ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ അടുത്തിടെ നടന്ന അതിഭീകരമായ കൊലപാതകം വൻതോതിലുള്ള പണത്തിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തു നടന്ന സമാനരീതിയിലുള്ള ദാരുണ സംഭവങ്ങളെയും സന്ദർഭങ്ങളെയും ഒരിക്കൽക്കൂടി ഓർമയിലെത്തിക്കുകയാണ്. ഏതാനും ദിവസം മുന്‍പു നടന്ന ബാബ സിദ്ദിഖിയുടെ കൊലപാതകം മുംബൈയെ മാത്രമല്ല, അതിപ്രശസ്തമായ ബോളിവുഡിനെയും ഞെട്ടിച്ചുകളഞ്ഞു.
ഇതിലെ ശ്രദ്ധേയമായൊരു കാര്യം ബോളിവുഡ് താരം സൽമാൻ ഖാനെ ലക്ഷ്യമിടുന്ന ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഷാർപ്പ് ഷൂട്ടറാണു ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയെന്നാണ്. മറ്റു പ്രമുഖ ബോളിവുഡ് താരങ്ങളുടെ നീക്കവും ലോറൻസ് ബിഷ്ണോയി സംഘം ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. 1990കളിൽ നടന്ന സങ്കടകരവും ഭയാനകവുമായ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ ഇതൊരു മുന്നറിയിപ്പാണെന്നു താരങ്ങൾക്കും സിനിമാ മേഖലയിലുള്ളവർക്കും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ? പണത്തിനുവേണ്ടി അതിഭീകരമായ പ്രവൃത്തികൾ പിന്തുടരുന്ന ഈ സംഘങ്ങളെക്കുറിച്ചും അവരുടെ കൈവശമുള്ള തോക്കുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വ്യവസായലോകത്തെ മൊത്തത്തിൽ ആശങ്കയിലാഴ്ത്തുന്നവയാണ്.
മുംബൈയുടെ ആശങ്ക
വെറുതെയല്ല മുംബൈയുടെ ഈ ആശങ്ക. ബോളിവുഡ് താരം സൽമാൻ ഖാനിൽനിന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെടുന്ന ഒരു സന്ദേശം മുംബൈ പോലീസിനു ലഭിക്കുന്നതിൽ തുടങ്ങുന്നു അത്. പണം തന്നില്ലെങ്കിൽ സൽമാന്റെ ജീവനു ഭീഷണിയുണ്ടാകുമെന്നാണ് സന്ദേശം അയച്ച, ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടയാളുടെ ഭീഷണിയെന്നു പോലീസ് പറഞ്ഞു.
മുന്‍ മന്ത്രിയും എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയെ എംഎൽഎകൂടിയായ മകന് സീഷാന്‍ സിദ്ദിഖിന്റെ ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലുള്ള ഓഫീസിനു പുറത്ത് കഴിഞ്ഞ 12ന് വെടിവച്ചു കൊന്നതിനു പിന്നാലെയാണ് ഈ ഭീഷണി എത്തിയതെന്നതാണു ശ്രദ്ധേയം. പണം നൽകാൻ തയാറായില്ലെങ്കിൽ ബാബ സിദ്ദിഖിക്കുണ്ടായതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നാണു സന്ദേശത്തിലുള്ളത്. സന്ദേശം വ്യക്തവും ശക്തവുമാണ്. “ജീവനോടെയിരിക്കാനും ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹമുണ്ടെങ്കിൽ അഞ്ചു കോടി രൂപ നല്‍കേണ്ടിവരും. നിസാരമായി ഒരിക്കലും സന്ദേശത്തെ കാണരുത്. അങ്ങനെയായാൽ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമായിരിക്കും നടന്റെ ഗതി.”
കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബര്‍ 17) ഉച്ചകഴിഞ്ഞ് മുംബൈ സിറ്റി പോലീസിന്റെ കണ്ട്രോള് റൂമിലുള്ള വാട്ട്സ്ആപ്പ് ഹെല്പ് ലൈനില്‍ എത്തിയ സന്ദേശത്തിലെ ഒരു ഭാഗമാണിത്. ഭീഷണി മുഴക്കിയതിനും പണം തട്ടാൻ ശ്രമം നടത്തിയതിനും ഇതേത്തുടർന്ന് ഭാരതീയ ന്യായ് സംഹിതയിലെ (ബിഎന്‍എസ്) വകുപ്പുകൾ പ്രകാരം വർളി പോലീസ് കേസെടുത്തു. സൽമാൻ ഖാന്റെ വസതിക്കു പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. പനവേലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിനുള്ള സുരക്ഷയും വർധിപ്പിച്ചു.
