അഡ്വ. വി.സി. സെബാസ്റ്റ്യൻ
ലോകത്തിന്റെ സാമ്പത്തിക- വ്യാപാര മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ- രാഷ്ട്രീയ മാറ്റങ്ങള്‍ക്കും സമാധാന പ്രക്രിയകള്‍ക്കും മുന്തിയ പരിഗണന നല്കി കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്ന ബ്രിക്സ്, ബ്രിക്സ് പ്ലസ് രാജ്യങ്ങളുടെ തലവന്മാര് പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഇനി രണ്ടു ദിവസം മാത്രം. ഉച്ചകോടിയുടെ പ്രഖ്യാപനങ്ങളും നിലപാടുകളും ലോകമിന്നു നേരിടുന്ന പല ആനുകാലിക പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരമാകില്ലെങ്കിലും പുതിയ ചിന്തകള്‍ക്കും വ്യാപാര മുന്നേറ്റങ്ങള്‍ക്കും വാതില്‍ തുറക്കുമെന്നുറപ്പാണ്.
മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍വന്ന നരേന്ദ്ര മോദിയുടെ സാന്നിധ്യവും രാജ്യാന്തര വിഷയങ്ങളിലെ ഇന്ത്യന്‍ നിലപാടുകളും അംഗരാജ്യങ്ങള്‍ ഉറ്റുനോക്കുമ്പോള്‍ ഉച്ചകോടിയിലെ ഏറ്റവും കരുത്തനായി നരേന്ദ്ര മോദി മാറും. അതിനാല്‍ത്തന്നെ റഷ്യയുടെ ആതിഥേയത്വത്തില്‍ കസാനില്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന രാഷ്ട്രനേതാക്കളുടെ ഒത്തുചേരല്‍ ലോകം ഉറ്റുനോക്കുന്നു.
ഉച്ചകോടി ലക്ഷ്യം വയ്ക്കുന്നത്
16 വര്‍ഷം മുമ്പു തുടക്കം കുറിച്ച ബ്രിക്സ് കൂട്ടായ്മയുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ സമാധാനം, സുരക്ഷിതത്വം, വികസനം, സഹകരണം എന്നിവയാണ്. ഭീകരവാദത്തിനെതിരേയുള്ള ഉറച്ച നിലപാടിനും പോരാട്ടത്തിനും ബ്രിക്സ് മുന്‍ഗണന നല്കുമ്പോള് പശ്ചിമേഷ്യയിലെ ആനുകാലിക വിഷയങ്ങളും ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാം. എങ്കിലും മുഖ്യചര്‍ച്ചകള്‍ രാജ്യാന്തര വ്യാപാരം, വികസനം, പ്രാദേശിക കറന്‍സികള്‍ എന്നിവയില്‍ കേന്ദ്രീകൃതമാകും.
വ്യാപാര നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം വിവരസാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കലും സുതാര്യ സമീപനവും പ്രധാന അജണ്ടകളില്പ്പെടുന്നു. സാങ്കേതികവിദ്യകളുടെ പരസ്പര സഹകരണത്തോടെയുള്ള ഗവേഷണം, വികസനം, ഇന്നോവേഷന്‍സ് എന്നിവയെ പ്രോത്സാഹിപ്പിക്കുവാനുള്ള സംയുക്ത നീക്കങ്ങളും 16-ാം ഉച്ചകോടിയിലുണ്ടാകും.ഊര്‍ജമേഖലയിലെ സഹകരണം, കാര്‍ബണ്‍ കുറയ്ക്കല്‍, കാര്‍ഷിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയിലും ബ്രിക്സ്, ബ്രിക്സ് പ്ലസ് രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ആതിഥേയരുടെ അവസ്ഥ
റഷ്യ-യുക്രെയ്ൻ യുദ്ധം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണു ബ്രിക്സ് ഉച്ചകോടിക്ക് റഷ്യ ആതിഥേയത്വം വഹിക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരേ പല അംഗരാജ്യങ്ങള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. 2023 ഓഗസ്റ്റ് 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കന്‍ നഗരമായ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സിന്റെ 15-ാം ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പങ്കെടുക്കാനായില്ല. യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കാരണം നിര്‍ണായക വിഷയങ്ങളില്‍ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പുടിന് അന്ന് ഒതുങ്ങി. പകരം, വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് റഷ്യയെ പ്രതിനിധീകരിച്ചു. എന്നാല്‍, ഇക്കുറി റഷ്യയെ പുടിന്‍തന്നെ പ്രതിനിധീകരിക്കുമ്പോഴും യുക്രെയ്ൻ അസ്വസ്ഥതകള്‍ ഉച്ചകോടിയെ നൊമ്പരപ്പെടുത്തുന്നു.
