ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത
അനന്തപുരി /ദ്വിജൻ
കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തങ്ങൾക്ക് ഏറാൻ മൂളാത്ത ഉദ്യോഗസ്ഥരോട് കമ്യൂണിസ്റ്റ് സർക്കാരും സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെ, ധാർഷ്ട്യത്തിന്റെ, ബീഭത്സ മുഖത്തിന്റെ നേർത്ത അനാവരണം മാത്രമാണ്.
ജീവിതകാലം മുഴുവൻ സഖാവായിരുന്ന ചെങ്കൊടി പിടിച്ച കൈയോടുപോലും ഇതാണ് അവർ ചെയ്യുന്നതെങ്കിൽ മറ്റുള്ളവരുടെ കഥ എത്ര ഭീകരമാകും. പിണറായി സർക്കാർ പറഞ്ഞതു കേൾക്കാതിരുന്ന ഡിജിപി ജേക്കബ് തോമസിന് ഇതുവരെ പെൻഷൻ കിട്ടിയതായി അറിവില്ല. സുപ്രീംകോടതി വിധിയിലൂടെ കേരളത്തിലെ പോലീസ് മേധാവി സ്ഥാനം തിരിച്ചുപിടിച്ച സെൻകുമാറും എത്ര പീഡിപ്പിക്കപ്പെട്ടു. അദ്ദേഹത്തിനു കിട്ടുമായിരുന്ന എത്ര പദവികളാണു വ്യാജമായ കുറ്റപത്രങ്ങളിലൂടെ ഇവർ നശിപ്പിച്ചത്.
തന്റെ പെൻഷൻ കൂട്ടിയില്ലെങ്കിൽ തനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയനോടു നിലവിളിച്ച ഒരു റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനുണ്ട്- ആർ. രാധാകൃഷണൻ! പഠിക്കുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ച സഖാവ്. 2006ൽ കണ്ണൂരിലെ ഡിവൈഎസ്പിയായിരുന്നു രാധാകൃഷ്ണൻ. 2006 ഒക്ടോബർ 22ന് നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് (പോപ്പുലർ ഫ്രണ്ടിന്റെ പഴയ രൂപം) പ്രവർത്തകനായ മുഹമ്മദ് ഫസലിനെ സിപിഎം പ്രവർത്തകർ വിധിച്ചു.
സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്നതിന്റെ പക കൊണ്ടായിരുന്നു കൊലപാതകം. ആർഎസ്എസുകാരെ പ്രതിചേർത്ത് വേഗം കുറ്റപത്രം സമർപ്പിക്കാൻ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണനോട് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ തന്നെ ആവശ്യപ്പെട്ടു. പാർട്ടി ഓഫീസിൽനിന്നു പ്രതികളുടെ ലിസ്റ്റും കൊടുത്തു. രാധാകൃഷ്ണന്റെ ചോദ്യംചെയ്യലിൽ അറസ്റ്റ് ചെയ്യപ്പെട്ടവരല്ല പ്രതികളെന്നു തെളിഞ്ഞു, അവരെ വിട്ടു. പകരം, മാർക്സിസ്റ്റ് പ്രവർത്തകരാണു പ്രതികളെന്നു വന്നു. അതോടെ കോടിയേരി വീണ്ടും വിളിച്ചു. കേസ് സംബന്ധിച്ച് വിവരങ്ങൾ തെരക്കി. രാധാകൃഷ്ണൻ തനിക്കുള്ള വിവരങ്ങൾ കൈമാറി. മുന്നോട്ടു പോകേണ്ടെന്നു മന്ത്രി നിർദേശം കൊടുത്തു. പൊടുന്നനെ അന്വേഷണ ചുമതലയിൽനിന്നു മാറ്റുകയും ചെയ്തു. കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് ഒരു ആർഎസ്എസ് പ്രവർത്തകനെക്കൊണ്ടു കുറ്റം സമ്മതിപ്പിച്ചപ്പോഴേക്കും ഫസലിന്റെ ഭാര്യയുടെ പരാതിയിൽ കേസന്വേഷണം സിബിഐക്കു വിടേണ്ടിവന്നു. സിബിഐ അന്വേഷണത്തിൽ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം പിടിയിലായി. പ്രമുഖ സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമെല്ലാം ആരോപണവിധേയരായി. പാർട്ടി വെറുതെ ഇരുന്നില്ല. 2006 ഡിസംബർ 14 ന് തളിപ്പറന്പ് ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണനെ മാരകമായി ആക്രമിച്ചു. അദ്ദേഹത്തിന് ഒന്നര വർഷം ചികിത്സയിൽ കഴിയേണ്ടിവന്നു. പോലീസിലെ ആരും അദ്ദേഹത്തെ അന്വേഷിച്ചു ചെന്നില്ല. സ്പെഷൽ അന്വേഷണസംഘത്തിലെ അംഗങ്ങളെയെല്ലാം വീടുകളിലെത്തി ഭീഷണിപ്പെടുത്തി. അവരെല്ലാം സിപിഎം ഇംഗിതത്തിനു വഴങ്ങി. രാധാകൃഷ്ണന് നിർണായക തെളിവ് കൊടുത്ത വത്സരാജ കുറുപ്പിനെ കൊന്നു. അതു ബ്ലേഡ് മാഫിയക്കാരുടെ പണിയാക്കി.