ബിഷ്ണോയി സംഘത്തിൽനിന്ന് സൽമാൻ ഖാനു നേരത്തെയും വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബാന്ദ്രയിലെ നടന്റെ വീടിനു പുറത്ത് ഏപ്രിലിൽ സംഘം വെടിവയ്പും നടത്തി. സൽമാൻ ഖാനെ വധിക്കാൻ ജൂണിലും ബിഷ്ണോയി സംഘം ആലോചന നടത്തിയിരുന്നുവെന്നാണ് നവി മുംബൈ പോലീസ് വ്യാഴാഴ്ച പറഞ്ഞത്. വെടിയുതിർക്കുന്ന സംഘത്തിലെ സുഖ്ബിർ സിംഗിനെ ഹരിയാനയിലെ പാനിപ്പത്തിൽനിന്നു പോലീസ് പിടികൂടുകയും ചെയ്തു.
പനവേൽ കോടതി സുഖ്ബിറിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, ബാബ സിദ്ദിഖി വധത്തെക്കുറിച്ച് ഇയാളിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സൽമാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 60നും 70നും ഇടയിൽ ആളുകളെ ബിഷ്ണോയി സംഘം നിയോഗിച്ചുവെന്നാണ് ഇയാൾ പോലീസിനോടു വെളിപ്പെടുത്തിയത്. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലെയും പനവേലിലെ ഫാം ഹൗസിലെയും സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളിലെയും സംഭവവികാസങ്ങൾ ഇവർ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിവരികയായിരുന്നു. ഷാര്‍പ്പ് ഷൂട്ടര്‍മാരായി പ്രവര്‍ത്തിക്കാന്‍ പ്രായപൂര്‍ത്തിയാകാത്തവരെപ്പോലും റിക്രൂട്ട് ചെയ്യാന്‍ സംഘം ശ്രമിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്തിനാണു നടനെ ഭയപ്പെടുത്തുന്നതിനായി ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയി രാഷ്ട്രീയ നേതാവായ ബാബ സിദ്ദിഖിയെ ആക്രമിച്ചത് എന്നതാണ് ഇതിൽ പ്രധാനം. 1998ൽ നടന്ന കൃഷ്ണമൃഗ വേട്ടയിലെ പങ്കാളിത്തത്തിന്റെ പേരിൽ സൽമാൻ ഖാനോടു ഗുണ്ടാ നേതാവിനു പകയുണ്ട് എന്നതു വസ്തുതയാണ്. കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണു ബിഷ്ണോയ് വിഭാഗമെന്നതാണു കാരണം.
2018ൽ ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിനെതിരേ രാജസ്ഥാൻ ഹൈക്കോടതിയിൽ നടൻ നൽകിയ ഹർജിയിൽ തീർപ്പായിട്ടില്ല. വ്യത്യസ്തമായ കാരണങ്ങളുണ്ടാകാം, എന്നാൽ യഥാർഥ സംഭവം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതുവരെയുള്ള സംഭവവികാസങ്ങളിൽനിന്നു വ്യക്തമാകുന്നത് ലോറൻസ് ബിഷ്ണോയിയും സൽമാൻ ഖാനും കടുത്ത ശത്രുതയിലാണ് എന്നുമാത്രം.
പണം നൽകിയാൽ ശത്രുക്കൾ കൂട്ടുകാരാകുമോ?
പുറത്തുവന്ന ഏകകാര്യം നടൻ അഞ്ചുകോടി രൂപ നൽകണമെന്നു ബിഷ്ണോയി ആവശ്യപ്പെട്ടു എന്നതു മാത്രമാണ്. ഒരുപക്ഷേ പണം നൽകിയാൽ ശത്രുക്കൾ കൂട്ടുകാരാകുമോ എന്നതിന് ഉറപ്പൊന്നുമില്ല. സത്യം പുറത്തുകൊണ്ടുവരാനും കുറ്റക്കാരെ ശിക്ഷിക്കാനും മുംബൈ പോലീസ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്നതു തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ, ഇതുകൊണ്ടൊന്നും പതിവുരീതി അവസാനിപ്പിക്കാൻ ബിഷ്ണോയി തയാറായേക്കില്ല. ഒരു വലിയ സംഘം ഗുണ്ടാപ്പടയെ കൊണ്ടുനടക്കുന്നതുകൊണ്ട് അയാൾക്ക് അതിന്റേതായ സാന്പത്തികനേട്ടമുണ്ട്. തന്റെ ഇപ്പോഴത്തെ ജോലിയുമായി ബിഷ്ണോയി മുന്നോട്ടു പോകുന്നതിനാണ് സാധ്യതയേറെ.