യുദ്ധം അജണ്ടയിലില്ല
വിവിധ രാജ്യങ്ങള്‍ തമ്മില്‍ നിലവില്‍ നടക്കുന്ന യുദ്ധങ്ങളും സൈനിക വിന്യാസങ്ങളും ബ്രിക്സ് ഉച്ചകോടിയില്‍ അജണ്ടയല്ലെന്നും വ്യാപാരവും വികസനവുമാണ് പ്രധാന ലക്ഷ്യമെന്നും വിവിധ രാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. അതേസമയം, സമാധാനം സ്ഥാപിക്കപ്പെടണമെന്ന അടിസ്ഥാന ലക്ഷ്യത്തില്‍നിന്ന് ഉച്ചകോടിക്കു മാറാനാകില്ല. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ആരംഭകാലം മുതല്‍ ബ്രിക്സ് അംഗരാജ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടുള്ളത്.
ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തുന്ന താലിബാനെ ഒഴിവാക്കാന്‍ നിയമനടപടികളെടുക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനം സന്ദേഹമുയര്ത്തുന്നുണ്ട്. 2003ലാണ് താലിബാനെ ഭീകരസംഘടനാപട്ടികയില് ഉള്‍പ്പെടുത്തിയത്. 2021ല്‍ അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന് വിട്ടതോടെ റഷ്യ താലിബാനുമായി നല്ല ബന്ധത്തിലായി. ബ്രിക്സ് അംഗരാജ്യങ്ങളായ ചൈനയും യുഎഇയും അഫ്ഗാന് അംബാസഡര്‍മാരെ അനുവദിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തെ ഇതുവരെയും ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്തപ്പോള് ഭീകരവാദത്തിനെതിരേ ഉറച്ച നിലപാടു പ്രഖ്യാപിക്കാന്‍ ബ്രിക്സ് ഉച്ചകോടി നിര്‍ബന്ധിതമാകും. അംഗരാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും ഇതിനെ പിന്തുണയ്ക്കാനും സാധ്യതകളേറെ.
ഇന്ത്യയുടെ നിലപാട് നിര്‍ണായകം
ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചൈനയെ പിന്തള്ളി ഒരു പൊതുസമ്മതന്റെ റോളിലേക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. റഷ്യയോടൊപ്പം ദക്ഷിണാഫ്രിക്കയുമായും ബ്രസീലുമായും ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാണ്. ബ്രിക്സ് കൂട്ടായ്മയിലേക്ക് പുതുതായി കടന്നുവന്ന ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും സൗദി അറേബ്യയും കഴിഞ്ഞ ഉച്ചകോടിയിലെ ഇന്ത്യയുടെ നോമിനികളാണ്. ഇസ്രയേലിനു പിന്തുണ നല്കുമ്പോഴും ഇറാനുമായുള്ള വ്യാപാരബന്ധം മാറ്റമില്ലാതെ ഇന്ത്യ തുടരുന്നു. ഈജിപ്തും എത്യോപ്യയും ഇന്ത്യയെ പിന്തുണയ്ക്കുന്ന സമീപനം ഉച്ചകോടിയിലും തുടരും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖകള്‍ മറികടന്ന് ചൈന തുടരുന്ന അധിനിവേശത്തിലെ നീരസം ഉച്ചകോടിയില്‍ പ്രകടമാകും. ചൈനയുടെ കഴിഞ്ഞ നാളുകളിലെ വ്യാപാരക്കുതിപ്പിന് കടിഞ്ഞാണ്‍ വീണതുകൊണ്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണ്ടുമുയരുന്നു. ലോകജനസംഖ്യയുടെ 47 ശതമാനം വരുന്ന ബ്രിക്സ് കൂട്ടായ്മയില്‍ ജനസംഖ്യയില്‍ ഒന്നാമതെത്തി വളര്‍ച്ചയും ആധിപത്യവും നേടിക്കൊണ്ടിരിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലപാടുകള്‍ ഉച്ചകോടിയിലും നിര്‍ണായകമായിരിക്കും.
പ്രാദേശിക കറന്‍സികള്‍ കസറുമോ?
