ഫ്രാൻസിസ് നെല്ലിക്കുന്നേൽ
അധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നതിനെയാണു വിദ്യാഭ്യാസ സാങ്കേതികവിദ്യ എന്ന് അർഥമാക്കുന്നത്. ഇതിൽ സോഫ്റ്റ്വെർ, ആപ്പുകൾ, ഓണ്ലൈൻ ക്ലാസുകൾ തുടങ്ങിയ പലതും ഉൾപ്പെടുന്നു. സ്കൂളുകളിൽ ഫലപ്രദമായി ക്ലാസുകൾ എടുക്കുന്നതിന് വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ ഉപയോഗം ഇന്ന് അനിവാര്യമായിരിക്കുകയാണ്.
കുട്ടികളുടെ സർവതോമുഖമായ വികസനമാണു വിദ്യാഭ്യാസലക്ഷ്യമായി നമ്മൾ ഇപ്പോൾ കണക്കാക്കുന്നത്. അങ്ങനെയുള്ള വികസനം ഉണ്ടാകണമെങ്കിൽ വിജയകരമായ ജീവിതത്തിന് ആവശ്യമായ അറിവുകളും പ്രവർത്തന, ചിന്താ ശേഷികളും നേടുകയും ഭാവിയിൽ ആവശ്യാനുസരണം അവ കൂടുതൽ നേടിക്കൊണ്ടിരിക്കുന്നതിനുവേണ്ടിയുള്ള അടിത്തറ ഒരുക്കുകയും വേണം. കൂടാതെ നല്ല മനോഭാവങ്ങൾ, താത്പര്യങ്ങൾ, മൂല്യങ്ങൾ തുടങ്ങിയ ഗുണങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ഉണ്ടാകുകയും വളരുകയും ചെയ്യണം. ഇപ്പറഞ്ഞ ലക്ഷ്യങ്ങളെല്ലാം സ്കൂൾ വിദ്യാഭ്യാസത്തിലൂടെ നേടണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിലും 2023ൽ പ്രസിദ്ധീകരിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും ഊന്നിപ്പറയുന്നുമുണ്ട്. ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ പല ഘടകങ്ങൾ സജീവമായും ഫലപ്രദമായും പ്രവർത്തിച്ചുകൊണ്ടിരിക്കണം.
അധ്യാപകർക്കു വലിയ പങ്ക്
നിർദിഷ്ട ലക്ഷ്യങ്ങൾ കുട്ടികൾ നേടുകയോ നേടാതിരിക്കുകയോ ചെയ്യുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ്. അധ്യാപകർ പല മേഖലകളിലും പുലർത്തുന്ന നിലവാരം കുട്ടികളുടെ പഠനനിലവാരത്തെയും താത്പര്യങ്ങൾ, അഭിരുചികൾ, മനോഭാവങ്ങൾ തുടങ്ങിയ ഗുണങ്ങളുടെ രൂപീകരണത്തെയും ഏറെ സ്വാധീനിക്കും. വിവിധ മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുന്ന അധ്യാപകർക്കേ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസലക്ഷ്യങ്ങളിലേക്കു നയിക്കാൻ കഴിയൂ.
അധ്യാപകർ നിലവാരം പുലർത്തേണ്ടവയിൽ ഒന്ന് അറിവിന്റെ മേഖലയാണ്. പഠിപ്പിക്കാനുള്ള വിഷയങ്ങളിൽ അവർക്ക് ആഴവും പരപ്പമുള്ള അറിവുണ്ടായിരിക്കണം. അങ്ങനെയുള്ളവർക്കു മാത്രമേ ആത്മവിശ്വാസത്തോടെ ക്ലാസുകൾ എടുക്കാനും കുട്ടികളുടെ സംശയങ്ങൾ ഫലപ്രദമായി ദൂരീകരിക്കാനും കഴിയൂ. പാഠ്യവിഷയങ്ങളിൽ കുട്ടികൾക്ക് താത്പര്യവും അഭിരുചിയും വളർത്തിയെടുക്കണമെങ്കിലും പഠിപ്പിക്കുന്ന വിഷയങ്ങളിൽ അധ്യാപകർക്ക് നല്ല അറിവുണ്ടായിരിക്കണം.