ബോളിവുഡിലെ മറ്റു ചില വ്യക്തികള്‍ക്കും ഭീഷണിയും താക്കീതുകളും ലഭിച്ചിട്ടുണ്ടെങ്കിലും അവ ബിഷ്ണോയ് സംഘത്തിൽനിന്നുമായിരുന്നില്ല. സഞ്ജയ് ദത്ത്, ശില്പ ഷെട്ടി, ഷാരൂഖ് ഖാന്, സല്മാന് ഖാന് തുടങ്ങി സിനിമാലോകത്ത് ഒട്ടേറെ സുഹൃത്തുക്കൾ ബാബാ സിദ്ദിഖിക്കുണ്ട്. മുംബൈയിലെ ബാന്ദ്ര മേഖലയിലാണ് ഇവരെല്ലാം കഴിയുന്നത്.
ബിഷ്ണോയി സംഘം നഗരത്തിൽ സജീവമായതിനാല്‍ മാറിവരുന്ന സാഹചര്യത്തിൽ ബോളിവുഡിൽ കൂടുതൽ ഭീഷണികൾ ഉയരുമോയെന്ന ആശങ്കയുമുണ്ട്. അടിസ്ഥാനമേതുമില്ലാത്ത ആശങ്കയല്ല ഇത്. പഞ്ചാബില്‍നിന്നു മാത്രമല്ല, അയല്‍സംസ്ഥാനങ്ങളില്‍നിന്നുമുള്ള തൊഴില്‍രഹിതരായ യുവാക്കളെ ഒപ്പം കൂട്ടി ക്രിമിനല്‍ ശൃംഖല ശക്തമാക്കാൻ ശ്രമിക്കുന്നതായാണ് ലോറൻസ് ബിഷ്ണോയിക്കെതിരേയുള്ള കുറ്റപത്രത്തിൽ ദേശീയ അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 90കളിലെ മുംബൈ അധോലോകത്തിനു സമാനമായ പ്രവർത്തനങ്ങളാണിത്.
ടി സീരിസ് ഉടമ ഗുൽഷൻ കുമാറിന്റെ വധത്തിനുശേഷം ബോളിവുഡിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു ബാബ സിദ്ദിഖിയുടേതെന്നു വിസ്മരിക്കാനാകുന്നതല്ല. ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തിനു പിന്നാലെ രണ്ടു പതിറ്റാണ്ടോളം ഡി കമ്പനി ബോളിവുഡില്‍ ആധിപത്യം സ്ഥാപിച്ചുവെന്നതും വസ്തുതയാണ്. സല്മാന് ഖാനെ ലക്ഷ്യമിടുന്നതിലൂടെ ബോളിവുഡിലെ പ്രമുഖരിൽ ഭീതി ജനിപ്പിക്കാൻ ബിഷ്ണോയിസംഘം ശ്രമിക്കുകയാണെന്ന സംശയവും ഉയർന്നുവരുന്നുണ്ട്.
സുരക്ഷ അനിവാര്യം
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഗുണ്ടകളും അവരുടെ തോക്കും ആവശ്യമായിവരുന്നു എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ സുരക്ഷയ്ക്കും സംഘടനാ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്ക് അവരെ ആവശ്യമുണ്ട്. സുരക്ഷയെന്നത് എല്ലാ മേഖലയിലെയും പ്രധാനപ്പെട്ട ഒന്നാണ് എന്നതു വസ്തുതയാണല്ലോ. ബഹുരാഷ്ട്ര സംവിധാനങ്ങളിൽപ്പോലും സുരക്ഷ അനിവാര്യമായ ഒന്നായാണു പരിഗണിക്കപ്പെടുന്നത്. എന്നാൽ, വന്പൻ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സുസജ്ജമായ സുരക്ഷാസംവിധാനങ്ങളുണ്ടെങ്കിലും അവയെ മറികടന്നും കുറ്റകൃത്യങ്ങൾ നടപ്പാക്കാനുള്ള ബുദ്ധികേന്ദ്രങ്ങളും ഉണ്ട്.