രാധാകൃഷ്ണനെതിരേ കള്ളിക്കേസുകൾ ഉണ്ടാക്കി. 2016ൽ ജോയിന്റ് എക്സൈസ് കമ്മീഷണർ ഉണ്ടാക്കിയ കള്ളപ്പരാതിയിൽ അദ്ദേഹത്തെ സസ്പൻഡ് ചെയ്തു. തനിക്ക് ഐപിഎസ് കിട്ടുന്നത് തടയാനായിരുന്നു ആ നീക്കമെന്ന് രാധാകൃഷണൻ ആരോപിക്കുന്നു. നാലര വർഷം സസ്പെൻഷൻ!.
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും സുപ്രീംകോടതിയെയും വരെ സമീപിച്ചാണ് തിരിച്ചുകയറിയത്. അതോടെ അദ്ദേഹം 30 ലക്ഷം രൂപയുടെ കടക്കാരനായി. 2020 ഓഗസ്റ്റിൽ കെഎപി ബറ്റാലിയനിൽ നിയമനം നൽകി. വിരമിക്കാൻ എട്ടു മാസമായിരുന്നു ബാക്കി. വിരമിക്കുന്നതിനു തലേന്ന് 2021 ഏപ്രിൽ 30ന് അദ്ദേഹത്തിന് രണ്ടു മെമ്മോകൾ ലഭിച്ചു. അന്യായമായി സസ്പെൻഷനിലായിരുന്ന നാലര വർഷത്തെ ശന്പളത്തിനും ഇക്കാലംകൂടി സേവനകാലമായി പരിഗണിച്ചു കിട്ടുന്നതിനും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അവർ അനുകൂലമായ ഉത്തരവിറക്കി. പക്ഷേ സർക്കാർ നടപ്പാക്കിയില്ല.
2019ലും 2020ലും ഈ പഴയ എസ്എഫ്ഐ നേതാവ് പിണറായിയെ കാണാൻ ശ്രമിച്ചു. അനുവാദം പോലും കൊടുത്തില്ല. 2021 ൽ മുഖ്യമന്ത്രിയെ കാണാനായ തന്റെ ദയനീയസ്ഥിതി വിവരിച്ച അദ്ദേഹം പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണു വഴിയെന്ന് താണുവീണു പറഞ്ഞു. അങ്ങനെയാകട്ടെ എന്നായിരുന്നു ‘കരുണാർദ്രനായ’ മുഖ്യമന്ത്രിയുടെ മറുപടി. ഇവരെല്ലാം വീണ്ടും വോട്ട് ചോദിച്ചു വരുന്പോഴെങ്കിലും ജനം ചോദിക്കേണ്ടേ നിങ്ങൾ മനുഷ്യരാണോ എന്ന്.
