ആനന്ദം തേടുന്ന കുഞ്ഞുമനസ്
കുഞ്ഞുങ്ങൾ മിക്കവാറും കാര്യങ്ങൾ ചെയ്തുകൂട്ടുന്നത് ശ്രദ്ധിക്കപ്പെടാനാണ്. കുടുംബത്തിലായാലും കൂട്ടുകാർക്കിടയിലായാലും പഠനമുറികളിലാണെങ്കിലും അവരുടെ മുഖം തുടിക്കുന്നത് അവർ അംഗീകരിക്കപ്പെടുന്പോഴാണ്. ദാന്പത്യജീവിതത്തിൽ മാതാപിതാക്കൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കുന്പോൾ ആദ്യത്തെ കുഞ്ഞ് നീരസം പ്രകടിപ്പിക്കുന്നത് തന്റെ സ്നേഹം പങ്കിടേണ്ടിവരുന്പോഴുള്ള ആകുലതകളാലാണ്.
നഴ്സറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ നോട്ടുപുസ്തകത്തിൽ അവർ ചെയ്തുവന്ന ഗൃപാഠത്തിന് ഫുൾമാർക്കോ ഫൈവ് സ്റ്റാറോ ഒക്കെ അധ്യാപകർ കൊടുത്താൽ കുട്ടികളൊക്കെ കൂടുതൽ വാചാലരാകുന്നതും സന്തോഷംകൊണ്ട് മതിമറക്കുന്നതും കണ്ടിട്ടില്ലേ? അംഗീകരിക്കപ്പെടുന്നു എന്നതിലുള്ള അതിരറ്റ ആനന്ദമാണിത്. എന്തുകൊണ്ടോ, കുട്ടികൾക്കു ലഭിക്കേണ്ട സ്നേഹത്തിന്റെ അളവ് കുറഞ്ഞുപോയിട്ടുണ്ട്.
മാതാപിതാക്കളുടെ ജോലിയുടെ ബാഹുല്യം കാരണം കുഞ്ഞുങ്ങളെ സ്നേഹിക്കാനോ അവർക്കുവേണ്ടി ചെലവഴിക്കാനോ സമയമില്ല. കുഞ്ഞുങ്ങളുടെ കലപില ശല്യം ഒഴിവാക്കാൻ, അവരെ ഭക്ഷണം കഴിപ്പിക്കാൻ നാം മൊബൈലിന്റെ വലിയ ജാലകം തുറന്നിടുന്നു. അതുകൊണ്ടുതന്നെ ശൈശവദിശയിൽ മൊബൈലും ടിവിയുമൊക്കെയാണ് കുഞ്ഞുങ്ങളെ സംബന്ധിച്ച് സന്തോഷങ്ങൾ. അപ്പന്റെയും അമ്മയുടെയും സ്നേഹം ലഭിക്കാത്തതുകൊണ്ടുതന്നെ അപ്പൂപ്പനും അമ്മൂമ്മയുമൊന്നും അവർക്ക് സ്നേഹത്തിന്റെ സ്രോതസുകളല്ല. കുട്ടികൾക്കിഷ്ടം റീൽസും ഷോർട്സും വീഡിയോസും കംപ്യൂട്ടർ ഗെയിംസും കാർട്ടൂണകളുമൊക്കയാണ്.
ചില പശ്ചാത്യ നാടുകളിലെങ്കിലും 15 വയസുവരെ മൊബൈൽ ഉപയോഗം നിരോധിച്ചിരിക്കുന്നുവെന്ന് വാർത്തയുണ്ട്. അവിടെയെങ്കിലും കുടുംബങ്ങളിലും പള്ളിക്കൂടങ്ങളിലും പ്രകൃതിയോടു ചേർന്ന് സ്വാഭാവികമായി കുഞ്ഞുങ്ങൾ വളർന്നുവരുമെന്നാശ്വസിക്കാം. ഇന്നത്തെ ചുറ്റുപാടുകളെയും സാഹചര്യങ്ങളെയുമൊന്നും പഴിക്കാനാളൊന്നുമല്ല ഞാൻ. പക്ഷേ ഈ മേഖലയിൽ കരുതൽ അനിവര്യമാണ്. നമുക്ക് കുഞ്ഞുങ്ങളെ സ്നേഹിച്ച്, കൊഞ്ചിച്ച്, ലാളിച്ച്, തിരുത്തി വളർത്താം.
സ്നേഹിക്കാം... നിഷ്കപടമായി
എന്തുകൊണ്ടാണ് ഈ 21-ാം നൂറ്റാണ്ടിലും യുദ്ധങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നത്? യുദ്ധം ചെയ്യുന്നവരെയും നരഹത്യ നടത്തിക്കൊണ്ടിരിക്കുന്നവരെയും എന്ത് പ്രത്യയശാസ്ത്രമാണ് നയിച്ചുകൊണ്ടിരിക്കുന്നത്? സാങ്കേതികതയിലെ നൂതനവിദ്യകൾ ഉപയോഗിച്ചും നൂറുകണക്കിന് ജീവനാണ് യുദ്ധഭൂമിയിൽ പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലുമൊക്കെ ബോംബ് വർഷിക്കാൻ ഈ വിഘടനവാദികളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? ഈ ഭൂമുഖത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഏതൊരു മനുഷ്യനും നിർബന്ധമായും ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണിത്.
മനുഷ്യനെങ്ങനെ മൃഗത്തേക്കാൾ അധഃപതിക്കാൻ സാധിക്കും? രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്നവർ ഇതിനോടൊന്നും പ്രതികരിക്കാത്തതെന്തുകൊണ്ട്? ഇനി അവരുടെ നിസഹയതയാണോ? അതോ നമ്മളും മനഃസാക്ഷിയില്ലാത്തവരും പ്രതികരണശേഷി നഷ്ടപ്പെട്ടവരുമായി മാറിയോ? ഒന്ന് നിസംശയം പറയാം ‘സ്നേഹം കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു’. വിപ്ലവങ്ങളും സ്നേഹത്തിന് നിരക്കാത്ത തത്വശാസ്ത്രങ്ങളും ലോകത്തെ ഭരിക്കുന്നു. നമുക്കൊന്നേ ചെയ്യാനുള്ളൂ... സ്നേഹിക്കാം... നിഷ്കപടമായി, സ്നേഹം നൽകാം വേണ്ടിവോളം! സ്നേഹം ലഭിക്കാതെ ഒരു കുഞ്ഞും വളരാനിടയാകില്ല എന്ന് പ്രതിജ്ഞയെടുക്കാം..
“ഞാൻ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലന്പുന്ന കൈത്താളമോ ആണ്” - ബൈബിൾ