മുംബൈയെ ചൊൽപ്പടിയിൽ നിർത്തി നിയന്ത്രിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ കാര്യമെടുക്കാം. നഗരത്തിലെ ഏറ്റവും വലിയ ഇടപാടുകളുടെയും സാന്പത്തിക കൈമാറ്റങ്ങളുടെയും ഭാഗമായിരുന്നു അയാൾ. മുംബൈ സ്ഫോടനപരന്പരയ്ക്കു പിന്നാലെ കറാച്ചിയിലേക്കു കടക്കുകയും അവിടെ നിന്നുകൊണ്ട് തന്റെ ഓപ്പറേഷനുകളിൽ ശ്രദ്ധിച്ച് നിരവധി രാജ്യാന്തര ഇടപാടുകളിലെ പങ്കാളിയുമായി. ഇയാളുടെ സഹോദരി ഹസീന പാര്‍ക്കറും സഹോദരന് ഇബ്രാഹിം കാസ്കറുമായിരുന്നു തർക്കപരിഹാരം ഉൾപ്പെടെ മുംബെൈയിലെ ഇടപാടുകൾ ഏറ്റെടുത്തത്. 1990കൾ മുതൽ ഈ മേഖലയിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി. റിയല്‍ എസ്റ്റേറ്റ്, ഭൂമി ഇടപാട്, സിനിമാ നിർമാണം, ഭീഷണിയിലൂടെ പണം സ്വന്തമാക്കൽ തുടങ്ങിയവ ലാഭകരമായ ഇടങ്ങളാകുകയും അധോലോക പ്രവർത്തനങ്ങൾ കൂടുതൽ സുരക്ഷിതമാകുകയും ചെയ്തു.
സമീപകാലത്ത് മറ്റു മേഖലകളും വളർന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള സുരക്ഷിതവഴിയായ ക്രിപ്റ്റോ കറൻസി ഇടപാട് മാറി. ആയുധ ഇടപാടുകൾ, സേവനങ്ങൾക്കുള്ള പ്രതിഫലം തുടങ്ങിയ ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിച്ച് സുരക്ഷിതമായി ഏറ്റെടുക്കുന്നു. പട്ടിക ഏറെ നീളമുള്ളതാണ്. ആധുനിക സംവിധാനങ്ങൾ വഴി ഇത്തരം ഇടപാടുകൾ ഏറെയെളുപ്പം നടത്താനാകുമെന്നു മാത്രം പറഞ്ഞാൽ മതിയാകും. നിർമിതബുദ്ധിയുടെ രംഗപ്രവേശത്തോടെ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലായി. എന്നിരുന്നാലും തോക്കുകൾക്കും ഗുണ്ടാസംഘങ്ങൾക്കും പ്രവർത്തിക്കാനുള്ള ഇടം ഇതിനിടയിലും നിലവിലുണ്ട്. ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, രാഷ്ട്രീയം, രാജ്യാന്തരവ്യാപാരം എന്നിവയ്ക്കു നേതൃത്വം നൽകുന്ന വന്പന്മാർക്കെല്ലാം ഇത്തരം സേവനങ്ങൾ എത്തിച്ചുനൽകുന്ന ബുദ്ധിമാന്മാരുണ്ട്.
എന്തായാലും പണത്തിനുവേണ്ടിയുള്ള പേടിപ്പെടുത്തുന്ന കൊലപാതകങ്ങൾ അവസാനിക്കുമെന്നും അതിനായി ഫലപ്രദമായ പോലീസ് സംവിധാനവും ശക്തമായ നീതിന്യായ വ്യവസ്ഥയും എത്തുമെന്നും പ്രതീക്ഷിക്കാം. പാവപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണ്. കുറഞ്ഞപക്ഷം അത്തരമൊരു മാറ്റത്തിലൂടെ തോക്കുകളെയും അതു കൈവശം വയ്ക്കുന്ന ഗുണ്ടാസംഘങ്ങളെയും സുരക്ഷിത അകലങ്ങളിലേക്കു മാറ്റി നിർത്താനെങ്കിലും കഴിഞ്ഞേക്കാമെന്നു പ്രതീക്ഷിക്കാം.