കണ്ണൂർ എഡിഎമ്മായിരുന്ന നവീനും മനസിലായിക്കാണണം, പാർട്ടി തന്നെ പെടുത്തിയിരിക്കുന്ന കെണി. അവർ പറഞ്ഞതുപോലെ പെട്രോൾ പന്പ് അനുവദിക്കാത്തതിനുള്ള പ്രതികാരം. അവസാനം അനുവദിച്ചെങ്കിലും തീർക്കാനിരിക്കുന്ന പക. ദിവ്യയെ സംരക്ഷിക്കാൻ എത്രമാത്രം പരിശ്രമിച്ചശേഷമാണു രാജിവയ്പിച്ചത് എന്നു മാത്രം നോക്കിയാൽ മതി ഇവരുടെ മനുഷ്യത്വം മനസിലാക്കാൻ.
ഒരു വഖഫ് പ്രമേയം പാസായ രീതി
2024 ഒക്ടോബർ 14ന് കേരള നിയമസഭ ഒരു വഖഫ് പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം പാസാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് കേരളത്തിലെ ജനങ്ങളുടെ മുഴുവൻ വികാരമാണ് ഈ പ്രമേയം എന്നാണെങ്കിൽ അതിന്റെ പിറ്റേന്നത്തെ ദീപിക പത്രത്തിലെങ്കിലും വഖഫ് ഭേദഗതി നിയമം പാസാക്കണമെന്ന കേരളത്തിലെ കത്തോലിക്ക കോണ്ഗ്രസിന്റെ പ്രസ്താവന ഉണ്ടായിരുന്നു എന്നതിൽനിന്ന് വഖഫ് നിയമത്തെ അനുകൂലിക്കുന്ന സമൂഹങ്ങൾ കേരളത്തിലുണ്ടെന്നു വ്യക്തം. അവരുടെ വികാരം പ്രതിഫലിപ്പിക്കാൻ നിയമസഭയ്ക്കായില്ല എന്നു വ്യക്തം. അതായത്, ആ സമൂഹത്തിന്റെ വികാരം ഹൃദയത്തിലേറ്റുന്ന ഒരു പാർട്ടിയും നിയമസഭയിൽ ഉണ്ടായിരുന്നില്ല എന്നല്ലേ അർഥം? വഖഫ് നിയമത്തിന്റെ പേരിൽ വർഷങ്ങളായി തങ്ങൾ ജീവിക്കുന്ന മണ്ണിൽനിന്നും ഇറങ്ങിപ്പോകേണ്ടിവരുമെന്ന ഭീഷണിയിൽ കഴിയുന്ന മുനന്പത്തെ പാവങ്ങളെപ്പോലും ഓർക്കാൻ നിയമസഭയിൽ ആരുമുണ്ടായില്ലല്ലോ!
സംസ്ഥാന വഖഫ് മന്ത്രി എ.വി. അബ്ദുൾ റഹ്മാൻ ഇതുസംബന്ധിച്ച് അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തിന് പി. ഉബൈദുള്ള, എൻ. ഷംസുദ്ദിൻ, ടി. സിദ്ദീഖ് എന്നിവർ അവതരിപ്പിച്ച ഭേദഗതികൾ സർക്കാർ അംഗീകരിച്ചു. ടി.വി. ഇബ്രാഹിമിന്റെ ഭേദഗതി തള്ളി. ചുരുക്കത്തിൽ, ഒരു മുസ്ലിം പരിപാടിയായി പ്രമേയം സംബന്ധിച്ച നടപടികൾ സഭയിൽ പൂർത്തിയായി. ടി.വി. ഇബ്രാഹിമിന്റെ ഭേദഗതിയിലുള്ള കാര്യങ്ങളെല്ലാം കേരള വഖഫ് ബോർഡ് ജെപിസിക്കു കൊടുക്കുന്ന നിവേദനത്തിൽ ഉണ്ടെന്ന കാരണം പറഞ്ഞാണ് മന്ത്രി ആ ഭേദഗതികൾ തള്ളിയത്. 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ വഖഫ് ബോർഡിന്റെ ജനാധിപത്യസ്വഭാവം അട്ടിമറിക്കാനാണു കേന്ദ്രസർക്കാർ നീക്കമെന്ന് പി. ഉബൈദുള്ള പറഞ്ഞു.