എന്നാൽ, പഠിപ്പിക്കുന്ന വിഷയത്തിൽ നല്ല അറിവുണ്ടെങ്കിലും ചില അധ്യാപകരുടെ ക്ലാസുകൾ ഫലപ്രദമാകാറില്ല. അവരുടെ ക്ലാസുകൾ കുട്ടികൾക്ക് രസകരമായി അനുഭവപ്പെടാറില്ല. കുട്ടികളുടെ മനസ് മനസിലാക്കി അവർക്ക് ഏറ്റവും യോജിച്ച അധ്യാപനരീതികൾ തെരഞ്ഞെടുത്ത് ക്ലാസെടുക്കാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
എന്നാൽ, കുട്ടികൾക്കും പാഠഭാഗത്തിനും യോജിച്ച രീതികൾ വിജയകരമായി ഉപയോഗിക്കണമെങ്കിൽ പലവിധ പഠനസഹായികൾ സന്ദർഭോചിതമായി ഉപയോഗിക്കേണ്ടിവരും. വിവിധ തരം ഡിജിറ്റൽ ഉപകരണങ്ങൾ അക്കൂട്ടത്തിൽ വരും. സ്മാർട്ട് ബോർഡ്, വെർച്വൽ ക്ലാസ് റൂം, പവർ പോയിന്റുകൾ, വിദ്യാഭ്യാസ ആപ്പുകൾ, ഇന്റർനെറ്റ് ഹോംവർക്ക് അസൈൻമെന്റുകൾ, ഓണ്ലൈൻ ഗ്രേഡിംഗ് സന്പ്രദായങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങൾ. പഠിപ്പിക്കുന്ന വിഷയത്തിലുള്ള അറിവുപോലെതന്നെ ഇത്തരം ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ സാങ്കേതികവിദ്യയിലുള്ള അറിവും ഇന്നത്തെ അധ്യാപകർക്ക് അത്യാവശ്യമാണ്.
പഠനരംഗത്തും മാറ്റങ്ങൾ
അധ്യാപനത്തിൽ എന്നപോലെ കുട്ടികളുടെ പഠനകാര്യത്തിലും വിദ്യാഭ്യാസ സാങ്കേതികവിദ്യക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോഴത്തെ സ്കൂൾ കുട്ടികൾക്ക് അധ്യാപകരിൽനിന്നും ക്ലാസുകളിൽനിന്നും കിട്ടുന്ന അറിവുകൾ കൂടാതെ മറ്റു പല മാർഗങ്ങളിലൂടെയും അവ നേടാൻ ധാരാളം അവസരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഡിജിറ്റൽ രീതികൾക്ക് ഏറെ സാധ്യതയുമുണ്ട്.
കോവിഡിന് മുന്പുവരെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ കൂടുതൽ ഉപയോഗിച്ചിരുന്നത് വിനോദങ്ങൾക്കുവേണ്ടിയായിരുന്നു. എന്നാൽ, കോവിഡിനുശേഷം കാര്യങ്ങൾ ആകെ മാറി. ഓണ്ലൈൻ ക്ലാസുകളിലൂടെയും ആപ്പുകളിലൂടെയുമുള്ള പഠനസാധ്യതകൾ കൂടുതലായി ഉപയോഗത്തിൽ വന്നു.
മൊബൈൽ ഫോണ്, കംപ്യൂട്ടർ, ടാബ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഇന്ന് കുട്ടികളുടെ പഠനത്തിന്റെയും വിനോദത്തിന്റെയും എന്നുവേണ്ട ജീവിതത്തിന്റെ തന്നെയും, അവിഭാജ്യഘടകമായി തീർന്നിരിക്കുകയാണ്. ഇവയിൽത്തന്നെ ഏറ്റവും കൂടുതലായി ഉപയോഗിച്ചുകാണുന്നത് മൊബൈൽ ഫോണുകളാണ്. പഠനകാര്യങ്ങൾക്ക് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇവ വളരെ പ്രയോജനകരവുമാണ്. എന്നാൽ, പഠനത്തിനു പ്രയോജനകരമായ വിധത്തിൽ ഉപയോഗിക്കുന്നതിനേക്കാൾ ഏറെ താത്പര്യത്തോടെ നിരവധി കുട്ടികൾ ഇപ്പോൾ അവ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ ദുരുപയോഗ പ്രവണത സ്കൂൾ കുട്ടികളുടെ ഇടയിൽ ഇപ്പോൾ അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടുമിരിക്കുന്നു. കൂട്ടുകെട്ടുകളും പരസ്യങ്ങളും കുട്ടികളെ ഇക്കാര്യത്തിൽ ഏറെ സ്വാധീനിക്കുന്നുണ്ട്.
അധികമായാൽ
പഠനം, വിനോദം തുടങ്ങിയ കാര്യങ്ങളിൽ മൊബൈൽ ഫോണുകൾക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്നത് ശരിതന്നെ. വിശാലമായ അറിവിന്റെ ലോകത്തിലേക്ക് ഇന്റർനെറ്റ് വഴി കടക്കുന്നതിന് മൊബൈൽ ഫോണുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും. എന്നാൽ, സൂക്ഷ്മതയോടെ പ്രയോജനകരമായി അവ ഉപയോഗിച്ചില്ലെങ്കിൽ കുട്ടികൾക്ക് പല ദോഷങ്ങളുമുണ്ടാകും. പല കുട്ടികളും ഇപ്പോൾ മൊബൈൽ ഫോണുകളിൽ അമിതമായി ലയിച്ചുപോവുകയാണ്. ഇതു നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു.