2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 15-ാം ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന അജണ്ടകളിലൊന്ന് അമേരിക്കന്‍ ഡോളറിനെ പുറന്തള്ളുകയെന്നതായിരുന്നു. 16-ാം ഉച്ചകോടിയിലും ഇതാവര്‍ത്തിക്കും. ചര്‍ച്ചകള്‍ ചൂടുപിടിച്ചാല്‍ പ്രാദേശിക കറന്‍സിയും കടന്ന് ബ്രിക്സ് കറന്‍സി എന്ന ചിന്തവരെ ഉയരാം. ആഗോളവ്യാപാരത്തിന് പൊതു ബ്രിക്സ് കറന്‍സിയെന്ന് റഷ്യയും ചൈനയും ശബ്ദമുയര്‍ത്തുമ്പോഴും ഉടനൊരു സാധ്യതയില്ലെന്നുള്ള സൂചനകളാണ് ബ്രിക്സ് ബാങ്കായി അറിയപ്പെടുന്ന ന്യൂ ഡെവലപ്മെന്റ് ബാങ്ക് നല്‍കുന്നത്. അതേസമയം, ബ്രിക്സ് രാജ്യങ്ങള്‍ തമ്മില്‍ ദേശീയ കറന്‍സികള്‍ പരമാവധി ഉപയോഗിക്കുന്നത് യുഎസ് ഡോളറിന്റെ വിനിമയം കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്. പ്രാദേശിക കറന്‍സികളിലെ വ്യാപാരവും സെറ്റില്‍മെന്റും കൂടുതല്‍ ശക്തമാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരുവാന് സാധ്യതയേറെ.
ബ്രിക്സ് പ്രതിസന്ധികളേറെ
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന്, അമേരിക്ക എന്നീ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ന് ബദലാകുവാന്‍ ഇന്ത്യയും റഷ്യയും ചൈനയും നേതൃത്വം നല്കുന്ന ബ്രിക്സിനാകുമോ? ബദലിനുള്ള ശക്തവും വ്യക്തവുമായ പദ്ധതികള്‍ നിലവിലില്ല. കൂടാതെ, പല രാജ്യാന്തര സാമ്പത്തിക വിഷയങ്ങളിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായ സാധ്യതകളും കുറവാണ്.
ആഗോള വ്യാപാരത്തിന്റെ ചരടുകള്‍ ഭൂമിശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും നൂലുകൊണ്ട് നെയ്തെടുത്തതാണ്. ഭൂമിശാസ്ത്ര വ്യാപാരമുന്നേറ്റത്തിന്റെ ഉദാഹരണമാണ് അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വളര്‍ച്ചകള്‍. നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, ആഫ്രിക്കന്‍ യൂണിയന്, ആസിയാന്‍, ഗള്‍ഫിലെ എണ്ണരാജ്യങ്ങളുടെ പരസ്പരം സഹകരിച്ചുള്ള നീക്കങ്ങള്‍ എന്നിവയെല്ലാം ഭൂമിശാസ്ത്ര സമീപനത്തിന്റെ വിജയമാണ്. പക്ഷേ ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ചിതറിക്കിടക്കുന്നതും വ്യത്യസ്ത താത്പര്യങ്ങള്‍ നിലനില്ക്കുന്നതുമായ രാജ്യങ്ങളുടെ വ്യാപാരത്തിനും സഹകരണത്തിനും പ്രതിസന്ധികളേറെയുണ്ട്. ബ്രസീല്‍ കാര്‍ഷിക കയറ്റുമതിക്കാരും റഷ്യ, ഇറാന്, സൗദി അറേബ്യ, യുഎഇ എന്നിവര്‍ എണ്ണ വാതക ഉത്പാദകരുമാണ്. ഇന്ത്യയ്ക്ക് ഒരു വലിയ കാര്‍ഷികമേഖലയും അതിവേഗം വളരുന്ന ഐടി സേവന അധിഷ്ഠിത വ്യവസായവുമുണ്ട്. ചൈന ഒരു ഉത്പാദക ശക്തിയാണ്. ഈ സാമ്പത്തിക വൈവിധ്യം താത്പര്യങ്ങള്‍ തിരിച്ചറിയുന്നതിനും സഹകരണങ്ങള്‍ പോഷിപ്പിക്കുന്നതിനും ബ്രിക്സില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്.
ഇന്ത്യന്‍ വിപണി കീഴടക്കാനുള്ള ചൈനയുടെയും അംഗരാജ്യങ്ങളുടെയും കുതന്ത്രങ്ങളെ നേരിടാന്‍ ഇന്ത്യക്കു സാധിക്കണം. അന്തര്‍ദേശീയ വേദികളിലും ഉച്ചകോടികളിലും ശ്രദ്ധാകേന്ദ്രമാകുവാനും ഉറച്ച നിലപാടുകള്‍ പ്രഖ്യാപിക്കാനും സങ്കീര്‍ണ പ്രശ്നങ്ങളില്‍ സമവായം രൂപീകരിച്ച് അംഗീകാരം നേടിയെടുക്കുവാനും ഇന്ത്യക്കിന്ന് സാധിക്കുന്നുണ്ട്. 2023 സെപ്റ്റംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയിലും 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയിലും ഇന്ത്യയുടെ മികവ് ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി. റഷ്യയില്‍ നടക്കുന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ഇതാവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.