വഖഫ് രംഗത്ത് അരാജകത്വം കൊണ്ടുവരാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് സ്വത്ത് അന്യാധീനപ്പെടുത്താനും ജനങ്ങളെ ഭിന്നിപ്പിക്കുവാനുമാണ് പുതിയ നീക്കമെന്നും എൻ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. മറ്റുള്ളവർ കാഴ്ചക്കാരെപ്പോലെ ഇരുന്നു. ഇത്രയും സുപ്രധാനമായ ഒരു നിയമത്തിനെതിരേ സഭയിൽ കൊണ്ടുവന്ന പ്രമേയത്തെക്കുറിച്ച് അരയക്ഷരം ഉരിയാടാൻ പോലും ആരുമുണ്ടായില്ല. പ്രസംഗിച്ചതുതന്നെ മുസ്ലിം നേതാക്കൾ. 1995ലും 2013ലും നിയമഭേദഗതികൾ കൊണ്ടുവന്ന് ഇത്തരം അധികാരങ്ങൾ വഖഫ് ബോർഡിന് കൊടുക്കുന്പോഴും ബന്ധപ്പെട്ടവർ നിസംഗത പാലിച്ചു. ജനങ്ങൾ തരുന്ന സിറ്റിംഗ് ഫീസും ആനുകൂല്യങ്ങളും വാങ്ങുന്നവർ സഭാ നടപടികളിൽ എങ്ങനെ ജാഗ്രത പുലർത്തുന്നു എന്നതിന്റെ നേരടയാളം കൂടിയായി ഈ ഔദ്യോഗിക പ്രമേയം സംബന്ധിച്ച നടപടികൾ. മാധ്യമങ്ങൾ പോലും നിയമസഭയുടെ ഈ ഐകകണ്ഠ്യേന പ്രമേയത്തെ ഒറ്റക്കോളം വാർത്തയാക്കി ഒതുക്കി.
സംസ്ഥാന നിയമം കൊണ്ടുവരുമോ?
വഖഫ് സംസ്ഥാനത്തിനും നിയമനിർമാണം നടത്താവുന്ന സമവർത്തി വിഷയമാണെന്നാണല്ലോ മന്ത്രി അവകാശപ്പെടുന്നത്. 1995ലും 2013ലും ഈ നിയമം ഭേദഗതി ചെയ്തപ്പോൾ സംസ്ഥാനം ഇക്കാര്യം പറഞ്ഞിരുന്നോ? ഇനി മന്ത്രിയുടെ അവകാശവാദം വിശ്വസിച്ചു ചോദിക്കട്ടെ. മന്ത്രി പറയുന്നത് സത്യമാണെങ്കിൽ അനേകവർഷങ്ങളായി മുനന്പത്ത് ജീവിക്കുന്ന മുനന്പംകാരെ വഖഫ് പീഡനത്തിൽനിന്നു രക്ഷിക്കുവാൻ നിയമനിർമാണം നടത്തുവാൻ മന്ത്രി തയാറാകുമോ?
മതേതരത്വം എന്നാൽ എല്ലാ മതങ്ങളും അന്തസോടെ ജീവിക്കുന്ന അവസ്ഥയാണെന്നും ഒരു മതവിഭാഗക്കാരെ ഭയന്ന് മറ്റുള്ളവർ ജീവിക്കുന്ന, അവർ ആവശ്യപ്പെടുന്നവ എല്ലാം സാധിച്ചുകൊടുക്കുന്ന അവസ്ഥ അല്ലെന്നും എല്ലാവരെയും ബോധ്യപ്പെടുത്തണം. ഭൂരിപക്ഷ സമൂഹത്തിലെ കുറേപ്പേർ കൂടെയുണ്ടെന്ന ധൈര്യത്തിൽ ന്യൂനപക്ഷത്തിലെ ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നതല്ല മതേതരത്വം.