വളരെസമയം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഏറെ സാധ്യതകൾ ഉള്ളതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില ഗെയിമുകൾക്കും സോഷ്യൽ മീഡിയകൾക്കും അടിമകളായിത്തീരുന്ന കുട്ടികളിൽ അനാവശ്യമായ മത്സരബുദ്ധി, അനിയന്ത്രിതമായ കോപ പ്രകടനങ്ങൾ, അക്രമവാസന, കുറ്റകൃത്യങ്ങളിലും ക്രൂരവിനോദങ്ങളിലും ഹരം തുടങ്ങിയ പല പ്രശ്നങ്ങളും കണ്ടുവരുന്നതായി വിദഗ്ധർ പറയുന്നുണ്ട്. കൂടാതെ, സ്ഥിരമായി ദീർഘനേരം മൊബൈൽ ഫോണ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിനെയടക്കം ദോഷകരമായി ബാധിക്കും. അതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളെ അതിൽനിന്നു പിന്തിരിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും ഏറെ ശ്രദ്ധിക്കണം.
പഠനപ്രവർത്തനങ്ങൾ പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചാകണം
സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നേടേണ്ട അറിവുകൾ, കഴിവുകൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ തുടങ്ങിയവ എന്തൊക്കെയാണെന്നു ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ വിഷയത്തിന്റെയും പഠനത്തിലൂടെ ഓരോ ക്ലാസിലും നേടേണ്ട കാര്യങ്ങളെ എൻസിഇആർടി പ്രസ്താവിച്ചിട്ടുണ്ട്.
ഉദാഹരണമായി, ഭാഷാപഠനത്തിലൂടെ ഒന്നാം ക്ലാസിൽ എന്തൊക്കെ നേടണം, രണ്ടാം ക്ലാസിൽ എന്തൊക്കെ നേടണം എന്നിങ്ങനെ പന്ത്രണ്ടാം ക്ലാസ് വരെ തയാറാക്കിയിട്ടുണ്ട്. ഇതുപോലെ എല്ലാ വിഷയങ്ങൾക്കും. വിഷയാടിസ്ഥാനത്തിലും ക്ലാസ് അടിസ്ഥാനത്തിലും ഇങ്ങനെ പട്ടികപ്പെടുത്തിയിട്ടുള്ള പ്രസ്താവനകളെ പഠനനേട്ടങ്ങൾ എന്നാണു പറയുന്നത്. ഇങ്ങനെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് അവ നേടുന്നതിനുള്ള പഠനപ്രവർത്തനങ്ങളായിരിക്കണം വിദ്യാലയങ്ങളിൽ മുഖ്യമായും നടക്കേണ്ടത്.
ചെറിയ കാര്യങ്ങൾക്കു വലിയ പ്രാധാന്യം
പല വിദ്യാലയങ്ങളിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത വലിയ പ്രാധാന്യമില്ലാത്ത ചില ചെറിയ കാര്യങ്ങൾക്ക് വിദ്യാർഥികളും അധ്യാപകരും വലിയ പ്രാധാന്യം നൽകി, ആഘോഷമാക്കി, അതിന് ഏറെ സമയം ചെലവഴിക്കുന്നു എന്നതാണ്. അങ്ങനെ നടക്കുന്ന സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ഷോർട്ട് ഫിലിം തുടങ്ങിയവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു ലൈക്ക് നേടാനായി ഏറെ കഷ്ടപ്പെടുന്നു.
കുട്ടികൾ ഇങ്ങനെ നിർമിച്ചെടുക്കുന്ന ഉത്പന്നങ്ങൾ കണ്ട് പല രക്ഷിതാക്കളും വളരെ സന്തുഷ്ടരാകുകയും കുട്ടികളുടെ കഴിവിൽ ഏറെ അഭിമാനിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് നല്ലതുതന്നെ. പക്ഷേ, അത് അമിതമാകരുത്. ഇതാണു സ്കൂളിൽ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം എന്ന തോന്നലും ഉണ്ടാകരുത്. ഇത്തരം പ്രവർത്തനങ്ങളിൽ അമിതമായി ഹരം പിടിക്കുകയും അതിനുവേണ്ടി വളരെയേറെ സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ പഠനനേട്ടങ്ങൾക്ക് പ്രാധാന്യം കുറയുകയും അവ നേടാനുള്ള പ്രവർത്തനങ്ങൾക്കു സമയം ഇല്ലാതെ വരികയും ചെയ്യും. അത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും.
(ലേഖകൻ തൊടുപുഴ മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ
എഡ്യുക്കേഷനിലെ ഐടി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്).