ന്യൂനപക്ഷ വകുപ്പിന്റെ കൊച്ചി സമ്മേളനം
കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് നടത്തിയ ഒരു വിപ്ലവ പ്രവൃത്തികൂടി അറിയണം. വഖഫ് നിയമത്തെക്കുറിച്ച് വകുപ്പ് പഠനശിബിരം നടത്തി പോലും. അതായത്, ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ചെലവിൽ വഖഫ് നിയമത്തെക്കുറിച്ച് പഠനശിബരം. ഇതിൽ മുസ്ലിംകളല്ലാത്ത എത്ര ന്യൂനപക്ഷക്കാർ പങ്കെടുത്തിരുന്നു? ഇതാണ് ന്യൂനപക്ഷ വകുപ്പിന്റെ രീതി. കേരളത്തിൽ ന്യൂനപക്ഷമല്ലാത്ത ഒരു സമൂഹത്തിനുവേണ്ടി മാത്രം ന്യൂനപക്ഷങ്ങളുടെ ഏതാണ്ട് മുഴുവൻ കാര്യങ്ങളും ചെയ്യുന്നു. ഇതുകൊണ്ടെല്ലാമാണു സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പ് മുസ്ലിം അല്ലാത്ത ഒരു വ്യക്തിയെ ഏൽപ്പിക്കണമെന്ന് കേരളത്തിലെ ക്രൈസ്തവ മെത്രാന്മാർ 2021 ലെ മന്ത്രിസഭാ രൂപീകരണകാലത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തുടക്കത്തിൽ മുഖ്യമന്ത്രി ആ ആവശ്യം അംഗീകരിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയായി.
മന്ദിർ ബോർഡ് ഉണ്ടാക്കിയാലോ?
വഖഫ് ബോർഡ് നിയമം ഭേദഗതി ചെയ്യുന്നതിനു പകരം വഖഫ് ബോർഡിനുള്ള അധികാരങ്ങളോടെ ഭാരതത്തിൽ ഒരു മന്ദിർ ബോർഡ് നിയമം ഉണ്ടായാൽ എന്താകും സ്ഥിതി? ഭാരതത്തിലെ പഴയ ക്ഷേത്രങ്ങളെല്ലാം, ആ നിയമത്തിലൂടെ ഒരു രേഖയും ഇല്ലാതെ, തങ്ങളുടെ കൈവശത്തിൽ ഇരിക്കുന്ന പള്ളിക്കും മോസ്കിനും പണ്ട് അവ ക്ഷേത്രമായിരുന്നുവെന്ന് അവകാശം പറഞ്ഞാൽ ഈ മതേതരക്കാർ സമ്മതിക്കുമോ?
ഇരുമുന്നണിയോടും ആവശ്യപ്പെടണം
നിയമസഭാ ബില്ലിനെതിരേ പ്രമേയം കൂടി പാസാക്കിയ സാഹചര്യത്തിൽ ബില്ലിനെ അനുകൂലിക്കുന്ന ക്രൈസ്തവർ ഇരുമുന്നണികളോട് നിലപാട് മാറ്റാനും ഭേദഗതിയെ അനുകൂലിക്കുവാനും രേഖാമൂലം ആവശ്യപ്പെടണം. ക്രൈസ്തവരുടെകൂടി വോട്ട് വാങ്ങി ജയിച്ച എംപിമാരോട് ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കാൻ ആവശ്യപ്പെടണം. ഇല്ലെങ്കിൽ, ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നതുപോലെ, സമുദായത്തെ ചതിക്കുന്ന അവരോട് ഇനിയും തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട് എന്ന് ഓർമിപ്പിക്കണം. മതസൗഹാർദം നിലനിർത്താൻ മുനന്പത്തെ പള്ളി വിട്ടുകൊടുക്കണമെന്നു വരെ അവർ ഉപദേശിച്ചേക്കും. അതു ലത്തീൻകാരുടെ അല്ലേ എന്നുകരുതി മറ്റുള്ളവർ അലംഭാവം കാണിച്ചാൽ പിന്നീട് തിരുത്താനാകാതെ ദുഃഖിക്കേണ്ടിവരും. എംപി സ്ഥാനവും മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവുമൊക്കെ വലുതാണ്. പക്ഷേ അതുകൊണ്ട് സമൂഹത്തിന് ദോഷമാണു വരുന്നതെങ്കിലോ?